മധ്യപ്രദേശിലെ ഭോപ്പാലില്‍ പിടിയിലായ ഹണി ട്രാപ്പ് തട്ടിപ്പ് സംഘത്തില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത് ഉന്നതരുടെ നാലായിരത്തിലധികം ദൃശ്യങ്ങള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുമാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംസ്ഥാനത്തെ പല ഉന്നതരും ഉള്‍പ്പെടുന്ന നാലായിരത്തോളം ഫയലുകളാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നുമായി ലഭിച്ചിരിക്കുന്നത്. യുവതികള്‍ക്കൊപ്പമുള്ള പല ഉന്നതരുടെയും നഗ്‌ന ദൃശ്യങ്ങളും , സെക്‌സ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും, ഓഡിയോ ക്ലിപ്പുകളും അടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

മെമ്മറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇതു കൂടി ലഭ്യമായാല്‍ ലഭിച്ച ഡിജിറ്റില്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഞ്ചിനീയറായ ഹര്‍ഭജന്‍ സിംഗ് 3 കോടി രൂപ ആവശ്യപ്പെട്ട് സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പണം നല്‍കാനെന്ന വ്യാജേന യുവതികളെ വിളിച്ച് വരുത്തി പോലീസ് തന്ത്രപരമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്.
പെണ്‍കെണി മാഫിയയുടെ വലിയ ശൃംഖല സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. ‘ഇരകളില്‍’ സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉള്‍പ്പെട്ടെന്നത് ഏവരെയും ഞെട്ടിച്ചു. ആര്‍തി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേതാ സ്വപ്നിയാല്‍ ജെയ്ന്‍ (48), ബര്‍ഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്.
തിരുവനന്തപുരം: പോലിസ് തലപ്പത്ത് അഴിച്ചുപണി നടത്തി ആഭ്യന്തരവകുപ്പ്. ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ആംഡ് പോലിസ് ബറ്റാലിയന്റെ ചുമതല തച്ചങ്കരി തുടര്‍ന്നും നിര്‍വഹിക്കും.
എസ്പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റമുണ്ട്. എസ്പി ചൈത്ര തെരേസയെ റിസർവ് ബറ്റാലിയൻ കമാണ്ടൻറായി നിയമിച്ചു. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്‍റെ ചുമതല നൽകി.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെയും മാറ്റി. തൊഴില്‍ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി എക്‌സൈ സെക്രട്ടറിയുടെ അധികചുമതലയുമുണ്ട്.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മയെ കൊച്ചി മെട്രോ എംഡിയായി നിയമിച്ചു. കൊച്ചി -ബംഗല്ലൂരി വ്യവസായ ഇടനാഴിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ദേവികുളം സബ കളക്ടറായിരുന്ന വി.ആര്‍.രേണുരാജനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ നിയമിച്ചു.
മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. നാല് നിര്‍മ്മാണക്കമ്പനികളുടെ ഉടമകളെ പ്രതി ചേര്‍ത്ത് മരട്, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്പനികളാണ് കേസിലെ പ്രതികള്‍.
നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായുള്ള കര്‍മ്മപദ്ധതി ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സഹായം തേടിയതായി നഗരസഭ സെക്രട്ടറിയായി ചുമതലേയറ്റ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് അറിയിച്ചു.
ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ചീഫ് എന്‍ജിനിയര്‍ നല്‍കിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് നല്‍കും. ഇതാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിനൊപ്പം നല്‍കുക.
നാല് ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കിയിരുന്നു. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും.
ഫ്‌ളാറ്റ് പൊളിക്കലിന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും പകരം താമസ സൗകര്യം ഒരുക്കുന്നതിനും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതും ഉള്‍പ്പടെയുള്ള ചുമതലകള്‍ സ്‌നേഹില്‍ കുമാര്‍ ഐഎഎസിനായിരിക്കും.
അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ശക്തമായ സമരം നടത്താനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം എന്ത് വില കൊടുത്തും എതിർക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി.
പത്തിലധികം വിരലുകൾ ഉള്ളവരെ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു കുടുംബത്തിലെ 25 ആളുകൾക്കും പത്തിലധികം വിരലുകൾ ഉണ്ടായ അസാധാരണത്വം മധ്യപ്രദേശിലാണ്. പോളിഡാക്റ്റിലി എന്ന ജനിതകരോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. ചിലരുടെ കൈകളിലാണ് 10 വിരലുകളെങ്കിൽ ചിലർക്ക് കാലുകളിലാണ്.
കൂട്ടുകാർ കളിയാക്കുന്നതു കൊണ്ട് കുട്ടികള്‍ക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ലെന്ന് മുതിർന്നവർ പറയുന്നു. താഴ്ന്ന വരുമാനമുള്ള തങ്ങൾ സർക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. സാധാരണ ചെരിപ്പുകളൊന്നും ഇവരുടെ കാലിൽ പാകമാകാറില്ല. ഈ ശാരീരികാവസ്ഥ മൂലം കുടുംബത്തിൽ പലർക്കും ജോലി ലഭിക്കാനും ബുദ്ധിമുട്ടാണ്.
ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 68 േപരിൽ നിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ (43) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ധ്യാനകേന്ദ്രങ്ങളിലെ പ്രാർഥനാ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവരുടെ, കാഞ്ഞങ്ങാട്ടെ ഒരു വാട്സാപ് ഗ്രൂപ്പിലൂടെയാണു പരാതിക്കാർ പ്രതിയെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.
പ്രാർഥനയ്ക്കു നേതൃത്വം നൽകുന്ന ജിമ്മി, ബിജു എന്നിവരും തട്ടിപ്പിനു കൂട്ടുനിന്നു. 1.5 ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകിയവരുണ്ട്. അഞ്ചു തമിഴ്നാട്ടുകാരും വഞ്ചിക്കപ്പെട്ടവരിലുണ്ട്. മഞ്ജു എന്നാണു മാർഗരറ്റ് മേരി അപേക്ഷകരോടു പേരു പറഞ്ഞത്.
കഴിഞ്ഞദിവസം രവിപുരത്തെ വീസ അറ്റസ്റ്റേഷൻ കേന്ദ്രത്തിനു സമീപത്തെത്തി 55,000 രൂപ നേരിട്ടു കൈമാറാൻ ഇവർ അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. 40 പേർ തുക നൽകി. മാർഗരറ്റ് പണം വാങ്ങി, ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപിച്ചു. സംശയം തോന്നിയ അപേക്ഷകർ, മാർഗരറ്റിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു.
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അരൂരില്‍ മനു സി.പുളിക്കല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് മനു. വെള്ളിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റ് യോഗം. നിലവിൽ ഫിഷറീസ് സർവകലാശാല ജനറൽ കൗൺസിലിലും യുവജനക്ഷേമ ബോർഡിലും അംഗമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മനു മുൻപ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കടുത്തത്രികോണ മല്‍സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ.പ്രശാന്താണ് സ്ഥാനാര്‍ഥി. മണ്ഡലത്തിന്റെ ചുമതലയുള്ള ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രഖ്യാപിച്ച പേര് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
കോന്നിയിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്കായി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ്കുമാറിന്റെ പേര് മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ എം.എസ് രാജേന്ദ്രന്റെ പേരുകൂടി സെക്രട്ടേറിയറ്റ് ചര്‍ച്ചയ്ക്കെടുത്തു. എതിര്‍പ്പുകള്‍ ഉണ്ടായതോടെ അന്തിമമായി ജനീഷ്കുമാറിന് നറുക്കുവീണു. പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ച എറണാകുളത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ മകന്‍ മനു റോയി സ്ഥാാര്‍ഥിയാകും.
