ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തകരാറിലായ സൗദി അറേബ്യയുടെ എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കും. ദേശീയ എണ്ണ ഉത്പാദന കേന്ദ്രങ്ങളിലെ, അറ്റകുറ്റപ്പണിയുടെ മൂന്നിലൊരുഭാഗം ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണകയറ്റുമതിയുടെ അഞ്ച് ശതമാനത്തോളം ഇവിടെനിന്നാണ്. ഇതേ തുടര്‍ന്ന് ക്രൂഡ് ഓയിലിന് വില വര്‍ധിച്ചേക്കുമെന്നാണ് ആശങ്ക.
ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ക്യൂക്കിലെയും ഖുറൈസിലെയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. കരുതല്‍ശേഖരം ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്ന് സൗദിയും അമേരിക്കയും വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇക്കാര്യം നിഷേധിച്ച ഇറാന്‍ അമേരിക്ക പരമാവധി നുണ പരത്തുകയാണെന്ന് പ്രതികരിച്ചു. എന്നാല്‍ അടുത്തയാഴ്ച ഇറാന്‍ പ്രസിഡന്റുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറില്ലെന്ന് അമേരിക്ക അറിയിച്ചു.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തും ആശങ്കകളാണ് സമ്മാനിക്കുന്നത്. സൗദിയുടെ എണ്ണ ഉത്പാദനത്തിന്റെ പകുതിയോളം വരും ദിവസങ്ങളില്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷ സാധ്യതകള്‍ പടരുമ്പോള്‍ ലോകത്ത് പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.
അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകള്‍ക്ക് നേരെ 10 ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തെങ്കിലും ഇതിന് പിന്നില്‍ ഇറാനാണെന്ന് ഇതിനോകടം തന്നെ അമേരിക്ക ആരോപിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വീണ്ടും 100 ഡോളര്‍ കടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. സവിശേഷമായൊരു സാഹചര്യമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആവശ്യമുള്ള പെട്രോളിയത്തിന്റെ 80 ശതമാനവും പ്രകൃതി വാതകത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതി വാതകവും നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന ഏത് മാറ്റവും ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയെ മാത്രമല്ല ഇവിടുത്തെ സാമ്പത്തിക സ്ഥിതിയെത്തന്നെ കാര്യമായി ബാധിക്കും. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വിലയില്‍ ഒരു ഡോളറിന്റെ വര്‍ദ്ധനവുണ്ടായാല്‍ പോലും വാര്‍ഷിക കണക്കില്‍ അത് 10,700 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇന്ത്യയ്ക്കുണ്ടാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 111.9 ബില്യന്‍ ഡോളറാണ് എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചിലവഴിച്ചത്.
സാമ്പത്തിക രംഗത്തെ മാന്ദ്യത്തിനൊപ്പം എണ്ണവില ഉയരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2009 ജൂലൈയില്‍ ബാലരിന് 149 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച 60.25 ഡോളറിനായിരുന്നു എണ്ണ വ്യാപാരം. 2017ല്‍ 47.56 ഡോളറും 2018ല്‍ 56.43 ഡോളറുമായിരുന്നു ശരാശരി വില. 2019 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 59.35 ഡോളറും സെപ്തംബര്‍ 12ന് ശരാശരി വില 60.05 ഡോളറുമായിരുന്നു. ആക്രമണത്തിന്റെ ആഘാതം തങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുമെന്ന ആത്മവിശ്വാസം അരാംകോ പങ്കുവെച്ചിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ ഇതുവരെയെത്താത്ത ഉയരത്തിലേക്കാവും എണ്ണവില കുതിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സേവന ദാതാക്കളായ (പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്റർ) ദൂരദർശന് ഇന്നേക്ക് 60 വയസ്സ് തികഞ്ഞു. 1959 സെപ്റ്റംബർ 15 ന് സ്ഥാപിതമായ ദൂരദർശൻ ഇന്ത്യൻ ടെലിവിഷനിൽ സുവർണ്ണ കാലഘട്ടത്തിന് വഴിയൊരുക്കി. ദൈനംദിന വാർത്തകളും സായാഹ്ന പരിപാടികളും കാണുന്നതിന് ഇന്ത്യയിലെ കുടുംബങ്ങളെ സ്വീകരണമുറിയിലെക്ക് കൊണ്ടുവരിക എന്ന ആശയത്തിൽ നിന്നാണ് ദൂരദർശന് തുടക്കം കുറിക്കുന്നത്.
