ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി തടങ്കലിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി. കഴിഞ്ഞ ദിവസമാണ് ബം​ഗളൂരു സ്വദേശിയായ ജനാർദ്ദന ശർമ്മ തന്റെ നാല് മക്കളെ നിത്യാനന്ദ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ​ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയത്. രണ്ട് മക്കളെ പൊലീസിന്റെയും ശിശുക്ഷേമസമിതിയുടെയും സഹായത്തോടെ മോചിപ്പിച്ചിരുന്നു. അതിലൊരു പെൺകുട്ടിയാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരിക്കുന്നത്.

”2013 മെയ്മാസത്തിലാണ് ​ഗുരുകുലത്തിൽ പഠനത്തിനായി ചേരുന്നത്. ആദ്യമൊക്കെ ജീവിതം രസകരമായി മുന്നോട്ട് പോയി. പിന്നീട് 2017 ആയപ്പോഴാണ് അഴിമതി ആരംഭിച്ചത്. സ്വാമിക്ക് വേണ്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്താനാവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപ സ്വാമിജിക്കായി സംഭാവനകൾ കണ്ടെത്തണം. ഏക്കർ കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടി വന്നു. അർദ്ധരാത്രിയിൽ വിളിച്ചഴുന്നേൽപ്പിച്ച്, ആഭരണങ്ങളും മേക്കപ്പുമിട്ട് സ്വാമിജിയ്ക്കായി വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെടും. മൂത്ത സഹോദരിക്ക് ഇതുവരെ ആശ്രമത്തിൽ നിന്നും പുറത്ത് കടക്കാൻ സാധിച്ചിട്ടില്ല. സ്വാമിജിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് മിക്ക വീഡിയോകളും സഹോദരി ചെയ്തിട്ടുള്ളത്. ഞാനതിന് സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ച് മോശമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ ചെയ്തില്ല.” പെൺകുട്ടി വിശദീകരിക്കുന്നു.

ആത്മീയകാര്യങ്ങൾക്കാണെന്ന് പറഞ്ഞ് ആശ്രമം അധികൃതർ തന്നെ രണ്ട് മാസം മുറിയിൽ പൂട്ടിയിട്ടതായും പെൺകുട്ടി വെളിപ്പെടുത്തുന്നു. അതുപോലെ മോശം ഭാഷയിലാണ് ആശ്രമം അധികൃതർ സംസാരിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. ജനാർദ്ദന ശർമ്മയുടെ മൂത്ത രണ്ട് പെൺകുട്ടികൾ ഇപ്പോഴും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്. അവരെ തിരികെ ലഭിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും ശർമ്മ വെളിപ്പെടുത്തി.