കേന്ദ്ര റെയില്വേ മന്ത്രി പീയുഷ് ഗോയലിന്റെ വീട്ടില് മോഷണം നടത്തിയ വീട്ടുവേലക്കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സര്ക്കാര് രേഖകളും കമ്പ്യൂട്ടറില് നിന്നുള്ള വിവരങ്ങളും ഇയാള് മോഷ്ടിച്ചെന്നാണ് സംശയിക്കുന്നത്. മുംബൈയിലെ നേപ്പിയന് സീ റോഡിലുള്ള വില്ല ഓര്ബെന്ന പീയുഷ് ഗോയലിന്റെ വീട്ടിലെ വേലക്കാരനായിരുന്ന വിഷ്ണുകുമാര് ശര്മ്മ(28) ആണ് അറസ്റ്റിലായത്.
ഇയാള്ക്കെതിരെ മോഷണം, ഐടി ആക്ടിന്റെ പ്രധാനപ്പെട്ട സെക്ഷനുകള് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇയാള് നിലവില് ജുഡീഷ്യല് കസ്റ്റഡിയിലാണ്. വീട്ടിലെ ചില വെള്ളി ആഭരണങ്ങളും പിച്ചള ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കഴിഞ്ഞമാസം ഗോയലിന്റെ കുടുംബാംഗങ്ങള് കണ്ടെത്തിയിരുന്നു. സെപ്തംബര് 16നും 18നും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയില് ആരോപിച്ചിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് വിശ്വകര്മ്മയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. ഇയാള്ക്കെതിരെ ഗാംദേവി പോലീസ് കേസെടുത്തു. ഇയാള് ഡല്ഹിയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്ന്ന് അവിടെയെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് മോഷണ വസ്തുക്കളില് ചിലത് കണ്ടെത്തുകയും ചെയ്തു.
ചില രഹസ്യസ്വഭാവമുള്ള രേഖകള് ഗോയലിന്റെ കമ്പ്യൂട്ടറില് നിന്നും മോഷ്ടിക്കപ്പെട്ടതായും ഫയലുകളില് നിന്നും രേഖകള് മോഷ്ടിക്കപ്പെട്ടതായും പോലീസ് സംശയിച്ചു. ഇതെതുടര്ന്നാണ് വിശ്വകര്മ്മയുടെ ഫോണ് പരിശോധിച്ചത്. കൂടുതല് പരിശോധനയില് ഇയാള് ആര്ക്കോ ചില മെയിലുകള് അയച്ചിട്ടുണ്ടെന്നും ഫോണില് നിന്നും ചില രേഖകള് നശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെ രഹസ്യസ്വഭാവമുള്ള രേഖകള് മോഷ്ടിക്കപ്പെട്ടെന്ന പോലീസിന്റെ സംശയം ബലപ്പെട്ടു. നശിപ്പിക്കപ്പെട്ട വിവരങ്ങള് തിരിച്ചെടുക്കാനും ഇയാള് ആര്ക്കാണ് മെയില് അയച്ചതെന്ന് കണ്ടെത്താനും പോലീസ് സൈബര് സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
ഇയാള് ആരൊക്കെയായി ബന്ധപ്പെട്ടിരുന്നുവെന്ന് മനസിലാക്കാന് കോള് ഹിസ്റ്ററിയും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മൂന്ന് വര്ഷമായി പീയുഷ് ഗോയലിന്റെ വീട്ടില് ജോലി ചെയ്യുന്ന ഇയാള് വീട്ടുകാരുടെ വിശ്വാസ്യത നേടിയിരുന്നു.
വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്പ്പെട്ടെന്നും ഗര്ഭഛിദ്രം നടത്തിയെന്നും ആരോപിച്ച് മൊറോക്കയിലെ മാധ്യമപ്രവര്ത്തക ഹജര് റൈസൂനി, പ്രതിശ്രുത വരന് അല് അമീന് എന്നിവര്ക്ക് തടവുശിക്ഷ. തിങ്കളാഴ്ചയാണ് ഇരുവരെയും ഒരു വര്ഷം തടവിന് കോടതി ഉത്തരവിട്ടത്. ഗൈനക്കോളജിസ്റ്റിനെ രണ്ട് വര്ഷവും തടവിന് ശിക്ഷിച്ചു.
ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിച്ചതെന്ന് റൈസൂനി ആരോപിച്ചു. ഇന്റേണല് ബ്ലീഡിംഗിന് ചികിത്സക്കായിട്ടാണ് ഗൈനക്കോളജിസ്റ്റിനെ സന്ദര്ശിച്ചതെന്നും തനിക്കെതിരെയുള്ള കോടതി വിധിക്കെതിരെ അപ്പീല് നല്കുമെന്നും അവര് പറഞ്ഞു. പ്രതിശ്രുത വരന്റെ വീട്ടില് പോയപ്പോഴാണ് ലൈംഗിക ബന്ധത്തിലേര്പ്പെട്ടതെന്ന ആരോപണത്തെയും റൈസൂനി തള്ളി. പ്രതിശ്രുത വരന് യാത്രയിലായ സമയത്ത് അദ്ദേഹത്തിന്റെ വളര്ത്തുനായയെ പരിപാലിക്കാനാണ് വീട്ടില് പോയതെന്നും റൈസൂനി പറഞ്ഞു.
റൈസൂനിക്കെതിരെയുള്ള നടപടിയില് പ്രതിഷേധിച്ച് നിരവധി പേര് രംഗത്തെത്തി. മൊറോക്കയില് സര്ക്കാറിനെ വിമര്ശിക്കുന്ന അപൂര്വം പത്രങ്ങളിലൊന്നായ അക്ബര് അല്-യും പത്രത്തിലെ മാധ്യമപ്രവര്ത്തകയാണ് ഹജര് റൈസൂനി. ഇവര് സര്ക്കാറിനെ വിമര്ശിച്ച് നിരവധി വാര്ത്തകള് റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതിന്റെ പകപോക്കലാണ് കേസിന് പിന്നിലെന്ന് ഹജര് റൈസൂനിയുടെ അമ്മാവന് സൂലിമാന് റൈസൂനി മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലല്ല റൈസൂനിയെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകന് ആരോപിച്ചു. ഓഗസ്റ്റ് 31നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മൊറോക്കന് നിയമപ്രകാരം വിവാഹത്തിന് മുമ്പ് രതിയിലേര്പ്പെടുന്നത് ക്രിമിനല് കുറ്റമാണ്. അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലല്ലാതെ ഗര്ഭഛിദ്രം നടത്തുന്നതും ക്രിമിനല് കുറ്റമാണ്. ജയിലില്വച്ച് ഹജര് റൈസൂനി ജോലി ചെയ്യുന്ന അക്ബര് അല്-യും പത്രത്തിന് കത്തെഴുതി. താന് പൊലീസ് നിരീക്ഷണത്തിലായിരുന്നെന്നും തന്റെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചും അമ്മാവന് സൂലിമാന് റൈസൂനിയെക്കുറിച്ചും പരിഷ്കരണത്തിനായി സമരം ചെയ്ത ഇസ്ലാമിക സംഘടന നേതാവായ അഹമ്മദ് റൈസൂനിയെക്കുറിച്ചും പൊലീസ് തന്നോട് ചോദിച്ചെന്ന് ഹജര് കത്തില് വിവരിച്ചു.
സര്ക്കാര് നടപടിയെ അനുകൂലിച്ച് യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയപ്പോള് സര്ക്കാര് നടപടി വിമര്ശനങ്ങളെ അടിച്ചൊതുക്കലാണെന്ന് ആരോപണമുയര്ന്നു.
ജനപ്രിയ നടൻ ടോവീനോ തോമസിന് ബൈക്ക് യാത്രയൊരിക്കി ആലപ്പുഴ – മണ്ണഞ്ചേരി കാവുങ്കൽ ഗ്രാമത്തിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ.എറണാകുളം ഗോശ്രീ പാലത്തിൽ രണ്ടുമണിക്കൂർ ഗതാഗതകുരിക്കിൽ അകപ്പെട്ട നടൻ ടൊവീനോ തോമസിന്
ബൈക്ക് യാത്ര ഒരുക്കിയത് ആലപ്പുഴ മണ്ണഞ്ചേരി മൂന്നാം വാർഡ് -കാവുങ്കൽ കിഴക്കേ നെടുമ്പള്ളി വീട്ടിൽ സുനിൽ കുമാറാണ് . ഹൈക്കോടതിയിൽ ഡ്യൂട്ടി ചെയ്തുവരുന്ന സിവിൽ പോലീസ് ഓഫീസറാണ് സുനിൽകുമാർ.
