Latest News

കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പ്പമായ മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് നടി റിമ കല്ലിങ്കല്‍. മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ശില്പത്തിന്റെ ഇരിപ്പ് മാതൃകയില്‍ ശില്പത്തിന് ചുവടെ ഇരിക്കുന്ന റിമയുടെ ചിത്രങ്ങള്‍, യക്ഷി ശില്പത്തിന്റെ 50ാം വാര്‍ഷികത്തില്‍ റിമയുടെ മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സ്ത്രീകളുടെ ശരീരത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ശില്പമാണ് യക്ഷി എന്ന് മാമാങ്കം പറയുന്നു.

സ്ത്രീകള്‍ എല്ലാ കാലത്തും ചിത്രരചനകള്‍ക്കും ശില്പനിര്‍മ്മിതികള്‍ക്കും കവിതയ്ക്കും എല്ലാം പ്രേരണയായിട്ടുണ്ട്. എന്നാല്‍ പലപ്പോളും തെറ്റായാണ് സ്ത്രീകളുടെ പ്രതിനിധാനം സംഭവിച്ചത്. അത് പലപ്പോളും സ്റ്റീരിയോടൈപ്പുകളായി. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്. എല്ലാ സ്റ്റീരിയോ ടൈപ്പുകളും ഒഴിവാക്കിക്കൊണ്ട്. വളര്‍ന്നുവരുന്ന സമയത്ത് നിങ്ങളില്‍ എത്ര പേര്‍ ‘നേരെ ഇരിക്കാ’നുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടുണ്ട്? – മാമാങ്കം ചോദിക്കുന്നു.

തിരുവനന്തപുരം ഭരതന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരന്റെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാമരശ്ശേരി വിജയവിലാസത്തില്‍ വിജയന്റെയും ഷീലയുടെയും മകനായ ആദര്‍ശ് വിജയന്റെ മരണം സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് ക്രൈംബ്രാഞ്ച് നടപടി. 2009 ഏപ്രില്‍ അഞ്ചിന് വൈകിട്ട് പാലുവാങ്ങാനായി പുറത്തേക്ക് പോയ ആദര്‍ശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പാങ്ങോട് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കേസെടുത്ത ക്രൈംബ്രാഞ്ച്, ലൈംഗിക പീഡന ശ്രമത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തിയത്. കേസില്‍ നിരവധിപ്പേരെ ചോദ്യം ചെയ്യുകയും രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.

കേസില്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘത്തെ ചുമതല ഏര്‍പ്പിച്ചിരിക്കുകയാണ്.

പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.

മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന ചോദ്യം വിവാദമാകുന്നു. ഗുജറാത്തിലെ സ്വകാര്യ സ്കൂളിൽ നടത്തിയ പരീക്ഷയിലാണ് വിവാദമായ ചോദ്യം. സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നതാണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവര്‍ത്തിക്കുന്ന സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയ്ക്ക് സർക്കാർ ധനസഹായവും ലഭിക്കുന്നുന്നുണ്ട്. ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്കൂളുകളിലെ പരീക്ഷയിലാണ് വിചിത്രമായ ഈ ചോദ്യം.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റണൽ പരീക്ഷയ്ക്കിടെയാണ് എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ശനിയാഴ്ച നടന്ന ഇന്‍റേണല്‍ പരീക്ഷകളിലാണ് ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദമായതോടെ സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വധേര്‍ അറിയിച്ചു. ചോദ്യങ്ങള്‍ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശമാണെന്ന് ഭാരത് വധേര്‍ പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിലെ മറ്റൊരു ചോദ്യം ഇങ്ങനെ: “നിങ്ങളുടെ പ്രദേശത്ത് മദ്യത്തിന്‍റെ വില വർദ്ധിച്ചതിനെക്കുറിച്ചും മദ്യം ഒളിച്ചു കടത്തുന്നവന്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഒരു കത്ത് എഴുതുക?

മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹപാഠികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ വൈകിട്ടോടെയുമാണ് മരിച്ചത്. പൊലീസ് കേസെടുത്തു. വി.വൈശാഖ്, മിഥുന്‍ എന്നിവര്‍ വിഷ്ണുവിന്റെ സഹോദരങ്ങളാണ്.

