റോഷിൻ എ റഹ്‌മാൻ
പ്രിയപ്പെട്ട അമ്പിളീ, മാപ്പ്… നിന്റെ നിഷ്കളങ്കത തമാശയായി കണ്ട് ആർത്തു ചിരിച്ചതിന്; നിന്റെ മനസ്സു കാണാതെ, നീ പ്രകടമാക്കിയ ചേഷ്ടകളിൽ മാത്രം രസിച്ചതിന്; ഒക്കെയും മാപ്പ്… നീ എന്തിനാണ് അമ്പിളീ ഞങ്ങളൊക്കെ വെറും ചെറിയ മനുഷ്യ ജന്മങ്ങളാണെന്ന് പറയാതെ പറഞ്ഞുവച്ചത്? സ്നേഹക്കൂടുതലുള്ളവരൊക്കെ ഭ്രാന്തന്മാരാണെന്ന് പേരറിയാത്ത ആ സ്ത്രീ പറഞ്ഞത് എത്രയോ ശരി! ആ സ്നേഹക്കൂടുതൽ കൊണ്ടാവും, നീ സൗബിൻ ഷാഹിർ എന്ന പ്രതിഭയിലേക്ക് അത്രമേൽ ലയിച്ചു ചേർന്നത്, അല്ലേ? നീയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭ്രാന്തൻ എന്നു പറയുമ്പോൾ, അല്പം ജാള്യതയോടെ പറയട്ടെ, ഞങ്ങളൊക്കെയും ഈ ലോകത്ത് ഭ്രാന്തില്ലാതെ ജീവിക്കുന്നു എന്നത് എന്തോ, വലിയൊരു തെറ്റായി തോന്നുന്നു… ഡോക്ടർ ചൗധരി പറഞ്ഞതുപോലെ, നമ്മെ തേടി വരുന്ന സ്നേഹം മനസ്സിലാക്കുമ്പോഴേക്കും നമ്മുടെ കണ്ണു നിറഞ്ഞിരിക്കും… സത്യം, നീ ഞങ്ങളുടെ കണ്ണു നിറച്ചു – മനസ്സും..! ടീനയെപ്പോലൊരു പെൺകുട്ടിയും, കുര്യച്ചനെപ്പോലെയൊരു പിതാവും നമ്മുടെയിടയിൽ എവിടെയെങ്കിലുമൊക്കെ ഉണ്ടാവണേ എന്ന് അറിയാതെയെങ്കിലും ആഗ്രഹിച്ചുപോയെങ്കിൽ, പ്രിയ കഥാകൃത്തേ, അത് താങ്കളുടെ വിജയത്തിന്റെ പൂർണതയാണ്!
സാധാരണക്കാരന്റെ നിഷ്കളങ്കതയെയും നിസ്സഹായതയെയും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ചിന്താഗതിയെ വെറുമൊരു നാട്ടിൻപുറത്തിന്റെ പച്ചനിറമുള്ള, ഏലയ്ക്കാ മണമുള്ള ക്യാൻവാസിൽ എത്ര തന്ത്രപരമായാണ് ജോൺ പോൾ ജോർജ്, താങ്കൾ വരച്ചിട്ടത്! ‘ഫ്ളക്സിലേക്ക്’ മാറാൻ താൽപര്യമില്ലാത്ത അമ്പിളിയെ ‘പൊട്ടൻ’ എന്ന് വിളിക്കുന്നവരെ ഷേവിംഗ് മിററിലൂടെ സ്വന്തം ഉള്ളു കാണിച്ചു കൊടുക്കുന്ന താങ്കളുടെ ബ്രില്യൻസ് അപാരം..! മിസ്റ്റർ ബീനിലേക്കും, ‘ദൈവ തിരുമകളിലെ’ കൃഷ്ണയിലേക്കുമൊക്കെ വഴുതി പോകാമായിരുന്ന ‘അമ്പിളി’യെ സ്വന്തം വ്യക്തിത്വത്തിൽ തന്നെ ഉറപ്പിച്ചു നിർത്തിയ സൗബിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല…
തയ്യൽക്കടക്കാരൻ ചേട്ടനും, പ്രസ്സ് മുതലാളിയും, പാൽക്കാരൻ തമിഴനും, ബൈക്ക് മെക്കാനിക്കുമെല്ലാം നമുക്കിടയിൽ ഇന്നും ജീവിക്കുന്നവരാണെന്നു നിസ്സംശയം പറയാം… ജോൺ പോൾ ജോർജ് എന്ന അതുല്യ പ്രതിഭ ജലാശയത്തിലെ ‘ഗപ്പി’യിൽ നിന്നും ആകാശത്തെ ‘അമ്പിളി’യിലേക്ക് ഉയർന്നു പൊങ്ങിയപ്പോൾ ഓരോ മലയാളി പ്രേക്ഷകനും ലഭിച്ചത് നേരിന്റെയും തിരിച്ചറിവുകളുടെയും നിലാവെളിച്ചമാണ്…
ചില നഷ്ടപ്പെടലുകളിലേക്കും, മറ്റു ചില തിരിച്ചറിവുകളിലേക്കും വെളിച്ചം വിതറുന്ന എന്തോ ഒരു മാന്ത്രികത ഈ ‘അമ്പിളി’യിലുണ്ട്, തർക്കമില്ല (ഇടയ്ക്കെപ്പോഴോ ഒരു ‘ലാഗ്’ അടിപ്പിച്ചു എന്നതൊഴിച്ചാൽ)… ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല എന്ന വസ്തുതയും ‘അമ്പിളി’ വെളിവാക്കുന്നു. അമ്പിളി എന്ന ചിത്രത്തെ ഏത് ഗണത്തിൽ പെടുത്തണം എന്ന് സത്യമായും അറിയില്ല; അല്ലെങ്കിലും ചിലതിനെ ഒരു ഗണത്തിലും പെടുത്താതെ സ്വതന്ത്രമായി വിടുന്നതാണ് ഉചിതം…
