വാഷംഗ്ൺ: ഫിലാഡൽഫിയയിൽ ചെറുയാത്രാവിമാനം തകർന്ന് ഇന്ത്യൻ വംശജരായ ഡോക്ടർ ദമ്പതികളും മകളും മരിച്ചു. ഡോക്ടർ ജസ്വീർ ഖുറാന(60), ഭാര്യ ഡോ.ദിവ്യ ഖുറാന, മകൾ കിരൺ ഖുറാന എന്നിവരാണ് മരിച്ചത്. നോർത്ത് ഈസ്റ്റ് ഫിഡാഡെൽഫിയ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പാണ് തകർന്നു വീണത്. പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്ന ഖുറാനയാണ് വിമാനം പറത്തിയിരുന്നത്. ഡൽഹി എയിംസിൽ ഗവേഷകരായിരുന്ന ജസ്വീർ ഖുറാന-ദിവ്യ ദമ്പതികൾ 20 വർഷത്തോളമായി യുഎസിലാണ്. ദമ്പതികളുടെ രണ്ടാമത്തെ മകളായ കിരൺ ഹാരിടൺ ഹൈസ്കൂൾ വിദ്യാർഥിനിയാണ്.
അതിക്രമിച്ച് വീട്ടിൽ കടന്ന മോഷ്ടാക്കളെ വൃദ്ധ ദമ്പതികൾ അടിച്ചോടിച്ചു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഷണ്മുഖവേൽ, സെന്താമര ദമ്പതികളുടെ വീട്ടിലാണ് മോഷ്ടാക്കൾ അതിക്രമിച്ചെത്തിയത്.മുഖം മറച്ച് എത്തിയ മോഷ്ടാക്കളിൽ ഒരാൾ വീടിനു മുന്നിലെ പോർച്ചിൽ ഇരിക്കുകയായിരുന്ന ഷണ്മുഖവേലിന്റെ കഴുത്തിൽ തുണിയിട്ട് വലിച്ചു. മറ്റൊരു മോഷ്ടാവും പെട്ടന്ന് സ്ഥലത്ത് എത്തി.
ശബ്ദം കേട്ട് എത്തിയ സെന്താമര നിലത്ത് കിടന്ന ചെരിപ്പുകൾ എറിഞ്ഞും കസേരയും സ്റ്റൂളും ഉപയോഗിച്ചും മോഷ്ടാക്കളെ ആക്രമിച്ചു. ഈ സമയം ഷണ്‍മുഖവേലും മോഷ്ടാക്കളെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. ദമ്പതികളുടെ ആക്രമണത്തിൽ പിടിച്ചു നിൽക്കുവാൻ സാധിക്കാതിരുന്ന മോഷ്ടാക്കൾ ഉടൻ തന്നെ സ്ഥലം വിടുകയായിരുന്നു. സെന്താമരയുടെ കൈയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. വീടിനു മുന്നിൽ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഇരുവരെയും അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരടക്കം മൂന്നുപേർ മരിച്ചു. മിനായിൽ അസിസിയ റോഡിൽ ഹജ്ജ് തീർഥാടകർക്കിടയിലേക്ക് ബസ് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. രണ്ടു മലയാളികൾക്കും പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ്, ജാർഖണ്ഡ് സ്വദേശികളും ഒരു ഈജിപ്ഷ്യൻ പൗരനുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയും തീർഥാടകയുമായ ജമീല, കെഎംസിസി ഹജ്ജ് സംഘാടകൻ ഇക്ബാൽ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.
നിലമ്പൂർ∙ കവളപ്പാറയില്‍ എത്രമാത്രം അപ്രതീക്ഷിതമായാണ് മരണം തേടിയെത്തിയതെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോള്‍ കാണാനാകുന്നത്. വീടിന് മുന്നിലെ ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന തരത്തിലായിരുന്നു പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടത്. അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടി വന്നതെന്ന് ദൃക്സാക്ഷിയായ സുഹൃത്ത് ഓര്‍ത്തെടുക്കുന്നു.
മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.
കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെവിന്‍ വധക്കേസില്‍ നാളെ വിധി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവും കെവിനും പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ട് പോയി െകവിനെ കൊലപ്പെടുത്തിയത്.
തെന്മല ഒറ്റക്കൽ സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്.
താഴ്ന്ന ജാതിയിൽപെട്ടതെന്ന് നീനുവിന്റെ ബന്ധുക്കൾ കരുതുന്ന കെവിനെ നീനു വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണു കൊലപാതകമെന്നും ഇതു ദുരഭിമാനക്കൊലയാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. 2018 മേയ് 27നു കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം പിറ്റേന്നു രാവിലെ കൊല്ലം ചാലിയക്കര പുഴയിൽ കണ്ടെത്തുകയായിരുന്നു.നീനുവിന്റെ സഹോദരൻ സാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഉൾപ്പെടെ 14 പ്രതികളുണ്ട്.
വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി
തീവ്രമഴ വടക്കന്‍ജില്ലകളില്‍ നിന്ന് ഇന്ന് പകലും ഒഴിഞ്ഞു നിന്നു. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍വെരയുള്ള ജില്ലകളില്‍ 10 സെന്‍റി മീറ്ററില്‍താഴെ മഴയെ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. പക്ഷെ അതിനിടയിലും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്ന ന്യൂന മര്‍ദ്ദം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴകൊണ്ടുവന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യത ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടുമുണ്ട്.
മഴ അല്‍പ്പം മാറിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇപ്പോള്‍ 1243 ക്യാമ്പുകളിലായി 2,24,000 പേരാണുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍മെച്ചപ്പെടുമെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, വയനാട്, മലപ്പുറം,കണ്ണൂര്‍, കോട്ടയം,ആലപ്പുഴ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധിയില്ല.
എറണാകുളം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ല.
കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 7 .30 -ന് നടക്കും.
എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത . 1998 ജനുവരി 23 -നാണ് ബിജുവും ശ്രീലതയും വിവാഹിതരായത് . സിദ്ധാര്‍ത്ഥ് , സൂര്യ എന്നിവർ മക്കളാണ്. മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത.
ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും പിന്നീട് കരൾ രോഗത്തിനു സാധ്യതയെന്നും പഠനം. കഫീൻ നൽകിയ ഗര്‍ഭിണികളായ എലികൾക്കു ജനിച്ച കുഞ്ഞുങ്ങൾ ശരീരഭാരം കുറഞ്ഞവരും സ്ട്രെസ് ഹോർമോണുകളുടെ അളവ്, വളർച്ച ഇവ വ്യത്യാസപ്പെട്ടവരും കരളിന്റെ വളർച്ച പൂർത്തിയാകാത്തവരും ആയിരുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പിയിൽ അടങ്ങിയ കഫീൻ ശരീരത്തിലെത്തുന്നത് സ്ട്രെസിന്റെയും വളർച്ചയുടെയും ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുകയും അത് വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ദിവസം 300 ഗ്രാമിലധികം കഫീൻ അതായത് ദിവസം 2 മുതൽ മൂന്നു കപ്പ് കാപ്പി വരെ സ്ത്രീകൾ കുടിക്കുന്നത് ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാനിടയാകുമെന്ന് മുൻ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ ഈ പഠനത്തിൽ, ഗർഭകാലത്തെ കാപ്പിയുടെ ഉപയോഗം കരളിന്റെ വികാസത്തെ ബാധിക്കുകയും പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു കാരണമാകുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. കഫീൻ എങ്ങനെയാണ് ദോഷകരമാകുന്നതെന്ന് മനസിലാക്കിയാൽ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ തടയാൻ സാധിക്കും.
ചൈനയിലെ വുഹാൻ സർവകലാശാലയിലെ ഗവേഷകനായ പ്രൊഫ. ഹ്യൂയി വാങ്ങും സംഘവുമാണ് ഈ പഠനം നടത്തിയത്. ചെറിയ അളവ് (2–3 കാപ്പി) മുതൽ കൂടിയ അളവ് (9 കപ്പ് കാപ്പി) വരെ കഫീനിന്റെ ഫലങ്ങൾ അപഗ്രഥിച്ചു. ഗർഭകാലത്തെ കഫീൻ ഉപയോഗം ഈ സമയത്തെ ഭാരക്കുറവിനും ഹോർമോൺ വ്യതിയാനങ്ങൾക്കും കരൾ രോഗത്തിനും സാധ്യത കൂട്ടുന്നവെന്ന് തെളിഞ്ഞു. മനുഷ്യരിൽ പഠനങ്ങള്‍ നടത്താനിരിക്കുന്നതേയുള്ളൂ എങ്കിലും ഗർഭകാലത്ത് സ്ത്രീകൾ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു.
ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് വിജ്‌ഞാപനമായി. വിവിധ ബാങ്കുകളിലായി 4336 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈനിൽ അപേക്ഷിക്കണം. ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.
പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. ഒക്ടോബറിൽ പ്രിലിമിനറി പരീക്ഷ നടക്കും. നവംബറിലാണ് മെയിൻ പരീക്ഷ. ഇന്റർവ്യൂവും അലോട്ട്‌മെന്റും ഐബിപിഎസ് തന്നെ സംഘടിപ്പിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്റർവ്യൂ പൂർത്തിയാക്കി ഏപ്രിലിൽ അലോട്ട്മെന്റുണ്ടാകും. പതിനേഴ് പൊതുമേഖലാ ബാങ്കുകളിലെ പിഒ, മാനേജ്മെന്റ് ട്രെയിനി നിയമനമാണ് ഐബിപിഎസ് മുഖേന നടത്തുന്നത്. മറ്റേതെങ്കിലും ബാങ്കിനും ധനകാര്യസ്‌ഥാപനത്തിനും ഇതുവഴി തിരഞ്ഞെടുപ്പ് നടത്താനും അവസരമുണ്ട്.