“പൊതുസേവന ടെലികാസ്റ്റിംഗിൽ മിതമായ പരീക്ഷണം” എന്ന നിലക്കാണ് ദൂരദർശൻ സേവനങ്ങൾ ആരംഭിച്ചത്. 1965 മുതലാണ് ദൂരദർശൻ ദിവസവും പ്രക്ഷേപണം ആരംഭിച്ചത്. അറുപത് വർഷത്തെ സേവനത്തെ അടയാളപ്പെടുത്തുന്നതിനായി, സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ വർഷങ്ങളായിട്ടുള്ള അതിന്റെ പ്രശസ്തമായ പരിപാടികൾ ഉയർത്തിക്കാട്ടുന്ന നിരവധി വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കി.
1959 ൽ ഓൾ ഇന്ത്യ റേഡിയോയുടെ സ്റ്റുഡിയോകൾക്കുള്ളിൽ ഒരു ചെറിയ ട്രാൻസ്മിറ്ററും താൽക്കാലിക സ്റ്റുഡിയോയും വച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ദൂരദർശൻ പ്രക്ഷേപണം ആരംഭിച്ചത്. ആറ് വർഷത്തിന് ശേഷം, 1965 ൽ അവതാരകയായ പ്രതിമ പുരി അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ആദ്യത്തെ വാർത്താ ബുള്ളറ്റിൻ വായിച്ചു. ബഹിരാകാശത്തേക്ക് ആദ്യമായി സഞ്ചരിച്ച യൂറി ഗഗാറിന്റെ അഭിമുഖവും അവർ നടത്തി. അതുവരെ, എല്ലാ സാധാരണ ദൈനംദിന പ്രക്ഷേപണങ്ങളും അഖിലേന്ത്യാ റേഡിയോ ആണ് പ്രവർത്തിപ്പിച്ചിരുന്നത്.
1982 ഓഗസ്റ്റ് 15 ന് ദൂരദർശൻ ന്യൂഡൽഹിയിലെ സ്വന്തം ടിവി സ്റ്റുഡിയോയിൽ നിന്ന് ഡിഡി 1 എന്ന പേരിൽ ദേശീയ ടെലികാസ്റ്റ് സേവനം അവതരിപ്പിച്ചു. അതേ വർഷം, സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രസംഗത്തിന്റെ ലൈവ് കളർ ടെലികാസ്റ്റ് പ്രേക്ഷകർ കണ്ടു. തുടർന്ന് ഡൽഹിയിൽ നടന്ന 1982 ഏഷ്യൻ ഗെയിംസിന്റെ കളർ ടെലികാസ്റ്റ് നടന്നു. കൃഷിയെക്കുറിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ ടി.വി ഷോയായ കൃഷി ദർശനും 1967 ൽ ആദ്യമായി സംപ്രേഷണം ചെയ്യുകയും 80 ഗ്രാമങ്ങളിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ജനപ്രിയ ഷോയ്ക്ക് പകരമായി കാർഷിക-ടെലിവിഷൻ ചാനലായ കിസാൻ ടിവിയുമായി 2014 ൽ ദൂരദർശൻ എത്തി.