ഹൈക്കോടതിയിൽ നടന്ന ഹൈക്കോടതി ദിന ആഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി എത്തേണ്ടതായിരുന്നു ടോവിനോ തോമസ് . വൈ. 6 മണിക്ക് തുടങ്ങേണ്ട ഉദ്ഘാടന ചടങ്ങിനുവേണ്ടി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ട അതിഥികളും രണ്ടു മണിക്കൂറാണ് ടോവിനോ തോമസിന്റെ വരവിനു വേണ്ടി കാത്തിരുന്നത്.ഈ സമയമൊക്കെ ഗോശ്രീ പാലത്തിൽ ഉണ്ടായ വലിയ ഗതാഗത കുരുക്കിൽ അകപ്പെട്ടിരിക്കുകയായിരുന്നു ടോവീനോ തോമസ് .
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വളരെ റിസ്ക്ക് എടുത്താണ് സുനിൽ സ്വന്തം ബൈക്കിൽ ടോവീനോ തോമസിനെ ഹൈക്കോടതിയിലെ ഉദ്ഘാടന വേദിയിൽ എത്തിച്ചത്. സുനിലിനെ ഉന്നത ഉദ്യോഗസ്ഥർ അനുമോദിച്ചു.
ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ചു മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്തു 19 വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടനിലക്കാരിലൊരാളായ യുവതി അറസ്റ്റിൽ. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധുവിനെയാണു (36) ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്ന പരാതിയിൽ മുൻപ് 4 പേർ അറസ്റ്റിലായിരുന്നു. സിന്ധു ഇടനിലക്കാരിയായി നിന്നു പോട്ടയിലെ വാടക വീട്ടിൽ പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. പൊലീസ് അന്വേഷിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സിന്ധു ഒളിവിലായിരുന്നു. ഒളി സങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞു അന്വേഷണ സംഘം വീടു വളഞ്ഞ് പിടികൂടുകയായിരുന്നു.
സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയായ സിന്ധു പിടിയിലാകുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിനെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹൻ (72), കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ (27) അന്നമനട സ്വദേശികളായ ദമ്പതികൾ വാഴേലിപറമ്പിൽ അനീഷ്കുമാർ, ഗീതു എന്നിവരാണ് കേസിൽ നേരത്തെ അറസ്റ്റിലായവർ.
കേസിൽ ഇനി 4 പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ചന്ദ്രമോഹനാണ് ആദ്യം പെൺകുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര സർക്കാർ സവാള കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ വലഞ്ഞ് ഏഷ്യൻ രാജ്യങ്ങൾ. സവാള കച്ചവടത്തിൽ ലോകത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യ കയറ്റുമതി നിർത്തലാക്കിയതോടെ ഇവിടങ്ങളിലെ സവാള വില കുത്തനെ ഉയർന്നു. ഇന്ത്യൻ സവാളയുടെ മുഖ്യ ഉപഭോക്താക്കളായ ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്.
