Latest News

അബുദാബി: യാത്രക്കാരന്റെ ടാബ്‍ലറ്റ് ഡിവൈസില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 131 വിമാനമാണ് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ അടിയന്തരമായി ഇറക്കിയത്.

അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനം സുരക്ഷിതമായി ഡബ്ലിനില്‍ ഇറക്കിയ ശേഷം ടാബ്‍ലറ്റ് ഡിവൈസ് വിമാനത്തില്‍ നിന്നുമാറ്റി. തുടര്‍ന്ന് യാത്ര തുടരുകയായിരുന്നു.

ബാറ്ററികളില്‍ നിന്ന് തീപിടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ആപ്പിള്‍ മാക്ബുക്ക് പ്രോ കംപ്യൂട്ടറുകളുടെ ചില മോഡലുകള്‍ക്ക് നേരത്തെ വിവിധ വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വിമാനം വഴിതിരിച്ചുവിട്ടതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഇത്തിഹാദ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യിലെ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് റെക്കോര്‍ഡ്. അര്‍ധ സെഞ്ചുറിയോടെ കോലി അന്താരാഷ്‌ട്ര ടി20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മറികടന്നു. തന്‍റെ റണ്‍സമ്പാദ്യം കോലി 2441ലെത്തിച്ചപ്പോള്‍ ഹിറ്റ്‌മാന് 2434 റണ്‍സാണുള്ളത്. ഇതോടെ ടി20 റണ്‍വേട്ടയില്‍ കോലി- രോഹിത് പോര് മുറുകി.

ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്(2283), പാക്കിസ്ഥാന്‍ താരം ഷൊയൈബ് മാലിക്ക്(2263), കിവീസ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

മൊഹാലിയില്‍ 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 72 റണ്‍സുമായി കോലി മത്സരത്തിലെ താരമാവുകയായിരുന്നു. കോലി വെടിക്കെട്ടും ശിഖര്‍ ധവാന്‍റെ പ്രകടനവും ചേര്‍ന്നതോടെ മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-149-5 (20), ഇന്ത്യ- 151-3 (19). ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

അബുദാബി: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് മത്സ്യവും മത്സ്യ ഉത്പ്പന്നങ്ങളും വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോരിറ്റി. ഷോപ്പിങില്‍ ഏറ്റവും അവസാനം മാത്രമേ മത്സ്യം വാങ്ങാവൂ എന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

കൃഷി-ഭക്ഷ്യ സുരക്ഷാ അതോരിറ്റി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച വീഡിയോ ക്ലിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോപ്പിങ് തുടങ്ങുമ്പോള്‍ തന്നെ മത്സ്യം വാങ്ങിവെയ്ക്കുന്നത് അവ കേടാകാന്‍ കാരണമാകുമെന്നും സാധ്യമാവുന്നിടത്തോളം സമയം അവ റഫ്രിജറേറ്ററില്‍ തന്നെ സൂക്ഷിക്കണമെന്നും വീഡിയോയില്‍ പറയുന്നു. ആദ്യം തന്നെ മത്സ്യം വാങ്ങി റഫ്രിജറേറ്ററിന് പുറത്ത് ഏറെനേരം സൂക്ഷിക്കുന്നത് അതിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

വീഡിയോ കാണാം…

 

പറക്കും തളികൾ യാഥാർത്ഥ്യമാണോ, ശാസ്ത്ര ലോകത്തിന് മുന്നിൽ എന്നും തർക്ക വിഷയമാണ് പറക്കും തളികൾ എന്ന വിളിക്കപ്പെടുന്ന യുഎഫ്ഒ (അൺ ഐഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജക്റ്റ്). എന്നാൽ അടുത്തിടെ യുഎസ് നാവിക സേനയ്ക്കു മുന്നിൽ കുടുങ്ങിയ അജ്ഞാത വസ്ഥു യുഎഫ്ഒയുടെ ഗണത്തിൽ പെടുന്നതാണെന്നാണ് നേവി അധികൃതർ നൽകുന്ന വിശദ്ദീകരണം. ഇതോടെ പറക്കും തളികകൾ യാഥാർത്ഥ്യമാണോ എന്ന് വീണ്ടും ചർച്ച ആരംഭിച്ചിരിക്കുകയാണ്. പുറത്തുവന്ന ‘യു‌എഫ്‌ഒ വിഡിയോകൾ’ യഥാർത്ഥ്യമാണെന്നും ഒരിക്കലും പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാൻ പാടില്ലാത്തതാണെന്നുമായിരുന്നു യുഎസ് നേവി വക്താവിന്റെ പ്രതികരണം.