90 കൾക്ക് മുമ്പുള്ള ദശകങ്ങളിൽ ഓൾ ഇന്ത്യ റേഡിയോ പോലെ ദൂരദർശനും സർക്കാർ നിയന്ത്രണത്തിലായി. 90 കളുടെ തുടക്കത്തിൽ പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കപ്പെടുകയും പബ്ലിക് ബ്രോഡ്കാസ്റ്റർ സ്വയംഭരണാധികാരമുള്ളതായിരിക്കണമെന്ന് ഒരു നിയമനിർമാണം പാസാക്കുകയും ചെയ്തപ്പോൾ സ്ഥാപനത്തിന് സ്വയംഭരണാവകാശം ഉറപ്പുനൽകി. 1997 ൽ പ്രസാർ ഭാരതി നിയമം പാസാക്കി. ഇത് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. പ്രസാർ ഭാരതി സൃഷ്ടിക്കപ്പെട്ടപ്പോൾ, ദൂരദർശന്റെയും ആകാശവാണിയുടെയും എല്ലാ സ്വത്തുക്കളും കോർപ്പറേഷന് കൈമാറി, പക്ഷേ ഇത് കമ്പനി നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ, പ്രസാർ ഭാരതി സാങ്കേതികമായി ഒരു കോർപ്പറേഷനായിരുന്നില്ല.
“അതിനാൽ ഇത് ഒരു നിയമാനുസൃത സ്വയംഭരണ സ്ഥാപനമാണ്. ദൂരദർശൻ, ആകാശവാണിയിലെ എല്ലാ ജീവനക്കാരും കേന്ദ്ര സർക്കാരിന്റെ ജീവനക്കാരായി തുടർന്നു (പ്രസാർ ഭാരതിക്ക് കൈമാറിയതിനുശേഷം). കോർപ്പറേറ്റ് സ്വയംഭരണാധികാരമുള്ള ഈ ഹൈബ്രിഡ് മാതൃക അതിനുണ്ട്, എന്നാൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും സർക്കാരിന്റെ ജീവനക്കാരാണ്. അതിനാൽ ഇത് വളരെ സവിശേഷമായ ഒരു സാഹചര്യമാണ്, ” ദൂരദർശൻ സി.ഇ.ഒ ശശി ശേഖർ വെമ്പതി എഴുതുന്നു.
ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഡിഡി ന്യൂസിലും അതിന്റെ പ്രാദേശിക ചാനലുകളിലും ബിജെപിക്ക് ഏറ്റവും കൂടുതൽ സമയം ലഭിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിനിടയാക്കിയിരുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ കവറേജ് സംബന്ധിച്ച് ചാനലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഭരണകക്ഷിയായ ബിജെപിയ്ക്ക് ഡിഡി ന്യൂസ് മുൻഗണന നൽകുന്നുണ്ടെന്ന് കമ്മീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ, ദൂരദർശൻ ഒരു പരിധിവരെ തിരിച്ചടി നേരിട്ടു. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളും ആശയവിനിമയ സാങ്കേതികവിദ്യയിലേക്കുള്ള ഉദാരവൽക്കരണവും വിദേശ, ഇന്ത്യൻ മാധ്യമ കമ്പനികൾക്ക് ടെലിവിഷനിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകി.
ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കുന്ന 800 ലധികം ലൈസൻസുള്ള ചാനലുകൾ ഇന്ന് ഉണ്ട് . 1991 ൽ ഇത് ഒരെണ്ണം ആയിരുന്നു. ആദ്യത്തെ 24 × 7 വാർത്താ ചാനൽ ആരംഭിച്ചത് 1998 ലാണ്; 2014 ആയപ്പോഴേക്കും ഇത് 400 എണ്ണം ആയി. 15 ലധികം ഭാഷകളിലായി ചാനലുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.
വെല്ലുവിളികൾക്കിടയിലും ദൂരദർശൻ അതിന്റെ പ്രക്ഷേപണം തുടരുന്നു. ഈ വർഷം ആദ്യം, ഇന്ത്യയുടെ ദൂരദർശൻ അയൽരാജ്യമായ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നതിനായി കരാർ ഒപ്പിട്ടു. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതത്തെക്കുറിച്ച് ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഒരു ഫീച്ചർ ചിത്രവും ബംഗ്ലാദേശ് വിമോചന യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും പ്രസാർ ഭാരതിയും ബംഗ്ലാദേശും സംയുക്തമായി നിർമ്മിക്കുമെന്ന് കരാറിൽ തീരുമാനിച്ചു.