2006ല്‍ മഞ്ചേശ്വരത്തുനിന്ന് എം.എല്‍.എയായ സി.എച്ച്.കുഞ്ഞമ്പുവിനെ വീണ്ടും പോരിനിറക്കാന്‍ കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. രണ്ടായിരത്തിയാറിലേതിന് സമാനമായ സാഹചര്യമാണ് മഞ്ചേശ്വരത്ത് നിലനില്‍ക്കുന്നതെന്ന് സി.എച്ച്. കുഞ്ഞമ്പു മനോരമ ന്യൂസിനോട് പറഞ്ഞു. ഞായറും തിങ്കളുമായി നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനുകളോടെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് പ്രചാരണത്തിന് തുടക്കമാകും.
അതേസമയം അരൂരില്‍ അഡ്വ. എസ്. രാജേഷിന്റെ പേരാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. വട്ടിയൂര്‍ക്കാവില്‍ എന്‍. പീതാംബരക്കുറുപ്പും കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാര്‍ഥികളാകും. ടി.ജെ. വിനോദാണ് എറണാകുളത്തെ സ്ഥാനാര്‍ഥി. സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടിക അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിന് കൈമാറും.
പുരുഷൻമാരിൽ മാത്രം മൂത്രാശയത്തിന്റെ താഴെയായി കാണുന്ന വാൽനട്ടിന്റെ വലുപ്പമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. പുരുഷൻമാരിൽ കാൻസര്‍ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 65 വയസ്സു പിന്നിട്ടവരിലാണ് കൂടുതലും പ്രോസ്റ്റേറ്റ് കാൻസർ കാണപ്പെടുന്നത്. പ്രായം കൂടുന്തോറും ഈ രോഗസാധ്യതയും കൂടും.
രോഗം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്നതാണു പ്രത്യേകത. വളരെയധികം വ്യാപിച്ചതിനു ശേഷമേ ലക്ഷണങ്ങളായി പുറത്തു വരാറുള്ളു. വളരെ നേരത്തേതന്നെ രോഗം കണ്ടുപിടിക്കാൻ രക്തത്തിലെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (PSA) എന്ന പ്രോട്ടീന്റെ അളവു സഹായിക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങൾ ഉൽപാദിപ്പിക്കുന്നതാണ് ഈ പ്രോട്ടീൻ. പിഎസ്എയുടെ അളവ് കൂടിയിരുന്നാൽ ബയോപ്സി പരിശോധന നടത്തേണ്ടി വരും. ഇതുവഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
പാരമ്പര്യ ഘടകങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിനു കാരണമാകാറുണ്ട്. അച്ഛനോ സഹോദരങ്ങൾക്കോ പ്രോസ്റ്റേറ്റ് കാൻസറുണ്ടെങ്കിൽ കാൻസറിന്റെ സാധ്യത കൂടുതലാകും. അടുത്ത ബന്ധുക്കളിലെ പ്രോസ്റ്റേറ്റ് കാൻസറും സാധ്യത വർധിപ്പിക്കുന്നു.
പുകവലി ഈ രോഗത്തിന്റെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നുണ്ട്. പുകയിലയിലെ കാഡ്മിയവും പുകവലി മൂലമുള്ള ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും മറ്റു വ്യത്യാസങ്ങളുമാണ് ഇതിനു കാരണം. ലൈംഗിക അച്ചടക്കമില്ലായ്മയും ധാരാളം പങ്കാളികളുണ്ടാകുന്നതും അണുബാധയ്ക്കു കാരണമാകുകയും കാൻസറിലേക്കു വഴിതെളിക്കുകയും ചെയ്യും. പൊണ്ണത്തടി ഈ കാൻസറിന്റെ സങ്കീർണതയും വ്യാപനവും കൂട്ടും.
