പാലാ ഉപതിരഞ്ഞെടുപ്പിൽ വിമതനീക്കമില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് യു.ഡി.എഫ് അറിഞ്ഞല്ല. നാളത്തെ യു.ഡി.എഫ് കണ്‍വന്‍ഷനോടെ പ്രശ്നം പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പാലായിൽ യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചായിരുന്നു ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥി നാമനിർദേശ പത്രിക നൽകിയത്. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസഫ് കണ്ടത്തിലാണ് അവസാന മണിക്കൂറിൽ പത്രിക സമർപ്പിച്ചത്. ജോസഫിന്റേതു വിമത നീക്കമാണെന്നാരോപിച്ച് ജോസ് കെ.മാണി രംഗത്തെത്തി. എന്നാൽ സംഭവം അറിഞ്ഞില്ലന്ന മട്ടിലായിരുന്നു ജോസഫ് വിഭാഗം നേതാക്കളുടെ പ്രതികരണം.
നാമനിർദേശ പത്രിക നൽകാൻ ഒരു മണിക്കൂർ ശേഷിക്കെയായിരുന്നു ജോസഫ് വിഭാഗത്തിന്റെ അപ്രതീക്ഷിത നീക്കം. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി കൂടിയായ ജോസഫ് കണ്ടത്തിൽ ജില്ലയിലെ ജോസഫ് നേതാക്കളോടൊപ്പമാണ് എത്തിയത്. പാർട്ടിക്കുള്ളിലെ തർക്കമാണ് മത്സരിക്കാൻ കാരണമെന്നാണ് വിശദീകരണം. യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാവുന്ന അവസാന സാധ്യതയും ഇല്ലാതാക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയാൽ വിമത നീക്കവുമായി ജോസഫ് മുന്നോട്ട് പോകും
വളഞ്ഞവഴിയിലൂടെ ചിഹ്നം നേടാനുള്ള നീക്കം തടയാനാണ് വിമതനെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. ചിഹ്നം പ്രശ്നം പരിഹരിച്ചാല്‍ വിമതന്‍ പത്രിക പിന്‍വലിക്കും. നീക്കം പ്രാദേശിക നേതാക്കളുടെ തീരുമാനപ്രകാരമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു.
എന്നാൽ യുഡിഎഫ് സ്ഥാനാർഥിയായ ജോസ് ടോം അച്ചടക്കനടപടി നേരിട്ടയാളാണെന്ന് പി.ജെ. ജോസഫ്. സസ്പെന്‍ഷനിലുള്ളയാള്‍ക്ക് ചിഹ്നം നല്‍കുന്നതില്‍ സാങ്കേതിക തടസമുണ്ട്.
സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. വിമതനെ നിര്‍ത്തിയത് തന്‍റെ അറിവോടെയാണ്. പത്രിക സൂക്ഷ്മപരിശോധനാ സമയത്ത് ചിഹ്നം അനുവദിച്ചേക്കാം. ഈ നീക്കം തടയാന്‍ ആ സമയത്ത് ആളുണ്ടാകണം. പത്രിക നല്‍കിയവര്‍ക്കും പ്രതിനിധിക്കും മാത്രമേ അവിടെ പ്രവേശനമുള്ളൂ. സൂക്ഷ്മപരിശോധന കഴിഞ്ഞാല്‍ വിമതന്‍ പത്രിക പിന്‍വലിക്കുമെന്നും ജോസഫ് വിശദീകരിച്ചു. രണ്ടില ചിഹ്നത്തിനായായുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത് ഇന്നുച്ചയ്ക്ക് രണ്ടരയ്ക്കാണ് കിട്ടിയതെന്നും ജോസഫ് വിഭാഗം പറഞ്ഞു.
വെള്ളറട: മോഷണക്കേസുകളിൽ കുടുക്കി ഹൃദ്രോഗിയായ നിരപരാധിയെ ജയിലിലടച്ച സംഭവത്തിൽ 2 സിഐമാരെ സസ്പെൻഡ് ചെയ്തു. ചെറിയകൊല്ല അമ്പലത്തുവിളാകം റോഡരികത്തുവീട്ടിൽ റജിനി(23)നെയാണ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച് 21 ദിവസം ജയിലിലടച്ചത് . തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണു നടപടി. പൊലീസ് മർദനത്തുടർന്ന് ആരോഗ്യ നില കൂടുതൽ മോശമായ റജിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത് സർക്കാരിന്റെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്.
2017 ഒക്ടോബർ 6ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിൻ.തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടൻ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേർന്ന് മർദിച്ചു.