മുന്ന് വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. യുഎസ് നാവിക സേനയുടെ വിമാനങ്ങളുടെ റഡാറിൽ കുടുങ്ങിയ യു‌എഫ്‌ഒകളുടെ മൂന്ന് വിഡിയോകൾ യഥാർഥമാണെന്നാണ് നാവികർ സ്ഥിരീകരിക്കുന്നതെന്ന് ലൈവ് സയൻസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുറത്തുവന്ന ‘യു‌എഫ്‌ഒ വിഡിയോകൾ’ യഥാർഥമാണ്, എന്നാൽ അത് പറക്കും തളികകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും യുഎസ് നേവി വക്താവ് പറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്ക് ടൈസാണ് വീഡിയോ പുറത്ത് വിട്ടത്.

നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് നേരിടാൻ കഴിയാത്ത നിഗൂഢ വസ്തുക്കളായിരുന്നു അവ. ഇത് ഒരിക്കലും പൊതുജനങ്ങളെ കാണിക്കാൻ ആഗ്രഹിച്ചിരുന്നില്ല. നാവികസേന ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസ് ഫോർ ഇൻഫർമേഷൻ വാർഫെയർ വക്താവ് ജോസഫ് ഗ്രേഡിഷർ പറയുന്നു.

പുറത്ത് വന്ന ഒരു ക്ലിപ്പിൽ ഇരുണ്ടതും ക്യാപ്സൂൾ ആകൃതിയിലുള്ളതുമായ ഒരു വസ്തു അതിവേഗത്തിൽ വശങ്ങളിലേക്ക് തെന്നിക്കളിക്കുന്നതുമാണ് കാണിക്കുന്നത്. നിരീക്ഷിക്കുന്ന വിമാനത്തിന്റെ സെൻസർ ലോക്ക് അതിവേഗം സഞ്ചരിക്കുന്ന ലക്ഷ്യത്തെ കുടുക്കാൻ ശ്രമിക്കുന്നതാണ് മറ്റൊന്ന്. ഒരു നീളമേറിയ ഒബ്ജക്റ്റ് നീങ്ങുന്നതാണ് മൂന്നാമത്തെ വീഡിയോ. ഇത് നിരീക്ഷിക്കുന്ന പൈലറ്റുമാർ ആശ്ചര്യത്തോടെ ഒച്ചവയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഫലസൂചനകൾ. 91% വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ വലതുപക്ഷ കക്ഷി ലികുഡ് പാർട്ടി 55 സീറ്റുകളാണ് നേടിയിരിക്കുന്നത്. ആകെ 120 സീറ്റിൽ കേവലഭൂരിപക്ഷം 61 സീറ്റാണ്.

എതിർകക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്കും സഖ്യകക്ഷികൾക്കുമായി ആകെ ലഭിച്ചിരിക്കുന്നത് 56 സീറ്റുകളാണ്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

പേപ്പർ ബാലറ്റുകളാണ് ഇസ്രായേൽ ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഫലങ്ങൾ വൈകിയാണ് വരുന്നത്. 40 ലക്ഷം വോട്ടർമാർക്കു വേണ്ടി 11,000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്.

ഏപ്രിൽ മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിലും ലികുഡ് പാർട്ടിക്ക് മതിയായ സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സഖ്യ സർക്കാരുണ്ടാക്കാൻ നെതന്യാഹു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതെത്തുടർന്ന് പാർലമെന്റ് പിരിച്ചു വിടുകയായിരുന്നു.

ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടിക്ക് 35 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഇതുവരെ വന്ന ഫലങ്ങൾ പ്രകാരം നെതന്യാഹുവിന്റെ കക്ഷിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത് 32 സീറ്റുകളാണ്. സഖ്യത്തിലുള്ള മറ്റ് കക്ഷികളെല്ലാം ചേർന്ന് 55 സീറ്റ് നെതന്യാഹു പക്ഷത്തിനുണ്ട്.

അതെസമയം യിസ്രായേൽ ബെയ്തെയ്നു പാർട്ടിയുടെ നേതാവായ അവിഗ്ദോർ ലീബർമാന്‍ തന്റെ കക്ഷിക്ക് 9 സീറ്റുകൾ സംഘടിപ്പിച്ചു കൊടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലപാടാണ് അടുത്ത സർക്കാർ ആരുടേതാണെന്ന് തീരുമാനിക്കുക എന്നുറപ്പായിട്ടുണ്ട്. ഇദ്ദേഹം ഒരുകാലത്ത് നെതന്യാഹുവിന്റെ വലംകൈയായിരുന്നു.

പൗരത്വപട്ടികയില്‍ നിന്ന് പുറത്താകുന്നവരെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിന് മാത്രമല്ല, രാജ്യത്തിനാകെ ബാധകമാണ് ദേശീയ പൗരത്വ പട്ടിക. രാജ്യത്തുടനീളം ഇത് നടപ്പാക്കും. അസം പൗരത്വ പട്ടിക എന്നല്ല ദേശീയ പൗരത്വ പട്ടിക എന്നാണ് പേര്. ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കും. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഹിന്ദി പത്രം ഹിന്ദുസ്ഥാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ ഇംഗ്ലണ്ടിലോ നെതര്‍ലാന്‍ഡ്‌സിലോ അമേരിക്കയിലോ പോയി കുടിയേറാന്‍ നോക്കൂ. നിങ്ങളെ അവര്‍ അകത്ത് കയറ്റില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെ ഇന്ത്യയിലേയ്ക്ക് വെറുതെ വന്ന് ഇവിടെ താമസമാക്കാന്‍ കഴിയും? – അമിത് ഷാ ചോദിച്ചു. ഒരു രാജ്യവും ഇങ്ങനെയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ പട്ടികയുണ്ടാവുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അസമില്‍ മാത്രമല്ല, രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പാക്കുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് രജിസ്റ്ററുണ്ടാകും. മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും – അമിത് ഷാ പറഞ്ഞു.

ഈ രാജ്യത്തെ ജനങ്ങള്‍ 2019ല്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഞങ്ങള്‍ എന്‍ആര്‍സിയുമായി മുന്നോട്ട് പോകും. പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ നിയമപരമായ നടപടികള്‍ക്ക് ശേഷം രാജ്യത്ത് നിന്ന് പുറത്താക്കും – അമിത് ഷാ പറഞ്ഞു. അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ട്രൈബ്യൂണലിനെ സമീപിക്കാം. അഭിഭാഷകരെ വയ്ക്കാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

ചൈനയിലെ യാങ്സിയിലൂടെ നീന്തുന്ന അ‍ജ്ഞാത ജീവി. കറുത്ത്, നീളത്തിലുള്ള ഒരു വസ്തു തടാകത്തിലൂടെ നീന്തുന്നതായിരുന്നു കാഴ്ച. ഒരു ഘട്ടത്തിൽ ഇതിന്റെ നീളം പത്തടി വരെയെത്തിയിരുന്നു. പക്ഷേ ജീവിക്ക് 60 അടി വരെ നീളമുണ്ടെന്നാണു വിഡിയോ കണ്ട പലരും വിലയിരുത്തുന്നത്. വിഡിയോകൾ പുറത്തെത്തി മണിക്കൂറുകൾക്കകം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ സംഗതി വൈറലാവുകയും ചെയ്തു. ഇതെന്തു തരം ജീവിയാണെന്ന ചർച്ച ഇപ്പോഴും തുടരുകയാണ്.

