ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി. കേസില്‍ തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമേ ഉള്ളൂ.യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു
ചെക്കുകേസിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാർ വെള്ളാപ്പള്ളിയുടെ നീക്കത്തിനു തിരിച്ചടിയായി ജാമ്യവ്യവസ്ഥിൽ ഇളവു തേടി അജ്മാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. യുഎഇ പൌരൻറെ ആൾജാമ്യത്തിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാറിൻറെ നീക്കമാണ് കോടതി തടഞ്ഞത്.
യുഎഇ പൌരൻറെ പാസ്പോർട്ട് ആൾജാമ്യമായി കോടതിയിൽ സമർപ്പിച്ചു സ്വന്തം പാസ്പോർട് തിരികെ വാങ്ങി നാട്ടിലേക്കു മടങ്ങാനായിരുന്നു തുഷാറിൻറെ നീക്കം. ഇതിനായി കോടതിയിൽ സമർപ്പിച്ച ഹർജി അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ തള്ളി. ഇനി കേസിൽ ഒത്തുതീർപ്പുണ്ടാകുന്നതു വരേയോ വിചാരണ പൂർത്തിയാകുന്നതുവരേയോ തുഷാറിനു യുഎഇ വിടാനാകില്ല. പബ്ളിക് പ്രൊസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിൻറെ ഹർജിയിൽ തീരുമാനമെടുത്തത്. കേസിലെ സാമ്പത്തിക ബാധ്യതകൾ സ്വദേശിപൌരനു ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുളളതിനാലാണ് അപേക്ഷ തള്ളിയത്.
പാസ്പോർട്ട് ഉടൻ തിരികെ ലഭിക്കില്ലെന്നുറപ്പായതോടെ എത്രയും പെട്ടെന്നു ഒത്തുതീർപ്പു നടത്തി കേസവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാനാകും ഇനി തുഷാറിൻറെ നീക്കം. നാസിൽ ആവശ്യപ്പെട്ട തുക കൂടുതലാണെന്നു തുഷാറും തുഷാർ വാഗ്ദാനം ചെയ്യുന്ന തുക കുറവാണെന്നു നാസിലും നിലപാടു തുടരുന്നതിനാൽ നേരിട്ടുള്ള ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ബിസിനസ് സുഹൃത്തുക്കൾ വഴിയുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്.
പ്രേമനൈരാശ്യത്തിന്റെ പ്രതികാരം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ നജഫ്ഗഡിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ് മൂന്നാഴ്ച്ചയ്ക്കിടെ നാല് പെണ്‍കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്. ഇന്നലെയാണ് അവസാനത്തെ സംഭവം. പത്ത് വയസുള്ള പെണ്‍കുട്ടിയെ വീടിന് സമീപത്ത് നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശേഷം കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്‍പില്‍ ഇറക്കിവിട്ട് പ്രതി കടന്നുകളഞ്ഞു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടി നല്‍കിയ മൊഴി പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.റന്‍ഹൊള്ള സ്വദേശി പവന്‍ കുമാറാണ് അറസ്റിലായത്. ബപ്റോള മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണയം തകര്‍ന്നതിലുള്ള നിരാശയാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തുവന്നത്.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിയുന്ന പ്രവണതയാണ് ഈ മാസം ആദ്യ പകുതിയില്‍ പ്രകടമാകുന്നത്. ഈ മാസം ഇതുവരെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 8,319 കോടി രൂപ പിന്‍വലിച്ചു.എഫ്പിഐ നികുതിയും ആഗോള വ്യാപാര സംഘര്‍ങ്ങളും സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഈ മാസം ആദ്യ പകുതിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 10,416.25 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ വിറ്റുമാറി എന്നാണ് ഡിപ്പോസിറ്ററി ലഭ്യമാക്കുന്ന കണക്ക്. അതേസമയം ഇക്കാലയളവില്‍ എഫ്പിഐ കടപത്രങ്ങളില്‍ 2,096.38 കോടി രൂപയുടെ നിക്ഷേപം നടത്തി. ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ മൊത്തം 2,985.88 കോടി രൂപ പിന്‍വലിച്ചിരുന്നു.
എഫ്പിഐക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നത് സംബന്ധിച്ച് അനശ്ചിതത്വം നിലനില്‍ക്കുന്നത് വിദേശ നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുന്നതായാണ് കാണുന്നത്.