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരോടും ഹാജരാകാൻ നോട്ടീസ് നൽകി. ജോളിയുടെ സഹോദരി ഭർത്താവിനെയും പ്രാദേശിക ലീഗ് നേതാവിൽ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. മരണത്തിൽ ലഹരി കണ്ടെത്തിയിരുന്നതായും രണ്ടാമത്തെ ശ്രമത്തിലാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നൽകി.

ഷാജുവിനെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകങ്ങളിൽ ചിലത് ഷാജുവിന്റെ അറിവോടെയെന്ന ജോളിയുടെ മൊഴിയാണ് സംശയം കൂട്ടുന്നത്. സഖറിയാസിനെക്കുറിച്ചും പ്രധാന വിവരങ്ങൾ ജോളി അന്വേഷണ സംഘത്തിനോട് പങ്കുവച്ചിട്ടുണ്ട്. ഇടുക്കി രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭർത്താവ് ജോണിയിൽ നിന്ന് വീട്ടിലെത്തി അന്വേഷണ സംഘം വിവരം ശേഖരിച്ചു.

ദാരുണം 2 വയസ്സുള്ള ആല്‍ഫൈന്റെ മരണം, സിലി കുഴഞ്ഞുവീണത് ജോളിയുടെ മടിയില്‍
കുറ്റകൃത്യങ്ങളെക്കുറിച്ചു പിതാവിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നതായും ഷാജു പൊലീസിനു മൊഴി നൽകിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു സക്കറിയാസിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരുമെന്നു മരിച്ച റോയിയുടെ സഹോദരി രഞ്ജി പറഞ്ഞു.

2014 മേയ് മൂന്നിനു ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണു പത്തുമാസം പ്രായമുള്ള മകള്‍ ആല്‍ഫൈന്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞു ഷാജുവിന്റെ ഭാര്യ സിലി ദന്താശുപത്രി വരാന്തയില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു

വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ജോളിയെ സഹായിച്ചെന്ന പരാതിയിൽ പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീന്റെ കൂടത്തായിയിലെ വീട്ടിലും അന്വേഷണ സംഘം പരിശോധിച്ചു. മരണം കാണുന്നത് ലഹരിയാണെന്ന് ജോളി വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. ഒരിക്കലും പിടിയിലാകുമെന്ന് കരുതിയിരുന്നില്ല. ആറ് കൊലപാതകങ്ങളും താനാണ് ചെയ്തത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാൽ അറസ്റ്റിന് തലേന്ന് താമരശേരിയിലെത്തി അഭിഭാഷകനെയും കണ്ടു. കൊലപാതകങ്ങളുടെ ഇടവേള കുറഞ്ഞത് കൂടുതലാളുകളെ ലക്ഷ്യമിട്ടിരുന്നത് കൊണ്ടാകാം.

രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ ദിവസം സിലിക്കും സയനൈഡ് നൽകാൻ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിക്കാത്തതിനാൽ രക്ഷപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി സിലിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കുന്നതിനാണ് ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതെന്നും ജോളി മൊഴി നൽകി. ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി എട്ടംഗ വിദഗ്ധ സംഘം അടുത്ത ദിവസം കൂടത്തായിയിലെത്തും.

കോന്നിയിലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രന് വോട്ടഭ്യര്‍ഥിച്ച് ഓർത്തോഡോക്സ് സഭാ ഭാരവാഹികൾ. ഇടതു-വലതു മുന്നണികൾ സഭയെ വഞ്ചിച്ചതായും, എന്നും നീതി നിഷേധിക്കുകയാണെന്നും പിറവംപള്ളി മാനേജിംഗ് കമ്മിറ്റിഅംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ്‌ അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവർ ആരോപിച്ചു.

ഇടതു-വലതു മുന്നണികളോട് കലഹിച്ചുനിൽക്കുന്ന ഓർത്തോഡോക്സ് സഭാവോട്ടുകൾ സ്വന്തമാക്കാൻ ഊർജിത ശ്രമമാണ് എൻഡിഎയിൽ നടക്കുന്നത്. ഇതിനിടെയാണ് കെ. സുരേന്ദ്രന് പരസ്യപിന്തുണയുമായി സഭാഭാരവാഹികൾതന്നെ മുന്നോട്ടുവരുന്നത്. കാലാകാലങ്ങളായി എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ സഭയെ വഞ്ചിക്കുകയാണെന്ന് പിറവം പള്ളി മാനേജിംഗ് കമ്മിറ്റിഅംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ്‌ അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവർ ആരോപിച്ചു.