അമ്പിളിയുടെ യാത്രകൾ തുടരട്ടെ, കാലങ്ങളോളം, മണ്ണിലും മനസ്സിലും…
റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
പൊതുമേഖല വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ കുടിശ്ശികയിനത്തില്‍ ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ളത് 5000 കോടിയിലേറെ രൂപ. കഴിഞ്ഞ എട്ട് മാസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനടക്കമുള്ള കമ്പനികള്‍ക്ക് കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയ പണം നല്‍കിയിട്ടില്ല. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ക്കും എയര്‍ ഇന്ത്യ പണം നല്‍കാനുണ്ട്.
പെട്രോളിയം കമ്പനികള്‍ ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചി, പുണെ, പട്ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി വിമാനത്താവളങ്ങളില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് വ്യാഴാഴ്ച മുതല്‍ പ്രതിസന്ധിയിലായിരുന്നു. ഈ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കേണ്ടെന്നാണ് പെട്രോളിയം കമ്പനികളുടെ സംയുക്ത തീരുമാനം. ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. എങ്കിലും മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് ഇന്ധനം നിറച്ചാണ് ഈ ആറ് വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസ് നടത്തുന്നത്.
പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്. പെട്രോളിയം കമ്പനികളില്‍നിന്ന് ഇന്ധനം വാങ്ങിയാല്‍ മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. 5000 കോടി കുടിശ്ശികയിലേക്ക് ഇപ്പോള്‍ വെറും 60 കോടി നല്‍കാമെന്നാണ് എയര്‍ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. 58000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം. എയര്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വക്താവ് വ്യക്തമാക്കി.
നടൻ മുകേഷിന്റേതെന്ന പേരിലുള്ള പേജിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൽകിയ മറുപടിയും വൈറലായി. മുകേഷ് എം എന്ന പേരിലുള്ള പേജിൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് കമന്റും മറുപടിയും വന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ചിത്രമാണ് പോസ്റ്റു ചെയ്തത്. ഇതിന് താഴെ സിറാജ് ബിൻ ഹംസ എന്നയാൾ ‘കിളവന്മാർ എങ്ങോട്ടാ’ എന്ന കമന്റിട്ടു. ഇതിന് ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ’ എന്നായിരുന്നു മറുപടി. തുടർന്നാണ് ആളുകൾ ഇത് ഏറ്റെടുത്തത്. അതേസമയം, സംഭവം നിഷേധിച്ച് മുകേഷ് എംഎൽഎ രംഗത്തെത്തി.
