ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രമുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയുടെ ആദ്യഡേ–നൈറ്റ് ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ന് വേദിയാകും. ഒന്നാംടെസ്റ്റ് ജയിച്ച ഇന്ത്യ, ബംഗ്ലദേശിനെതിെര പരമ്പരജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് മല്‍സരം തുടങ്ങുക.

അവിശ്വസനീയ പ്രകടനങ്ങളും അവിസ്മരണീയ തിരിച്ചുവരവുകളും കണ്ട ഈഡനോളം ഇന്ത്യയുടെ ഡേ–നൈറ്റ് ടെസ്റ്റ് അരങ്ങേറ്റത്തിന് യോജിക്കുന്ന മറ്റൊരു വേദയില്ല. ബംഗാള്‍ മുഖ്യമന്ത്രി–മമത ബാനര്‍ജിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും മണിമുഴക്കുന്നതോടെ കാത്തിരിപ്പിന് വിരാമമാകും. നാല് ദിവസത്തേക്കുള്ള ടിക്കറ്റ് വിറ്റുപോയെങ്കിലും മല്‍സരം എത്രദിവസം നീണ്ടുനില്‍ക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ചുവന്ന പന്തുകള്‍ രാത്രിയില്‍ തിരിച്ചറിയാത്തതിനാല്‍ പിങ്ക് പന്തുകളാണ് ഉപയോഗിക്കുന്നത്. ആദ്യമണിക്കൂറുകളില്‍ പിങ്ക് പന്തുകള്‍ക്ക് മികച്ച സ്വിങ് ലഭിക്കുന്നതിനാല്‍ ഷമിയടക്കമുള്ള പേസര്‍മാര്‍ അപകടകാരികളാകും. കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ന്നിട‍ിഞ്ഞ ബംഗ്ല ബാറ്റിങ് നിര എത്രത്തോളം ചെറുത്ത് നില്‍പ് കാണിക്കുമെന്നത് കണ്ടറിയണം. പന്ത് പഴകുന്നതോടെ റിവേഴ്സ് സ്വിങ് ലഭിക്കില്ല. ഈ സമയത്ത് ബാറ്റ്സ്മാന്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനാകും.

സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് ലഭിക്കാനും ബുദ്ധിമുട്ടാകും. സന്ധ്യാസമയമാണ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഏറെ നിര്‍ണായകമാകുക. പന്തിന്റെ സീം തിരിച്ചറിയുന്നതും പന്തിന്റെ അകലം കണക്കാകുന്നതും ബുദ്ധിമുട്ടാണ്. ഈ സമയത്ത് സ്പിന്നര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഉയര്‍ന്നുപൊങ്ങിയ പന്തുകള്‍ ക്യാച്ചെടുക്കാനും പ്രയാസമാകും. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പിങ്ക് ബോളില്‍ കളിച്ചുളള പരിചയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പിങ്ക് ബോളിന്റെ സ്വിങ് ബംഗ്ലാ പേസര്‍മാര്‍ മുതലാക്കിയാല്‍ മല്‍സരം ആവേശകരമാകും. ടോസ് നേടുന്നവര്‍ ആദ്യം ബാറ്റുചെയ്യനാണ് സാധ്യത.