ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ് ഇന് ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’… ദുരിതാശ്വാസ ക്യാമ്പ് പ്രവര്ത്തിച്ചിരുന്ന കണ്ണൂര് പാപ്പിനിശ്ശേരിയിലെ അരോളി ഗവ. സ്കൂളിലെ ഒരു ബ്ലാക്ക് ബോര്ഡില് കുറിച്ച വാക്കുകാളാണിവ.
ഇവിടെ ബംഗാള്, ഒഡിഷ, അസം, ബിഹാര്, രാജസ്ഥാന് സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. നാലു ദിവസം ദുരിതാശ്വാസ ക്യാമ്ബില് കഴിഞ്ഞ അവരുടെ നന്ദിയാണ് ബോര്ഡില് കുറിച്ചിട്ട ഈ വാക്കുകള്. മന്ത്രി ഇ.പി ജയരാജനാണ് ഫേയ്സ്ബുക്കിലൂടെ ഈ വാക്കുകള് കേരളത്തിലെ ജനങ്ങള്ക്കായി പങ്കുവെച്ചത്.
ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂര്ണരൂപം
വെളുത്ത അക്ഷരങ്ങളാല് കറുത്ത ബോര്ഡില് നിറഞ്ഞമനസോടെ അവരെഴുതി…..
‘ഐ ലവ് കേരള…’
‘കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ് ഇന് ഇന്ത്യ..’
‘ഐ ലവ് മൈ ഇന്ത്യ..’
ദുരിതാശ്വാസ ക്യാമ്പ് പ്രവര്ത്തിച്ചിരുന്ന കണ്ണൂര് പാപ്പിനിശ്ശേരിയിലെ അരോളി ഗവ: സ്കൂളിലെ ഒരു ബ്ലാക്ക് ബോര്ഡില് കുറിച്ചിട്ട വാക്കുകളാണിത്. ഇവിടെ ബംഗാള്, ഒഡിഷ, അസം, ബിഹാര്, രാജസ്ഥാന് സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. പ്രളയം അവര്ക്ക് ഒരു പുതിയ കാര്യമല്ല.എന്നാല് ഇത്തരം ക്യാമ്പുകള് അവര്ക്ക് പുതിയ അനുഭവമായിരുന്നു. പായ, ഭക്ഷണം, വസ്ത്രം, ഡോക്ടര്മാരുടെ സേവനം, പിന്നെ ഒട്ടും പരിചയമില്ലാത്തവരുടെ കരുതലും സ്നേഹവും. അധ്യാപകര്, യുവജന പ്രവര്ത്തകര്, നാട്ടുകാര് എന്നിവരില് നിന്നും ലഭിച്ച സേവനം അവര്ക്ക് വിലമതിക്കാനാകാത്തതാണ്. നാല് ദിവസത്തെ ദുരിതാശ്വാസക്യാമ്പില് നിന്നും പടിയിറങ്ങുമ്പോള് അവരുടെ നന്ദിയാണ് ബോര്ഡില് കുറിച്ചിട്ട വാക്കുകള്.’
വത്തിക്കാൻ സിറ്റി: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മഴക്കെടുതികളിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ അതീവദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കദുരിതം നേരിടുന്നവർക്കായി അദ്ദേഹം പ്രാർഥനകൾ നേർന്നു.
മാർപാപ്പയുടെ അനുശോചന സന്ദേശം ഉൾപ്പെടുന്ന ടെലിഗ്രാം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതർക്ക് അയയ്ച്ചു.