അമേരിക്കക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ ഈ രോഗസാധ്യത കുറവാണ്. രോഗത്തിന്റെ ഗ്രേഡനുസരിച്ച് അതിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. കുറഞ്ഞ ഗ്രേഡിലുള്ള കാൻസറുകൾ വലിയ അപകടകാരികളല്ല. ഉയർന്ന ഗ്രേഡിലുള്ളവ വലിയ അപകടമുണ്ടാക്കുന്നു.
ഹൈദരാബാദ്∙ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധുവിന് കനത്ത തിരിച്ചടിയായി ദക്ഷിണ കൊറിയയിൽനിന്നുള്ള ഇന്ത്യൻ വനിതാ ടീം പരിശീലക കിം ജി ഹ്യുൻ രാജിവച്ചു. അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സാർഥമാണ് കിമ്മിന്റെ രാജി. പലവട്ടം കൈവിട്ട ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് ഇക്കുറി സിന്ധുവിനെ കൈപിടിച്ചു നടത്തിയ പരിശീലകയാണ് രാജിവച്ച കിം. ലോക ചാംപ്യന്‍ഷിപ്പിനു തൊട്ടുപിന്നാലെ നടന്ന ചൈന ഓപ്പണിൽ സിന്ധു രണ്ടാം റൗണ്ടിൽത്തന്നെ പുറത്തായതിന്റെ നിരാശയ്‌ക്കിടെയാണ് പരിശീലകയുടെ രാജി. ഭർത്താവിനൊപ്പം ന്യൂസീലൻഡിൽ ആയിരുന്നതിനാൽ ചൈന ഓപ്പണിൽ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല.
ലോക അഞ്ചാം നമ്പർ താരമായിരുന്ന പി.വി. സിന്ധുവിനൊപ്പം പരിശീലക വേഷത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് കിം ഉണ്ടായിരുന്നത്. എന്നാൽ, ഈ ചെറിയ കാലയളവിനുള്ളിൽ താരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് കിമ്മിന്റെ പടിയിറക്കം. ഏതാനും ആഴ്ചകൾക്കു മുൻപ് ഭർത്താവിന് പക്ഷാഘാതം വന്നതോടെയാണ് കിം ഇന്ത്യ വിട്ടത്. അതീവ ഗുരുതരാവസ്ഥയിലായ ഭർത്താവിനെ ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ന്യൂസീലൻഡിലാണ് കിം.
രാജ്യാന്തര ബാഡ്മിന്റനിൽ ദക്ഷിണ കൊറിയയുടെ പരിശീലകയായിരുന്നു കിം. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ടീമിന്റെ പ്രകടനം മോശമായതിന്റെ പേരിൽ പുറത്താക്കപ്പെട്ടതോടെയാണ് സിന്ധുവിന്റെ പരിശീലകയായത്. മുഖ്യ പരിശീലകൻ പുല്ലേല ഗോപചന്ദ്, മറ്റ് സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കൊപ്പം പെട്ടെന്ന് ഇണങ്ങിയ കിം നൽകിയ നിർദ്ദേശങ്ങളാണ് ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ ഇക്കുറി കിരീടം നേടാൻ സിന്ധുവിനെ സഹായിച്ചത്.
∙ കിം കോച്ചാണ്, ഡോക്ടറും!
‘കോച്ച് ഒരു ഡോക്ടറെപ്പോലെയാണ്. പ്രകടനം മോശമായാൽ, അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക എന്നതാണ് കോച്ചിന്റെ കടമ.’ ഇത്തവണത്തെ ലോക ചാംപ്യൻഷിപ് ആരംഭിക്കുന്നതിനു മുൻപ് സിന്ധുവിന്റെ ദക്ഷിണ കൊറിയക്കാരി കോച്ച് കിം ജി ഹ്യുൻ പറഞ്ഞത് ഇങ്ങനെ. കിമ്മിന്റെ വാക്കുകൾ അച്ചട്ടായി. ‘ഫൈനൽപ്പേടിയുടെ’ പേരിൽ പഴികേട്ടിരുന്ന സിന്ധുവിനു മുന്നിൽ ഇക്കുറി ഒകുഹാര പച്ച തൊട്ടില്ല. ഫൈനലിനിടെ, ഇന്ത്യൻ പരിശീലകൻ പി.ഗോപീചന്ദിനൊപ്പമിരുന്നു സിന്ധുവിനെ ഉത്തേജിപ്പിച്ച അതേ കിമ്മാണു സ്വർണം എത്തിപ്പിടാക്കാനുള്ള ‘മരുന്ന്’ സിന്ധുവിനു കുറിച്ചു കൊടുത്തതും!