മറുപടി വൈറലായതിന് പിന്നാലെ ‘ഹംസക്ക’യെ കാണാൻ നിരവധി പേരാണ് പോസ്റ്റിന് താഴെയെത്തിയത്. പോസ്റ്റ് അവിടെ തന്നെയുണ്ടെങ്കിലും കമന്റും അതിന് നൽകിയ മറുപടിയും അപ്രത്യക്ഷമായിരുന്നു. കമന്റിട്ടയാളുടെ അച്ഛന് മുകേഷ് വിളിച്ചുവെന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഏഴ് മണിക്കൂർ മുൻപിട്ട പോസ്റ്റ് പതിമൂവായിരത്തിലധികം പേർ ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റിന് കമന്റിട്ടത്.
അതേസമയം, അത്തരത്തിലൊരു കമന്റിട്ടത് താനല്ലെന്ന് വ്യക്തമാക്കി നടൻ മുകേഷ് രംഗത്തെത്തി. സംഭവത്തെ കുറിച്ച് അറിയില്ലെന്ന് മുകേഷ് ട്വന്റിഫോറിനോട് പറഞ്ഞു. അച്ഛന് വിളിച്ചുവെന്ന തരത്തിലാണ് ആക്ഷേപം ഉയർന്നിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ അത്തരത്തിൽ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് മുകേഷ് ചോദിക്കുന്നു. നാട്ടിൽ നിരവധി കോമഡികളുണ്ടെന്നും ഇതൊരു കോമഡിയാണോ എന്നും മുകേഷ് ചോദിച്ചു. തന്റെ നിലപാടനുസരിച്ച് താൻ അങ്ങനെ പറയില്ല. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ല. അത് വ്യാജമാണ്. മുകേഷ് മാധവൻ എന്നുള്ളതാണ് തന്റെ അക്കൗണ്ടെന്നും മുകേഷ് അറിയിച്ചു.
പാലായില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് പിജെ ജോസഫ്. നിഷ ജോസ് കെ മണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചാലും പിന്തുണക്കും. ജോസ് കെ മാണി പാര്‍ട്ടിക്ക് ബാധ്യതയാണെന്നും കേരള കോണ്‍ഗ്രസ്സ് സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിലെ 25 നേതാക്കളെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയും, പാല നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായും ചേര്‍ന്ന യോഗത്തിനു ശേഷമാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിക്ക് പാലായില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.
എന്നാല്‍ പാര്‍ട്ടി ചിഹ്നം ആര്‍ക്കു നല്‍കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്ക് മാത്രമാണെന്നും യോഗത്തിനു ശേഷം പി.ജെ ജോസഫ് പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചാണ് ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നതെന്നും, യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്തുവെന്നും ജോസഫ് അവകാശപെട്ടു. കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടി കാര്യങ്ങള്‍ ജോസ് കെ മാണി പക്വതയോടെ കൈകാര്യം ചെയ്തില്ലെന്നും പി.ജെ ജോസഫ് കൂട്ടിചേര്‍ത്തു.
ഇരു വിഭാഗം നേതാക്കളും തുറന്ന പോര് തുടരവേ, സമവായ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്ഥാവന യുഡിഎഫ് നേതൃത്വത്തിനു ആശ്വാസമാണ്. അതേസമയം, സ്ഥാനാര്‍ഥിയായി മാണി കുടുംബത്തില്‍ നിന്നൊരാളുടെ പേര് വീണ്ടും ചര്‍ച്ചയാകുന്നത്, ജോസ് കെ മാണി വിഭാഗം നേതാക്കളിള്‍ അഭിപ്രായ വ്യത്യാങ്ങള്‍ക്കിടയാക്കുമെന്ന വിലയിരുത്തലുമുണ്ട്.
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒരു സ്വകാര്യ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന രാജുകുമാറാണ് ഭാര്യയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തത്. നവി മുംബൈയിലെ ഉരാനിലാണ് സംഭവം നടന്നത്.
കൊലയ്ക്ക് ശേഷം ഇവരുടെ ഒന്നും രണ്ടും പ്രായമുള്ള പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് 31കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. 24 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ മുറിയില്‍ കഴിഞ്ഞ കുട്ടികളെ യുവാവ് ജോലി ചെയ്യുന്ന കമ്ബനിയിലെ അധികൃതര്‍ എത്തിയതിന് ശേഷമാണ് രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യ ചെയ്തത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു.
കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം കുട്ടികളെ മൃതദേഹത്തോടൊപ്പം കെട്ടിയിട്ട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകീട്ട് കമ്ബനിയിലെ മറ്റുജോലിക്കാര്‍ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മൃതദേഹവും രണ്ട് കുട്ടികളെയും വീട്ടില്‍ കണ്ടെത്തിയതോടെ തൊഴിലാളികള്‍ പൊലീസിനെ വിവരമറിയിച്ചു.