പിറവംപള്ളി പ്രശ്നത്തിൽ സർക്കാർ എടുത്ത നിലപാടിൽ കടുത്ത പ്രതിഷേധമുണ്ട്. പിറവം, പെരുമ്പാവൂർ, പള്ളിപ്രശ്നത്തിൽ സഭയോട് സഹായം അഭ്യർത്ഥിച്ചെത്തിയത് ബിജെപിക്കാർ മാത്രമാണെന്നും, കോന്നിയിൽ റോബിൻ പീറ്ററിന്‌ സീറ്റ് നിഷേധിച്ചത് ബെന്നി ബഹന്നാൻ ആണെന്നും അവർ പറഞ്ഞു.

ഇരുകൂട്ടരും സഭയെ അവഗണിക്കുന്ന പശ്ചാത്തലത്തിൽ കോന്നിയിൽ കെ. സുരേന്ദ്രന്റെ വിജയത്തിനായി പ്രചാരണം തുടരുമെന്നും ഇവർ വ്യക്തമാക്കി. അതേസമയം, സഭ ഭാരവാഹികളുടെ ബിജെപി അനുകൂല നിലപാടിനോട്, സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്നായിരുന്നു.

മദര്‍ മറിയം ത്രേസ്യക്കൊപ്പം നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ ഇംഗ്ലണ്ടിന്‍റെ കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യുമാനാണ്. ആഗോളതലത്തില്‍തന്നെ സഭ ഉപയോഗിക്കുന്ന വിഖ്യാതമായ പ്രാര്‍ഥനയുടെ രചയിതാവ് കൂടിയാണ് കര്‍ദിനാള്‍ ന്യുമാന്‍. .ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളജ് അദ്ദേഹത്തിന്റെ പേരിലുള്ളതാണ്

കര്‍ദിനാള്‍ ന്യുമാന്‍റെ വിഖ്യാതമായ കവിത ഇന്നും യാമപ്രാര്‍ഥനയില്‍ സഭ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍തന്നെ പ്രശസ്തമായ കവിതയും പ്രാര്‍ഥനയുമാണിത്. കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്ന അറിയപ്പെട്ടെ അന്തിമോപചാര ശുശ്രൂഷാഗാനവും ഭക്തിഗാനവുമാണിത്.

ആംഗ്ലിക്കൻ പൗരോഹിത്യം വെടിഞ്ഞു കത്തോലിക്കാ സഭയിൽ ചേര്‍ന്ന ബ്രിട്ടീഷുകാരനാണ് ജോണ്‍ ഹെന്‍‌റി ന്യുമാന്‍. 2010 ൽ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ലണ്ടനിൽ 1801 ലാണു ജനനം. 1890 ൽ അന്തരിച്ചു.

ഹെന്ററി എന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരി എസ് ബി കോളേജും സന്തോഷിക്കുന്നു. എസ് ബികോളേജിന്റെ ചരിത്രത്തിൽ മികച്ച ഹോസ്റ്റലുകളിൽ ഒന്നിന്റെ പേര് ന്യൂമാൻ ഹോസ്റ്റൽ എന്നായിരുന്നു എന്നതാണ് ആ സന്തോഷം.

1946 യിൽ സ്ഥാപിച്ച ന്യൂമാൻ ഹോസ്റ്റലിൽ വികാസങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കിയില്ലങ്കിലും, എവിടെ താമസിച്ച പൂർവ്വ വിദ്യാർത്ഥികളും ഹോസ്റ്റൽ വർദ്ധൻ മാർക്കും ഓർമ്മയിൽ ഒരു സ്‌നേഹ സ്മരണയ്ക്കായി.

മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീർ ഉൾപ്പെടെ പല പ്രമുഖരും ന്യൂമാൻ ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത്. 260 ഓളം വിദ്യാർത്ഥികൾ ഒരേ സമയം ഇവിടെ താമസിച്ചു പഠിച്ചു വന്നിരുന്നു

യുഎസ് ട്രംപ് ഡൊണാള്‍ഡ് വൃത്തികെട്ടയാളെന്ന് വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ. ട്രംപ് ഗുണ്ടാ പ്രസിഡന്റാണ്. അയാള്‍ ജയിലിലാകുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ഐറിഷ് മാന്‍ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഡി നീറോ, ദ ഗാര്‍ഡിയനോടാണ് ഇക്കാര്യം പറഞ്ഞത്.

തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമുണ്ട് എന്ന് കരുതുന്ന ഒരു ഗുണ്ടാ പ്രസിഡന്റ് ആണ് നമുക്കുള്ളത് എന്നതാണ് ഏറ്റവും അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നം. ഈ പ്രശ്‌നം നമ്മള്‍ അവഗണിച്ചാല്‍ ഇത് നമ്മെയെല്ലാം ബാധിക്കുന്ന തരത്തില്‍ മാറും. അയാള്‍ക്ക് ചുറ്റുമുള്ളവര്‍ അയാളെ പ്രതിരോധിക്കുകയാണ്. ഈ റിപ്പബ്ലിക്കന്മാരുടെ കാര്യം ഭയാനകമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ – റോബര്‍ട്ട് ഡി നീറോ പറഞ്ഞു. ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ഇവരുടെ മനോഭാവം. അവരെ നമ്മള്‍ പാഠം പഠിപ്പിക്കാന്‍ പോവുകയാണ് എന്ന് അവര്‍ മനസിലാക്കണം. അവര്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും. സാമാന്യബോധമുള്ളവര്‍ക്ക്് ലോകത്തും ഈ രാജ്യത്തും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാം. അയാള്‍ മരിക്കണം എന്നെനിക്ക് ആഗ്രഹമില്ല. എന്നാല്‍ ജയിലിലായി കാണണമെന്നുണ്ട് – ഡി നീറോ പറഞ്ഞു.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഉക്രൈൻ്റെ ഇടപെടലിന് അവസരമുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ട്രംപ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സിൻ്റെ അന്വേഷണം നേരിടുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികളിലൊരാളായ മുൻ വൈസ് പ്രസിഡൻ്റ് ജോ ബൈഡനും മകനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡൻ്റിന് മേൽ സമ്മർദ്ദം ചെലുത്തി എന്നാണ് ട്രംപിനെതിരായ ആരോപണം.

മാഫിയ കൊലയാളി ഫ്രാങ്ക് ഷീരനായാണ് ഐറിഷ് മാനില്‍ റോബര്‍ട്ട് ഡി നീറോ വരുന്നത്. 1975ലെ ജിമ്മി ഹോഫ കൊലപാതകത്തിലൂടെയടക്കം കുപ്രസിദ്ധനാണ് ഫ്രാങ്ക് ഷീരന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള രണ്ടുദിവസത്തെ അനൗദ്യോഗിക ചര്‍ച്ച മഹാബലിപുരത്ത് (മാമല്ലപുരം) നടക്കുമ്പോള്‍ ചെന്നൈയിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍ ‘വീട്ടുതടങ്കലില്‍’ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ കോളേജ് ഹാളില്‍ പൂട്ടിയിട്ടിരിക്കുവായിരുന്നുവെന്നും ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ (എംസിസി) 23 ടിബറ്റന്‍ വിദ്യാര്‍ഥികളും മദ്രാസ് സര്‍വകലാശാലയില്‍ 28 വിദ്യാര്‍ത്ഥികളും ഹൗസ് അറസ്റ്റിലായിരുന്നുവെന്നാണ് വിവരം.

എംസിസിയിലെ തിബറ്റന്‍ വിദ്യാര്‍ത്ഥികളോട് ഏതെങ്കിലും ‘നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍’ ഏര്‍പ്പെടില്ലെന്ന് വ്യക്തമാക്കുന്ന ഒന്നിലധികം രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും അവരെ കാമ്പസിലെ രണ്ട് ഹാളുകളില്‍ പൂട്ടിയിടുകയും ചെയ്തു. മോദിയും ഷിയും ശനിയാഴ്ച സംസ്ഥാനം വിട്ടത്തിന് ശേഷവും മണിക്കൂറുകള്‍ കഴിഞ്ഞാണ് വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയായി കാമ്പസിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ ഡീന്‍ ഓഫീസില്‍ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുവെന്ന് ചോദ്യം ചെയ്യപ്പെട്ട ഹാളില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദം ലഭിച്ച ടിബറ്റന്‍ വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ഒക്ടോബര്‍ 2 ബുധനാഴ്ച മുതലാണ് ടിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ഓരോരുത്തരെയും വിളിച്ചുവരുത്തി അവരുടെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചത്.