നീണ്ട കഴുത്തും ദിനോസറുകളുടെ രൂപവുമുള്ള ജീവി നേരത്തെ സ്കോട്ടലന്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നെസ്സി എന്നാണ് അതിനെ ഒാമനപ്പേരിട്ടു വിളിച്ചിരുന്നത്.

എന്നാൽ അടുത്തിടെ തടാകത്തിൽ നിന്നുള്ള ഡിഎൻഎ സാംപിളുകൾ പരിശോധിച്ചപ്പോൾ നെസ്സി എന്ന ജീവിയില്ലെന്നാണു ഗവേഷകർ കണ്ടെത്തിയത്. വമ്പൻ ഈൽ മത്സ്യത്തെ നെസ്സിയായി തെറ്റിദ്ധരിച്ചതാണെന്നാണു പറയപ്പെടുന്നത്. എന്തായാലും പുതിയ ജീവിയെ നെസ്സിയുടെ ബന്ധുവായാണ് ആളുകൾ കാണുന്നത്.

ദൂരെ നിന്നുള്ള വിഡിയോ ആയതിനാൽ വ്യക്തത കുറവാണ്. കാഴ്ചയിൽ ഒരു പാമ്പിനെപ്പോലെയാണു നീന്തൽ. നദിയിലെ കനത്ത ഒഴുക്കിനെയും കൂസാതെയാണു യാത്ര. വിഡിയോകളിലെല്ലാം ജീവിയുടെ നീളൻ വാലും തലയും കാണാം. വെള്ളത്തിൽ കാണപ്പെടുന്ന ഭീമൻ പാമ്പായിരിക്കാം ഇതെന്നാണു വിദഗ്ധർ പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്സിയിൽ ഇത്തരം പാമ്പുകൾ ഏറെയുണ്ട് താനും. പക്ഷേ ഇത്രയേറെ വലുപ്പം അപൂർവമാണ്.

ഇതൊന്നുമല്ല, വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ ഒരു കറുത്ത പ്ലാസ്റ്റിക് ഷീറ്റിനെയാണ് രാക്ഷസജീവിയാക്കി മാറ്റിയതെന്നും വാദിക്കുന്നവരുണ്ട്. വിഡിയോ എന്തായാലും ദശലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു

തങ്ങളുടെ എണ്ണപ്പാടത്തിനും സംസ്‌കരണശാലയ്ക്കും നേരെ ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്നതിനു കൃത്യമായ തെളിവ് കൈവശമുണ്ടെന്ന് സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണം നടന്നത് ഇറാന്റെ മണ്ണില്‍നിന്നാണെന്നു യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് തെളിവുകള്‍ കാണിക്കാന്‍ തയാറാണെന്നു സൗദി അറിയിച്ചിരിക്കുന്നത്.
ഇതോടെ മധ്യപൂര്‍വ ദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും. ഇന്ന് പ്രാദേശിക സമയം രണ്ടരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് തെളിവുകളും ആക്രമണത്തിന് ഉപയോഗിച്ച് ഇറാന്‍ നിര്‍മിത ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഭീകരാക്രമണത്തില്‍ ഇറാന്‍ ഭരണകൂടത്തിനുള്ള പങ്ക് ഇതോടെ വ്യക്തമാകുമെന്നും സൗദി അറിയിച്ചു. യെമനില്‍ നിന്നല്ല ആക്രമണമെന്ന് സൗദി ആദ്യം തന്നെ പറഞ്ഞിരുന്നു. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പു വിചാരിച്ചിരുന്നതിനേക്കാള്‍ ആസൂത്രിതവും സങ്കീര്‍ണവുമായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു.

തെക്കുപടിഞ്ഞാറന്‍ ഇറാനില്‍നിന്നാണ് ആക്രമണമെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിനു മറുപടി നല്‍കാന്‍ തങ്ങള്‍ക്കു ശേഷിയുണ്ടെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രതികരിക്കുകയും ചെയ്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും മറ്റ് ഉദ്യോഗസ്ഥരും സൗദിയിലേക്കു തിരിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവിടണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തിരുന്നു.

എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവത്തിന്റെ ലോഗോ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും പരമാധ്യക്ഷ്യനും ആയ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത ജലോത്സവ സമിതി ചെയർമാൻ സിനു രാധേയത്തിന് നല്കി പ്രകാശനം ചെയ്തു. പ്രസിഡൻറ് ബിൽബി മാത്യംവിന്റെ അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ ഉൾപ്പെടുത്തി ജലോത്സവം സംഘടിപ്പിക്കുവാൻ ഉള്ള സംഘാടക സമിതിയുടെ തീരുമാനത്തെ മെത്രാപോലീത്ത അഭിനന്ദിച്ചു.
സിബി സാം തോട്ടത്തിൽ ,വൈസ് ചെയർമാൻ സജീവ് എൻ.ജെ ,ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, അനിൽ ജോർജ് ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

ഒരു തുഴ മുതൽ 5 തുഴ വരെയുള്ള തടി ഫെബർ വള്ളങ്ങളെ കൂടാതെ വെപ്പ് , ഓടി, ചുരുളൻ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. ഒക്ടോബർ 1 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

വിശാഖ് എസ് രാജ്‌

വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവർ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോർ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങൾ ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പുതിയ നിയമത്തിനെതിരെ ഉന്നയിച്ചത്.നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണമെന്ന ‘നൂതന’മായ ആശയവും അവർ മുന്നോട്ടു വെച്ചു.ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ നന്നാക്കിയിട്ടേ പിഴത്തുക കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നുകൂടി ഒരു നേതാവ് പറഞ്ഞുകളഞ്ഞു.റോഡുകൾ നല്ലതാവണമെന്ന ബോധ്യം ചിലർക്ക് വരാനെങ്കിലും പുതിയ നിയമം ഉപകരിച്ചു എന്നത് നല്ല കാര്യം.

പ്രതിദിനം 98 ബൈക്ക് യാത്രികർ ഹെൽമറ്റ് ഉപയോഗിക്കാത്തതിനാൽ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ജീവൻ വെടിയുന്നവർ പ്രതിദിനം 79 പേർ.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടമുണ്ടായവർ ഒൻപത് പേർ.ജീവൻ നഷ്ടമായരുടെ കണക്കുകൾ ആണിത്.ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവർ ഈ കണക്കുകളിലും മുകളിൽ ആയിരിക്കും.

ബോധവൽക്കരണമോ ഉപദേശമോകൊണ്ട് കണക്കുകളിൽ കുറവുണ്ടാകുമെന്ന് കരുതാനാവില്ല.നിയമം എന്തിനാണെന്നും ആർക്കുവേണ്ടിയാണെന്നും കൃത്യമായി ബോധ്യമുള്ള പൗരന്മാർ തന്നെയാണ് ഇവിടുള്ളത്.അനുസരിക്കാൻ മടിയാണെന്ന് മാത്രം. ചെറിയ തുക അടച്ചാൽ കുറ്റത്തിൽ നിന്ന് ഒഴിവാകുമെങ്കിൽ ആ കുറ്റം തുടർന്നുകൊണ്ടേയിരിക്കും.5000 രൂപ പിഴ കിട്ടുമെന്ന് ഭയന്ന് ഹെൽമറ്റ് വെയ്ക്കാതെ/ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ മടി കാണിച്ച പരിചയക്കാർ നമ്മുക്കിടയിൽ ഉണ്ടാവില്ലേ?ഇതേ കുറ്റത്തിന് 100 രൂപ പിഴ ആണെങ്കിലോ?അഥവാ പിടിക്കപ്പെട്ടാലും 100 കൊടുത്ത് രക്ഷപെടാം എന്നു ചിന്തിക്കുന്ന കുറേയധികം പേരെ നമ്മുക്ക് അറിയാം. ഉയർന്ന പിഴ ചുമത്തുന്നതിനെ ഒരു രാഷ്ട്രീയ നേതാവ് എതിർക്കുമ്പോൾ ജനങ്ങളുടെ കുറ്റം ചെയ്യാൻ ഉള്ള വാസനയെ അയാൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.അയാളുടെ ഉന്നം കിട്ടാനിടയുള്ള കുറച്ചു വോട്ടുകൾ ആണ്.ദിവസം 98 ജീവനുകൾ എന്നത് അയാളുടെ വിഷയമേ അല്ല ജനങ്ങൾക്ക് ഒപ്പം നിന്നു എന്ന തോന്നാലുണ്ടാക്കുകയാണ് ലക്ഷ്യം.എത്ര വലിയ ജനാധിപത്യം ആണെങ്കിലും ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അംഗീകരിച്ചുകൊണ്ട് ഭരിക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല.അത് നാടിന് ഗുണം ചെയ്യുകയുമില്ല.വിദേശ രാജ്യങ്ങൾ ചെല്ലുമ്പോൾ ഇത്തരം നിയമങ്ങൾ കണ്ടാൽ നാം അനുസരണാ ശീലമുള്ളവരായി മാറും.നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന അധികാരികളെ നാം വാഴ്ത്തും.പക്ഷെ സ്വന്തം നാട്ടിൽ അതൊന്നും വേണ്ടാ എന്ന നിലപാട് എടുക്കുകയും ചെയ്യും.