ഈ വർഷം ആദ്യം മുതൽ കിമ്മിനു കീഴിലായിരുന്നു സിന്ധുവിന്റെ പരിശീലനം. ഗോപീചന്ദിനെക്കാളേറെ ഇക്കാലയളവിൽ സിന്ധുവിനെ നിയന്ത്രിച്ചിരുന്നതും കിം തന്നെ. സിന്ധുവിനു കായികശേഷിയുണ്ടെങ്കിലും കൈമിടുക്കിലെ പോരായ്മയാണു തിരിച്ചടി എന്നായിരുന്നു കിമ്മിന്റെ കണ്ടെത്തൽ. കിമ്മിന്റെ ശിക്ഷണത്തിൽ കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാമെന്ന സിന്ധുവിന്റെ സ്വപ്നത്തിനു കൂടിയാണ് രാജിയോടെ തിരിച്ചടിയായത്.
കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ആണ് മരിച്ചത്. ഡൽഹി സ്വദേശിനിയാണ്. പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നാണ് പ്രാഥമിക വിവരം.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോളേജിലെ സി ബ്ലോക്ക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി വയോള റസ്‌തോഗി ഒന്നാം വർഷ പരീക്ഷയിൽ രണ് വിഷയങ്ങൾക്ക് തോറ്റിരുന്നു. പിന്നീട് ഇന്ന് റിവാല്യൂവേഷൻ ഫലം പുറത്തുവന്നപ്പോഴും മാർക്കിൽ വ്യത്യാസം ഉണ്ടായില്ല. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാൽ കോളേജ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം.
സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ കാരണമെന്നും മറ്റു ദുരൂഹതയില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം അമൃത ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് ബന്ധുക്കൾ എത്തിയ ഉടൻ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകും.
ബഹിരാകാശത്തേക്ക് ആദ്യ സഞ്ചാരിയെ അയയ്ക്കുകയെന്ന യു.എ.ഇ.യുടെ സ്വപ്നം ഇന്ന് പൂവണിയും. യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോൾ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടിയും ഒപ്പമുണ്ടാകും.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള അഭിമാനക്കുതിപ്പിന് യുഎഇ ഒരുങ്ങി. സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെടും. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ.
യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. യാത്രയ്ക്കുള്ള സോയുസ് എംഎസ് 15 പേടകം സജ്ജമായി. വിക്ഷേപണത്തിനുള്ള സോയുസ് എഫ്ജി റോക്കറ്റ് ബൈക്കന്നൂർ കോസ്മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ എത്തിച്ചു.
സോയുസ് എംഎസ് 15 പേടകത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുണ്ട്. 6 മണിക്കൂർകൊണ്ട് ബഹിരാകാശ നിലയത്തിൽ എത്താമെന്നു പ്രതീക്ഷിക്കുന്നു. അടുത്തമാസം നാലിനാണ് ഐഎസ്എസിൽ നിന്നുള്ള മടക്കയാത്ര. യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോൾ ഒപ്പം യു.എ.ഇ.യുടെ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടി കൂടിയുണ്ടാവും. ഇൻറർനാഷനൽ സ്‌പേസ് സെന്ററിൽ ആദ്യമായി അറബ് ലോകത്തുനിന്നൊരാൾ എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെതാരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.