ശരീരത്തിലേക്ക് ഏതൊക്കെ രീതിയിൽ ഈ വിഷം പ്രവേശിക്കാം ?

ദഹനവ്യവസ്ഥയുടെ ഭാഗങ്ങളിലൂടെ, അതായത് വായ, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മസ്തരം (mucosa) വഴി ഈ രാസവസ്തു രക്തത്തിൽ എത്താം.  ത്വക്കിനുള്ളിൽ കൂടി പ്രവേശിക്കാം. വാതകാവസ്ഥയിലുള്ള സയനൈഡ് ശ്വസന പ്രക്രിയയിലൂടെ ശരീരത്തിൽ എത്താം.

എത്ര അളവുവരെ ഉണ്ടെങ്കിലാണ് മരണകാരണമാകുന്നത് ?

50 മുതൽ 60 മില്ലിഗ്രാം വരെ ഹൈഡ്രോസയാനിക് ആസിഡ് ശരീരത്തിൽ എത്തിയാൽ മരണം സംഭവിക്കാം. 200 മുതൽ 300 വരെ മില്ലിഗ്രാം സോഡിയം സയനൈഡ് അല്ലെങ്കിൽ പൊട്ടാസ്യം സയനൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം.

എത്ര നേരം കൊണ്ട് മരണം സംഭവിക്കാം ?

ഹൈഡ്രോസയാനിക് ആസിഡ് – രണ്ട് മുതൽ പത്ത് മിനിറ്റ് വരെ സമയം.

പൊട്ടാസ്യം അല്ലെങ്കിൽ സോഡിയം സയനൈഡ് – 30 മിനിറ്റ് വരെ സമയം

അപൂർവമായി ചിലപ്പോൾ മണിക്കൂറുകൾ താമസിച്ചു മരണമെത്തി എന്നുമിരിക്കാം. ഡോസ് കുറവായ അവസ്ഥയിലും രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാകുന്ന അവസ്ഥയിലും കാലതാമസം സംഭവിക്കാം.

എങ്ങനെയാണ് മരണം സംഭവിക്കുന്നത് ?

ശ്വസന പ്രക്രിയയിലൂടെ കോശങ്ങളിൽ ഊർജ്ജം ഉണ്ടാവുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയാണ് സയനൈഡ് ചെയ്യുന്നത്. ഹിസ്റ്റോടോക്സിക് അനോക്സിയ എന്നു പറയാം. ലളിതമായി പറഞ്ഞാൽ രക്തത്തിലെ ഓക്സിജൻ കോശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഓക്സിജൻ ഉപയോഗിച്ച് എടിപി (ശരീരത്തിന്റെ ഊർജ കറൻസി) ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരുന്നു. ജീവൽപ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ATP ഇല്ലാതാകുന്നതോടെ മരണവും സംഭവിക്കുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ ?

വായിൽ പൊള്ളൽ ഉണ്ടാവാം. എന്താണ് സയനൈഡിന്റെ രുചി എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചൾ നടക്കുകയാണ്. എങ്കിലും ചവർപ്പ് കലർന്നതാണ് (bitter with burning sensation) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്.

വിഷം ശരീരത്തെ ബാധിച്ചു തുടങ്ങിയാൽ തലവേദന, തലചുറ്റൽ, മന്ദത, ശരീരതാപനില ഉയരുക, കൃഷ്ണമണി വികസിക്കുക, ചുഴലിയുടെ ലക്ഷണങ്ങൾ കാണിക്കുക എന്നിങ്ങനെ കോമ വരെ എത്താം.

ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ശ്വസന നിരക്ക് ഉയരുകയും പിന്നീട് താഴുകയും ചെയ്യുക, ശരീരമാകെ നീലിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം. ചിലപ്പോൾ ശരീരത്തിൽ നിന്നും ഒരു ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്.

രക്താതിമർദ്ദം, പൾസ് റേറ്റ് കുറയുക, പിന്നീട് രക്തസമ്മർദം കുറയുക, കൊളാപ്സിലേക്ക് എത്തുക എന്നിങ്ങനെയാണ് രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

ശ്വസന പ്രക്രിയയിലെ പരാജയം മൂലമാണ് മരണം സംഭവിക്കുക.

എന്താണ് പ്രഥമ ശുശ്രൂഷ നൽകേണ്ടത് ?

എത്രയും പെട്ടെന്ന് സൗകര്യമുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെത്തിക്കുക. നഷ്ടപ്പെടുന്ന ഓരോ മിനിറ്റും വിലയേറിയതാണ്.