മനുഷ്യന്റെ കണ്ണിനെ പ്രതീകപ്പെടുത്തുന്ന ദൂരദർശന്റെ ലോഗോ, ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകർക്ക് ഗൃഹതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. എന്നാൽ ഈ വർഷം ആദ്യം, സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റർ 1959 മുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലോഗോ മാറ്റാനുള്ള പ്രക്രിയ ആരംഭിച്ചു. ദൂരദർശൻ നവീകരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ പലരും കാണുന്നത്.
Celebrating #60GloriousYearsOfDD#Doordarshan pic.twitter.com/tro6Kdkwf5
— Doordarshan National (@DDNational) September 13, 2019
മെക്‌സികോയിലെ ജാലിസ്‌കോ സംസ്ഥാനത്ത് ഒരു കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത ബാഗുകളിലായാണ് ഇവ കുഴിച്ചിട്ടത്.
കുറച്ചു ദിവസങ്ങളായി പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. മൃതദേഹങ്ങള്‍ പലതും വെട്ടിമാറ്റിയതിനാല്‍ ശരീരഭാഗങ്ങള്‍ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി കൂടുതല്‍ വിദഗ്ധരെ സ്ഥലത്തേക്ക് അയയ്ക്കണമെന്ന് പ്രാദേശിക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെക്‌സിക്കോയിലെ ഏറ്റവും അപകടകാരികളായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജാലിസ്‌കോയിലാണ്. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇവിടെ പതിവാണ്. കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം.
ആഷസ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് വിജയം. ഇരുടീമും രണ്ടുമല്‍സരങ്ങള്‍ വീതം വിജയിച്ചെങ്കിലും ആഷസ് കിരീടം ഓസ്ട്രേലിയ നിലനിര്‍ത്തി. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 263 റണ്‍സിന് പുറത്തായി. മാത്യു വെയ്ഡ് സെഞ്ചുറി നേടി. വെയ്ഡിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്.
പരമ്പരയിലെ കുറഞ്ഞ സ്കോറായ 23 റണ്‍സിന് സ്മിത്ത് പുറത്തായി. സ്മിത്തും സ്റ്റോക്സുമാണ് പരമ്പരയിലെ താരങ്ങള്‍. 1972ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പര സമനിലയില്‍ അവസാനിക്കുന്നത്.
ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. നിലവിലെ ജേതാക്കളെന്ന നിലയിൽ കിരീടം ഓസീസിന്റെ കൈവശം തന്നെ തുടരും. സ്കോർ: ഇംഗ്ലണ്ട് – 294 & 329, ഓസ്ട്രേലിയ – 225 & 263
രണ്ടാം ഇന്നിങ്സിൽ ഉറച്ച പ്രതിരോധവുമായി കളം നിറഞ്ഞ വെയ്ഡ്, 166 പന്തിൽ 17 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് 117 റൺസെടുത്തത്. 67 പന്തിൽ 24 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസീസിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് (23), ടിം പെയ്ൻ (21), പീറ്റർ സിഡിൽ (പുറത്താകാതെ 13), മാർനസ് ലബുഷെയ്ൻ (14), ഡേവിഡ് വാർണർ (11) എന്നിവരും രണ്ടക്കം കടന്നു. മാർക്കസ് ഹാരിസ് (ഒൻപത്), പാറ്റ് കമ്മിൻസ് (ഒൻപത്), നേഥൻ ലയോൺ (ഒന്ന്), ജോഷ് ഹെയ്‌സൽവുഡ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
നേരത്തെ, എട്ടിന് 313 റണ്‍സ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് 16 റൺസ് കൂടി കൂട്ടിച്ചേർത്ത് എല്ലാവരും പുറത്തായി. ജോഫ്ര ആർച്ചർ (മൂന്ന്), ജാക്ക് ലീച്ച് (ഒൻപത്) എന്നിവരാണ് ഇന്ന് പുറത്തായത്. ആർച്ചറിനെ കമ്മിൻസും ലീച്ചിനെ ലയോണും പുറത്താക്കി. ഒൻപതു പന്തിൽ രണ്ട് സിക്സ് സഹിതം 12 റൺസോടെ ബ്രോഡ് പുറത്താകാതെ നിന്നു. ജോ ഡെൻലി (94), ബെൻ സ്റ്റോക്സ് (67) എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിന് അടിത്തറയിട്ടത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 294 റൺസാണെടുത്തത്. ഓസീസ് 225 റൺസിന് ഒന്നാം ഇന്നിങ്സിൽ പുറത്തായിരുന്നു.