സവാള വില വര്ധനയിൽ രാജ്യത്താകമാനം കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സെപ്റ്റംബർ 29 ന് കേന്ദ്ര സർക്കാർ സവാള കയറ്റുമതിക്കു നിരോധനം ഏർപ്പെടുത്തിയത്. നാലു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വിലയായിരുന്നു സവാളയ്ക്ക്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കനത്ത മഴ മൂലമുണ്ടായ വിളനാശമായിരുന്നു ഇന്ത്യയിൽ വില കൂടാനുള്ള കാരണം. വിലക്കയറ്റം തടയുന്നതിനായി ഇന്ത്യ ഈജിപ്തിൽ നിന്നു സവാള ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ വില ഉയർന്നതോടെ ചൈന, ഈജിപ്ത്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സവാളയാണ് ഏഷ്യയിലെ ഉപഭോക്താക്കൾ പ്രധാനമായും ഉപയോഗിച്ചത്. ഇന്ത്യയെ അപേക്ഷിച്ച് ഇവിടങ്ങളിൽ ഉൽപാദനം കുറവാണ്. ഞായറാഴ്ച സവാള കയറ്റുമതി ഇന്ത്യ റദ്ദാക്കിയതോടെ 100 കിലോയ്ക്ക് 4,500 രൂപ എന്ന നിലയിൽ സവാള വില ഉയർന്നു. ശ്രീലങ്കയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനമാണ് വില വർധിച്ചത്. കിലോയ്ക്ക് 280 മുതൽ 300 രൂപ വരെയാണ് ഇവിടെ വില. ഇത് ആറു വർഷത്തിനിടയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ വർധനവാണ്. ഇതേ തുടർന്ന് ചൈന, ഈജിപ്ത്, മ്യാൻമർ, തുർക്കി തുടങ്ങിയ സവാള ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളോടു വില നിയന്ത്രണ വിധേയമാക്കുന്നതിനായി വിതരണം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2018–2019 വർഷത്തിൽ ഇന്ത്യയില്നിന്ന് 2.2 മില്യൻ ടൺ സവാളയാണു കയറ്റുമതി ചെയ്തത്. ഏഷ്യയിൽ സവാള കയറ്റുമതി ചെയ്യുന്ന മുഴുവൻ രാജ്യങ്ങളെവച്ചു നോക്കിയാലും പകുതിയിൽ അധികമാണിത്. ഇന്ത്യയിലെ നിരോധനം മറ്റു സവാള കയറ്റുമതി രാജ്യങ്ങൾ അവസരമായി എടുക്കുന്നതായും ആരോപണമുണ്ട്. ബംഗ്ലാദേശ് സവാള എത്തിക്കാനുള്ള ബദൽ മാർഗങ്ങൾ ആരായുമ്പോൾ നിരോധനം താൽക്കാലികം മാത്രമാണെന്നു കരുതി ആശ്വസിച്ചിരിക്കുകയാണ് മലേഷ്യ. ഇന്ത്യൻ സവാളയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവാണ് മലേഷ്യ.
സവാള വിലയിൽ ഉടൻ കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് മുംബൈ ആസ്ഥാനമായുള്ള സവാള കയറ്റുമതി സംഘടനയുടെ പ്രസിഡന്റ് അജിത് ഷാ പറയുന്നത്. കയറ്റുമതി നിരോധനം അടുത്തെങ്ങും എടുത്തുമാറ്റാൻ സാധ്യതയില്ല. അതിനാൽ നവംബർ പകുതി വരെ വിലയിടിവും പ്രതീക്ഷിക്കുന്നില്ല. വില ഇടിഞ്ഞാൽ ഇന്ത്യയ്ക്ക് കയറ്റുമതി പുനരാരംഭിക്കാം.
ആലുവയിൽ ഫ്ലാറ്റിൽ സ്ത്രീപുരുഷന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യമായ നിഗമനത്തിൽ എത്താനാകാതെ പോലീസ്. ഇരുവരും ഒന്നിച്ച് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു.
നാലു ദിവസം മുൻപാണ് ആലുവ മണപ്പുറത്തിന് സമീപത്തെ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിൽ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കവും ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇരുവരുടെയും ശരീരത്തിൽ മുറിവുകളോ മരണത്തിന് കാരണമായേക്കാവുന്ന പരുക്കുകളോ കണ്ടെത്തിയില്ല. കഴുത്തിൽ ഷാൾ മുറുകി ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ.
ജനലഴിക്ക് മുകളിലൂടെയെടുത്ത ഷാൾ ഇരുവരും കഴുത്തിൽ കെട്ടി മരിക്കാൻ ശ്രമിക്കാൻ ശ്രമിച്ചതായാണ് സൂചന. എന്നാൽ കെട്ടുപൊട്ടി ഒരാൾക്ക് മേൽ മറ്റൊരാൾ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ മൂന്നാം ദിനം കണ്ടെത്തിയത്. ഇങ്ങനെയെല്ലാം സാഹചര്യതെളിവുകൾ ആത്മഹത്യയെന്ന സൂചന നൽകിയിട്ടും ഇതിലേക്ക് നയിച്ച കാരണം വ്യക്തമാകാത്തത് കൊണ്ട് ഒരു നിഗമനവും ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉളളത്.
