പാലായിൽ ജോസ്.കെ. മാണിയോ ഭാര്യ നിഷയോ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം. ഇ.ജെ. ആഗസ്തിയെ സ്ഥാനാര്‍ഥിയാക്കാനുള്ള സമ്മര്‍ദം ശക്തമായതോടെയാണ് ജോസ് വിഭാഗം കടുത്ത നിലപാടെടുത്തത്.നിഷയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ജോസഫ് വിഭാഗത്തിന് താത്പര്യമില്ല. ഇതോടെയാണ് ഇ.ജെ. ആഗസ്തിയുടെ പേര് സജീവ ചര്‍ച്ചയായത്. കോണ്‍ഗ്രസ് നേതാക്കളും ആഗസ്തിയെ പിന്തുണച്ചതോടെ ജോസ് പക്ഷത്തിന് അപകടം മനസിലായി.
ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കാന്‍ യുഡിഎഫ് നേതാക്കളും സമ്മര്‍ദം ശക്തമാക്കി. ജോസഫ് വിഭാഗത്തിന്‍റെ ആഗ്രഹങ്ങള്‍ക്ക് യുഡിഎഫ് നേതാക്കള്‍ വഴങ്ങുന്നത് കണ്ടാണ് ജോസ്.കെ. മാണിയും കൂട്ടരും നിലപാട് കടുപ്പിച്ചത്.
ഇതോടെയാണ് രാജ്യസഭ അംഗത്വം ഉപേക്ഷിച്ച് പാലായില്‍ ജോസ്. കെ. മാണി മത്സരിക്കണമെന്ന ആവശ്യം ശക്തമായത്. അണികളുടെ സമ്മര്‍ദത്തിന് ജോസ്.കെ. മാണി വഴങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെ ഘടകകക്ഷിനേതാക്കള്‍ ഇടപ്പെട്ടു.
തീരുമാനം മുന്നണി ബന്ധത്തെ മാത്രമല്ല പാലായിലെ വിജയത്തെയും ബാധിക്കുമെന്ന് നേതാക്കള്‍ തുറന്നുപറഞ്ഞു. ജോസ് കെ. മാണി മത്സരിക്കുന്നതിലെ എതിർപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോസ് വിഭാഗം നേതാക്കളെ അറിയിച്ചു. പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം നേതാക്കള്‍ ഇന്ന് കോട്ടയത്ത് യോഗം ചേരും. ശനിയാഴ്ച സംസ്ഥാന കമ്മറ്റി ഓഫിസില്‍ ചേരുന്ന ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാർഥി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശനിയാഴ്ച വരെയാണ് യുഡിഎഫ് അനുവദിച്ചിരുക്കുന്ന സമയം. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്നണി ബന്ധത്തെ തന്നെ ഉലയ്ക്കുന്ന രീതിയിലാണ് യുഡിഎഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മുന്നേറുന്നത്
ന്യൂഡൽഹി: രാജ്യത്ത് ബാങ്കിംഗ് മേഖലകളിലെ തട്ടിപ്പുകളില്‍ കഴിഞ്ഞ വർഷം മാത്രം 73.8 ശതമാനത്തിന്റെ വർധനവുണ്ടായെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018–19 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 15 ശതമാനത്തിന്റെ വർധനവും തട്ടിച്ച പണത്തിന്റെ അളവിൽ 73.8 ശതമാനത്തിന്റെ വർധനവും ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
2017-2018 സാമ്പത്തിക വർഷത്തിൽ ബാങ്ക് തട്ടിപ്പിലൂടെ 41167 കോടി രൂപയാണ് തട്ടിയെടുത്തത്. ഇത് 2018 – 2019 വർഷത്തിലേക്ക് എത്തിയപ്പോൾ 71542 കോടി രൂപയായി വർധിച്ചു. ബാങ്ക് തട്ടിപ്പ് കേസുകളിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. അതായത് 2017 – 2018 സാമ്പത്തിക വർഷത്തിലെ 5916 കേസുകളിൽ നിന്ന് 2018 – 2019ലേക്ക് എത്തിയപ്പോൾ 6801 കേസുകളായി വർധിച്ചു.