സെപ്റ്റംബര്‍ 22ന് യുഎസിലെ ടെക്‌സാസില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ഹൂസ്റ്റണിലെ ഇന്ത്യന്‍ വംശജരാണ് പരിപാടി സംഘടിപ്പിക്കുന്നത്. 50,000ത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യും. വാഷിംഗ്ടണിലോ ന്യൂയോര്‍ക്കിലോ ആയിരിക്കും ചര്‍ച്ച നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ചേക്കും. മാസങ്ങള്‍ നീണ്ട വ്യാപാര സംഘര്‍ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.
സെപ്റ്റംബര്‍ 27ന് മോദി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുകയും പാകിസ്താന്‍ നിരന്തരം യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് ഇത്. പ്രശ്‌ന അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കം പരാജയപ്പെട്ടിരുന്നു.
അതേസമയം ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ വലിയൊരു വിഭാഗം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ച് ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ വോട്ട് നിര്‍ണായകമാണ്. വിവിധ യുഎസ് കമ്പനി സിഇഒമാരെ മോദി 28ന് കാണും.
പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍. കൈക്കുഞ്ഞുമായി ബോട്ട് ജെട്ടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കൗമാരക്കാരനെ പോലീസിലേല്‍പ്പിച്ചപ്പോഴാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തുവന്നത്. സംഭവം എറണാകുളം സെന്‍ട്രല്‍ പോലീസ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെ:
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കൗമാരക്കാരന്റെ കയ്യില്‍ പത്ത് ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ആളാണെന്ന് കരുതിയാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും കൗമാരക്കാരന്റെ പരുങ്ങലുമാണ് നാട്ടുകാരെ ഈ നിഗമനത്തിലെത്തിച്ചത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും പയ്യന്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. അതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലെത്തി.
കുട്ടിയുടെ അച്ഛന്‍ തന്റെ ചേട്ടനാണെന്നും അവര്‍ തലേന്ന് കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയിരിക്കുകയാണെന്നും താനും അവിടേക്ക് പോകുകയാണെന്നുമാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് പോകാന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിങ്ക് പോലീസെത്തി കുഞ്ഞിനെയും പയ്യനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി പോലീസ് വിളിക്കുകയും ചെയ്തു. ഇരുവരോടും വൈകിട്ട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഇവര്‍ എത്തിയതോടെയാണ് ആദ്യം ആശങ്ക നിറച്ച രസകരമായ കഥയുടെ ചുരുളഴിഞ്ഞത്.
പയ്യന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇവരുടെ കല്യാണം ചില കാരണങ്ങളാല്‍ വൈകിയിരുന്നു. പകരം ശനിയാഴ്ചത്തേക്കാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയ്ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് ഇരുവരുടെയും വീട്ടില്‍ അറിഞ്ഞിരുന്നില്ല. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടില്‍ അറിയിക്കാം എന്നാണ് ഇവര്‍ കരുതിയിരുന്നത്.
വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.
