Latest News

ഡെറാഡൂണ്‍; 485cr രൂപയുടെ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാന്‍ ബിസിനസ് പങ്കാളികള്‍ ചേര്‍ന്ന് മലയാളി യുവാവിനെ കൊലപ്പെടുത്തി. ഡെറാഡൂണില്‍വച്ചാണ് കൊലപാതകം. മലപ്പുറം വടക്കന്‍ പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ (25) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കളുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷുക്കൂര്‍ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, ആര്‍ഷാദ്, യാസിന്‍, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തില്‍ പത്ത് പേര്‍ ഉണ്ടെന്നാണ് സൂചന. ഇവരെല്ലാം മലയാളികളാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കാസര്‍ഗോഡ് കേന്ദ്രീകരിച്ചാണ് ഷുക്കൂര്‍ ബിസിനസ് നടത്തിവന്നത്. ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് തുടങ്ങി. നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഷുക്കൂര്‍ ഡെറാഡൂണില്‍ വിദ്യാര്‍ത്ഥിയായ യാസിന്റെ അടുത്തേക്ക് പോയി. ബിസിനസ് പങ്കാളികളായ മറ്റ് ഒമ്പതും പേരും ഷുക്കൂറിനൊപ്പമുണ്ടായിരുന്നു.

ഷുക്കൂറിന്റെ കൈവശം കോടികള്‍ മൂല്യമുളള ബിറ്റ്‌കോയിന്‍ ഉണ്ടെന്നും ഇതിന്റെ പാസ് വേര്‍ഡ് സ്വന്മാക്കിയാല്‍ പണം കൈക്കലാക്കാമെന്നും ആഷിഖും സുഹൃത്തുക്കളും കണക്കുകൂട്ടി. തുടര്‍ന്ന് യാസിന്റെ വീട്ടില്‍വെച്ച് ഷുക്കൂറിന് ക്രൂരമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം തുടര്‍ച്ചയായ മര്‍ദ്ദനം ഉണ്ടായി. ഷുക്കൂര്‍ അവശനായപ്പോള്‍ അഞ്ച് പേര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ ഷുക്കൂര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ അഞ്ച് പേരും മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

പൊലീസ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
മൃതദേഹം ഡെറാഡൂണില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡെല്‍ഹി വഴി നാട്ടിലേത്തിക്കാനാണ് തീരുമാനം. ഷുക്കൂറിന്റെ ബന്ധുക്കള്‍ ഡെറാഡൂണിലെത്തിയിട്ടുണ്ട്.

കോട്ടയം: 17ാം വയസ്സില്‍ പ്രണയിച്ചവനൊപ്പം ഇറങ്ങിപ്പോയി വിവാഹിതയാവുകയായിരുന്നു യുവതി. രണ്ടു വര്‍ഷത്തിനിപ്പുറം അയാളുടെ കൈകള്‍ കൊണ്ടുതന്നെ ദാരുണ മരണവും. ചങ്ങനാശേരി കറുകച്ചാലില്‍ യുവതി വാടകവീട്ടില്‍ തലയ്ക്ക് അടിയേറ്റു മരിച്ചു. സംഭവത്തോടനുബന്ധിച്ചു ഭര്‍ത്താവ് കുന്നന്താനം മുക്കട കോളനിയില്‍ 27 വയസ്സുകാരനായ സുബിനെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതിയാണ് (19) ദാരുണമായി കൊല്ലപ്പെട്ടത്. കഞ്ചാവിന്റെ ലഹരിയില്‍ ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. കഴിഞ്ഞദിവസം രാത്രി 11.30 നു ശാന്തിപുരം കാവുങ്കല്‍പടിയിലായിരുന്നു സംഭവം.