രമേശിനോടോപ്പം താമസിച്ച് ജോലി ചെയ്തിരുന്ന മോനിഷയോട് തിരിച്ച് നാട്ടിലെത്താൻ കഴിഞ്ഞ 24ന് ഭർത്താവ് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറ്റേന്നാണ് മരണം ഉണ്ടായത് എന്നാണ് നിഗമനം. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന ഷിബു എന്നയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ടെസ്റ്റില് ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ രോഹിത് ശര്മ്മയ്ക്ക് സെഞ്ചുറിയോടെ മിന്നും തുടക്കം. ദക്ഷിണാഫ്രിക്കന് ബൗളിംഗ് നിരയ്ക്ക് മേല് ആധിപത്യം നേടിയ രോഹിത് 154 പന്തിലാണ് സെഞ്ചുറി തികച്ചത്. 4 സിക്സും 10 ഫോറും ആ ഇന്നിംഗ്സിന് അഴകായി.
നേരത്തെ, 84 പന്തില് അഞ്ചു ഫോറും രണ്ടു സിക്സും സഹിതമാണ് രോഹിത് ടെസ്റ്റിലെ 11ാം അര്ധസെഞ്ചുറി പിന്നിട്ടത്. 114 പന്തില് ഏഴു ഫോറും രണ്ട് സിക്സും സഹിതമാണ് അഗര്വാളിന്റെ അര്ധസെഞ്ചുറി. ഇതുവരെ 171 പന്തുകള് നേരിട്ട മായങ്ക് 10 ഫോറും രണ്ടു സിക്സും സഹിതമാണ് 76 റണ്സെടുത്തത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സുരക്ഷിത തുടക്കമാണ് രോഹിത്തും മായങ്കും നല്കിയത്. കാഗിസോ റബാഡയും വെര്നോണ് ഫിലാന്ഡറും പന്ത് സ്വിങ് ചെയ്യിച്ചപ്പോള് ആദ്യ സെഷനില് സാവധാനമായിരുന്നു ഓപ്പണര്മാര് റണ് കണ്ടെത്തിയത്. പിന്നാലെ ട്രാക്കിലായ രോഹിത് ശര്മ്മ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം 84 പന്തില് അര്ധ സെഞ്ചുറിയിലെത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള് 30 ഓവറില് 91/0 എന്ന സ്കോറിലായിരുന്നു ടീം ഇന്ത്യ.
ഉച്ചഭക്ഷശേഷം രോഹിത് ശര്മ്മ കരുതലോടെ തുടങ്ങിയപ്പോള് സിക്സര് പായിച്ചാണ് മായങ്ക് അഗര്വാള് അര്ധ സെഞ്ചുറി ആഘോഷിച്ചത്. നാട്ടിലും വിദേശത്തും ആദ്യ ഇന്നിംഗ്സില് അമ്പതിലധികം റണ്സ് സ്കോര് ചെയ്യുന്ന ഏഴാമത്തെ ഇന്ത്യന് താരമെന്ന നേട്ടത്തിലെത്തി ഇതോടെ മായങ്ക് അഗര്വാള്.54 ഓവര് പൂര്ത്തിയാകുമ്പോള് വിക്കറ്റ് നഷ്ടം കൂടാതെ 178 റണ്സ് എന്ന നിലയിലാണ് ഇന്ത്യ. ടെസ്റ്റിലെ നാലാം സെഞ്ചുറി പൂര്ത്തിയാക്കിയ രോഹിത് 100 റണ്സോടെയും നാലാം അര്ധസെഞ്ചുറി പൂര്ത്തിയാക്കിയ മായങ്ക് അഗര്വാള് 76 റണ്സോടെയും ക്രീസില്.
ഖത്തറിൽ കനത്ത ചൂടില് പണിയെടുക്കുന്ന ഇതരരാജ്യ തൊഴിലാളികൾ മരണമടയുന്നതായി റിപ്പോർട്ട്. ദി ഗാർഡിയൻ നൽകുന്ന റിപ്പോർട്ട് പ്രകാരം നൂറുകണക്കിനാളുകളാണ് ഇതിനകം ചൂട് അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്. ഇത് വർഷാവർഷം നടക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഫിഫ ലോകകപ്പ് അടുക്കുന്നതോടെ ഖത്തറിലെ നിർമാണ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പത്ത് മണിക്കൂറോളം നീളുന്ന തൊഴിൽസമയത്തിൽ ഭൂരിഭാഗവും 45 ഡിഗ്രി സെൽഷ്യസ് കവിയുന്ന ചൂടിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.
