മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ്. ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചു തുടങ്ങിയപ്പോഴാണ് ജോര്‍ജ്ജ് അതില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചത്.
പത്രസമ്മേളനത്തിനല്ല, തന്റെ മെസേജ് നിങ്ങള്‍ക്ക് തരാനാണ് താന്‍ വന്നതെന്നും മുത്തൂറ്റ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു. എന്നാല്‍ ഒരുമണിക്കൂറോളം താങ്കളെ കേട്ട ഞങ്ങള്‍ പറയുന്നതുകൂടി കേള്‍ക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ‘കേള്‍ക്കുകേല, കാരണം ഇതിനുള്ള മാര്‍ക്‌സിസ്റ്റ് അനുഭാവികളുണ്ട്..’ എന്ന് ജോര്‍ജ്ജ് പറഞ്ഞത്. ജോര്‍ജ്ജിനെ തുടരാന്‍ അനുവദിക്കാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ‘എന്ത് വൃത്തികേടാ ഈ പറയുന്നത്? പത്രസമ്മേളനം വിളിച്ചിട്ട് ധാര്‍ഷ്ട്യം പറയുന്നോ?’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചു ചോദിച്ചു. അതോടെ ‘വൃത്തികേട്’ എന്ന വാക്ക് പിന്‍വലിക്കണമെന്നായി ജോര്‍ജ്ജിന്റെ നിലപാട്.
നേരത്തെ പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ അനുവദിക്കില്ലെന്നും അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെവിടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന് നിയമപരമായി തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെയാണ് അത് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ് ചെയര്‍മാന്‍ പറയുന്നത്. മുത്തൂറ്റില്‍ തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി മാനേജ്‌മെന്റിന് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് മുത്തൂറ്റ് ചെയര്‍മാന്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയത്. വേണ്ടിവന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ശാഖകളും താന്‍ പൂട്ടുമെന്നും ജോര്‍ജ്ജ് ഭീഷണി മുഴക്കി. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ലെന്നും ജോര്‍ജ്ജിന്റെ ഭീഷണിയില്‍ പറയുന്നു.
കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള ആഗോള സമരത്തിനു തുടക്കമായി. ലോകമെമ്പാടുമുള്ള നാലായിരത്തിലധികം സ്ഥലങ്ങളിൽ സമരം അലയടിക്കും. കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന സമരത്തിന് തുടക്കം കുറിക്കുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് ഇപ്പോള്‍ മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുന്നത്. മുന്‍ വെള്ളിയാഴ്ച സമരങ്ങളില്‍നിന്നും വ്യത്യസ്തമായി മുതിര്‍ന്നവരും സമരത്തില്‍ പങ്കെടുക്കും.
150 ലധികം രാജ്യങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരമായിരിക്കും ഇതെന്നാണ് ചിലര്‍ പറയുന്നത്. വെള്ളിയാഴ്ച സമരത്തിന് തുടക്കം കുറിച്ച പ്രമുഖ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകും. ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന ഫോസിൽ ഇന്ധനം ഉത്പാദിപ്പിക്കുന്നവര്‍ അതിന്‍റെ ഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളാണെന്നും അവര്‍ പറയുന്നു.
സമരപരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ‘ക്ലൈമറ്റ് മാർച്ച്’ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയിൽത്തന്നെ ആദ്യമായാകും ഇത്തരത്തിൽ ഒരു മാർച്ച് സംഘടിപ്പിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക, മാലിന്യരഹിത പരിസരം എന്നിവയാണ് കേരളത്തില്‍ നിന്നും ഉയരുന്ന പ്രധാനപ്പെട്ട മുദ്രാവാക്യങ്ങള്‍. യു.എസിലും ചിലിയിലുമായി വരും ദിവസങ്ങളില്‍ നടക്കാന്‍പോകുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ചുവടുപിടിച്ചാണ് കുട്ടികളുടെ നേതൃത്വത്തില്‍ ആഗോള സമരത്തിന് തുടക്കം കുറിക്കുന്നത്.