റോഡുകൾ നന്നാക്കിയിട്ട് മതി പുതിയ നിയമം നടപ്പിലാക്കാൻ എന്ന സന്ദേശമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാം. നല്ല റോഡുകൾ വേണ്ടത് തന്നെ. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കടമയാണതെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ കടമ നിറവേറ്റാത്ത പക്ഷം ഏത് സർക്കാരിനെയും പാർട്ടിയെയും ട്രോളുന്നതിൽ തെറ്റുമില്ല.പക്ഷേ റോഡ് നന്നായാൽ ഉടനെ വാഹന നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടും എന്നുള്ളതിന് എന്താണുറപ്പ്?. ഇപ്പോൾ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ നല്ല റോഡുകൾ ഇല്ലാത്തതിനോടുള്ള പ്രതിഷേധ പ്രകടനങ്ങൾ ആണോ?. അതോ മോശപ്പെട്ട റോഡുകളിൽ മാത്രം ആണോ ആളുകൾ ഹെൽമറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത്?. മോശം റോഡിൽ നിന്ന് നല്ല റോഡിലേയ്ക്ക് വണ്ടി കയറുമ്പോൾ ഹെൽമറ്റ് വെക്കുമായിരിക്കും. കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമായിരിക്കും. x-നോട് നന്നാവാൻ പറയുമ്പോൾ Y നന്നായിട്ട് നോക്കാം എന്ന് പറയുമ്പോലെ ഉള്ള ഒരു വാദം മാത്രമാണ് തകർന്ന് റോഡുകളോടുള്ള ഈ സ്നേഹം. മറ്റൊന്ന് അഴിമതി കൂടും എന്നുള്ള ആരോപണമാണ്. അഴിമതി നാട്ടിൽ ഇപ്പോൾ ഒട്ടും ഇല്ലാത്തതാണെങ്കിൽ അംഗീകരിക്കാമായിരുന്ന വാദഗതി ആണിത്. അഴിമതി ഉണ്ടെങ്കിൽ തടയാൻ ആർജവം ഉള്ള ഭരണം സംവിധാന വേണം. റോഡിൽ മാത്രമല്ലല്ലോ നമ്മുടെ നാട്ടിൽ അഴിമതിയുള്ളത്. പഴയ അഴിമതി അവിടെ നിൽക്കട്ടെ ,പുതിയത് വരാതെ നോക്കാമെന്നുള്ള ഉദ്ദേശശുദ്ധി മഹത്തരംതന്നെ.

 

 

 

വിശാഖ് എസ് രാജ്‌, മുണ്ടക്കയം

RECENT POSTS
Copyright © . All rights reserved