സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് ഒരുങ്ങുകയാണ് സർക്കാർ. കൊച്ചി മരടിലെ 5 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കുക എന്നത് നഗരസഭയ്ക്കും സർക്കാരിനും കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക. ഇതിനായി നഗരസഭ കണക്കാക്കുന്ന ചെലവ് 30 കോടി രൂപയാണ്. ടെൻഡർ വിളിച്ചാണു കരാർ നൽകേണ്ടത്. ഉത്തരവ് 20 മുൻപു നടപ്പാക്കണമെന്നാണു സുപ്രീം കോടതി അന്ത്യശാസനമെങ്കിലും ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല. ഫ്ലാറ്റുകൾ ഒറ്റയ്ക്കു പൊളിച്ചുമാറ്റാൻ സാമ്പത്തികശേഷിയില്ലെന്നാണു നഗരസഭയുടെ നിലപാട്.
ഇതു നഗരസഭയുടെ ബാധ്യതയാണെന്നാണു സർക്കാർ വാദം.ഇത്രയും വലിയ കോൺക്രീറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ വൻ സാങ്കേതിക സംവിധാനം വേണ്ടി വരും. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന പ്രശ്നവുമുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വിഷയമാണ്. ചെന്നൈ ഐഐടിയിലെ വിദഗ്ധർ പരിസ്ഥിതി ആഘാത പഠനം നടത്തിയെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. വിധി നടപ്പാക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധി 11 ദിവസത്തിനുള്ളിൽ അവസാനിക്കും. 5 അപ്പാർട്മെന്റ് സമുച്ചയത്തിലെ 350 ഫ്ലാറ്റിൽ 1200 പേർ താമസിക്കുന്നുണ്ടെന്നാണു നഗരസഭയുടെ കണക്ക്.
ഈ മാസം 27 ന് പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ പര്യടനം അനിശ്ചിതത്തിലായത് ഇന്ത്യയുടെ ഭീഷണിയെ തുടര്‍ന്നാണെന്ന
ആരോപണവുമായി പാകിസ്ഥാന്‍ മന്ത്രി. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാനിരുന്നത്. എന്നാല്‍ ലങ്കന്‍ ടീമില്‍ നിന്ന് ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പത്ത് താരങ്ങള്‍ ടീമില്‍ നിന്ന് പിന്‍മാറിയതോടെ മത്സരങ്ങളും അനിശ്ചിതത്വത്തിലാകുകയായിരുന്നു.
എന്നാല്‍ പാക് പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ശ്രീലങ്കന്‍ കളിക്കാരെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന പരാമര്‍ശവുമായി പാകിസ്ഥാന്‍ മന്ത്രി ഫവദ് ചൗദരി എത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായാണ് മന്ത്രി ഫവദ് ചൗദരി ആരോപിച്ചത്. ട്വിറ്ററിലൂടെയാണ് പാക് മന്ത്രി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ നിന്നും അവരെ ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഇന്ത്യ മുഴക്കിയതായി കമന്റേറ്റര്‍മാര്‍ വഴി താന്‍ അറിഞ്ഞതായി പാക് മന്ത്രി ട്വിറ്ററില്‍ കുറിക്കുന്നു.
വിലകുറഞ്ഞ തന്ത്രമാണ് ഇത്. കായികത്തിലും, ബഹിരാകാശത്ത് വരേയും കാണിക്കുന്ന ഈ യുദ്ധതല്‍പരതയെ അപലപിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുള്ളവരുടെ വിലകുറഞ്ഞ നടപടിയായി പോയി ഇതെന്നും പാക് മന്ത്രി ട്വിറ്ററില്‍ പറയുന്നു. ഏകദിന, ട്വന്റി20 നായകന്മാര്‍ ഉള്‍പ്പെടെ പിന്മാറിയെങ്കിലും മറ്റ് കളിക്കാരെ ഉള്‍പ്പെടുത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ തെരഞ്ഞെടുത്തു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാവും ടീമിനെ പ്രഖ്യാപിക്കുക.