ക്യാന്‍സര്‍ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഗുരുതരമാകാന്‍ കാരണം. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള മാര്‍ഗം കണ്ടുപിടിച്ചതെന്ന് ‘ദി ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ഡോക്ടര്‍ ജയന്ത് ഖണ്ഡാരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഓങ്കോ ഡിസ്കവര്‍’ എന്ന് പേരിട്ട പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ 12 ദിവസത്തെ സമയമാണ് വേണ്ടിവരുന്നത്. എന്നാല്‍ ‘ഓങ്കോ ഡിസ്കവര്‍’ സാങ്കേതിക വിദ്യയിലൂടെ മൂന്നര മണിക്കൂര്‍ കൊണ്ട് ക്യാന്‍സര്‍ പരിശോധന സാധ്യമാകും.
‘ക്യാന്‍സര്‍ എന്ന വിപത്ത് ആഗോളതലത്തില്‍ തന്നെ വ്യാപകമാകുകയാണ്. ക്യാന്‍സറിന്‍റെ രണ്ടാം ഘട്ടത്തിലാണ് 90 ശതമാനം ആളുകളും ക്യാന്‍സറിനെ തിരിച്ചറിയുന്നത്. അമേരിക്കക്ക് ശേഷം ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എട്ടുവര്‍ഷം മുമ്പാണ് ഇങ്ങനെ ഒരു ആശയത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അത് ഫലപ്രാപ്തിയിലെത്താന്‍ സംഘാഗങ്ങള്‍ കൂടെ നിന്നു’- ഖണ്ഡാരെ എഎന്‍ഐയോട് പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഗവേഷകര്‍ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് അറിയാന്‍ പൂനെയില്‍ എത്തുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനാപകടത്തിനു സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു സമ്പൂർണ എമർജൻസി മോക്ഡ്രിൽ നടത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണോയെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. വിമാനം ടേക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുമ്പ് എൻജിനിൽ തീപിടിത്തമുണ്ടായെന്നു വരുത്തി ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു മോക്ഡ്രിൽ. ഇൻഡിഗോയുടെ എയർബസ് 320 വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഒമ്പത് ജീവനക്കാർ ഉൾപ്പെടെ 166 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിൽ പുക പടർന്നതോടെ എൻജിനിൽ തീപിടിത്തമുണ്ടായതായി ക്യാപ്റ്റൻ, എയർ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു. അതോടെ വിമാനത്താവളത്തിൽ സന്പൂർണ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു.
സിയാൽ അഗ്നിരക്ഷാ വിഭാഗം അത്യാധുനിക ഉപകരണങ്ങളുമായി രണ്ടു മിനിറ്റിനകം വിമാനത്തിന് അരികിലെത്തി. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായരുടെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. ഇന്ത്യൻ നേവിയുടെ ഹെലികോപ്ടർ വിമാനത്താവളത്തിലെത്തി യാത്രക്കാരെ ഒഴിപ്പിക്കുന്നതിൽ പങ്കുചേർന്നു. “അപകടത്തിൽ’ പരിക്കേറ്റവരുമായി ഇരുപതോളം ആംബുലൻസുകൾ കുതിച്ചു. അസി. കമാൻഡന്റ് അഭിഷേക് യാദവിന്റെ നേതൃത്വത്തിൽ സിഐഎസ്എഫ് സുരക്ഷാ ചുമതല ഏറ്റെടുത്തു.
കമാൻഡ് പോസ്റ്റിൽനിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ചു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അസംബ്ലി ഏരിയ, സർവൈവേഴ്സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി. ഉച്ചകഴിഞ്ഞു 2.46ന് തുടങ്ങിയ രക്ഷാദൗത്യം മൂന്നരയോടെ വിജയകരമായി അവസാനിച്ചു. മോക് ഡ്രില്ലിനുശേഷം വിശദമായ അവലോകനം നടത്തിയെന്നും രക്ഷാപ്രവർത്തനത്തിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തിയെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു. വിവിധ ആശുപത്രികളും ആംബുലൻസ് സർവീസുകളും സർക്കാർ വകുപ്പുകളും പങ്കെടുത്തു. സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിനു വിവിധ ഏജൻസികളെയും ഉദ്യോഗസ്ഥരെയും സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ അഭിനന്ദിച്ചു.
ഞങ്ങൾ മടങ്ങുന്നു കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിറങ്ങിയ അഗ്നിശമനസേനാംഗത്തിന്റെ കുറിപ്പ് ഹൃദയഭേദകമാകുന്നു. ഇ.കെ. അബ്ദുൾ സലീം എന്നയാളാണ് ഈ വരികൾ പങ്കുവച്ചത്. മഞ്ചേരി ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററാണ് സലീം. അപകടത്തിൽ തകർന്ന് വീണ വീടിന്റെ കോണ്‍ക്രീറ്റ് തൂണുകളുടെ ഇടയിൽ രക്ഷയ്ക്കായി നീട്ടിയ കൈകളുമായി കിടക്കുന്ന അലീനയെന്ന കുരുന്ന് രക്ഷാപ്രവർത്തകരുടെ കണ്ണ് നനയിച്ചതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ കണ്ണീർപ്രണാമം എന്ന് കുറിച്ചാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞങ്ങൾമടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം……
മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ
മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!
പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..
ചിത്രം –
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.(കടപ്പാട് :- അബ്ദുൾ സലിം.E.K)
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ചിമു നാഗരിക കാലത്ത് ബലികൊടുക്കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാകാം ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പെറുവിന്റെ വടക്കൻ തീരത്തെ ഹുവാൻചാകോയിൽ പാറഖനനം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പന്ത്രണ്ട് മുതൽ പതിനഞ്ച് നൂറ്റാണ്ടുവരെയാണ് ചിമു നാഗരിക കാലഘട്ടമെന്ന് കരുതപ്പെടുന്നത്. ആഭിചാര കർമങ്ങളുടെ ഭാഗമായി കുട്ടികളെ ബലി കഴിച്ചിരുന്നതെന്നാണ് വിലയിരുത്തൽ. കടലിനെ അഭിമുഖീകരിച്ച് കിടത്തിയിരിക്കുന്ന രീതിയിലാണ് ശരീരാവശിഷ്ടങ്ങൾ. ഇവിടെനിന്നും കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.
റിയാദ് ∙ മലയാളിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചവശനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം സൗദി പൊലീസ് പിടികൂടി. റിയാദ് ന്യൂ സനയ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശി സനൽ കുമാർ പൊന്നപ്പൻ നായർക്കാണ് ഈ ദുരനുഭവമുണ്ടായത്. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഭീതിയൊഴിയാതെ കഴിയുന്ന സനൽ സംഭവം വിശദീകരിക്കുന്നു:
വിദേശികളായ ആറംഗ അക്രമി സംഘം ന്യൂ സനയ്യയിൽ നിന്ന് തന്നെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കയ്യിലുണ്ടായിരുന്ന 3,500 റിയാൽ കവർന്ന ശേഷം കിലോമീറ്ററുകൾ അപ്പുറത്തുള്ള സൗദി ജർമൻ ആശുപത്രി പരിസരത്തുള്ള ഒരു ഹോട്ടലിലേക്ക് കൊണ്ട് പോയി അവിടെ വച്ച് വിഡിയോ കോളിൽ ഭാര്യ ശ്രീകലയെ വിളിക്കാൻ ആവശ്യപ്പെട്ടു. മർദിക്കുന്ന ചിത്രം കാണിച്ച് 70,000 റിയാൽ (പന്ത്രണ്ട് ലക്ഷത്തിലധിക ഇന്ത്യൻ രൂപ) എത്തിച്ചാൽ മോചിപ്പിക്കാമെന്ന് ഭാര്യയെ ഇവർ അറിയിച്ചു. പണം നൽകിയില്ലെങ്കിൽ സനലിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നേരത്തെ റിയാദിലുണ്ടായിരുന്ന ഭാര്യ, കൈവശമുണ്ടായിരുന്ന സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ നമ്പറിൽ വിളിച്ച് വിവരമറിയിച്ചു.
ഒപ്പം സനൽ സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്ത ഗൂഗിൾ ലൊക്കേഷനും കാര്യം എളുപ്പമാക്കി. വിഷയത്തിന്റെ ഗൗരവം ബോധ്യപെട്ട ശിഹാബ് രാത്രി തന്നെ ഇന്ത്യൻ എംബസിയിൽ വിവരമറിയിച്ചു. വെള്ളിയാഴ്ച പൊതു അവധിയായിരുന്നിട്ടും വെൽഫയർ കോൺസൽ ദേശ്ഭാട്ടി കാര്യങ്ങൾ ദ്രുതഗതിയിൽ നീക്കി. ഉദ്യോഗസ്ഥരായ റഈസുൽ അനാം, വിജയ് കുമാർ സിങ് എന്നിവർ മുഖേന പൊലീസ് സ്റ്റേഷനിലേക്കുള്ള പരാതി തയാറാക്കി. സഹാഫ പൊലീസ് സ്റ്റേഷനിൽ സനലിന്റെ സുഹൃത്ത് സെബാസ്റ്റ്യനും ഉൾപ്പെടെ ഷിഹാബും എംബസി ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്റർനെറ്റ് കോളിംഗിനിടെ ലഭിച്ച അക്രമണികളുടെ ചിത്രങ്ങൾ പൊലീസിന് കൈമാറി. പണം 500 കി.മീറ്റർ അകലെയുള്ള ദമാമിൽ നിന്ന് ഒരാൾ എത്തിക്കുമെന്നും ഉദ്രവിക്കരുതെന്നും ഭാര്യ, ഷിഹാബ് കൊട്ടുകാട് പറഞ്ഞതനുസരിച്ച് അക്രമികളോട് അറിയിച്ചു.
