ഭീകരസംഘടനയായ ഇസ്​ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി രാജ്യം വിട്ട മലയാളികളടങ്ങുന്ന സംഘം കീഴടങ്ങിയതായി റിപ്പോർട്ട്. അഫ്ഗാൻ സൈന്യത്തിന് മുന്നിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 22 അംഗ സംഘം കീഴടങ്ങിയത്. ഇവരിൽ പത്തിലേറെ പേർ മലയാളികളാണെന്നാണ് വിവരം. വാർത്ത കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

2016 ജൂണിലാണ് 21 പേർ മതപഠനത്തിനും ശ്രീലങ്കയിൽ വ്യാപാരത്തിനുമെന്നു പറഞ്ഞു വീടുവിട്ടിറങ്ങിയത്. ഇവർ പിന്നീടു തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിൽ എത്തിയതായി കേന്ദ്ര–സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിൽ ചിലർ അമേരിക്കൻ വ്യോമാക്രമണത്തിൽ പലപ്പോഴായി കൊല്ലപ്പെട്ടതായി പിന്നീടു ടെലിഗ്രാം സന്ദേശങ്ങൾ വഴി നാട്ടിൽ വിവരം ലഭിച്ചു. കഴിഞ്ഞ 3 മാസത്തിലേറെയായി ആരുടെയും വിവരങ്ങൾ ലഭിച്ചിരുന്നില്ല.

ഐഎസ് ഭീകർക്കെതിരായ ആക്രമണം യുഎസ് സൈനികരുടെ പിന്തുണയോടെ അഫ്ഗാൻ ശക്തമാക്കിയതോടെയാണ് കീഴടങ്ങൽ. അഫ്ഗാനിസ്ഥാനിലെ അഛിൻ ജില്ലയിലാണ് സംഘം കീഴടങ്ങിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവർ വീട്ടുതടങ്കലിലാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.