എന്നാൽ, തൊഴിലാളികള്ക്ക് വേണ്ട മാനുഷിക പരിഗണന തങ്ങൾ നൽകുന്നുണ്ടെന്നാണ് ഖത്തർ അധികാരികളുടെ അവകാശവാദം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തുള്ള ജോലികൾക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 11.30 മുതൽ ഉച്ചതിരിഞ്ഞ് 3 മണിവരെ പുറത്ത് തൊഴിലെടുപ്പിക്കുന്നതിന് നിരോധനമുണ്ടെന്ന് അധികാരികൾ പറയുന്നു. ഇതല്ലാതെ മറ്റേതെങ്കിലും നടപടികൾ ഇക്കാര്യത്തിൽ അധികൃതർ എടുത്തിട്ടുള്ളതായി വ്യക്തമല്ല.
ഈ നിരോധനം കാര്യക്ഷമമാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു കാരണം, മറ്റു സമയങ്ങളിലും ചൂടിന് കുറവില്ല എന്നതാണ്. ജൂണിനും സെപ്തംബറിനുമിടയിലുള്ള കാലയളവിൽ താപ സമ്മർദ്ദം അതിജീവിക്കുക പ്രയാസമാണെന്ന് ഹൃദ്രോഗവിദഗ്ധർ പറയുന്നു. തണുപ്പുള്ള മാസങ്ങളിലും പകൽസമയങ്ങളിൽ പുറത്ത് പണിയെടുക്കുന്നവർ കഠിനമായ വെയിലിനെ നേരിടേണ്ടി വരുന്നുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നു.
ഉയര്ന്ന ചൂട് ഹൃദയവും രക്തക്കുഴലുകളുമടങ്ങുന്ന ശരീരസംവിധാനത്തെയാണ് ഏറെ ബാധിക്കുക. 25നും 35നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് മരിക്കുന്നവരിലധികവും. ഏല്ലാവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത്.
പ്രധാനമന്ത്രിയായാലും ശരി, മറ്റാരായാലും ശരി രാജ്യത്ത് ഒരു നയമേ ഉള്ളൂ എന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണിന്റെ സഹായിക്കുള്ളത്. തിരക്കിട്ട് നടന്നുവരുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും ഇതിനിടയിലാണ് ഒരു അസിസ്റ്റന്റ് പ്രധാനമന്ത്രിക്ക് കുടിക്കാനായി കയ്യില് ഒരു കപ്പ് കാപ്പി വച്ചുകൊടുത്തത്. പ്ലാസ്റ്റിക്ക് കപ്പായിരുന്നു. ഉടന് മറ്റൊരു അസിസ്റ്റന്റ് ഇടപെട്ട് യാതൊരു സങ്കോചവുമില്ലാതെ പ്രധാനമന്ത്രിയുടെ കയ്യില് നിന്ന് കപ്പ് പിടിച്ചുവാങ്ങി. ഡിസ്പോസിബിള് കപ്പ് വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. വീഡിയോ സോഷ്യല്മീഡിയയില് വൈറലായി.
ജോണ്സണ് ഒന്ന് അമ്പരന്നു. പ്രധാനമന്ത്രിയും സംഘവും നടന്നുപോവുകയും ചെയ്തു. കണ്സര്വേറ്റീവ് പാര്ട്ടിയുടെ മൂന്ന് ദിവസത്തെ സമ്മേളനത്തില് പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. സ്ഥലത്തുണ്ടായിരുന്ന ചാനല് ഫോര് ന്യൂസിന്റെ കാമറാമാന് നീല് കോര്ബറ്റ് ആണ് കൗതുകകരമായ ഈ ദൃശ്യം പകര്ത്തിയത്. കാപ്പി കപ്പ് കയ്യില് നിന്ന് പോയ പ്രധാനമന്ത്രി ട്രോളര്മാര്ക്ക് ചാകര നല്കി.