ഇതിനിടെ ജിദ്ദ കോൺസൽ തന്നെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും എംപി ഹൈബി ഈഡനും നാട്ടിൽ പരാതി നൽകിയിരുന്നു. അംബാസഡർ ഔസാഫ് സഈദും കേസിൽ ഇടപെട്ടു. സനലിന്റെ ഫോൺ ലൊക്കേഷൻ അനുസരിച്ച് പൊലീസ് ഞൊടിയിടയിൽ സംഭവസ്ഥലത്ത് എത്തുകയും ഹോട്ടൽ വളഞ്ഞ് പ്രതികളെ പൊക്കുകയുമായിരുന്നു. സനലിന്റെ ശരീരത്തിലാകമാനം ആക്രമികൾ ഉപദ്രവിച്ച പാടുകളുണ്ട്. വിദേശികളായ ആക്രമികളുടെ ലക്ഷ്യം പണമായിരുന്നെന്ന് ഷിഹാബ് കൊട്ടുകാട് പറഞ്ഞു. ശിഹാബ് കൊട്ടുകാടിന്റെ ശ്രമഫലമായി ഇന്ത്യൻ എംബസിയുടെയും സൗദി പൊലീസിന്റെയും സമയോചിത ഇടപെടലാണ് സനലിന്റെ മോചനത്തിനിടയാക്കിയത്.
ദില്ലി: സാനിറ്ററി നാപ്കിനുകള്‍ സംസ്കരിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. പ്ലാസ്റ്റികും കൃത്രിമ വസ്തുക്കളും ചേര്‍ത്തുണ്ടാക്കുന്ന സാനിറ്ററി പാഡുകള്‍ മണ്ണില്‍ ലയിക്കാനും നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രകൃതി സൗഹാര്‍ദ്ദപരവും പലതവണ ഉപയോഗിക്കാന്‍ കഴിയുന്നതുമായ പാഡുകളുടെ ആവശ്യകത വര്‍ധിക്കുന്നത്. ഉപയോഗശേഷം സാനിറ്ററി നാപ്കിനുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായകരമാകുകയാണ് ദില്ലി ഐഐടി വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച വാഴനാരില്‍ നിന്നുള്ള സാനിറ്ററി പാഡുകള്‍.
വാഴനാരില്‍ നിന്നും നിര്‍മ്മിച്ച ആ സാനിറ്ററി നാപ്കിന്‍ രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കും. വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കി 120 തവണ വരെ ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. രണ്ട് പാഡുകളടങ്ങുന്ന പാക്കറ്റിന് 199 രൂപയാണ് വില. ദില്ലി ഐഐടിയുടെ സംരംഭമായ സാന്‍ഫി വഴി അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ അര്‍ചിത് അഗര്‍വാള്‍, ഹാരി ഷെറാവത് എന്നിവര്‍ ചേര്‍ന്ന് അധ്യാപകരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഈ നാപ്കിനുകള്‍.
കട്ടി കുറഞ്ഞതാണെങ്കിലും സുരക്ഷിതമാണ് ഇത്തരം നാപ്കിനുകള്‍. പുതിയ നാപ്കിന്‍ നിര്‍മ്മാണ രീതിക്ക് പേറ്റന്‍റ് കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വാഴനാരില്‍ നിന്നുള്ള സാനിറ്ററി പാഡുകള്‍ സംസ്കരിക്കാനും ബുദ്ധിമുട്ടില്ലെന്നും അര്‍ചിത് അഗര്‍വാള്‍ പറഞ്ഞു.
മുൻപിൽ കുതിച്ചെത്തിയ അകമ്പടി വാഹനങ്ങളുടെ മുന്നിലേക്ക് അവർ കൈനീട്ടി. രണ്ടു വാഹനങ്ങളും നിർത്തിയില്ല. മൂന്നാമതെത്തിയ വാഹനം നിർത്തി. കാത്തിരുന്ന ആ വ്യക്തിയുടെ കയ്യിലേക്ക് പനിനീർപൂക്കൾ നീട്ടി ആ കുഞ്ഞുങ്ങൾ ഒാടിയടുത്തു.അവരുടെ ടീച്ചർ മാർക്കൊപ്പം. എല്ലാ പൂക്കളും നെഞ്ചോട് ചേർത്ത ശേഷം അത് സമ്മാനിച്ച കുഞ്ഞുങ്ങളെയും അവരുടെ എംപി ചേർത്ത് നിർത്തി. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ ഹൃദ്യമായ നിമിഷങ്ങളാണ് ഇൗ പ്രൈമറി ക്ലാസ് കുട്ടികൾ സമ്മാനിച്ചത്. അവസാനം കുട്ടികൾക്കൊപ്പം ചിത്രവുമെടുത്താണ് രാഹുൽ മടങ്ങിയത്.