വിവാഹശേഷം ചിങ്ങവനത്ത് വാടക വീട്ടില്‍ താമസിച്ച്‌ വരുകയായിരുന്നു ഇവര്‍. സുബിന്‍ പലപ്പോഴും അശ്വതിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സുബിന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ റാന്നി, ചിങ്ങവനം ചങ്ങാനാശ്ശേരി, തുടങ്ങി വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ട്. പോക്‌സോ, മോഷണം അടിപിടി കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷം അശ്വതിയുടെ അമ്മ കുഞ്ഞുമോളുടെ കൈ ഇരുമ്പവടി കൊണ്ട് അടിച്ചൊടിച്ചിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ;

 ലഹരിക്ക് അടിമയായ സുബിന്‍ രാത്രി അശ്വതിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് ഉപദ്രവിക്കുകയും പല തവണ ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന വിറകുകമ്പു കൊണ്ടു തലയില്‍ അടിച്ചു. ബോധം നഷ്ടപ്പെട്ട അശ്വതിയെ ഇയാള്‍ വലിച്ചിഴച്ചു കുളിമുറിയില്‍ കൊണ്ടുപോയി തലയില്‍ വെള്ളം ഒഴിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന അയല്‍വാസികള്‍ കറുകച്ചാല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന അശ്വതിയെ പൊലീസ് എത്തിയ ആംബുലന്‍സിലാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 6.45 നു യുവതി മരിച്ചു. പൊലീസിനെ കണ്ടയുടന്‍ അക്രമാസക്തനായ സുബിനെ ബലം പ്രയോഗിച്ചാണു ജീപ്പില്‍ കയറ്റിയത്. ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ല് പ്രതി തല കൊണ്ട് ഇടിച്ചു തകര്‍ത്തു. പരുക്കേറ്റ സുബിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 മാസം മുന്‍പാണ് ഇവര്‍ കറുകച്ചാല്‍ മാമുണ്ട കാവുങ്കല്‍പടിയില്‍ വീടു വാടകയ്‌ക്കെടുത്തു താമസം ആരംഭിച്ചത്.

അശ്വതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കേരളം തന്നെ നടുങ്ങുകയാണ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവരെ ഇങ്ങനെയും കൊലപ്പെടുത്താനാകുമോ എന്ന ആശങ്കയും ഒപ്പം. അശ്വതിയുടെ ശരീരത്തില്‍ 56 ചതവുകള്‍ ഉള്ളതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നത്. ക്രൂരമായ മര്‍ദനവും തലയ്‌ക്കേറ്റ അടിയുമാണ് മരണ കാരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വിറക് കമ്പു കൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും ചതവുകളുണ്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞ് കരളില്‍ തറച്ച നിലയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇന്നലെ രണ്ടരയോടെ ഉതിമൂട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

തല നാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌ ഒരു കെ എസ് ആർ ടി സി ബസ്സും അതിലെ യാത്രക്കാരും. അടൂർ എം സി റോഡിലാണ് വന്‍ അപകടം ഒഴിവായിരിക്കുന്നത്. നെല്ലിമൂട്ടിപ്പടി ജംഗ്ഷനിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്‍റെ മധ്യഭാഗത്തു വച്ചായിരുന്നു കറങ്ങി തിരിഞ്ഞ് നിന്നത്. ബസ് റോഡിൻറെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ തട്ടിയത് ഒഴിച്ചാൽ വലിയ അപകടമൊന്നും ഉണ്ടായില്ല. ബസ് റോഡില്‍ നിന്ന് തെന്നി മാറാതിരുന്നതും എതിരെ വാഹനങ്ങള്‍ വരാത്തതും വന്‍ ദുരന്തത്തെ ഒഴിവാക്കി.

ഇങ്ങനെ സംഭവിച്ചതിന് പിന്നാലെ അടുത്ത് ഉണ്ടായിരുന്ന ആൾക്കാരെല്ലാം ഓടിക്കൂടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയ്ക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ അപകടത്തിൽ നിന്നും രക്ഷ നേടിയതിന്റെ ആശ്വാസത്തിലാണ്‌ ഓരോ യാത്രക്കാരും. ഈ സംഭവത്തിന്റെ വിഡിയോ വൈറലായി കൊണ്ടിരിക്കുകയാണ് .

 

പാലായിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫിനെ വെട്ടിലാക്കി കേരള കോൺഗ്രസിൽ തർക്കം രൂക്ഷമായി. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നും രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. നിഷയുടെ സ്ഥാനാർഥിത്വം തള്ളിയ പി.ജെ.ജോസഫ് പ്രഖ്യാപനം വൈകുമെന്നും സൂചന നൽകി.