അടുത്ത ദിവസങ്ങളിലെ മൺസൂൺ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ താൻ അതീവദുഃഖിതനാണെന്ന് മാർപാപ്പ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രാർഥിച്ച അദ്ദേഹം ദുരന്തത്തെ നേരിടാനുള്ള ശക്തി രാജ്യത്തിനുണ്ടാകട്ടെയെന്നും കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാൻ എന്നയാളെ തല്ലിക്കൊന്ന കേസിലെ ആറു പേരെയും ആൽവാർ കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിന്റെ പേരിലാണു പ്രതികളെ അഡീഷണൽ ജുഡീഷൽ മജിസ്ട്രേറ്റ് വെറുതെ വിട്ടത്. വിപിൻ യാദവ്, രവീന്ദ്രകുമാർ, കാളുറാം, ദയാനന്ദ്, യോഗേഷ്കുമാർ, ഭീം രതി എന്നിവരെയാണു വെറുതെ വിട്ടത്. പ്രായപൂർത്തിയാകാത്ത മൂന്നു പേരും കേസിൽ പ്രതികളാണ്. ഇവരുടെ വിചാരണ ജുവൈനൽ ജസ്റ്റീസ് കോടതിയിൽ നടന്നുവരികയാണ്.
എടക്കര: കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യം ഒരുക്കി പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദീൻ മഹല്ല് കമ്മിറ്റി. പ്രദേശത്ത് ഉരുൾപൊട്ടലിൽ 30 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഈ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ അധികൃതർ പറ്റിയ ഇടം അന്വേഷിക്കുന്നതിനിടയിലാണു മോസ്ക് ഭാരവാഹികളുമായി സംസാരിച്ചത്.
ആവശ്യം കേട്ടയുടനെതന്നെ പോസ്റ്റ്മോർട്ടം നടപടികൾക്കായി പള്ളിയിൽ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. സ്ത്രീകൾ നമസ്കരിക്കാൻ ഉപയോഗിക്കുന്ന ഭാഗവും അതിനോട് ചേർന്ന് അംഗശുദ്ധി വരുത്തുന്ന ഇടവും വിട്ടുനൽകി. മോസ്കിനു കീഴിലെ മദ്രസയിൽനിന്നുള്ള ബെഞ്ചും ഡെസ്കുകളും മൃതദേഹം കഴുകാൻ ഉപയോഗിക്കുന്ന മേശയുമെല്ലാം നൽകി. അഞ്ച് പോസ്റ്റ്മോർട്ടം മേശകളാണ് മദ്രസയുടെ ഡെസ്കുകൾ ചേർത്തുവച്ച് തയാറാക്കിയിരിക്കുന്നത്.
കട്ടപ്പന: ദുരൂഹ സാഹചര്യത്തില് ഓട്ടോറിക്ഷ കത്തി ഡ്രൈവര് മരിച്ചു. വെള്ളയാംകുടി ഞാലിപറമ്പില് ഫ്രാന്സിസ് (റെജി-50) ആണ് മരിച്ചത്. കട്ടപ്പന എകെജി പടിയില് ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. എകെജി പടിക്കു സമീപത്തെ വളവില് ഓട്ടോറിക്ഷ കത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര് ഫ്രാന്സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ഷോര്ട്ട് സര്ക്യൂട്ട് മൂലം ഓട്ടോറിക്ഷയ്ക്കു തീപിടിക്കുകയായിരുന്നോയെന്നു പരിശോധിക്കുന്നുണ്ട്. കട്ടപ്പന പോലീസ് മേല്നടപടി സ്വീകരിച്ചു. മൃതദേഹം മോര്ച്ചറിയില്.
അവസാന ഏകദിനത്തിൽ ജയിച്ച് മടങ്ങാമെന്ന വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ മോഹങ്ങൾ അങ്ങനെ തന്നെ അവശേഷിച്ചു. വെസ്റ്റ് ഇന്ഡീസിനെതിരായ മൂന്നാം ഏകദിനം ആറ് വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. നായകന് വിരാട് കോഹ്ലി ഉശിരൻ സെഞ്ചുറി(114)യുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ജയം അനായാസമായിരുന്നു. 65 റൺസ് നേടിയ ശ്രേയസ് അയ്യരും കോഹ്ലിക്ക് മികച്ച പിന്തുണയാണ് നൽകിയത്.