‘കൊച്ച് പോയത് നാന്‍ അറിഞ്ഞിട്ടേയില്ല, നാന്‍ പോയാലും എന്‍ കൊച്ചിനെ വിടില്ലായിരുന്നു, ഇത് സത്യാണ്’. പറയുന്നത് മൂന്നാറിന് സമീപം രാജമലയില്‍ ജീപ്പില്‍ നിന്നും തെറിച്ചുവീണ ഒന്നര വയസ്സുകാരിയുടെ അമ്മ സത്യഭാമയാണ്. കുഞ്ഞിനെ അശ്രദ്ധമായി പരിപാലിച്ച മാതാപിതാക്കള്‍ക്കെതിരെ അടിമാലി പോലീസും ബാലാവകാശ കമ്മിഷനും കേസെടുത്തതിനെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ ജീപ്പിന്റെ മുന്നിലിരുന്നവര്‍ കൊച്ച് പിന്നിലാണെന്നും പിന്നിലിരുന്നവര്‍ മുന്നിലൈണെന്നും കരുതി പോരികയായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സബീഷ് വ്യക്തമാക്കി. കമ്പിളിക്കണ്ടത്ത് വന്നപ്പോഴും സത്യമായിട്ടും കൊച്ചിനെ കാണാനില്ലെന്ന് അറിഞ്ഞത്. ഉണര്‍ന്നപ്പോള്‍ മുമ്പിലാണ് കുട്ടിയെന്നാണ് ആദ്യം കരുതിയതെന്ന് സത്യഭാമ പറയുന്നു. കുട്ടി കൂടെയില്ലെന്ന് അറിഞ്ഞപ്പോഴുണ്ടായ വിഷമം പറയാനാകില്ല. രണ്ട് ദിവസമായി യാത്രയിലായിരുന്നു. യാത്രക്ഷീണവും അതിനൊപ്പം തലവേദനയ്ക്ക് ഗുളിക കഴിച്ചതും കൊണ്ടായിരിക്കും ഉറങ്ങിപ്പോയത്. കൊച്ച് താഴെ വീണത് അറിഞ്ഞില്ല, അറിഞ്ഞെങ്കില്‍ താനും എടുത്ത് ചാടിയേനെ. കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം സഹിക്കാനായില്ലെന്നും ബോധംകെട്ടു വീണെന്നും സത്യഭാമ പറയുന്നു.
ഗുളിക കഴിക്കുമ്പോള്‍ ചേട്ടായിയുടെ അച്ഛന്റെ കയ്യിലായിരുന്നു കുഞ്ഞ്. മറയൂരെത്തിയപ്പോള്‍ ചേട്ടത്തിയുടെ വീട്ടില്‍ പോയി. അവിടെ നിന്നും രാജമലയിലെത്തുന്നതിന് കുറച്ച് മുമ്പാണ് തന്റെ കയ്യില്‍ കുഞ്ഞിനെ തന്നതെന്നും സത്യഭാമ ഓര്‍ത്തെടുക്കുന്നു. കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ കൊച്ച് ഉറങ്ങിപ്പോകുകയും ചെയ്തു. അതുകഴിഞ്ഞ് കൊച്ചെങ്ങനെയോ ഊര്‍ന്ന് പോയി. അത് താന്‍ അറിഞ്ഞതുമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. പിന്നെ തനിക്കൊന്നുമറിയില്ല. കമ്പിളിക്കണ്ടത്തെത്തിയപ്പോള്‍ അമ്മയോട് കുഞ്ഞിനെ ചോദിക്കുമ്പോഴാണ് കുഞ്ഞ് വണ്ടിയിലില്ലെന്ന് അറിഞ്ഞത്. വിഷമം കാരണം താന്‍ അപ്പോള്‍ തന്നെ ബോധംകെട്ട് വീണു.
അപ്പോഴാണ് വെള്ളത്തൂവല്‍ പോലീസ് പട്രോളിംഗിനായി അതുവഴി വന്നത്. ഇവരില്‍ നിന്നും വിവരമറിഞ്ഞ പോലീസ് ഉടന്‍ തന്നെ മൂന്നാര്‍ പോലീസുമായി ബന്ധപ്പെട്ടു. വെള്ളത്തൂവല്‍ പോലീസില്ലായിരുന്നെങ്കില്‍ തന്റെ കുഞ്ഞിനെ ലഭിക്കില്ലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഇടപെടലില്‍ തനിക്ക് നന്ദിയുണ്ടെന്നും ഈ അമ്മ പറയുന്നു.