പാലായിലെ സ്ഥാനാർഥിയെ ജോസ് കെ.മാണി വിഭാഗം മണിക്കൂറുകൾക്കകം തീരുമാനിക്കും. നിഷ തന്നെ സ്ഥാനാർഥിയാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. പാലാ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരും നിഷ മത്സരിക്കണമെന്ന് ഏഴംഗ സമിതിയെ അറിയിച്ചു. വൈകുന്നേരത്തോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന ജോസ്.കെ.മാണിയുടെ പ്രതികരണത്തിലും ആത്മവിശ്വാസം പ്രകടം.

എന്നാൽ നിഷയെ അംഗീകരിക്കില്ലെന്ന ജോസഫിന്റെ തുറന്നു പറച്ചിൽ സ്ഥിതി സങ്കീർണമാക്കുമെന്ന് ഉറപ്പായി. ജോസഫിന്റെ തീരുമാനത്തിന് കാത്തിരിക്കാനില്ലെന്ന് ‘ ജോസ് വിഭാഗം നേതാക്കളും വ്യക്തമാക്കിയതോടെ സമവായത്തിന്റെ സാധ്യതകളടച്ചു. വൈകിട്ട് ഇരു വിഭാഗം നേതാക്കളുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തും. സമവായത്തിലെത്തിയ ശേഷം മാത്രമെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്നാണ് സൂചന. ജോസഫ് കടുംപിടുത്തം തുടർന്നാൽ കടുത്ത തീരുമാനം കൈക്കൊള്ളാൻ യുഡിഎഫ്‌ നേതൃത്വം നിർബന്ധിതരാകും.

പി.ജെ.ജോസഫ് പിടിവാശി തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കുമെന്ന് ജോസ്. കെ.മാണി. നിലപാട് ജോസ് കെ.മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. പിജെ ജോസഫിന്റെ ഔദാര്യത്തിന് കാക്കേണ്ടെന്നാണ് ജോസ് വിഭാഗത്തിലെ പൊതുവികാരം.എന്നാൽ ജോസഫ് നിലപാട് കടുപ്പിച്ചതോടു കൂടി വെട്ടിലായത് യുഡിഎഫ് നേതൃത്വം ആണ്.

ജോസഫിന്റെ തീരുമാനത്തിന് കാത്തിരിക്കാനില്ലെന്ന് ‘ ജോസ് വിഭാഗം നേതാക്കളും വ്യക്തമാക്കിയതോടെ സമവായത്തിന്റെ സാധ്യതകളടച്ചു. വൈകിട്ട് ഇരു വിഭാഗം നേതാക്കളുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തും. സമവായത്തിലെത്തിയ ശേഷം മാത്രമെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്നാണ് സൂചന. ജോസഫ് കടുംപിടുത്തം തുടർന്നാൽ കടുത്ത തീരുമാനം കൈക്കൊള്ളാൻ യുഡിഎഫ്‌ നേതൃത്വം നിർബന്ധിതരാകും.

ചാംപ്യൻ വന്നു; ചാംപ്യൻസ് ബോട്ട് ലീഗിന് ആവേശത്തുഴയെറിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സാന്നിധ്യത്തിൽ പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിനു (സിബിഎൽ‍) മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടതോടെ 5 ജില്ലകളിലായി ഇനി 3 മാസം സിബിഎൽ സീസൺ. 9 ടീമുകളാണ് ഐപിഎൽ മാതൃകയിലുള്ള സിബിഎല്ലിൽ മൽസരിക്കുന്നത്.

പുന്നമടക്കായലിലൂടെ തുറന്ന ബാ‍ർജിൽ സഞ്ചരിച്ച സച്ചിൻ കായൽനടുവിൽ ട്രോഫി അനാഛാദനം ചെയ്തു. ‘ക്രിക്കറ്റ് കളിക്കുന്ന കാലത്തേ കണ്ടിട്ടുണ്ട്, സ്പോർട്സിനോടുള്ള കേരളത്തിന്റെ അഭിനിവേശം. ആ ആവേശവും പ്രയാസങ്ങളെ അതിജീവിക്കാനുള്ള ധൈര്യവും പ്രളയകാലത്തും കണ്ടു. ഇനി ചാംപ്യൻസ് ബോട്ട് ലീഗും കേരളത്തിന്റെ ആവേശമാകട്ടെ’– മാസ്റ്റർ ബ്ലാസ്റ്ററുടെ വാക്കുകൾ.

വേദിയിൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സച്ചിന്റെ കയ്യിലൊരു ചിത്രമുണ്ടായിരുന്നു; രണ്ടു കയ്യുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ് എന്ന കുട്ടി ആരാധകൻ കാലുകൊണ്ടു വരച്ചത്. ആ ചിത്രം ഉയർത്തി സച്ചിൻ വികാരനിർഭരമായി പറഞ്ഞു: ഇത്തരം ഓർമകൾ എന്നും കൂടെയുണ്ടാകും. ഏതാനും മത്സരങ്ങൾ കണ്ടിട്ടാണു സച്ചിൻ മടങ്ങിയത്. ആവേശമുയർത്തിയ ഫിനിഷിങ്ങുകൾ സച്ചിൻ വേദിയിൽ‍ എഴുന്നേറ്റു നിന്ന് ആസ്വദിച്ചു.
പള്ളാത്തുരുത്തി ആദ്യ വിജയി

ആലപ്പുഴ ∙ നെഹ്റു ട്രോഫിയിൽ മുത്തമിട്ട നടുഭാഗം ചുണ്ടനിലൂടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തിൽ വിജയികളായി.12 മത്സരങ്ങൾ ഉൾപ്പെടുന്ന ലീഗിൽ 10 പോയിന്റോടെ പള്ളാത്തുരുത്തി ഒന്നാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. 7നു കോട്ടയം താഴത്തങ്ങാടിയ‍ിലാണു അടുത്ത മത്സരം. 5 ലക്ഷം രൂപ സമ്മാനവും 4 ലക്ഷം ബോണസും ഉൾപ്പെടെ 9 ലക്ഷം രൂപയാണ് ലീഗ് മത്സരത്തിലെ വിജയിക്കു ലഭിക്കുന്നത്.

ആലപ്പുഴ/ എടത്വാ: കാണികളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി പുന്നമടയിൽ ഓളങ്ങളെ കീറിമുറിച്ച് എത്തിയ ആദം പുളിക്കത്ര ക്യാപ്റ്റൻ ആയി ഉള്ള ഷോട്ട് പുളിക്കത്രയുടെ വിജയത്തിന് ഇരട്ടി മധുരം. മാലിയിൽ പുളിക്കത്ര തറവാട് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിൽ ഇടം പിടിച്ചതിന്റെ നേട്ടത്തിൽ ആവേശത്തിലിരിക്കുമ്പോൾ ആണ് വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയുടെ ജയവും. മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളംമുറക്കാരൻ 8 വയസുകാരനായ ആദം പുളിക്കത്ര ആയിരുന്നു ക്യാപ്റ്റൻ.ഈ വർഷം നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റിക്കോർഡ് കൂടി ആദമിന് മാത്രം സ്വന്തം . 9 പതിറ്റാണ്ടു കൊണ്ട് ഒരേ കുടുംബത്തിൽ നിന്നും 3 കളിവള്ളങ്ങൾ നിർമ്മിച്ച് 4 തലമുറകൾ ജലോത്സവ ലോകത്തിന് നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചുള്ള അംഗീകാരമായിട്ടാണ് മാലിയിൽ പുളിക്കത്ര തറവാട് യൂണീവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം പിടിച്ചത്.

വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മൂന്നാമത്തെ കളിവള്ളമാണ് ഷോട്ട് പുളിക്കത്ര.ബാബു പുളിക്കത്ര നീറ്റിലിറക്കിയ ‘ഷോട്ട് ‘ 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.1952 ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര.പിന്നീട് അത് പുതുക്കി പണിയുകയും ജയ് ഷോട്ട് എന്ന് പേരിൽ നീരണിയുകയും ചെയ്തു.