പോസ്റ്റ്മോർട്ടം പരിശോധന:

മൂക്കിലും വായിലും പത ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിലെ പോസ്റ്റുമോർട്ടം സ്റ്റെയ്നിങ്ങിന്റെ നിറവും രക്തത്തിന്റെ നിറവും ബ്രൈറ്റ് റെഡ് ആയിരിക്കും. ആന്തരാവയവങ്ങൾ കൺജസ്റ്റഡായിരിക്കും. ശ്വാസകോശത്തിൽ നീർവീക്കവും (edematous) ഉണ്ടാവാം. ദഹന വ്യവസ്ഥയുടെ ഭാഗങ്ങളിലെ സ്ലേഷ്മസ്തരത്തിൽ പൊള്ളൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വായിൽ കൂടി ശരീരത്തിൽ എത്തിയത് ആണെങ്കിൽ ആമാശയത്തിൽ നിന്നും സ്മെൽ ലഭിക്കാൻ സാധ്യതയുണ്ട്. ആമാശയത്തിൽ നിന്ന് മാത്രമല്ല തലയോട്ടി തുറക്കുമ്പോഴും ഈ ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്. Smell of bitter almond എന്നാണ് ക്ലാസിക്കൽ വിവരണം. ഏകദേശം കപ്പയില ഞെരടിയ ശേഷം മണത്താൽ ലഭിക്കുന്ന ഗന്ധത്തിനു സമാനം എന്ന് പറയാം. ഈ ഗന്ധം തിരിച്ചറിയുക ഒട്ടും എളുപ്പമല്ല. എല്ലാവർക്കും ഈ ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടാവണമെന്നില്ല. ഏകദേശം 50 ശതമാനം പേർക്ക് മാത്രമേ സയനൈഡിന്റെ ഗന്ധം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

ഈ വ്യത്യാസങ്ങളൊക്കെ തിരിച്ചറിയണമെങ്കിൽ ഫോറൻസിക് മെഡിസിൻ വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടർ തന്നെ പോസ്റ്റ്മോർട്ടം പരിശോധന നടത്തണം.

കരളിന്റെ ഭാഗങ്ങളും രണ്ടു വൃക്കയുടെ ഭാഗങ്ങളും രക്തവും മൂത്രവും ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയയ്ക്കും. രാസ പരിശോധനാ ഫലത്തിൽ ആണ് സയനൈഡ് സ്ഥിരീകരിക്കാൻ സാധിക്കുന്നത്. എത്രയും നേരത്തെ രാസപരിശോധന ചെയ്യുന്നോ അത്രയും മികച്ച റിസൾട്ട് ലഭിക്കും. വൈകുന്തോറും റിസൾട്ട് തെറ്റാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. വിഷം സയനൈഡ് ആണ് എന്ന് സംശയിക്കുന്നുണ്ടെങ്കിൽ രാസ പരിശോധനയ്ക്ക് അയക്കുമ്പോൾ അത് കൂടി രേഖപ്പെടുത്തുന്നതാണ് അഭികാമ്യം. കാരണം വൈകിയാൽ കണ്ടെത്താൻ ബുദ്ധിമുട്ടാകും, ഇതിനുവേണ്ടി മാത്രമായി നടത്തേണ്ട ടെസ്റ്റുകൾ ആദ്യം തന്നെ ചെയ്യാൻ ഇത് സഹായിക്കും.

സയനൈഡ് ഉപയോഗിച്ച് ആത്മഹത്യകൾ ചരിത്രത്തിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി സംബന്ധമായും മറ്റും അബദ്ധത്തിൽ ശരീരത്തിൽ കയറിയുള്ള മരണങ്ങൾ അപൂർവമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.

ക്രോണിക് പോയ്സണിംഗ്:

ജോലി സംബന്ധമായി തുടർച്ചയായി എക്സ്പോഷർ ഉണ്ടാവുന്ന സാഹചര്യത്തിൽ വിരളമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇലക്ട്രോ പ്ലേറ്റിംഗ്, ഡൈ ഇൻഡസ്ട്രി തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് കണ്ടിട്ടുള്ളത്.

തലവേദന, തലകറക്കം, മനംപിരട്ടൽ, ഛർദ്ദി, ശരീരഭാരം നഷ്ടപ്പെടുക, അനീമിയ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിലപ്പോഴൊക്കെ ശബ്ദ വ്യത്യാസം ഉണ്ടാവാനും കാഴ്ചശക്തി കുറയാനും സാധ്യതയുണ്ട്.