ജിസ്മി മോൾടെ പഴയ ഷെഡ്
കട്ടപ്പന : സ്വരാജ് മുരിക്കാട്ടുകുടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജിസ്മി മോൾക്ക് ഈ പൊന്നോണം ഇരട്ടി മധുരം നൽകുന്നു . കൂലിപ്പണി ചെയ്തു ജീവിക്കുന്ന ജിസ്മിയുടെ പിതാവ് പൊയ്കയിൽ ടോമിയും ജിസ്മിയുടെ അമ്മ ജിൻസിയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത് സെറ്റിൽമെന്റ് ഏരിയയിൽ പ്ലാസ്റ്റിക് ഷീറ്റ്
കൊണ്ട് മറച്ചിരുന്ന ഷെഡിലാണ്. വീടിനായി പല വാതിലുകളിലും മുട്ടിയെങ്കിലും കൈവശവകാശമോ മറ്റുരേഖകളോ ഇല്ലാത്തതതിനാൽ വീടിനുള്ള സഹായം ഇവർക്ക് ലഭിക്കുകയുണ്ടായില്ല. ജിസ്മി മോളുടെ സ്കൂളിലെ അദ്ധ്യാപികയായ ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസി ടീച്ചർ ഇവരുടെ ദുരവസ്ഥ കണ്ട് ഒരു വീട് നിർമിക്കാനുള്ള പ്രാരംഭ തയാറെടുപ്പുകൾ നടത്തി .ലബ്ബക്കട ജെ പി എം കോളേജിലെ രണ്ടാം വർഷ ബി എഡ് വിദ്യാർത്ഥികൾ പതിനായിരം രുപയ്ക്കുള്ള കട്ട വാങ്ങി അത് ചുമന്ന് നൽകുകയും ചെയ്തു .തുടർന്ന് ഇവരുടെ വീട് നിർമാണത്തിനായി ലിൻസി ടീച്ചർ പലരെയും സമീപിക്കുകയും ടീച്ചറിൻറെ ഭർത്താവ് സെബാസ്ററ്യൻ ജോലി ചെയ്യുന്ന കുട്ടിക്കാനം മരിയൻ കോളേജിലെ എം. സി. എ ഡിപ്പാർട്മെന്റിലെ അദ്ധ്യാപിക രാജി രാമകൃഷ്ണൻ ജിസ്മി മോളുടെ വീട് നിർമാണം ഏറ്റെടുക്കുകയുമായിരുന്നു . കഴിഞ്ഞ പ്രളയത്തിൽ ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലെ നിരവധി പേർക്ക് “കാവലായി “എന്ന പേരിൽ ട്രസ്റ്റ് സ്ഥാപിച്ചു നിരവധി ആളുകൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും രാജി രാമകൃഷ്ണൻ നൽകിയിരുന്നു .
ഭവനം നഷ്ടപെട്ട കീരിക്കരയിലെ വിധവയായ ചിന്നമ്മക്കും, വാഗമണ്ണിലെ സുശീലനും രാജി രാമകൃഷ്ണൻ വീട് നിർമിച്ചു നൽകിയിരുന്നു. തന്റെ സുഹൃത്തുക്കളുടെയും,നവ മാധ്യമങ്ങളുടെയും വിക്ടോറിയായിലെ ബെൻഡിഗോ മലയാളി അസോസിയേഷൻറെയും സഹകരണത്തോടെയാണ് കോളേജ് അധ്യാപികയായ രാജി രാമകൃഷ്ണൻ അർഹരായവർക്ക് സഹായം നൽകുന്നത് . നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ ദാനം കാഞ്ചിയാർ ഗ്രാമ പഞ്ചയത്ത് പ്രെസിഡണ്ട് വി.ആർ ശശി നിർവഹിച്ചു . കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് ആശ ആന്റണി ഗ്രാമ പഞ്ചയത്ത് അംഗം തങ്കമണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിച്ചു .
