മഹാരാഷ്ട്രയിൽ എൻസിപി- ശിവസേന- കോണ്‍ഗ്രസ് സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും അജിത് പവാർ മാത്രമാണ് ബിജെപിയുമായി കൈകോർത്തതെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കൊപ്പം മുംബൈയിലെ വൈ ബി ചവാൻ സെന്ററിൽ നടത്തിയ വാർ‌ത്താ സമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെ ബിജെപി സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് മതിയായ എംഎൽഎമാരുടെ പിന്തുണയുണ്ട്. പത്ത് മുതൽ പതിനൊന്ന് എൻസിപി എംഎൽ‌എമാർ മാത്രമാണ് അജിത് പവാറിന് ഒപ്പം ചേരുന്നത് എന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അവർക്ക് സമയം നൽകിയിട്ടുണ്ട്. പക്ഷേ അവർക്ക് അത് തെളിയിക്കാൻ കഴിയില്ല. അതിനുശേഷം ഞങ്ങൾ നേരത്തെ തീരുമാനിച്ചതുപോലെ ഞങ്ങളുടെ മൂന്ന് പാർട്ടികളും സർക്കാർ രൂപീകരിക്കും.

അജിത് പവാർ പാർട്ടി തീരുമാനം ലംഘിച്ചിരിക്കുകയാണ്. നീക്കം പാർട്ടി നയങ്ങൾക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കിയ പാർട്ടി ശരത് പവാർ സർക്കാരുകൾ രൂപീകരിക്കാൻ ബിജെപി എപ്പോഴും കുതിരക്കച്ചവടം നടത്തുകയാണെന്നും ആരോപിച്ചു. എന്നാൽ കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് എല്ലാ എംഎൽഎമാരും അറിയണമെന്നും നി യമസഭാ അംഗത്വം നഷ്ടപ്പെടാനുള്ള സാധ്യത വളരെ ഉയർന്നതാണെന്നും പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണമെന്നും പവാർ ഓർമ്മിപ്പിച്ചു. ഒരു എൻ‌സി‌പി നേതാവോ പ്രവർത്തകനോ എൻ‌സി‌പി-ബിജെപി സർക്കാരിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പതിനൊന്ന് പേർ അജിത് പവാറിന് ഒപ്പം പോയെന്ന് വ്യക്കമാക്കുന്നതിനൊപ്പം അതിൽ ഉൾപ്പെട്ട മൂന്ന് പേരെ വാർത്താ സമ്മേളനത്തിന് എത്തിച്ചും പവാർ നീക്കങ്ങൾ ശക്തമാക്കി.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എൻ‌സി‌പി ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് സ്ഥാനത്ത് നിന്നും അജിത് പവാറിനെ നീക്കിയതായി വ്യക്മതാക്കിയ അദ്ദേഹം പുതിയ കക്ഷിനേതാവിനെ വൈകീട്ട് ചേരുന്ന യോഗം തിരഞ്ഞെടുക്കുമെന്നും വ്യക്തമാക്കുന്നു.

അതേസമയം, രൂക്ഷ വിമർശനമാണ് ബിജെപിക്കെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നടത്തിയത്. നേരത്തെ നടന്നിരുന്നത് ഇവിഎം ഉപയോഗിച്ചുള്ള കളിയായിരുന്നു, ഇപ്പോൾ പുതിയ കളിയാണെന്ന് മാധ്യമങ്ങളെ കണ്ട ഉദ്ധവ് താക്കറെ പ്രതികരിച്ചു. ഇവിടെ തിരഞ്ഞെടുപ്പ് പോലും ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർന്നു. പിന്നിൽ നിന്ന് ആക്രമിച്ചവരെയും ഒറ്റിക്കൊടുത്തവരെയും ഛത്രപതി ശിവജി എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് പിന്‍മുറക്കാരായ തങ്ങളും അത് തന്നെ തുടരുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

തന്റെ അറിവോടെ അല്ല മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങൾ എന്നാണ് ശരത് പവാർ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കത്തിന് പിന്നാലെ നടത്തിയ പ്രതികരണം. ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു ശരത് പവാർ‌ നിലപാട് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. ‘മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപിയെ പിന്തുണയ്ക്കാനുള്ള അജിത് പവറിന്റെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമാണ്. ഇത് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) തീരുമാനമല്ല. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ഞങ്ങൾ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയിക്കുന്നു’ എന്നായിരുന്നു ശരത് പവാറിന്റെ പ്രതികരണം.