1926 മുതൽ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും നീരണിഞ്ഞ 3 കളിവളളങ്ങൾ ആയ മണലി, ഷെയ് ഷോട്ട്‌, ഷോട്ട് പുളിക്കത്ര എന്നിവ നെഹ്റു ട്രോഫിയിൽ ജലമേളയിൽ ഈ വർഷം പങ്കെടുക്കുന്ന 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ആണ്.

ഏറ്റവും പുതിയതായി 2017 ൽ നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയായിരുന്നു ശില്പി.

ജലോത്സവ രംഗത്ത് 93 വർഷത്തെ പാരമ്പര്യം ഉൾകൊണ്ട് പിതാവിന്റെ സ്മരണക്കായി ആണ് വീണ്ടും 2017 ൽ പുതിയ കളിവള്ളമായ ‘ഷോട്ട് പുളിക്കത്ര ‘ നിർമ്മിച്ചതെന്നും നാളിത് വരെയുള്ള എല്ലാവിധ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും വീണ്ടും ഏവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി
ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര,മാനേജർ റജി എം വർഗ്ഗീസ്, ഷോട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള എനിവർ പറഞ്ഞു. പറഞ്ഞു.കുമരകം സമുദ്ര ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് ഈ വർഷം തുഴയെറിഞ്ഞത്.

സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരാധനയ്ക്കായി എത്തിയ ഫ്രാൻസിസ് മാർപാപ്പ ലിഫ്റ്റിൽ കുടുങ്ങി. ഏകദേശം അരമണിക്കൂറോളമാണ് മാര്‍പ്പാപ്പ ലിഫ്റ്റിനുള്ളിലായിപ്പോയത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തകരാറ് പരിഹരിച്ചതോടെയാണ് അദ്ദേഹം സുരക്ഷിതനായി പുറത്തിറങ്ങിയത്. ലിഫ്റ്റ് പ്രവർത്തിക്കുന്നതിനിടയിൽ വൈദ്യുതി ബന്ധത്തിലുണ്ടായ തകരാറ് പ്രശ്നമുണ്ടാക്കിയതെന്ന് അദ്ദേഹം പിന്നീട് വിശ്വാസികളോട് വെളിപ്പെടുത്തി.

ലിഫ്റ്റ് പണിമുടക്കിയതോടെ പത്ത് മിനിറ്റ് വൈകിയാണ് മാർപാപ്പയ്ക്ക് തന്റെ പ്രസംഗം ആരംഭിക്കാനായത്. ദിവ്യബലിക്ക് വൈകിയെത്തിയതിന്റെ കാരണം വിശ്വാസികളോട് പറഞ്ഞ് മാപ്പപേക്ഷിക്കാനും അദ്ദേഹം മടിച്ചില്ല. യഥാസമയം ലിഫ്റ്റിനുള്ളിൽ നിന്ന് തന്നെ രക്ഷിച്ച അഗ്നിശമന സേനാംഗങ്ങളെയും മാർപാപ്പ അഭിനന്ദിച്ചു.

അലിഗൻഡ ∙ ഒഡീഷയിലെ ഗജപതി ജില്ലയിൽ അതീവ പിന്നാക്ക ഗ്രാമമായ അലിഗൻഡയിൽ 48 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന സ്പെയിനിൽ നിന്നുള്ള കന്യാസ്ത്രീ ഡോ. ഐൻദീന കോസ്റ്റിയ (86) കേന്ദ്രസർക്കാർ വീസ നീട്ടിക്കൊടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 20ന് ഇന്ത്യ വിട്ടു.

ഒരാഴ്ച മുൻപാണ് വീസ നീട്ടിക്കൊടുക്കില്ലെന്നും 10 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നുമുള്ള അറിയിപ്പ് അവർക്കു ലഭിച്ചത്. തുടർവീസ നിഷേധിച്ചതിന്റെ കാരണമൊന്നും അറിയിപ്പിൽ പറയുന്നില്ല.

1971 ഓഗസ്റ്റ് 15ന് അലിഗൻഡയിലെത്തിയ ഡോ. ഐൻദീന ക്ഷയരോഗ ചികിത്സയ്ക്കായി ആരംഭിച്ച സൗജന്യ ഡിസ്പെൻസറി ഗ്രാമത്തിന്റെ ആശ്രയകേന്ദ്രമായിരുന്നു.