ജിസ്മിമോൾക്കായി നിർമിച്ചനൽകിയ വീട്
കനത്ത മഴയിൽ ടോസ് പോലും നിശ്ചയിക്കാനാവതെ വന്നതോടെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി 20 മൽസരം ഉപേക്ഷിച്ചു. മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെയാണ് മൽസരം ഉപേക്ഷിച്ചത്. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഈ സമയവും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടന്നതോടെയാണ് മൽസം ഉപേക്ഷിച്ചത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതായിരുന്നു ധരംശാലയില്‍ നടക്കേണ്ടിയിരുന്നത്. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും. 22 ന് ബംഗളൂരുവിലാണ് അവസാന മൽസരം. ടി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ടെസ്റ്റുകളും നടക്കുന്നുണ്ട്.
അതേസമയം, സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് ടി20 പരമ്പരയില്‍ ഇന്ത്യയിറങ്ങുന്നത്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്‍ വിഭാഗത്തിൽ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല. പകരം രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ കൈകാര്യം ചെയ്യുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിയി ടീമിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൽസരത്തിനിറങ്ങുന്നത്.
ഡോക്ടര്‍ മരിച്ചപ്പോള്‍ വീട് വൃത്തിയാക്കി. കിട്ടിയത് 2246 ഭ്രൂണങ്ങള്‍. അമേരിക്കയിലെ ഇല്ലിനോയിസ് എന്ന സ്ഥലത്താണ് സംഭവം. ഗര്‍ഭഛിദ്ര ഡോക്ടര്‍ എന്നറിയപ്പെടുന്ന ഉൾറിച് ക്ലോപ്‌ഫെറിന്‍റെ മരണശേഷമാണ് വീട്ടിൽ നിന്നാണ് ഭ്രൂണങ്ങൾ കണ്ടെത്തിയത്.
ഇന്ത്യാനയ്ക്കടുത്ത് സൗത്ത് ബെന്‍റിൽ ഇദ്ദേഹത്തിന് ക്ലിനിക്കുണ്ടായിരുന്നു. 2016ൽ ഇദ്ദേഹത്തിന്‍റെ വൈദ്യപരിശോധന ലൈസൻസ് പിൻവലിച്ച ശേഷം ഇത് തുറന്നിട്ടില്ല. 13 കാരിയായ പെൺകുട്ടിയ്ക്ക് ഗർഭഛിദ്രം നടത്തിയത് സർക്കാരിനെ അറിയിച്ചില്ലെന്ന കണ്ടെത്തലാണ് അദ്ദേഹത്തിന് ലൈസൻസ് നഷ്ടമാക്കിയത്. തിരുമ്മ് ചികിത്സയിൽ വിദഗ്ദ്ധനായ ഫിസിഷ്യൻ എന്നാണ് ഇദ്ദേഹത്തിന്‍റെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ 43 വർഷമായി ഗർഭഛിദ്രം നടത്തുന്ന തനിക്ക് ഒരിക്കൽ പോലും കൈപ്പിഴ സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പറയുന്നത്.
“സ്ത്രീകളാണ് ഗർഭം ധരിക്കുന്നത്, പുരുഷനല്ല. അവരുടെ വ്യക്തിജീവിതത്തിൽ അവർക്ക് ഗുണകരമെന്ന് തോന്നുന്ന തീരുമാനം സ്ത്രീയെടുത്താൽ അതിനെ നമ്മൾ മാനിക്കേണ്ടതുണ്ട്. ഞാനിവിടെ ആരെയും തിരുത്താനില്ല. ഞാനിവിടെ ആരെക്കുറിച്ചും മുൻധാരണകൾ പങ്കുവയ്ക്കാനുമില്ല,” ഈ കേസിലെ വാദത്തിനിടെ കോടതിയിൽ ക്ലോപ്ഫെർ പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 2246 ഭ്രൂണങ്ങളും വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പാലാ: പാലായില്‍ എൻസിപിയില്‍ പൊട്ടിത്തെറി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ കാപ്പൻ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ അസംതൃപ്തിയിലായിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടത്.
അതേസമയം, ഈ 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് സൂചന.