അപകടകരമായ കാലാവസ്ഥാ മാറ്റത്തില്‍ ലോക രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍ നേതൃപരമായ പങ്കുവഹിക്കണം എന്ന് ഗ്രെറ്റ തൻബെർഗ് പറയുന്നു. സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്താണ് എത്തിയിരിക്കുന്നത്.
എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞു.
സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഗോ ബാക്ക് വിളികളുമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കേന്ദ്രമന്ത്രിയെ തടഞ്ഞത്. പിന്നീട് അദ്ദേഹം സര്‍വകലാശാല കാമ്പസില്‍നിന്ന് മടങ്ങാന്‍ ഒരുങ്ങവെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ തലമുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് പരാതി.
രാഷ്ട്രീയം കളിക്കാനല്ല സര്‍വകലാശാലയില്‍ എത്തിയതെന്ന് അദ്ദേഹം പിന്നീട് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചില വിദ്യാര്‍ഥികളുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചു. തന്നെ തടയുകയും മുടിയില്‍ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. നക്‌സലുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചതെന്നും കേന്ദ്ര സഹമന്ത്രി ആരോപിച്ചു. സര്‍വകലാശാല വി.സി സുരഞ്ജന്‍ ദാസ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിരിഞ്ഞുപോയില്ല.
ഫാസിസ്റ്റ് ശക്തികളെ കാമ്പസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.ബാലുല്‍ സുപ്രിയോയുടെ സുരക്ഷാ ഗാര്‍ഡ് ഒരു വിദ്യാര്‍ഥിനിനെ തല്ലിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
അതിനിടെ, സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ തടഞ്ഞത് ഗൗരവതരമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ പ്രതിഫലനമാണ് സംഭവമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അദ്ദേഹം ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി. സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
യിനിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ചെന്ന കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ കേസെടുത്ത് റെയിൽവേ. 22 വർഷം മുമ്പു നടന്ന സംഭവത്തിലാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ റെയിൽവേ കോടതി ഉത്തരവിട്ടത്. 2413–എ അപ്‌ലിങ്ക് എക്സ്പ്രസിലെ അപായച്ചങ്ങല വലിച്ചെന്നും ഇതുമൂലം ട്രെയിൻ 25 മിനിറ്റ് വൈകിയെന്നുമാണു കേസ്.
2009ൽ ഇവർക്കെതിരെ റെയിൽവേ കോടതി ഇതേ വിഷയത്തിൽ കേസെടുത്തെന്നും 2010ൽ സെഷൻസ് കോടതി കേസ് തള്ളിയെന്നും ഇരുവരുടെയും അഭിഭാഷകൻ എ.കെ.ജെയിൻ പറഞ്ഞു. സ്റ്റണ്ട്മാൻ ടിനു വർമ, സതീഷ് ഷാ എന്നിവർക്കെതിരെയും കേസ് ഉണ്ടായിരുന്നെങ്കിലും ഇവർ സെഷൻസ് കോടതിയിൽ ചോദ്യം ചെയ്തില്ല. 1997ൽ നടന്ന സംഭവത്തിൽ രണ്ടാമതും കേസെടുത്ത കോടതി, 24ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
രാജസ്ഥാനിലെ അജ്മേറിൽ ‘ബജ്‌രങ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കേസിനാസ്പദമായ സംഭവമുണ്ടായത്.
അന്നു നരേനയിലെ സ്റ്റേഷൻ മാസ്റ്റർ സീതാറാം മലാകർ നൽകിയ പരാതിയാണു കേസിന്റെ അടിസ്ഥാനം. ട്രെയിനിന്റെ ആശയവിനിമയ സംവിധാനം ശല്യപ്പെടുത്തി, മദ്യപിച്ചു ബഹളമുണ്ടാക്കി, റെയിൽവേ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി, അതിക്രമിച്ചു കടന്നു തുടങ്ങിയ പരാതികളാണു സിനിമാസംഘത്തിന് എതിരെ ഉന്നയിച്ചത്.