പരീക്ഷയും തിരഞ്ഞെടുപ്പും:
പൊതുമേഖലാ ബാങ്കുകളിലെ പിഒ/ മാനേജ്മെന്റ് ട്രെയിനി തസ്‌തികയിലേക്ക് ഐബിപിഎസ് നടത്തുന്ന ഒൻപതാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ – 9 എഴുതിയ ഉദ്യോഗാർഥികളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2020– 21) പിഒ/ മാനേജ്മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമൺ ഇന്റർവ്യൂവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2021 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ബാങ്കുകളിൽ നിലവിൽ 4336 ഒഴിവുകളാണുള്ളത്. എണ്ണം ഇനിയും വർധിച്ചേക്കാം. അലോട്ട്‌മെന്റ് വിവരങ്ങൾ സമയാസമയങ്ങളിൽ ഐബിപിഎസ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കുന്നതു ശ്രദ്ധിക്കുക.
തിരഞ്ഞെടുപ്പ് നടത്തുന്ന
ബാങ്കുകൾ:
1.അലഹാബാദ് ബാങ്ക്
2. ആന്ധ്രാ ബാങ്ക്
3. ബാങ്ക് ഓഫ് ബറോഡ
4. ബാങ്ക് ഓഫ് ഇന്ത്യ
5. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര
6. കനറാ ബാങ്ക്
7. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
8. കോർപറേഷൻ ബാങ്ക്
9. യൂക്കോ ബാങ്ക്
10. ഇന്ത്യൻ ബാങ്ക്
11. ഇന്ത്യൻ ഓവർസീസ് ബാങ്ക്
12.ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്
13. പഞ്ചാബ് നാഷനൽ ബാങ്ക്
14.പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്
15. സിൻഡിക്കറ്റ് ബാങ്ക്
16.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
17.യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
യോഗ്യതയും പ്രായവും:
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2019 ഓഗസ്റ്റ് 28 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.
പ്രായം: 20– 30. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്.
2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും.
പരീക്ഷാരീതിയും സിലബസും:
ഓൺലൈൻ പൊതുഎഴുത്തുപരീക്ഷ പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ്. രണ്ടു ഘട്ടത്തിലും ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. റീസണിങ് എബിലിറ്റി, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 12, 13, 19, 20 തീയതികളിൽ നടക്കും. പ്രിലിമിനറിയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു നവംബർ 30 നു മെയിൻ പരീക്ഷ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള, 200 മാർക്കിന്റെ മെയിൻ പരീക്ഷയിൽ റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഇംഗ്ലിഷ് ലാംഗ്വേജ്, ഡാറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ എന്നീ വിഭാഗങ്ങളിൽ നിന്നായി 155 ചോദ്യങ്ങളുണ്ടാകും. ഒബ്‌ജെക്‌ടീവ് പരീക്ഷയ്‌ക്ക് നെഗറ്റീവ് മാർക്കുമുണ്ട്. ഇതിനു പുറമേ അര മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലിഷ് ലാംഗ്വേജ് (ലെറ്റർ റൈറ്റിങ് ആൻഡ് എസേ) വിഭാഗവുമുണ്ട്.
മെയിൻ പരീക്ഷയിലെ മികവിന്റെ അടിസ്‌ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂവിന് ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുക. ജനുവരി/ ഫെബ്രുവരിയിൽ ഇന്റർവ്യൂ നടത്തും. 100 മാർക്കിന്റേതാണ് ഇന്റർവ്യൂ. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും.
പട്ടികവിഭാഗം, ന്യൂനപക്ഷവിഭാഗം അപേക്ഷകർക്ക് പ്രീഎക്‌സാമിനേഷൻ ട്രെയിനിങ്ങിന് അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ്. കൂടുതൽ വിവരങ്ങൾ വിജ്‌ഞാപനത്തിൽ ലഭിക്കും.
പരീക്ഷാകേന്ദ്രങ്ങൾ:
സംസ്‌ഥാനത്തെ 10 നഗരങ്ങളിലുൾപ്പെടെ രാജ്യത്തെ നൂറിലേറെ കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പൊതുപരീക്ഷ നടത്തുക. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കവരത്തിയിലും കേന്ദ്രമുണ്ട്.
അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 100 രൂപ മതി. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഫീസടയ്ക്കുന്നതു സംബന്ധിച്ച വിശദനിർദേശങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ച് മാത്രം ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യുക. ഓൺലൈൻ അപേക്ഷാസമയത്ത് അപേക്ഷകർക്കു റജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും. ഓൺലൈൻ അപേക്ഷയ്‌ക്കു ശേഷം സിസ്‌റ്റം ജനറേറ്റഡ് ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം കാണുക.