തുടർന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻെറ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മർദനത്തിനിരയാക്കി.
കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിൻെറ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്‌ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മർദനം.
രണ്ടു പേർ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തിൽ ഒരാൾക്ക് റജിനിൻെറ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.
അവശനായ റജിൻെറ മൊഴി ജയിൽ അധികൃതർ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചു. 21 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. മോഷണവാർത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടിൽ അപമാനിതനായി കമ്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടു.
കള്ളക്കേസിൽ കുടുക്കിയവർക്കെതിര സർക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിൻ പരാതിനൽകി. തുടർന്ന് സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ബാഗ് തട്ടിപ്പറിച്ചത് രണ്ടംഗ സംഘമാണെന്ന് പണം നഷ്ടപ്പെട്ട കൃഷ്ണൻനായർ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് റജിനെമാത്രമാണ് പ്രതിയാക്കയത്.
മുളക് അരച്ചുപുരട്ടി, നഖത്തിൽ മൊട്ടുസൂചി കയറ്റി…
കൊടിയ പീഡനമാണ് പൊലീസ് നടത്തിയതെന്ന് റജിൻ പറഞ്ഞു. ആദ്യദിവസം സിഐയും എസ്ഐയുെ ചേർന്ന് മർദിച്ചു. രാത്രിയിൽ സ്റ്റേഷൻ കെട്ടിടത്തിൻെറ ഒന്നാം നിലയിൽ കൊണ്ടുപോയി നാലുപേർചേർന്ന് ഇടിച്ചു.
ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മർദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി.അടുത്തദിവസം കാഞ്ഞിരുംകുളത്ത് കൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. മുളക് സ്പ്രേയും നടത്തി.
അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചു. കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റി. മർദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു.തുടർച്ചയായി തലയിൽ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്.
കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിർബന്ധിച്ചായിരുന്നു മർദനമെന്നും ജയിലിലും ബോധം കെട്ടുവീണുവെന്നും റജിൻ പറഞ്ഞു.
രാജ്‌കോട്ട്: ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജ അറസ്റ്റില്‍. അഗ്നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്‍റെ നടുക്ക് വച്ചാണ് ഇയാള്‍ തന്‍റെ ജീപ്പിന് തീയിട്ടത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിച്ചത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്‍റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നു.
ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വീഡിയോ കണ്ടവരെല്ലാം ഏക സ്വരത്തില്‍ ആവശ്യപ്പെടുന്നു.
ജീപ്പിന്‍റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമീപമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടേനെയെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും വീഡിയോ കണ്ടവര്‍ ആവശ്യപ്പെടുന്നു.
Check out this person setting his jeep on fire for a tik tok video in Rajkot.. Hope there’s some action. Let’s make him more famous.. @hvgoenka pic.twitter.com/eO5HgfilSq
— Dinesh Joshi. (@dineshjoshi70) September 3, 2019
തമിഴ്നാട്ടില്‍ വീണ്ടും ജാതിവിവേചനം. ശ്മശാനം അനുവദിക്കാതെ, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല.
മധുരയിലെ പേരായുര്‍ ഗ്രാമത്തിലെ ദലിതര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഗ്രാമവാസിയായ ഷണ്‍മുഖവേലിന്‍റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ മഴ കൂടി. പാതി കത്തിയ മൃതദേഹം സംസ്കരിക്കാന്‍ സമീപത്തെ ശമ്ശാനത്തില്‍ ഇടം ചോദിച്ചെങ്കിലും ലഭിച്ചില്ല. വീണ്ടും കേണപേക്ഷിച്ചെങ്കിലും മുന്നാക്ക വിഭാഗക്കാര്‍ ശ്മശാനം നല്‍കിയില്ല. മഴ പെയ്തൊഴിയുന്നത് വരെ ഷണ്‍മുഖവേലിന്‍റെ മൃതദേഹം പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മൂടി. ഒടുവില്‍ മഴയില്‍ കുതിര്‍ന്ന മൃതദേഹം മറ്റു വഴികളില്ലാതെ ഇവര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
ഷണ്‍മുഖവേലിന്‍റെ കുടുംബം പേരായുര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയാറായിട്ടില്ല. മുന്നാക്ക വിഭാഗക്കാരുടെ ശ്മശാനത്തില്‍ ഇടം ചോദിച്ചതാണ് പ്രശ്മനമായതെന്ന നിലപാടിലാണ് പൊലീസ്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുന്നാക്ക വിഭാഗം ശ്മശാനത്തിലേക്കുള്ള വഴിയടച്ചതോടെ ദളിതന്‍റെ മൃതദേഹം പാലത്തിലൂടെ കെട്ടിയിറക്കി വെല്ലൂരില്‍ സംസ്കരിച്ചത്. സര്‍ക്കാര്‍ നടപടി കാര്യക്ഷമല്ലെന്ന കോടതി വിമര്‍ശനങ്ങള്‍ക്കിടെയിലും ജാതി വിവേചനത്തിന്‍റെ പേരില്‍ തമിഴകം വീണ്ടും തലകുനിക്കുകയാണ്.