കൂടുതല്‍ വിപണി പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും വിദേശ ബാങ്കുകളും ഇതിന് പിന്നിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളിൽ 3,766 തട്ടിപ്പുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. തട്ടിയെടുത്തത് 64,509.43 കോടി രൂപയും. തട്ടിപ്പ് നടക്കുന്ന സമയവും അത് ബാങ്ക് തിരിച്ചറിയുന്ന സമയവും തമ്മില്‍ ശരാശരി 22 മാസത്തിന്റെ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
100 കോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുകൾ നടന്ന തീയതിയും അതു കണ്ടെത്തിയ തീയതിയും തമ്മിലുള്ള അന്തരം ശരാശരി 55 മാസങ്ങളാണ്. അതേസമയം ഓഫ് ബാലന്‍സ് ഷീറ്റ് തട്ടിപ്പുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്.
ചൈനയ്‌ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്വയംഭരണാധികാരമുള്ള പ്രവിശ്യായ ഹോങ് കോങിലേയ്ക്ക് ചൈനീസ് സൈന്യം നീങ്ങുന്നു. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ലുമായി ബന്ധപ്പെട്ട് തുടരുന്ന പ്രക്ഷോഭത്തില്‍ അയവില്ലാത്ത സാഹചര്യത്തിലാണ് ചൈനീസ് സൈന്യം രംഗത്തിറങ്ങുന്നത്. എന്നാല്‍ ഇത് മേഘലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് സൂചന. ചൈനീസ് സൈനിക വാഹനങ്ങള്‍ ഹോങ് കോങ് അതിര്‍ത്തിയിലേയ്ക്ക് നീങ്ങിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോങ് കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പതിവുള്ള വാഹന നീക്കം മാത്രമാണിത് എന്നാണ് ചൈനീസ് ആര്‍മി പറയുന്നു. ഹോങ് കോങ് അതിര്‍ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്‍ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്. നേവി കപ്പല്‍ ഹോങ് കോങ്ങിലെത്തുന്നതിന്റേയും ചിത്രം സിന്‍ഹ്വ പുറത്തുവിട്ടിട്ടുണ്ട്.
അതിര്‍ത്തിയില്‍ 8000നും 10,000നുമിടയ്ക്ക് സൈനികരെ ചൈന വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച വലിയ ചൈനാവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കം.
എന്നാല്‍ ചൈന സൈന്യത്തെ അയച്ച് അടിച്ചമര്‍ത്താനുള്ള നീക്കം തുടങ്ങിയതായി ഹോങ് കോങ് പ്രക്ഷോഭകാരികള്‍ ആശങ്കപ്പെടുന്നു. കുറ്റവാളികളെ ചൈനീസ് മെയിന്‍ലാന്റിലേയ്ക്ക് വിചാരണയ്ക്കായി കൈമാറുന്ന വിവാദ ബില്‍ ഹോങ് കോങ് അഡ്മിനിസ്‌ട്രേറ്റര്‍, ശക്തമായ പ്രക്ഷോഭം കണക്കിലെടുത്ത് മരവിപ്പിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തില്‍ പിന്മാറാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ചൈന നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ രാജി വച്ചൊഴിയണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ് ഹോങ് കോങ് വിമാനത്താവളം പ്രക്ഷോഭകാരികള്‍ സ്തംഭിപ്പിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുകയും ചെയ്തിരുന്നു.
അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.
കേരളത്തിലെ 124 ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.
പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.
പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
“നിങ്ങളുടെ പ്രതീക്ഷകളും ആശ്വാസ വാക്കുകളും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത്. കാലാവസ്ഥ വ്യതിയാനത്തെ ഞാൻ പേടിക്കുന്നത് പോലെ നിങ്ങളും പേടിക്കണം. എന്നിട്ട് എന്തെങ്കിലും ചെയ്യണം…” ആഗോള താപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനുമെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന ഗ്രെറ്റ ഇർമാൻ തൻബെർഗ് എന്ന പതിനാറുകാരിയുടെ വാക്കുകളാണിത്. യുഎസിലെയും ചിലിയിലെയും യുഎൻ കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി അവളിപ്പോള്‍ ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ്.
യുകെയിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലൂടെ റേസിംഗ് ബോട്ടായ മാലിസിയ II –ലായിരുന്നു യാത്ര. വിമാനം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിനാലാണ് അവള്‍ കടല്‍മാര്‍ഗ്ഗം സഞ്ചരിക്കാന്‍ തീരുമാനിച്ചത്.