ആഴ്ചകളോളം ഇത് തുടര്‍ന്നു. കഴിഞ്ഞാഴ്ചയും വന്ന് വീണ്ടും ചോദ്യം ചെയ്തു. സെന്റ് തോമസ് മൗണ്ട് പോലീസ് സ്‌റ്റേഷനില്‍ വച്ച് ചൊവ്വാഴ്ച സ്വയം നിര്‍ണയ രേഖയില്‍ ഒപ്പുവയ്‌ക്കേണ്ടിയും വന്നു. അതിന് ശേഷം നിര്‍ബന്ധിച്ച് ബോണ്ട് പേപ്പറില്‍ ഒപ്പുവയ്പിച്ചു. അതില്‍ എഴുതിയിരുന്നത്, ‘ഞങ്ങള്‍ ഒരു സമരത്തിനും നിയമവിരുദ്ധമായ കാര്യത്തിലും ഇടപെടില്ല. അങ്ങനെ സംഭവിച്ചാല്‍ ഒരു വര്‍ഷം തടവും 10,000 രൂപ പിഴയുമായിരിക്കും ശിക്ഷ’ എന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പറയുന്നത്, ‘കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കാമ്പസിലെ ടിബറ്റന്‍ ബിരുദ വിദ്യാര്‍ത്ഥികളോടും ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളോടും കാമ്പസില്‍ തന്നെ നില്‍ക്കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. തടവിലാക്കിയത് പോലെയായിരുന്നു. പുറത്തു പോകാതിരിക്കാന്‍ രണ്ട് പോലീസുകാരെയും കാവല്‍ നിര്‍ത്തിയിരുന്നു.’ എന്നാണ്.

എംസിസിയുടെ ഡീന്‍ സംഭവം നിഷേധിച്ചു. മദ്രാസ് സര്‍വകലാശാലയിലെ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ല.

അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ജപ്പാന്‍ തീരത്തേക്ക് കടന്നിരിക്കുന്നത്. പ്രാദേശിക സമയം ഏഴുമണിയോടെ ടോക്കിയോയുടെ തെക്കു-പടിഞ്ഞാറന്‍ മേഖലയില്‍ ഹാഗിബിസ് (Typhoon Hagibis) കൊടുങ്കാറ്റ് പ്രവേശിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് 80 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. 1600 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. റഗ്ബി ലോകകപ്പ് മത്സരങ്ങളും സുസുക്ക ഗ്രാന്‍പ്രീ റേസിങ് മത്സരവും ഉള്‍പ്പടെയുള്ള പല പരിപാടികളും ഒഴിവാക്കി.

ജപ്പാനിലെ പ്രധാന ഓട്ടോമൊബൈല്‍ കമ്പനികളായ ഹോണ്ടയും ടൊയോട്ടയും ഫാക്ടറികള്‍ അടച്ചു. കാന്റോ മേഖലയിലും ഷിജുവോക പ്രവിശ്യയിലും 210,000 ത്തിലധികം വീടുകള്‍ക്ക് വൈദ്യുതിയില്ലെന്നും വിവരമുണ്ട്. കൊടുങ്കാറ്റിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രതിരോധിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി 17,000 സ്വയം പ്രതിരോധ സേനാംഗങ്ങളെയാണ് ജപ്പാന്‍ വിന്യസിച്ചിരിക്കുന്നത്. നിലവില്‍ 162 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്.

അറുപത് വര്‍ഷത്തിനിടെ ജപ്പാനില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഹാഗിബിസ്. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗതയുള്ള കാറ്റായിരിക്കും വീശുകയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അസാധാരണമായ കനത്ത മഴയും കടല്‍ക്ഷോഭവും തിരമാലകളും മണ്ണൊലിപ്പും വെള്ളപ്പൊക്കവും രൂക്ഷമാകുമെന്നാണ് പ്രവചനം.

കഴിഞ്ഞ മാസം വീശിയ കൊടുങ്കാറ്റില്‍ ജപ്പാനിലെ 30,000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. 1959 വീശിയ വീരാ കൊടുങ്കാറ്റാണ് ജപ്പാനിലെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്. മണിക്കൂറില്‍ 306 കിലോമീറ്റര്‍ വേഗതത്തില്‍ വീശിയ കാറ്റില്‍ 5000ഓളം ആളുകള്‍ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.

വീഡിയോ കടപ്പാട് ; ദി ഗാർഡിയൻ

RECENT POSTS
Copyright © . All rights reserved