ദുബായിലെ ഷോപ്പിങ് മാളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഞ്ചു വയസ്സുകാരനെ പൊലീസ് കണ്ടെത്തി സംരക്ഷിക്കുന്നതിന്റ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 10 ദിവസമായിട്ടും കുട്ടിയെ തേടി ആരുമെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കളെ കണ്ടെത്താൻ പൊതുസമൂഹത്തിന്റെ സഹായം ദുബായ് പൊലീസ് തേടിയിരുന്നു. ഇപ്പോഴിതാ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ദുബായി പൊലീസ്.
കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയെന്നും പിന്നീട് തിരികെ വന്നിട്ടില്ലെന്നും ദുബായ് പൊലീസ് കണ്ടെത്തി. പ്രവാസിയായിരുന്ന ഇവര്‍ കുഞ്ഞിനെ സ്വന്തം രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു രാജ്യം വിട്ടത്. പിന്നീട് തിരികെ വന്നിട്ടില്ല.
കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ദുബായ് പൊലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത് ആദ്യ 90 മിനിറ്റിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് ആദ്യ ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് അല്‍ മുറഖബ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗനം അറിയിച്ചു. കുട്ടിയെ തനിക്ക് അറിയാമെന്നും ഷാര്‍ജയിലുള്ള ഒരു സ്ത്രീയ്ക്കൊപ്പമാണ് അവന്‍ താമസിച്ചിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ദുബായ് പൊലീസും ഷാർജ പൊലീസും ചേർന്ന് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവർ പറഞ്ഞത് അത് തന്റെ മകനല്ലെന്നും അവന്റെ അമ്മ തന്നെ ഏൽപ്പിച്ചിട്ട് അഞ്ച് വർഷം മുമ്പ് നാടു വിട്ടു എന്നുമാണ് രാജ്യം വിട്ട അമ്മ പിന്നീടൊരിക്കലും തിരികെ എത്തിയില്ല. ഇവരുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ യാതൊരു വിവരവും തനിക്ക് അറിയില്ലെന്നും സ്ത്രീ പറയുന്നു. അമ്മ തിരിച്ചു വരുമെന്ന് കരുതി അധികാരികളെ അറിയിക്കാതെ 5 വർഷമായി കുട്ടിയെ പരിപാലിക്കുക ആയിരുന്നു. പക്ഷേ കുട്ടിയെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനും നല്ല ചിലവ് ഉണ്ടാകുന്നുവെന്നും താങ്ങാവുന്നതിനുമപ്പുറം ആയപ്പോൾ സുഹൃത്തിനോട് സഹായം ആവശ്യപ്പെട്ടു.
സുഹൃത്ത് കുട്ടിയെ മറ്റൊരു സ്ത്രീക്ക് നൽകണമെന്ന് ഉപദേശിച്ചു. അൽ മുത്തീന പ്രദേശത്ത് താമസിച്ചിരുന്ന മറ്റൊരു സ്ത്രീ കുറച്ചുകാലം കുട്ടിയെ പരിപാലിച്ചുവെങ്കിലും പിന്നീട് അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവരും അവരുടെ ഒരു സുഹൃത്തിനോട് ചോദിച്ചു. അങ്ങനെയാണ് കുട്ടിയെ മാളിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതെന്ന് സ്ത്രീ പൊലീസിനോട് വ്യക്തമാക്കുന്നു.
നാല് സ്ത്രീകളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഇവരാരും കുഞ്ഞിന്റെ അമ്മയല്ലെന്ന് തെളിഞ്ഞതായി ദുബായ് പൊലീസ് അറിയിച്ചു. സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്.മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി
കോതമംഗലം പളളിയിൽ സംഘർഷം. പളളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാൻ എത്തിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഉണ്ടായ കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി.
പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചുമാറ്റാൻ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത്. ഇക്കാര്യമാരോപിച്ച് പൊലീസിലും പരാതി നൽകിയിരുന്നു. തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റിൽ വെച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങളുടെ പഴക്കമുണ്ട് മൃതദേഹത്തിന്.