കൊച്ചി നഗരമധ്യത്തില്‍ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ബോണറ്റില്‍ വീണ യുവാവുമായി 400 മീറ്റര്‍ പാഞ്ഞ് ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ വന്നിറങ്ങിയയുടനെയായിരുന്നു കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. യുവാവുമായി 400 മീറ്ററോളം സഞ്ചരിച്ച കാര്‍ ഒടുവില്‍ അയാളെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ദേശീയപാതയില്‍ ഇടപ്പിള്ളിയില്‍ നിന്നും വൈറ്റിലേക്കുള്ള വഴി വന്ന ടാക്‌സി കാര്‍ ആണ് അപകടമുണ്ടാക്കിയത്.
മരോട്ടിച്ചോട് ജംഗ്ഷന് സമീപത്തേക്ക് ഓട്ടോയില്‍ വന്നിറങ്ങിയ ഉടന്‍ അമിത വേഗത്തിലെത്തിയ കാര്‍ തന്നെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് അപകടത്തില്‍പ്പെട്ട യുവാവ് അറിയിച്ചു. കൊച്ചി സ്വദേശിയായ നിശാന്തിനാണ് പരിക്കേറ്റത്. നിശാന്തും സുഹൃത്തും ഭക്ഷണം കഴിക്കാനായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അപകടം. ആദ്യത്തെ ഇടിയ്ക്ക് ശേഷം കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കാര്‍ വീണ്ടും ഇടിയ്ക്കുകയും നിശാന്ത് ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. അതോടെ ഡ്രൈവര്‍ അതേ സ്പീഡില്‍ തന്നെ കാര്‍ മുന്നോട്ടെടുക്കുകയും ചെയ്തു. 400 മീറ്ററോളം മുന്നോട്ടോടിയ ശേഷം ബ്രേക്കിട്ടപ്പോഴാണ് നിശാന്ത് തെറിച്ച് റോഡിലേക്ക് വീണത്.
കാര്‍ നിശാന്തിന്റെ വലതുകാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. രണ്ട് കാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുമായി സംസാരിക്കുകയോ വാക്കുതര്‍ക്കമുണ്ടാകുകയോ മുന്‍ പരിചയമോ ഒന്നുമില്ലെന്ന് നിശാന്ത് പറയുന്നു. 19ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. നിശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ അമിത വേഗത്തിലായിരുന്നതിനാല്‍ തന്നെ കാറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല.
തിരുവനന്തപുരം: ശംഖുമുഖത്ത് ജീവനൊടുക്കാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ ലൈഫ് ഗാർഡിന്റെ മൃതദേഹം കണ്ടെത്തി. ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. വലിയതുറ തീരത്തുനിന്നാണ് ജോൺസന്റെ മൃതദേഹം ലഭിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് മൂന്നാർ സ്വദേശി യുവതിയെ രക്ഷിക്കാൻ കടലിൽ ഇറങ്ങിയത്. യുവതിയെ കടലിൽനിന്ന് രക്ഷിച്ച് തീരത്തെത്തിച്ചെങ്കിലും പിന്നാലെ ശക്തമായ തിരയിൽ ജോൺസൺ അകപ്പെടുകയായിരുന്നു. മൂന്നാർ സ്വദേശിനിയായ യുവതി ജീവനൊടുക്കാൻ കടലിൽ ചാടിയതാണെന്ന് നാട്ടുകാർ പറയുന്നു. വഴുതക്കാട്ട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ലോകത്തിലെ തന്നെ അപൂര്‍വ്വ ജൈവസമ്പത്തായ ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടുതീ അണയ്ക്കാനായില്ല. നമ്മുടെ വീട് കത്തുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്. ”ലോകത്തെ ഓക്‌സിജന്റെ 20 ശതമാനവും നിര്‍മ്മിക്കുന്ന കാടുകളാണ് കത്തുന്നത്. ഇതൊരു ആഗോള പ്രതിസന്ധിയാണ്. ജി 7 ഉച്ചകോടിയിലെ അംഗങ്ങളെ, രണ്ട് ദിവസത്തിനുള്ളില്‍ ഈ അടിയന്തിര സാഹചര്യത്തെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം” – മക്രോണ്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇത് ബ്രസീലിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോ വ്യാഴാഴ്ച പറഞ്ഞത്. ”ഈ രാജ്യങ്ങള്‍ ഇങ്ങോട്ടേക്ക് പണം നല്‍കുന്നു, അത് സഹായമായല്ല നല്‍കുന്നത്. ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടുകയാണ് അവരുടെ ലക്ഷ്യം” – ഫെയ്സ്ബുക്ക് ലൈവില്‍ ബോള്‍സനാരോ പറഞ്ഞു.