No dignity in death: Dalit community in Madurai struggles to conduct funeral in rain. The burial grounds for caste Hindus, they allege, are separate and with better facilities. @thenewsminute pic.twitter.com/HJjclG8jPL
— priyankathirumurthy (@priyankathiru) September 2, 2019
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞു പോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്. വൈകാതെ തന്നെ ലൂസിഫറിനു ഒരു സീക്വല്‍ ഉണ്ടാകും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ‘എമ്പുരാന്‍’ എന്ന് പേരുള്ള ചിത്രമായിരിക്കും അത് എന്ന് മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ലൂസിഫര്‍ ടീം തന്നെയാണ് ‘എമ്പുരാന്‍’ എന്ന ചിത്രത്തിന് പിന്നില്‍ എന്നും മോഹന്‍ലാല്‍ പറഞ്ഞു. അപ്പോള്‍ മുതല്‍ ഈ സിനിമയുടെ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ലാല്‍ ആരാധകര്‍
മോഹന്‍ലാല്‍-പൃഥ്വിരാജ് എന്നിവര്‍ മറ്റു സിനിമാ തിരക്കുകളിലേക്ക് തിരിഞ്ഞതോടെ ‘എമ്പുരാന്‍’ വിശേഷങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് കുറഞ്ഞു. എന്നാല്‍ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് മോഹന്‍ലാല്‍ തന്നെ ‘എമ്പുരാന്‍’ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.
‘ലൂസിഫര്‍’ എന്ന വിജയചിത്രത്തിനു ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി ടീം ഒന്നിക്കുന്ന ‘എമ്പുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു വീഡിയോ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥ-തിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിയന്ത്രണ രേഖയിലേക്ക് പ്രതിഷേധ റാലി നയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ജമ്മു കശ്മീരിന് വേണ്ടി വാളെടുക്കാൻ താൻ തയ്യാറാണെന്ന് റാലിയിൽ ജാവേദ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോയിൽ, വാൾ പിടിച്ചു കൊണ്ട് ജാവേദ് ആൾക്കൂട്ടത്തെ നയിക്കുന്നത് കാണാം. ഉയർത്തിപ്പിടിച്ച വാളുമായാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്യുന്നത്.
“കശ്മീരി സഹോദരങ്ങളെ, ഭയക്കേണ്ട. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. മുൻപ് ഞാൻ സിക്സറടിക്കാൻ ബാറ്റാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ എനിക്ക് വാളുപയോഗിക്കാൻ സാധിക്കും,” ജാവേദ് പറഞ്ഞു.
അതിനിടയിൽ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു “ആ ബാറ്റ് മൂർച്ചയുള്ളതായിരുന്നു, ഇപ്പോൾ ഈ വാളും മൂർച്ചയുള്ളതാണ്.” ഇതിന് ജാവേദിന്റെ മറുപടി ഇപ്രകാരമായിരുന്നു, “ഒരു ബാറ്റ് കൊണ്ട് സിക്സറടിക്കാൻ സാധിക്കുമെങ്കിൽ, എനിക്ക് വാളുകൊണ്ട് ഒരാളെ കൊല്ലാൻ കഴിയില്ലേ?,” ജാവേദ് മിയാൻദാദ് ചോദിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിക്കുകയും ചെയ്തത്.
ഇന്ത്യയുടെ നടപടിക്കെതിരെ ശബ്ദമുയർത്തിയ ഏക പാക്കിസ്ഥാൻ ക്രിക്കറ്റ് താരമല്ല ജാവേദ് മിയാൻദാദ്. പാക്കിസ്ഥാൻ മുൻ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും കശ്മീർ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. കശ്മീരിൽ ഇപ്പോഴും നിരോധനാജ്ഞ(#KashmirStillUnderCurfew) എന്ന ഹാഷ്ടാഗിൽ നിരവധി തവണ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ കശ്മീർ അവറിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് നമുക്ക് പ്രതികരിക്കാം. ഞാൻ വെള്ളിയാഴ്ച 12 മണിക്ക് മസാർ ഇ ക്വെയ്ദിൽ എത്തും. നമ്മുടെ കശ്മീരി സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എന്നോടൊപ്പം ചേരുക. സെപ്റ്റംബർ 6 ന് ഞാൻ ഒരു രക്തസാക്ഷിയുടെ വീട് സന്ദർശിക്കും. ഉടൻ തന്നെ ഞാൻ നിയന്ത്രണ രേഖയിലും സന്ദർശനം നടത്തും എന്നായിരുന്നു ഷാഹിദ് പറഞ്ഞത്.