മഴ വില്ലനായെത്തിയപ്പോൾ മത്സരം 35 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് ഉയർത്തിയ 241 റൺസ് പിന്തുടരുന്നതിനിടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യൻ വിജയലക്ഷ്യം 255 ആക്കി പുനഃർ നിർണയിച്ചു. പക്ഷേ, എന്നിട്ടും ഫലമുണ്ടായില്ല. കോഹ്ലിയും ശ്രേയസ് അയ്യറും ധവാനും (36) ചേർന്നപ്പോൾ ഇന്ത്യ ആ ലക്ഷ്യം 15 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
നേരത്തെ, ഏകദിനത്തിലെ അവസാന മത്സരം കളിക്കാനിറങ്ങിയ കൂറ്റനടിക്കാരൻ ഗെയ്ൽ 41 പന്തിൽ നേടിയ 72 റൺസിന്റെയും എവിൻ ലൂയിസും 29 പന്തിൽ നേടിയ 42 റൺസിന്റെയും മികവിലാണ് വിൻഡീസ് താരതമ്യേന മികച്ച സ്കോർ പടുത്തുയർത്തിയത്. ഇരുവർക്കും പുറമേ നിക്കോളാസ് പൂരനു മാത്രമാണ് 30 റൺസ് നേടാനായത്.
ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദ് മൂന്നും മുഹമ്മദ് ഷമി രണ്ടും ചഹലും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ നീലപ്പടയ്ക്ക് ആശിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 92 റൺസ് നേടുന്നതിനിടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാർ (രോഹിത, ധവാൻ, പന്ത്) കൂടാരത്തിൽ തിരിച്ചെത്തിയിരുന്നു.
അവിടെ നിന്ന് ഒത്തു ചേർന്ന കോഹ്ലിയും അയ്യരും ചേർന്ന് ഇന്ത്യയെ വിജയ തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. മോശം പന്തുകളെ തെരഞ്ഞുപിടിച്ച് അടിച്ചകറ്റിയ കോഹ്ലി സെഞ്ചുറികളുടെ എണ്ണത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റിക്കാർഡിനോട് ഒരുപടികൂടി അടുത്തു. ഏകദിനത്തിലെ തന്റെ 43ാം സെഞ്ചുറിയാണ് കോഹ്ലി നേടിയത്. 99 പന്തിൽ 14 ഫോറുകളുടെ അകമ്പടിയോടെയാണ് ഇന്ത്യൻ നായകൻ 114 റൺസ് നേടിയത്.
41 പന്തുകളിൽ നിന്ന് അഞ്ച് കൂറ്റൻ സിക്സറുകളും മൂന്ന് ഫോറുകളും പറത്തിയാണ് ശ്രേയസ് അയ്യർ 65 റൺസ് നേടിയത്. തുടക്കകാരന്റെ ആവേശം കെട്ടടങ്ങാത്ത പന്ത് ഇത്തവണ ഗോൾഡൻ ഡക്കായി. പോൾ അലന്റെ ആദ്യ പന്തിൽ തന്നെ പന്തിന്റെ കുറ്റി തെറിച്ചു. ധവാൻ 36ഉം കേദാർ ജാദവ് 19ഉം റൺസ് നേടി. കളിയിലെ താരമായ കോഹ്ലി തന്നെയാണ് പരമ്പരയുടെ താരവും.
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ ഇടങ്ങളിൽ പ്രളയത്തിൽ ഉഴലുന്നവർക്കു പിന്തുണ നൽകും. രാജ്യത്ത് പ്രളയക്കെടുതി നേരിടുന്നവര്ക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാകയുയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രളയത്തിൽ വലിയൊരു വിഭാഗം ഇന്ത്യക്കാർ പ്രയാസപ്പെടുന്നു. പ്രളയ രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അനുച്ഛേദം 370 എടുത്തുകളഞ്ഞ തീരുമാനം ഐക്യകണ്ഠേന എടുത്തതാണെന്നും മോദി വ്യക്തമാക്കി. കാഷ്മീരിൽ സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണ് സർക്കാർ പൂർത്തിയാക്കിയത്.