എന്നാല്‍ തീ അണയ്ക്കാന്‍ അവശ്യമായ മാര്‍ഗങ്ങള്‍ ബ്രസീലിന്റെ പക്കല്‍ ഇല്ലെന്ന് നേരത്തേ പ്രസിഡന്റ് പറഞ്ഞിരുന്നു. ആമസോണ്‍ യൂറോപ്പിനേക്കാള്‍ വലുതാണ്. എങ്ങനെയാണ് അത്രയും ഭാഗത്തെ തീ അണയ്ക്കുക? എന്ന് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചിരുന്നു.
വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയത്.
ബോള്‍സോനാരയുടെ നയങ്ങളോട് നേരത്തെ തന്നെ ഇവിടെ പ്രതിഷേധങ്ങളുയരുന്നുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ആമസോണ്‍ കാടുകള്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട് യാതൊരെതിര്‍പ്പും ഉണ്ടായില്ലെന്നും എന്നാല്‍ അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ബോള്‍സോനാരയുടേതെന്നും നേരത്തെതന്നെ വിയോജിപ്പ് ഉയരുന്നുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടുത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2018 -നെ അപേക്ഷിച്ച് 83 ശതമാനം വര്‍ദ്ധനയാണ് കാട്ടുതീ ഉണ്ടാകുന്നതില്‍ കണക്കാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 15 മുതല്‍ മാത്രം, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 9,500 -ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. അതായത് ലോകത്തിനായി 20 ശതമാനം ഓക്‌സിജന്‍ ഉത്പാദിപ്പിച്ചിരുന്ന കാട് ഇപ്പോള്‍ പുറം തള്ളുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്.
ഹോളിവുഡ് താരം ഡി കാപ്രിയോ ചോദ്യംചെയ്ത് രംഗത്തെത്തി. കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം ഡി കാപ്രിയോ പങ്കുവെച്ചു.
ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ലെന്നും ഡി കാപ്രിയോ പറയുന്നു. എന്തുകൊണ്ട്?.
വിഷയം ഡി കാപ്രിയോ ഏറ്റെടുത്തതോടെ പിന്തുണയുമായി ലോകമെമ്പാടുമുള്ള ചലച്ചിത്രതാരങ്ങള്‍ രംഗത്തുവന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, പൂജ ബത്ര, ബിപാഷ ബസു, മല്ലെയ്ക അറോറ, ശ്രദ്ധകപൂര്‍ തുടങ്ങിയവര്‍ പോസ്റ്റ് പങ്കുവച്ചു. ആഗോള പരിസ്ഥിതി വിഷയങ്ങളില്‍ മുമ്പും ഡി കാപ്രിയോ ശക്തമായ നിലപാടുകള്‍ ഉന്നയിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് ഡി കാപ്രിയോ.
ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിർദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു .എന്നാൽ തീവ്രവാദികൾ ഉന്നം വെക്കുന്നത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ആണോ എന്ന് സംശയമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍ എത്തിയതിനെ തുടർന്നാണ് രഹസ്യാന്വേഷ വിഭാഗം ഇത്തരം ഒരു ആശങ്ക പങ്കുവെച്ചിട്ടുള്ളത് .അതുകൊണ്ടുതന്നെ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ അതിശക്തമായ സുരക്ഷ ഒരുക്കാനാണ് പോലീസിന്റേയും സുരക്ഷസേനയുടേയും നീക്കം.
തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ അടക്കം ആറു ഭീകരരാണ് ശ്രീലങ്കയില്‍ നിന്നു തമിഴ്‌നാട് തീരത്ത് എത്തിയതായി റിപ്പോര്‍ട്ടുള്ളത്. സംഘത്തിലെ മലയാളിയുടെ സാന്നിധ്യം കേരളത്തെ ഈ സംഘം ലക്ഷ്യമിടുന്നതിനുള്ള സാധ്യതയിലേക്കാണ് സുരക്ഷാ ഏജന്‍സികള്‍ എത്തുന്നത്. നാലു ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം. ഇല്യാസ് അന്‍വര്‍ എന്ന പാക് ഭീകരനാണ് സംഘത്തിലുള്ളത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് .