തൻബെർഗിനെ സ്വാഗതം ചെയ്യാനായി നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ നമ്മള്‍ ഒരുമിച്ചു നിന്നേ മതിയാകൂ എന്നവള്‍ ഒരിക്കല്‍കൂടെ ആവര്‍ത്തിച്ചു. ‘ഇതുപറയാനായി അറ്റ്ലാന്റിക് സമുദ്രം താണ്ടി ഇവിവിടെവരെ വരാന്‍മാത്രം ഭ്രാന്തിയാണോ ഞാന്‍ എന്നൊക്കെ നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ, മനുഷ്യരാശി ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ആഗോള പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുക. ഒരു നിമിഷംപോലും അമാന്തിക്കരുത്. അല്ലെങ്കില്‍ നമുക്കിനിയൊരു അവസരംകൂടെ ലഭിച്ചേക്കില്ല’- അവള്‍ പറയുന്നു.
കാലാവസ്ഥാ പ്രതിസന്ധിയെ ദീർഘകാലമായി നിഷേധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷമായ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. ട്രംപിനോട് എന്തെങ്കിലും പറയാനുണ്ടോയെന്നു പത്രക്കാര്‍ ചോദിച്ചപ്പോള്‍, ‘ഉണ്ട്, അദ്ദേഹത്തോട് ശാസ്ത്രത്തെ ശ്രദ്ധിക്കാന്‍ പറയണം എന്നുണ്ട്. പക്ഷെ, എനിക്കറിയാം അദ്ദേഹത്തിന് അതിന് കഴിയില്ല. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും അടിയന്തിരാവസ്ഥയെക്കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പിന്നെ എനിക്കെങ്ങിനെ സാധിക്കും’ എന്നാണ് ഗ്രെറ്റ പറഞ്ഞത്.
2008 ആഗസ്തിലാണ് കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുന്ന സ്വീഡിഷ് സർക്കാരിന്റെ നയങ്ങൾക്കെതിരെ ‘ഫ്രൈഡേ സ്കൂള്‍ പ്രൊട്ടെസ്റ്റ്’ എന്ന പേരില്‍ ഗ്രെറ്റ തൻബെർഗ് പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്. മഞ്ഞും മഴയും വെയിലും വകവെക്കാതെ ഓരോ വെള്ളിയാഴ്ചയും പ്ലക്കാര്‍ഡുമായി അവള്‍ പാർലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിച്ചു. പാരീസ് ഉടമ്പടി പാലിച്ചുകൊണ്ട് കാർബൺ പുറംതള്ളൽ കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരും കൂട്ടിനില്ലായിരുന്നു. സര്‍ക്കാരോ പോലീസോ സ്കൂള്‍ അധികൃതരോ, എന്തിന് അവളുടെ സഹപാഠികള്‍പോലും തിരിഞ്ഞു നോക്കിയില്ല. എന്നിട്ടും സമരത്തില്‍ ഉറച്ചുനിന്നു.
‘ഭാവിതന്നെയില്ലെങ്കിൽ പിന്നെ ഭാവിക്കുവേണ്ടി എന്തിനു പഠിക്കണം, എന്തിന് സ്‌കൂളിൽ പോകണം?’ എന്ന് ഉറക്കെ ചോദിച്ചു. കുറേക്കാലമൊന്നും ആ സമരം കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
ക്രമേണ ഗ്രെറ്റയുടെ ഈ സമരം ലോകം ഏറ്റെടുത്തു. ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍’ എന്ന പേരിൽ ഒരു പ്രസ്ഥാനമായി അത് വളര്‍ന്നു. ലോകരാഷ്ട്രങ്ങളിലെ ദശലക്ഷക്കണക്കിന് വിദ്യാർഥികൾ എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസുകള്‍ ബഹിഷ്കരിച്ചു ഭാവിക്കുവേണ്ടി, ഭൂമിക്കു വേണ്ടി, പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ഈ വിഷയത്തില്‍ ഭരണകേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന ഉദാസീനമായ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങി. പറ്റാവുന്ന ഇടങ്ങളിലൊക്കെ ഗ്രേറ്റയും എത്തിച്ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ഊര്‍ജ്ജം നല്‍കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ലണ്ടനിലും സ്റ്റോക്ക്ഹോമിലും ബ്രസ്സൽസിലും ഹെൽസിങ്കിയിലുമൊക്കെ സംഘടിപ്പിച്ച വന്‍ റാലികളില്‍ ഈ വിഷയത്തെ അധികരിച്ച് ഗ്രെറ്റ സംസാരിച്ചു. അവയെല്ലാം വളരെപെട്ടന്നുതന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകത്താകമാനം പ്രചരിക്കുകയും ചെയ്തു.
സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍വേണ്ടി ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്തിരിക്കുകയാണ് ഗ്രെറ്റ. അറ്റ്ലാന്റിക്കിലെ ചുഴലിക്കാറ്റ് സീസണായ ഓഗസ്റ്റ് മാസത്തില്‍ അതുവഴി ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്നിട്ടും അവളതിന് തയ്യാറായത് കാര്‍ബണ്‍ പുറംതള്ളലുമായും ഒരുനിലക്കും സമരസപ്പെടാന്‍ കഴിയില്ല എന്നതുകൊണ്ടു മാത്രമാണ്.
‘No one is too small to make a difference…’ കിട്ടുന്ന വേദികളിലൊക്കെ അവളീ വാക്കുകള്‍ ആവര്‍ത്തിച്ചു പറയും. ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിരിക്കുന്ന ഈ അവസ്ഥയ്‌ക്കെതിരെ ഓരോരുത്തരും അവർക്കാവുന്ന വിധം പ്രവർത്തിക്കുക എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ജീവിതംകൊണ്ട് കാണിച്ചു കൊടുക്കും. സംഭവബഹുലമായ ഒരു കുഞ്ഞുജീവിതം കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ നമ്മുടെ ഏത്രയെത്ര വെള്ളിയാഴ്ചകളിലേക്കാണ് വെളിച്ചം വീശുന്നത്.
Good news!
I’ll be joining the UN Climate Action Summit in New York, COP25 in Santiago and other events along the way.
I’ve been offered a ride on the 60ft racing boat Malizia II. We’ll be sailing across the Atlantic Ocean from the UK to NYC in mid August.#UniteBehindTheScience pic.twitter.com/9OH6mOEDce— Greta Thunberg (@GretaThunberg) July 29, 2019
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ദ സോയ ഫാക്ടറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.
1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.’
ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രദ്യുമ്‌നന്‍ സിങ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് തിയേറ്ററുകളിലെത്തും.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പി.സി ജോര്‍ജ്. ബി.ജെ.പിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബി.ജെ.പി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പകരം എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് പി.സി ജോര്‍ജിന്റെ ആവശ്യം. ബി.ജെ.പിയോടുള്ള ജനവികാരം മാറാതെ അവര്‍ക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
പാലായില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് പി.സി ജോര്‍ജ് നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തള്ളി. പി.സി ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമാണെന്നായിരുന്നു ശ്രീധരന്‍പിള്ള പ്രതികരിച്ചത്.
യു.ഡി.എഫ് വിട്ടുവന്നാല്‍ പി.ജെ ജോസഫിനെ എന്‍.ഡി.എ മുന്നണി സ്വീകരിക്കുമെന്നും
പി.സി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട തോല്‍വി നേരിടേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറി ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്ത് അതീവജാഗ്രത. സംഘര്‍ഷ സാഹചര്യത്തിന് ആക്കംകൂട്ടി പാക്കിസ്ഥാന്‍ ബാലിസറ്റിക് മിസൈല്‍ പരീക്ഷണവും നടത്തി. ഏതുവെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കി. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനിലെ നേതാക്കള്‍ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകളെ ഇന്ത്യ അപലപിച്ചു.
ഗള്‍ഫ് ഒാഫ് കച്ച്, സര്‍ ക്രീക്ക് മേഖലകള്‍ വഴി വിദഗ്ധ പരിശീലനം കിട്ടിയ പാക് കമാന്‍ഡോകളും ഭീകരരും ചെറുബോട്ടുകളിലായി എത്തിയതായണ് റിപ്പോര്‍ട്ട്. കച്ചില്‍ രണ്ട് ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കുള്‍പ്പെടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള കരയില്‍ നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന ഗസ്നവി മിസൈലാണ് രാത്രിയില്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചത്.