രൂക്ഷമായ വരൾച്ച നേരിടുന്ന ഗോത്രവർഗ ഗ്രാമത്തിന്റെ വികസനത്തിനായി ജീവിതം ചെലവിട്ട അവർക്ക് ഇവിടം സ്വന്തം വീടായി. നാലായിരത്തോളം ഗ്രാമീണർക്ക് അവർ അമ്മയും സഹോദരിയുമായിരുന്നു.

പെൺകുട്ടികൾക്കായി ആരംഭിച്ച സ്കൂളുകളും ഡിസ്പെൻസറിയും കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു.

ന്യൂഡല്‍ഹി: കേരളത്തിന് പുതിയ ഗവര്‍ണറായി മുന്‍മന്ത്രി ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുത്തു. ഇന്ന് 11 മണിക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലേക്കും പുതിയ ഗവര്‍ണര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി ബന്ദാരു ദത്താത്രേയയേയും

രാജസ്ഥാന്‍ ഗവര്‍ണറായി കല്‍രാജ് മിശ്രയേയും മഹാരാഷ്ട്ര ഗവര്‍ണറായി ഭഗത് സിങ്ങ് കോഷ്യാരിയേയും തെലങ്കാന ഗവര്‍ണറായി തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷ തമിഴ് ഇസൈ സൗന്ദര്‍രാജനേയും തിരഞ്ഞെടുത്തു.

നിലവിലെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഈ മാസം നാലിന് സ്ഥാനാമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചിരിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് ഖാന്‍ മുന്‍പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുമായി പിണങ്ങി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. നിരവധി വട്ടം എംപിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് പൂച്ചയെ അയച്ച മുറപ്പെണ്ണ് ആരാണ് എന്ന്. വർഷങ്ങളായി പലർക്കും അറിയണമെന്ന ആഗ്രഹമായിരുന്നു ആ നായിക ആരാണ് എന്ന്. ആ സിനിമയിൽ അഭിനയിച്ച താരങ്ങൾ എവിടെയെങ്കിലും വന്നാൽ പ്രേക്ഷകരുടെ ആ ചോദ്യം നേരിട്ടില്ലാത്ത ഒരു താരവും ഇല്ല. എന്നാൽ നായകന് പൂച്ചയെ അയക്കുകയും അദ്ദേഹത്തെ മറഞ്ഞിരുന്നു പ്രണയിക്കുന്നതും തന്റെ കഥാപാത്രമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ നടി. രസികയാണ് ആ കഥാ പാത്രം.

സമ്മര്‍ ഇന്‍ ബത്‌ലഹേം’ മുതല്‍ ‘ഉത്തമന്‍’ വരെ മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയാണ് രസിക എന്ന സംഗീത. പിതാമകന്‍, ഉയിര്‍, ധനം തുടങ്ങിയ ഉള്ളുറപ്പുള്ള കഥാപാത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും ശ്രദ്ധേയായി രസിക. ഒരു അഭിമുഖത്തിലാണ് ആരാണ് ആ അഞ്ജാത കാമുകിയെന്ന് സംഗീത വെളിപ്പെടുത്തിയത്. ‘കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയത്തില്‍ ഒരു പുരോഗതി ഉണ്ടായിത്തുടങ്ങിയത് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ്.

എല്ലാ അര്‍ത്ഥത്തിലും ഒരു മഞ്ജു വാര്യര്‍ ചിത്രമായിരുന്നു. ഞാന്‍ അവതരിപ്പിച്ച ജ്യോതിക്ക് കഥാഗതിയില്‍ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷേ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണുങ്ങളിലൊരാള്‍ പ്രണയ സന്ദേശം കഴുത്തില്‍ കെട്ടിത്തൂക്കി ഒരു പൂച്ചയെ അയക്കുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചതെന്ന് സിനിമയില്‍ പറയുന്നില്ല. പക്ഷേ ജ്യോതിയാണ് പൂച്ചയെ അയക്കുന്നതെന്ന രീതിയില്‍ സംവിധായകന്‍ എന്നോട് പറഞ്ഞിരുന്നുവെന്ന് അവർ പറഞ്ഞു.

Copyright © . All rights reserved