ആര്‍എസ്എസ് സര്‍സംഘചാലക് അഞ്ചു ദിവസങ്ങളിലായി നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ഷിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണു ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്ന് മുതല്‍ 27 വരെ കേരളത്തിലുള്ളത്. 23നും 24നും 25നും അദ്ദേഹം കോഴിക്കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് നാലിന് ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീകണ്ഠേശ്വരം ശ്രീനാരായണ സെന്റിനറി ഹാളില്‍ മോഹൻ ഭഗവത് നിര്‍വഹിക്കുന്നുണ്ട് . ഈ പരിപാടിക്ക് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് മേധാവി നിര്‍ദേശിച്ചു .
24ന് കോഴിക്കോട്ടെ സാംസ്‌കാരിക-കലാ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ചയുണ്ട് . 25ന് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും സംസ്ഥാന കാര്യകര്‍ത്താക്കളുടെ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് സരോവരത്ത് കോഴിക്കോട് മഹാനഗരത്തിലെ പൂര്‍ണഗണവേഷ ധാരികളായ സ്വയംസേവകരുടെ സാംഘിക്കില്‍ പങ്കെടുക്കും. 26ന് കോട്ടയത്ത് ജസ്റ്റിസ് കെ.ടി. തോമസ്, പ്രൊഫ ഒ.എം. മാത്യു എന്നിവരെ കാണും. 27ന് വള്ളിക്കാവ് അമൃതാനന്ദമയീമഠത്തില്‍ മാതാ അമൃതാനന്ദമയിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്നാണ് അദ്ദേഹം വിമാനമാര്‍ഗം മടങ്ങുക. ഈ സമയങ്ങളിലെല്ലാം കർശനമായ സുരക്ഷാ ഒരുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ശബരിമല, ഗുരുവായൂര്‍ അടക്കം പ്രമുഖ ക്ഷേത്രങ്ങളേയും ഭീകകര്‍ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളിലെ സുരക്ഷയും കര്‍ശനമാക്കി. ഇന്നു ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലക്ഷ്‌കര്‍ ഭീകരര്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈയിലും സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും തീരദേശ പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നെ പോലീസ് കമ്മിഷണര്‍ അറിയിച്ചു.
പുന്നപ്ര പറവൂര്‍ സ്വദേശികളായ അക്രമിസംഘത്തിലെ രണ്ടുപേരെ ഡിവൈ.എസ്.പി പി.എം.ബേബിയും സംഘവും കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പറവൂറില്‍ ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തിയതായി സൂചന. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിലുള്‍പ്പെട്ട ഒരാളുടെ സഹോദരനെ മനു മുൻപ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്.. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. പറവൂര്‍ രണ്ടുതൈവെളിയില്‍ മനോഹരന്റെ മകന്‍ മനുവാണ് (കാകന്‍ മനു-27) കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ 19മുതല്‍ ഇയാളെ കാണാതായതായി പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ 19ന് രാത്രി 10 ഓടെ പറവൂറിലെ ബാറില്‍ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനു പുറത്തിറങ്ങിയപ്പോള്‍ ക്രിമിനല്‍ സംഘം പിന്നാലെയെത്തി ഇയാളെ അടിച്ച് വീഴ്ത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ മനുവിനെ സ്കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലില്‍ കല്ലുകെട്ടിത്താഴ്ത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. പുന്നപ്ര എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ സിസി ടിവി കാമറ പരിശോധിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചത്.
ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍, ബൈക്കിന് പിന്നിലിരുത്തികൊണ്ടുപോകും വഴി മനു വഴിയില്‍ ഇറങ്ങിപോയതായാണ് രണ്ടാമന്റെ മൊഴി. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെങ്കിലും മര്‍ദ്ദനത്തിന്റെയും സ്കൂട്ടറില്‍ കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവം കൊലപാതകമാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍പ്പെട്ട ഒരാളുടെ വീടിന് സമീപം കടലില്‍ താഴ്ത്തിയതായി പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ആലപ്പുഴ ഡിവൈ.എസ്.പി പി.എം ബേബി വെളിപ്പെടുത്തി. ഇതിനായി പറവൂരില്‍ ഇന്ന് പൊലീസിന്റെ നേതൃത്വത്തില്‍ കടലില്‍ പരിശോധന നടക്കും.