2023നകം എല്ലാ ഡിസ്പോസിബിള് കപ്പുകളും റീസൈക്കിള് ചെയ്ത് ഒഴിവാക്കുമെന്ന് യുകെ ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇത് പ്രധാനമന്ത്രിയുടെ വെറും പബ്ലിക് റിലേഷന്സ് തന്ത്രമാണ് എന്ന് ആരോപിക്കുന്നവരുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിരവധി ആരോപണങ്ങളും നേരിടുന്ന ബോറിസ് ജോണ്സണ് ശ്രദ്ധ തിരിക്കാനായി നടത്തുന്ന പിആര് കളിയാണ് ഇത് എന്നാണ് ആരോപണം. അതേസമയം ഇത് വലിയ ചര്ച്ചയായതിനെ പിന്നാലെ ജോണ്സണ് Get Brexit Done എന്ന സന്ദേശമെഴുതിയ ഒരു ഗ്ലാസ് മഗുമായി ട്വിറ്ററില് രംഗത്തെത്തി. അവസാനം എനിക്ക് കാപ്പി കിട്ടി (I got my coffee in the end.) എന്നും കുറിച്ചു.
Did anyone spot this moment at the Conservative Party Conference?@BorisJohnson was handed a plastic coffee cup by an aide, before another aide immediately snatched it away.
“No disposable cups”, she was heard saying. pic.twitter.com/i1nYZ5AFjF
— On Demand News (@ODN) October 1, 2019
I got my coffee in the end. pic.twitter.com/F5cDVZHhHA
— Boris Johnson (@BorisJohnson) October 1, 2019
മരടിലെ ഫ്ലാറ്റുകൾ വിട്ടൊഴിയാൻ കൂടുതൽ സമയം അനുവദിക്കില്ലെന്ന് സർക്കാർ. നാളെ വൈകുന്നേരത്തിനുള്ളിൽ എല്ലാവരും ഒഴിഞ്ഞു പോകണം. പുനരധിവാസത്തിന് അപേക്ഷ നൽകിയത് 94 പേർ മാത്രമാണെന്നും ഇവർക്ക് ഇടം ഒരുക്കുമെന്നും സബ് കലക്ടർ വ്യക്തമാക്കി.
സർക്കാരിന് മുന്നിൽ വേറെ വഴിയില്ല. കോടതിയിൽ സമർപ്പിച്ച കർമപദ്ധതി പ്രകാരം എല്ലാം മുറ പോലെ നടക്കും. അതുകൊണ്ട് നാളെ കഴിഞ്ഞാൽ പൊളിക്കാനുള്ള ഫ്ലാറ്റുകളിൽ താമസക്കാർ ഒരാളുപോലും പാടില്ല. കർശന നിലപാട് വ്യക്ത്മാക്കിയിരിക്കുകയാണ് സർക്കാർ. സെപ്റ്റംബർ 16, സെപ്റ്റംബർ 30, തുടങ്ങി പല തിയതികളിൽ പുനരധിവാസം ആവശ്യം ഉള്ളവർ അപേക്ഷിക്കണം എന്ന് അറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ 94 പേർ മാത്രം ആണ് സർക്കാരിനെ സമീപിച്ചത്. ഇവരുടെ അപേക്ഷ പരിഗണിക്കും.
സബ് കളക്ടർ സ്നേഹിൽ കുമാർ വ്യക്തമാക്കി. ഒഴിയാനുള്ള സൗകര്യത്തിനായാണ് വെള്ളവും വൈദ്യുതിയും നൽകിയത്. സമയപരിധി കഴിഞ്ഞാൽ ഇത് രണ്ടും വിച്ഛേദിക്കും. സബ് കലക്ടർ വരുന്നതിനു മുൻപ് h20 ഫ്ലാറ്റിൽ എത്തിയ സെക്രട്ടറി ആരിഫ് ഖാനുമായി ഫ്ലാറ്റ് ഉടമകൾ തർക്കിച്ചു.
സബ് കളക്ടർ നേരിട്ട് ഫ്ലാറ്റിലിലെത്തി ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്തി. ഉടമകളുമായി സംസാരിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ 15 ദിവസം ആണ് ഉടമകൾആവശ്യപെട്ടത്. വാസസ്ഥലങ്ങൾ ലഭിക്കാത്ത പലരും ബന്ധുവീടുകളിലേക്ക് സാധനങ്ങൾ മാറ്റി. താമസസൗകര്യം ലഭിക്കാത്തവർ ഫ്ലാറ്റുകളിൽ നിന്ന് സാധങ്ങൾ ഇതുവരെ മാറ്റിയിട്ടില്ല.അതിനിടെ H2O ഫ്ലാറ്റിലും, ജെയിൻ ഫ്ലാറ്റിലും ലിഫ്റ്റ് തകരാറിൽ ആയത് പ്രതിസന്ധി വർധിപ്പിച്ചു.