കാഷ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചത്. 70 വർഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാൻ സാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാക്ക് നിരോധിച്ചത് മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിം സ്ത്രീകള്ക്ക് നീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് മുസ്ലിം സ്ത്രീകളിൽ ഭയം സൃഷ്ടിച്ചിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും മുത്തലാഖിന്റെ ഭയം നീക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം.
എല്ലാവർക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങളല്ല, ഒരു രാജ്യം, ഒരു ഭരണഘടന എന്നതാണ് ലക്ഷ്യം. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഘട്ടില് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാര്ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയത്. വിവിധ സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു.
ഇന്നലെയും ഒരു ചൂടൻ റൺവിരുന്ന് ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ ആരാധകർക്കായി കാത്തുവച്ചിരുന്നു. പോർട്ട് ഓഫ് സ്പെയിനിൽ പെയ്ത മഴയ്ക്കുപോലും അതിന്റെ തീക്ഷ്ണത ശമിപ്പിക്കാനായില്ല! 41 പന്തിൽ 8 ഫോറും 5 സിക്സുമടക്കം 71 റൺസെടുത്തു പുറത്തായപ്പോൾ ബാറ്റിന്റെ കൈപ്പിടിയിൽ ഹെൽമറ്റ് വച്ച് അഭിവാദ്യം ചെയ്താണു യൂണിവേഴ്സൽ ബോസ് മടങ്ങിയത്. ആധുനിക വിൻഡീസ് ക്രിക്കറ്റിൽ അതിഭാവുകത്വവും രസപ്രമാണങ്ങളും താളക്കൊഴുപ്പും എഴുതിച്ചേർത്ത പ്രിയ നായകൻ ഗെയ്ലിന്റെ, ജന്മനാട്ടിലെ ഒരുപക്ഷേ അവസാനത്തെ ഏകദിനമായിരുന്നിരിക്കാം ഇത്.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിക്കാത്തതിനാൽ ഇനിയൊരു കളിക്കു കൂടി ഗെയ്ലിന് അവസരം കിട്ടിയേക്കില്ല. അതുകൊണ്ടുതന്നെയാകണം, നിറകയ്യടിയോടെ ട്രിനിഡാഡിലെ കാണികൾ ഗെയ്ലിനെ യാത്രായാക്കിയതും!
പക്ഷേ, പുറത്താകും മുൻപ് ഗെയ്ലിന്റെ ബാറ്റിന്റെ ചൂട് ഇന്ത്യൻ പേസർമാർ നന്നായി അറിഞ്ഞു. 1.2 ഓവറിൽ വിൻഡീസ് 8 റൺസെടുത്തു നിൽക്കെ പെയ്ത മഴയിൽ കളി അൽപനേരം തടസ്സപ്പെട്ടിരുന്നു.
വൈകാതെ പുനരാരംഭിച്ച മത്സരത്തെ ചൂടുപിടിപ്പിച്ചത് ഗെയ്ലിന്റെ ബൗണ്ടറികളാണ്. മുഹമ്മദ് ഷമി, ഖലീൽ അഹ്മദ് എന്നിവരെ 2 സിക്സ് വീതം പറത്തിയ ഗെയ്ൽ ട്വന്റി20യുടെ ചടുലതയോടെയാണു അടിച്ചുകസറിയത്. ഏകദിനത്തിലെ 54–ാം അർധ സെഞ്ചുറിയോടെ തലയെടുപ്പോടെ ഗെയ്ൽ തിളങ്ങിയപ്പോൾ, വിൻഡീസ് സ്കോർ 9.1 ഓവറിൽ 100 കടന്നു. മറുവശത്ത് എവിൻ ലൂയിസും (29 പന്തിൽ 43) മോശമാക്കിയില്ല.
ഖലീൽ എറിഞ്ഞ പത്താം ഓവറിൽ, ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാച്ചോടെ ഗെയ്ലിന്റെ ഇന്നിങ്സിന് അവസാനമായി. വിക്കറ്റ് നേട്ടത്തിന്റെ തെല്ലിടനേരത്തെ ആഘോഷത്തിനുശേഷം, ഹ്സതദാനത്തോടെ ഇന്ത്യൻ ടീം അംഗങ്ങൾ ഗെയ്ലിനെ യാത്രയാക്കി. ഇന്ത്യയ്ക്കെതിരായ പരമ്പര കൂടി കളിക്കാൻ ആഗ്രഹമുണ്ടെന്നു ലോകകപ്പിനിടെ ഗെയ്ൽ പ്രഖ്യാപിച്ചിരുന്നു.