കശ്മീരിലെ ഇന്ത്യയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹത്തിൽ കശ്മീർ വിഷയത്തിൽ ആശങ്കകൾ ഉയരവെ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
Former Pakistan cricketer Javed Miandad threatening India while holding a sword: Pehle main balle se chakka marta tha, ab talwar se insaan maaronga (If I can hit six with a bat, why can’t I swing sword.. I used to hit sixes with bat, now I’ll kill humans with sword)… pic.twitter.com/blmK1XnbKS
— Navneet Mundhra (@navneet_mundhra) September 1, 2019
തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കടന്നാക്രമിച്ച് കെ.മുരളീധരന്‍ എംപി. “പിണറായി വിജയന് എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു ….. ഡിജിപിയാക്കാന്‍” എന്ന് മുരളീധരന്‍ ചോദിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ട കേസ് കൊടുക്കുക എന്നും കെ.മുരളീധരന്‍ പരിഹസിച്ചു.
“മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ടക്കേസ് നല്‍കുക. ഈ സാധനം ഇല്ലെങ്കിലോ? മാനമില്ലാത്ത ആള്‍ക്ക് മാനനഷ്ടക്കേസ് കൊടുക്കാന്‍ സാധിക്കോ. ഞാന്‍ ആരെയും വ്യക്തിപരമായി പറയുകയില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മുന്‍പില്‍ ബെഹ്‌റ കുനിഞ്ഞുനില്‍ക്കുന്ന നില്‍പ്പ് കണ്ടാല്‍, ഇങ്ങനെയൊരു മനുഷ്യന്‍ കുനിയോ?. പിണറായി വിജയനോട് ചോദിക്കാ, എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു മക്കുണനെ ഡിജിപിയാക്കാന്‍?. കെപിസിസി അധ്യക്ഷന് മാത്രമല്ല നമുക്കൊക്കെ ഇരിക്കട്ടെ ഒരു മാനനഷ്ടക്കേസ്.” കെ.മുരളീധരന്‍ പറഞ്ഞു.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ നടത്തിയ പരാമർശത്തിലാണ് കെപിസിസി അധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് നേരത്തെ അനുമതി നൽകിയത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ആഭ്യന്തര വകുപ്പും അനുമതി തേടിയ ഡിജിപിയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പാകില്ല. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പരാമര്‍ശത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽകിയത്. പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണെന്ന് ആരോപിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു അനുമതി നല്‍കിയത്.
ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ സാന്റാ ബാർബര കൗണ്ടിയിൽ തിങ്കളാഴ്ച രാത്രി ബോട്ടിനു തീപിടിച്ച് മരിച്ച 25 പേരുടെ മൃതദേഹങ്ങൾ കിട്ടിയെന്ന് തീരസംരക്ഷണ സേന സ്ഥിരീകരിച്ചു. കാണാതായ ഒന്‍പതു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർക്കും അപായം സംഭവിച്ചിരിക്കാനാണു സാധ്യതയെന്നു കരുതുന്നു.
സാന്റാക്രൂസ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന കൺസെപ്ഷൻ എന്ന മൂന്നുനില ബോട്ടിനാണു തീപിടിച്ചത്. ഡക്കിലുണ്ടായിരുന്ന അഞ്ചു ജീവനക്കാരെ രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി ഷെറീഫ് ബിൽ ബ്രൗൺ പത്രസമ്മേളനത്തിൽ അറിയിച്ചു.
85 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടു നടത്തിയ കമ്പനി ഉടമ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തും മുന്‍പെ കോടികളുടെ ആസ്തി ബലപ്രയോഗത്തിലൂടെ കൊലയാളിസംഘം കൈക്കലാക്കി. കൊലപാതത്തിലെ ഗൂഢാലോചന കൂടി കേരള പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ എത്തിയ സംഘം തട്ടിക്കൊണ്ടുപോവാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മയോടും കുടുംബത്തോടും അബ്ദുല്‍ ഷുക്കൂര്‍ കരഞ്ഞു പറഞ്ഞതായി ഉമ്മയുടെ പിതാവ് ഉണ്ണീന്‍കുട്ടി ഒാര്‍ക്കുന്നു. വടക്കന്‍ പാലൂരിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അതേ വാഹനത്തിലാണ് ഡെറാഡൂണിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വൃക്തമാണ്.