മിസൈല്‍ പരീക്ഷണം നടത്തുന്നതിനാല്‍ ഒാഗസ്റ്റ് 28 മുതല്‍ 31വരെ കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. 2005ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നതായി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
വ്യോമപാത അടച്ചിടുമെന്ന് അറിയിച്ചിട്ടില്ല. കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. ഇന്ത്യയുമായി ഒക്ടോബറില്‍ യുദ്ധമുണ്ടാകുമെന്ന് പാക് റെയില്‍വേ മന്ത്രി പറഞ്ഞതടക്കം പാക്കിസ്ഥാന്‍ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ പ്രസ്താവനങ്ങളെ ഇന്ത്യ അപലപിച്ചു.കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാക്കിസ്ഥാന് അര്‍ഹതയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലേയില്‍ പ്രതികരിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒക്ടോബറിലോ അതിനുശേഷമോ യുദ്ധമുണ്ടാകുമെന്ന് പാക് റെയില്‍വേമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. റാവല്‍പിണ്ടിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് പാക് മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന. കറാച്ചിക്കടുത്ത് മിസൈല്‍ പരീക്ഷണം നടത്താന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കറാച്ചി വഴിയുള്ള വ്യോമപാത മൂന്ന് ദിവസത്തേയ്ക്ക് ഭാഗികമായി അടച്ചിടും. അതിനിടെ, കശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ സുരക്ഷ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രി സഭസമിതി അല്‍പ്പസമയത്തിനകം ചേരും. കശ്മീരിലെ വികസനപ്രവര്‍ത്തനങ്ങളടക്കം ചര്‍ച്ചചെയ്യാന്‍ വിശാല കേന്ദ്രമന്ത്രിസഭാ യോഗവും തുടര്‍ന്ന് ചേരും.
കറാച്ചിക്കടുത്ത് മിസൈൽ പരീക്ഷണം നടത്താൻ പാക്കിസ്ഥാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാക്കിസ്ഥാന്‍ കഴിഞ്ഞദിവസം ഭീഷണിയുയര്‍ത്തിയിരുന്നു. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
പാക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തിരുന്നു. മോദി തുടങ്ങി, ഞങ്ങള്‍ പൂര്‍ത്തിയാക്കും എന്ന ടാഗോട് കൂടിയായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
പാക്കിസ്ഥാനിലെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാക്ക് സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചെന്ന് അമേരിക്ക. പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാൻ അധികാരമേറ്റതോടെയാണ് സൈന്യം വീണ്ടും നിയന്ത്രണം ഏറ്റെടുത്തതെന്നും യുഎസ് ജനപ്രതിനിധിസഭയിലെ ഗവേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നു.
പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പ് വേളയിൽ ഇമ്രാന് സഹായകമാകും വിധം ആഭ്യന്തര രാഷ്ട്രീയ തലങ്ങളിൽ സേന ഇടപെടൽ നടത്തി. നവാസ് ഷെരീഫിനെ പുറത്താക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്. അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ‘നവ പാക്കിസ്ഥാൻ’ നിർമിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇമ്രാൻ ഭരണത്തിലെത്തിയത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി ‘ക്ഷേമ രാഷ്ട്രം’ സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാൻ അവതരിപ്പിച്ചതെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചു. പുതുതായി വിദേശ ധനസഹായം തേടിയും സർക്കാരിന്റെ ചെലവു കുറച്ചും പിടിച്ചുനിൽക്കാനുളള സാഹചര്യമാണ് ഇത് പാക്കിസ്ഥാന് സൃഷ്ടിച്ചതെന്നു റിപ്പോർട്ട് വിശദീകരിക്കുന്നു.
പാക്കിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം മലിനമാക്കപ്പെട്ടെന്ന തോന്നലാണ് തിരഞ്ഞെടുപ്പു വേളയിൽ നവാസ് ഷെരീഫിനെതിരെ സൃഷ്ടിക്കപ്പെട്ടത്. സൈന്യവും ജുഡിഷ്യറിയും ഇമ്രാന്റെ പാർട്ടിക്കു ഗുണകരമാകും വിധം ‘അവിശുദ്ധ സന്ധി’യിലായിരുന്നു . നവാസ് ഷെരീഫിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം. ഷെരീഫിന്റെ പാർട്ടിയെ ദുർബലപ്പെടുത്താനും ഇമ്രാന്റെ പാർട്ടിക്ക് അധികാരത്തിലേക്കു ഏങ്ങനെയും വഴിയൊരുക്കാനും ശ്രമമുണ്ടായി. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാർട്ടികളും സംഘടനകളും പാക്കിസ്ഥാനിൽ വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനം. എറണാകുളം ഗോശ്രീ പാലത്തില്‍ ഇന്ന് അഞ്ചുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു.നാളെ വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.