ഷായ് ഹോപ് (19), ഷിമ്രോൺ ഹെറ്റ്മയർ (18) എന്നിവരാണു മത്സരം നിർത്തിവച്ചപ്പോൾ ക്രീസിൽ. യുസ്വേന്ദ്ര ചെഹൽ, ഖലീൽ അഹമ്മദ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനം വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ കരിയറിലെ അവസാന രാജ്യാന്തര മൽസരമാകുമോ?
‘ഗെയിലാട്ട’ത്തിന് ഇപ്പോഴും യാതൊരു വാട്ടവുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച അർധസെഞ്ചുറി പ്രകടനത്തിനൊടുവിൽ പുറത്തായി മടങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾ ഗെയ്ലിനു നൽകിയ യാത്രയയപ്പാണ് ഇത്തരമൊരു സംശയമുണർത്തുന്നത്. തകർത്തടിച്ച് അർധസെഞ്ചുറി കുറിച്ചപ്പോഴും പുറത്തായി മടങ്ങുമ്പോഴും ഗെയ്ൽ പതിവില്ലാത്ത ‘ആഘോഷം’ നടത്തിയതും വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കരുത്തു പകരുന്നു. നേരത്തെ, ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് അറിയിച്ചിരുന്ന ഗെയ്ൽ, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏകദിനത്തിലെ 301–ാം ഏകദിനം കളിക്കുന്ന ഗെയ്ൽ, 301–ാം ജഴ്സി നമ്പറുമായാണ് കളത്തിലിറങ്ങിയതും.
മൽസരത്തിലാകെ 41 പന്തുകൾ നേരിട്ട ഗെയ്ൽ 72 റൺസെടുത്താണ് പുറത്തായത്. ഇന്ത്യൻ ബോളർമാരെ നിർദ്ദയം പ്രഹരിച്ച ഗെയ്ൽ 38–ാം ഏകദിന അർധസെഞ്ചുറിയാണ് പോർട്ട് ഓഫ് സ്പെയിനിൽ കുറിച്ചത്. അർധസെഞ്ചുറിയിലേക്ക് എത്തിയതാകട്ടെ, വെറും 30 പന്തിൽനിന്ന്. അതും ആറു ബൗണ്ടറികളുടെയും നാലു പടുകൂറ്റൻ സിക്സുകളുടെയും അകമ്പടിയോടെ. പുറത്താകുമ്പോഴേയ്ക്കും നേടിയത് എട്ടു ബൗണ്ടറിയും അഞ്ചു സിക്സും. സഹ ഓപ്പണർ എവിൻ ലെവിസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്താൻ ഗെയ്ലിനായി. 6.1 ഓവറിൽ അർധസെഞ്ചുറി പിന്നിട്ട ഗെയ്ൽ – ലെവിസ് സഖ്യത്തിന്, അടുത്ത 50 റൺസ് നേടാൻ വേണ്ടിവന്നത് 19 പന്തുകൾ മാത്രം!