മൂന്നാറില്‍ ഒന്നരവയസ്സുകാരി ജീപ്പില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കുമെതിരെ അടിമാലി പോലീസ് കേസെടുത്തു. ബാലനീതി പ്രകാരം കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കത്തതിനാണ് കേസ്. സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
അടിമാലി കമ്പിളിക്കണ്ടം സ്വദേശികളായ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമുമുള്ള കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാജമല അഞ്ചാം മൈലില്‍ വച്ചാണ് കുട്ടി ജീപ്പില്‍ നിന്നും തെറിച്ചു വീണത്. റോഡില്‍ വീണ കുട്ടി ഇഴഞ്ഞ് ചെക്ക്‌പോയിന്റിലേക്ക് തന്നെ നീങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. അതേസമയം കുട്ടി ജീപ്പിലില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് മൂന്ന് മണിക്കൂറിന് ശേഷം അമ്പത് കിലോമീറ്റര്‍ അകലെ കമ്പിളിക്കണ്ടത്ത് വച്ചാണ്.
സതീഷും സത്യഭാമയും ഞായറാഴ്ച പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങവെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം നടന്നത്. വളവു തിരിയവെ മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ട് പോവുകയും ചെയ്തു. രാജമലയിലെ അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം.
രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസി ക്യാമറയിലൂടെ റോഡില്‍ ചെക്പോസ്റ്റിന്റെ ഭാഗത്ത് എന്തോ ഇഴഞ്ഞു നടക്കുന്നത് കാണുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ വിവരമറിയിക്കുകയും ചെയ്തു. വാര്‍ഡന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു.
പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ കുട്ടി ഇല്ലെന്ന് തിരിച്ചറിയുകയും ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളത്തൂവല്‍ സ്റ്റേഷിനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.
അതേസമയം പോലീസ് നടപടികളെ നിയമപരമായി നേരിടുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുഞ്ഞ് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് അച്ഛന്‍ സബീഷ് പറഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് വിഷമം സഹിക്കാനാകാതെ താന്‍ ബോധം കെട്ടുവീണുവെന്ന് സത്യഭാമ അറിയിച്ചു.
മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ.കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്‍(40) ആണ് ദുബൈ അല്‍ഖൂസിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.ഇന്നു രാവിലെയായിരുന്നു സംഭവം.
സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് വിജേഷാണു കുത്തിക്കൊന്നതെന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
കൊച്ചി:മട്ടാഞ്ചേരിയിലെ ഏറ്റവും പഴയ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. തിങ്കളാഴ്ച്ച രാത്രി പെയ്ത മഴയിലാണ് 400 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം അടക്കം ഇടിഞ്ഞുവീണത്.
ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് വിളിച്ചിരുന്നത്. ഇവര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ നാശത്തിന്റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.
ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരിയായ യുവതിയോടു പരിശോധനയ്ക്കിടെ വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥ. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിരാലി മോദിയോടാണ് ഡൽഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയുടെ അതിക്രമം. 2006–ൽ നട്ടെലിനു ക്ഷതമേറ്റതു മുതൽ വീൽചെയറിലാണ് വിരാലി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റിൽ പോകുന്നതിനു വേണ്ടിയാണ് വിരാലി ഡൽഹി വിമാനത്താവളത്തിലെത്തിയത്.
വീൽചെയർ കാർഗോയിൽ ഏൽപ്പിച്ച ശേഷം വിരാലിയെ സീറ്റിൽ ഇരുത്തുന്നതിനു വേണ്ടി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ പരിശോധനാ കൗണ്ടറിൽ എത്തിയപ്പോൾ ഒരു സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) ഉദ്യോഗസ്ഥ വിരാലിയോട് വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് എഴുന്നേൽക്കാൻ സാധിക്കില്ലെന്നു വിരാലി പറഞ്ഞപ്പോൾ നാടകം കളിക്കരുതെന്നു പറഞ്ഞ ഉദ്യോഗസ്ഥ മുതിർന്ന ഓഫിസറോടു പരാതിപ്പെടുകയും ചെയ്തു .