അബ്ദുല്‍ ഷുക്കൂറിന്റെ പേരിലുളള നിര്‍മാണത്തിലിരിക്കുന്ന വടക്കാന്‍പാലൂരിലെ 6000 ചതുരശ്രഅടി വിസ്തീര്‍ണമുളള വീടും ഭൂമിയും കൊലക്കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ആഷിഖിന്റെ പേരില്‍ എഴുതി വാങ്ങിയിട്ടുണ്ട്. തായ്്ലന്റിലെ നാലു കോടി രൂപ മുതല്‍മുടക്കുളള ഹോട്ടല്‍ പങ്കുകച്ചവടക്കാരനായ മിന്റു ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. വേങ്ങരയിലെ ഭൂമിയും ബലമായി എഴുതി വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചവരുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഒരു സംഘം ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. നിലവില്‍ ബിറ്റ്്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഇരുന്ന് പാട്ട് പാടി വൈറലായ ഗായിക രാണു മണ്ഡൽ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. പാടുന്ന വീഡിയോ ആരോ എടുത്ത് പോസ്റ്റ് ചെയ്തതോടെ ലോകമെമ്പാടുമുള്ളവർ അത് ഇരും കൈയും നീട്ടി് സ്വീകരിച്ചു. ഏക് പ്യാർ കാ നഗ്മാ ഹേ എന്ന ഗാനം കേട്ട് ലതാ മങ്കേഷ്‌കറിനെ ഓർമ വരുന്നു എന്ന് വരെ ആൾക്കാർ പറഞ്ഞു. പിന്നാലെ സ്വപ്‌നതുല്യമായി രാണുവിന്റെ ജീവിതം മാറി. ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങളാണ് രാണുവിനെ തേടിയെത്തിയത്. ഒപ്പം വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയ മകൾ തിരികെ എത്തുകയും ചെയ്തു. ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു സിനിമയാക്കാൻ പറ്റിയതാണ് തന്റെ ജീവിതം എന്നാണ് രാണു പറയുന്നത്.
തെരുവിൽ അല്ല താൻ ജനിച്ചത് എന്നാണ് രാണു പറയുന്നത്. തനിക്കും് അച്ഛനും അമ്മയും ഉണ്ടായിരുന്നെന്നും എന്നാൽ ആറു വയസിൽ അവരിൽ നിന്ന് വേർപെട്ടെന്നും അവർ വ്യക്തമാക്കി. പിന്നീട് ഒരു മുത്തശ്ശിക്കൊപ്പമായിരുന്നു രാണുവിന്റെ ജീവിതം. ബാല്യകാലം അത്ര രസകരമായിരുന്നില്ല. വീടുണ്ടായിരുന്നെങ്കിലും താൻ തികച്ചും ഒറ്റക്കായിരുന്നെന്നുമാണ് അവർ പറയുന്നത്. പാടാൻ ഇഷ്ടമായിരുന്നുവെന്നും അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും അതിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്നും രാണു പറയുന്നു. ലതാ മങ്കേഷ്‌കറുടെ പാട്ടുകളോടാണ് തനിക്ക് പ്രിയം. തന്റെ ഗുരു തന്നെ ലതാ മങ്കേഷകറാണ്. റേഡിയോയിൽ ലതാജിയുടെ പാട്ട് കേട്ടാണ് സംഗീതം അഭ്യസിച്ചതെന്നും അവർ പറയുന്നു.
വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയപ്പോൾ ജീവിതം വളരെ സന്തോഷകരമായിരുന്നു. നടൻ ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരനായിരുന്നു ഭർത്താവ്. പെട്ടെന്ന് അദ്ദേഹം മരിച്ചതിനെ തുടർന്ന് ബംഗാളിലേക്ക് മാറുകയും പാട്ടുപാടി ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് രാണു ജീവിച്ചിരുന്നത്. ഇപ്പോൾ സിനിമയിൽ പാടാൻ അവസരങ്ങൾ ലഭിച്ചതോടെ മുംബൈയിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ഇതുവരെ ആറ് പാട്ടുകളാണ് റെക്കോഡ് ചെയ്തത്. സൽമാൻ ഖാൻ തനിക്ക് ഫ്ലാറ്റ് നൽകി എന്ന വാർത്ത തെറ്റാണെന്നും എന്നാൽ സൽമാനെ കാണാൻ ആഗ്രഹമുണ്ടെന്നും രാണു പറഞ്ഞു.