ഒടുവിൽ 12–ാം ഓവറിൽ ഖലീൽ അഹമ്മദിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ഉജ്വല ക്യാച്ചിലാണ് ഗെയ്ൽ പുറത്തായത്. അപ്പോഴേയ്ക്കും ആരാധകർക്ക് എക്കാലവും ഓർമിക്കാനുള്ള വക ഗെയ്ൽ സമ്മാനിച്ചിരുന്നു. പുറത്തേക്കു നടക്കും മുൻപ് മൈതാനത്തുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളെല്ലാം ചുറ്റിലുമെത്തി താരത്തെ അനുമോദിച്ചു. ചിലർ പുറത്തുതട്ടിയും മറ്റുചിലർ ആശ്ലേഷിച്ചുമാണ് അവിസ്മരണീയ ഇന്നിങ്സിനൊടുവിൽ ഗെയ്ലിനെ യാത്രയാക്കിയത്. സെഞ്ചുറിയാഘോഷങ്ങളെ അനുകരിച്ച് ബാറ്റിനു മുകളിൽ ഹെൽമറ്റ് കോർത്ത് ഗാലറിയെ ഒന്നടങ്കം അഭിവാദ്യം ചെയ്താണ് ഗെയ്ൽ പവലിയനിലേക്കു മടങ്ങിയതും. ആരാധകർ ഒന്നാകെ എഴുന്നേറ്റുനിന്ന് താരത്തിന് ആദരമർപ്പിച്ചു.
∙ തകർത്തടിച്ച് ഗെയ്ൽ, ലെവിസ്
ഓപ്പണർമാരായ ക്രിസ് ഗെയ്ലും എവിൻ ലെവിസും സംഹാരരൂപികളായതോടെ മൂന്നാം ഏകദിനത്തിൽ ആദ്യ 10 ഓവറിൽ ഇന്ത്യയുടെ ബോളിങ് അമ്പേ പാളി. ആദ്യ ഓവർ ബോൾ ചെയ്ത ഭുവനേശ്വർ കുമാർ മെയ്ഡനോടെയാണ് തുടങ്ങിയതെങ്കിലും അടുത്ത ഓവറിൽ മുഹമ്മദ് ഷമി 12 റൺസ് വഴങ്ങി. മൂന്നാം ഓവറിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത ഭുവനേശ്വറിനു പിന്നാലെ നാലാം ഓവർ ഷമിയും മെയ്ഡനാക്കി. ഇതോടെ നാല് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 13 റൺസ് എന്ന നിലയിലായി വിൻഡീസ്. എന്നാൽ അവിടുന്നങ്ങോട്ട് ആക്രമണത്തിലേക്കു വഴിമാറിയ വിൻഡീസ് ഓപ്പണർമാർ തുടർന്നുള്ള ഓവറുകളിൽ അടിച്ചെടുത്ത റൺസ് ഇങ്ങനെ:
5 –ാം ഓവർ – 16 റൺസ്
6–ാം ഓവർ – 20
7–ാം ഓവർ – 14
8–ാം ഓവർ – 16
9–ാം ഓവർ – 18
10–ാം ഓവർ – 17
11–ാം ഓവറിൽ രണ്ടാം ബോളിങ് മാറ്റവുമായെത്തിയ യുസ്വേന്ദ്ര ചെഹലാണ് ഒടുവിൽ കൂട്ടുകെട്ട് പൊളിച്ചത്. 29 പന്തിൽ 43 റൺസുമായി ധവാനു ക്യാച്ച് നൽകിയ മടങ്ങുമ്പോേഴയ്ക്കും ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 115 റൺസ്. അടുത്ത ഓവറിൽ ഗെയ്ലും പുറത്ത്!
∙ റെക്കോർഡ് ബുക്കിൽ ഗെയ്ൽ
ഇതിനിടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരങ്ങളിൽ ഗെയ്ൽ രണ്ടാമനായി. ഈ വർഷം ഇതുവരെ 56 സിക്സുകളാണ് ഗെയ്ലിന്റെ സമ്പാദ്യം. 2015ൽ 58 സിക്സടിച്ച ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സാണ് ഒന്നാമത്.
ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ: പ്രായം: 40
അരങ്ങേറ്റം: 1999, ഇന്ത്യയ്ക്കെതിരെ, ടൊറന്റോ
മൽസരം: 301, ഇന്നിങ്സ്: 294
റൺസ്: 10480, ടോപ് സ്കോർ: 215
ശരാശരി: 37.83
സെഞ്ചുറി: 25, അർധസെഞ്ചുറി: 54
വിക്കറ്റ്: 167
ടോപ് ബോളിങ് : 5/ 46, ക്യാച്ച്: 124
farewell to chris gayle by Indian players #chrisgayle #universalboss #HappyIndependenceDay #viratkohli #rohitsharma pic.twitter.com/QjsdKAL5qV
— Preetham N A (@Preethamna) August 14, 2019
സ്വാതന്ത്ര്യത്തിന് 72 വയസ്. രാജ്യം ഇന്ന് എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില് പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവര്ണപതാക ഉയര്ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. രണ്ടാം എന്.ഡി.എ സര്ക്കാര് അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില് കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന 370–ാം അനുച്ഛേദം എടുത്തുകളഞ്ഞതിനെക്കുറിച്ച് നടത്താനിടയുള്ള പരാമര്ശങ്ങളിലാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രത്യേക പദവി എടുത്തുകളഞ്ഞ ജമ്മുകശ്മീരില് കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യപ്പുലരി. ശ്രീനഗറിലെ ഷേര്–ഇ–കശ്മീര് സ്റ്റേഡിയത്തില് ഗവര്ണര് സത്യപാല് മലിക്ക് ദേശീയപതാക ഉയര്ത്തും. ബിജെപി ജമ്മുകശ്മീര് നേതൃത്വവും സ്വാതന്ത്ര്യദിന പരിപാടികള് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല് നേരിട്ടാണ് സുരക്ഷാകാര്യങ്ങള് നിയന്ത്രിക്കുന്നത്. പാക്കിസ്ഥാന്റെയും ഭീകരസംഘടനകളുടെയും ഭാഗത്തുനിന്ന് പ്രകോപനങ്ങള്ക്ക് സാധ്യതയുണ്ട്.
ബക്രീദ് ആഘോഷങ്ങള് സമാധാനപൂര്ണമായി നടന്നത് സുരക്ഷാസേനയ്ക്ക് ആത്മവിശ്വാസം നല്കുന്നു. പഞ്ചായത്തുതലം മുതല് എല്ലാ ഭരണകേന്ദ്രങ്ങളിലും ദേശീയപതാക ഉയര്ത്തണമെന്ന് ഗവര്ണര് നിര്ദേശിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളെല്ലാം കരുതല് തടങ്കലിലോ, കര്ശനനിയന്ത്രണത്തിലോ ആണ്. ജമ്മുവിലെ നിയന്ത്രണങ്ങള് ഏറെക്കുറെ നീക്കിയെങ്കിലും കശ്മീരില് ഇളവനുവദിക്കാന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തും ഇന്ന് വിവിധ പരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് സെന്ട്രല് സ്റ്റേഡിയത്തില് മുഖ്യമന്ത്രി പിണറായി വിജയന് പതാകയുയര്ത്തും. രാഷ്ട്രപതിയുടെ മെഡലുകളും ജീവന് രക്ഷാപതക്കും മുഖ്യമന്ത്രി സമ്മാനിക്കും. രാജ്ഭവനില് ഗവര്ണര് പി.സദാശിവം ഒന്പതുമണിക്ക് പതാകയുയര്ത്തും. വിവിധ കേന്ദ്രങ്ങള്ക്കൊപ്പം ദുരിതാശ്വാസ ക്യാംപുകളിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്.
കട്ടപ്പന: ഓട്ടോറിക്ഷ കത്തി ഡ്രൈവര് മരിച്ചു. കട്ടപ്പന എ.കെ.ജി പടിയില് ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വെള്ളയാംകുടി ഞാലിപറമ്പില് ഫ്രാന്സിസ് (റെജി-50) ആണ് മരിച്ചത്. എ.കെ.ജി പടിക്ക് സമീപത്തെ വളവില് റോഡിനു വശത്തേക്ക് ചരിഞ്ഞ ഓട്ടൊറിക്ഷ കത്തുകയായിരുന്നു. സംഭവം കണ്ട് ഒടിയെത്തിയ നാട്ടുകാര് ഫ്രാന്സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷോര്ട്ട് സര്ക്യൂട്ട് ഉണ്ടായി ഓട്ടോറിക്ഷയ്ക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പോലീസ് മേല്നടപടി സ്വീകരിച്ചു.