വീൽചെയർ ഉപയോഗിക്കുന്നയാളാണെങ്കിലും നിരന്തരം വിദേശയാത്രകൾ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി തന്റെ പാസ്പോർട്ട് ഉൾപ്പെടെ അവരെ കാണിച്ചതായി വിരാലി സിഐഎസ്എഫിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. തിരക്കിനിടയിൽ ഉദ്യോഗസ്ഥയുടെ പേര് ശ്രദ്ധിക്കാൻ സാധിച്ചില്ല. ഒടുവിൽ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥ എത്തി സാധാരണ പരിശോധനകൾ മാത്രം നടത്തി തന്നെ പോകാൻ അനുവദിച്ചു. സംഭവത്തിൽ സിഐഎസ്എഫ് തന്നോടു ഖേദം പ്രകടിപ്പിച്ചതായും വിരാലി പിന്നീട് ട്വീറ്റ് ചെയ്തു.
രണ്ടു വർഷം മുൻപു, മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ കയറാൻ സഹായിച്ച റെയിൽവേ പോട്ടർ തന്നെ ശാരീരികമായി ചൂഷണം ചെയ്തെന്ന ആരോപണവുമായി വിരാലി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നു മൈ ട്രെയിൻ ടൂ…എന്ന ഹാഷ്ടാഗിൽ വിരാലി ആരംഭിച്ച പ്രചാരണത്തെ തുടർന്നാണ് എറണാകുളം സൗത്ത റെയിൽവെ സ്റ്റേഷൻ രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ റെയിൽവേ സ്റ്റേഷനായി മാറ്റിയത്. മോഡലിങ് രംഗത്ത് ഉൾപ്പെടെ സജീവമാണ് വിരാലി മോദി.
ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാജാസ് കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 550 പേര്‍ക്കുള്ള സദ്യയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഭക്ഷണം തയ്യാറാക്കി ഹോട്ടലുകാര്‍ കോളേജില്‍ എത്തിച്ചും നല്‍കി. എന്നാല്‍ തയ്യാറാക്കി നല്‍കിയ ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ചാണ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെത്തി അക്രമണം നടത്തിയത്. മുന്‍കൂറായി നല്‍കിയ ഇരുപതിനായിരം രൂപയും ഇവര്‍ ബലമായി കൈക്കലാക്കി.
മഹാരാജാസ് കോളേജിലെ എഎസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങള്‍ തിരികെ നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലുടമ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.
ലണ്ടൻ: അഞ്ച് ആഴ്ചത്തേക്ക് പാർലമെന്‍റ് സസ്പെൻഡ് ചെയ്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നീക്കത്തെ ഏതറ്റംവരേയും എതിർക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാർ മുന്നറിയിപ്പ് നൽകി.
കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിനെതിരായ എതിർപ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം കഴിഞ്ഞയാഴ്ച പാർലമെന്‍റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകൾ വേണ്ടിടത്ത് കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകളേ നേടാനായുള്ളൂ. പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമായിട്ടും രണ്ടാമതൊരിക്കൽക്കൂടി തന്‍റെ ആവശ്യം അദ്ദേഹം പാർലമെന്‍റിൽ ഉന്നയിച്ചിരിക്കുകയാണ്.
കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള ബോറിസ് ജോൺസന്റെ നയത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷത്തിലെ ചില അംഗങ്ങളും പിന്തുണച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 27 ന് യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ പ്രസംഗിക്കും.രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. സെപ്റ്റംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
സെപ്റ്റംബര്‍ 27 ന് തന്നെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗോള നേതാക്കളെ അഭിസംബോധന ചെയ്യുന്നത്.. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരിക്കും ഇംറാന്‍ ഖാന്‍ യു.എന്‍.ജി.എ സമ്മേളനത്തില്‍ പ്രസംഗിക്കുക.
പട്ടിക പ്രകാരം 112ഓളം രാഷ്ട്രത്തലവന്മാരും 48 ഓളം സര്‍ക്കാര്‍ മേധാവികളും 30 ലധികം വിദേശകാര്യ മന്ത്രിമാരും പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തും.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. പൊതുചര്‍ച്ചയില്‍ ബ്രസീലിനുശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നല്‍കുക.
യു.എസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. 2019-ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മോദിയെ അവാര്‍ഡിന് പരിഗണിച്ചത്.ലോകം മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുമ്പോൾ യു.എൻ. ആസ്ഥാനത്ത് സെപ്റ്റംബർ 24-ന് നടക്കുന്ന പ്രത്യേകപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.