പുരുഷന്റേതാണ് മൃതദേഹം എന്ന് തെളിഞ്ഞിട്ടുണ്ട്. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ പി.വി.സിന്ധുവിന് അപ്രതീക്ഷിത തോല്‍വി. അഞ്ചാം സീഡായ സിന്ധുവിനെ തായ്ലന്‍ഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോണ്‍പാവീ ചോചുവോങ്ങാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധു പിന്നീടുള്ള രണ്ട് ഗെയിമിലും ലോല്‍വി വഴങ്ങി. സ്‌കോര്‍: 21-12, 13-21, 19-21. മത്സരം 58 മിനിറ്റ് നീണ്ടുനിന്നു.
ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനക്കാരിയാണ് ഏഷ്യന്‍ ഗെയിംസ് ടീമിനത്തില്‍ വെങ്കല മെഡല്‍ ജേതാവുകൂടിയായ പോണ്‍പാവീ ചോചുവോങ്. സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത്. ഇതുവരെ നാലു തവണ ഇരുവരും ഏറ്റമുട്ടിയപ്പോള്‍ മൂന്ന് തവണ സിന്ധുവിനായിരുന്നു ജയം. പുരുഷന്മാരുടെ ഡബിള്‍സിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ജപ്പാന്റെ നാലാം സീഡ് തകേഷി കമുറ-കെയിഗോ സൊനോഡോ സഖ്യത്തോടാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്. സ്‌കോര്‍: 19-21, 8-21.
കാണാതായി പതിനൊന്ന് ദിവസമായിട്ടും അഞ്ചുവയസ്സുകാരനെ തേടി ആരുമെത്താത്തതിൽ ദുരൂഹതയേറുന്നു. കുട്ടിയുടെ രക്ഷിതാക്കൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയിപ്പോൾ ദുബായ് ഫൗണ്ടേഷൻ ഫോർ വുമൻ ആൻഡ് ചിൽഡ്രന്റെ സംരക്ഷണയിലാക്കി.
സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്. കുട്ടിയെക്കുറിച്ച് നാളിതുവരെയായിട്ടും ഒരു വിവരവും ലഭിക്കാത്തിനാൽ സംഭവത്തിൽ ദുരൂഹതയേറുകയാണ്.
മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. അതിനപ്പുറത്തേക്ക് മാതാപിതാക്കളെക്കുറിച്ച് അവന് യാതൊരു അറിവുമില്ല. കുഞ്ഞിന്റെ രക്ഷിതാക്കൾ മനപൂർവ്വം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. കുട്ടിയെ ഈ വിധം പറഞ്ഞുപഠിപ്പിച്ചതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അല്ലെങ്കിൽ മാതാപിതാക്കളുടെ പേരുപോലും അറിയാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്.
കുട്ടിയെയോ കുടുംബത്തെയോ പരിചയമുള്ളവർ പോലീസുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. 901-ലോ 055526604-ലോ വിളിക്കുകയോ അൽ മുറഖബ പോലീസ് സ്റ്റേഷനിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.
ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി കരുനാഗപ്പളളിയിലെ ആറുപേര്‍ക്ക്. ചുങ്കത്തെ സ്വര്‍ണക്കടയിലെ ജീവനക്കാര്‍ പിരിവിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
രതീഷ്. റോണി, രാജീവന്‍, സുബിന്‍, രഞ്ജിന്‍, വിവേക് എന്നിവരാണ് ഭാഗ്യശാലികള്‍. ഇവര്‍ 100 രൂപ വീതം പിരിവിട്ട് ആറുപേര്‍ രണ്ടു ടിക്കറ്റ് ഇന്നലെയാണ് വാങ്ങിയത്. കായംകുളത്തെ ഏജന്‍റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയിലാണ് ടിക്കറ്റ് വിറ്റത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഭാഗ്യശാലിയുടെ കൈയിലെത്തുന്നത്. ഇവര്‍ക്ക് നികുതിയും കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപ ലഭിക്കും.
കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിന്റേത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. ഇതു കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹരില്‍നിന്ന് ഈടാക്കും. എല്ലാം കഴിച്ച് ബാക്കി 7.56 കോടി രൂപയാണ് സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും.ഓണം ബംപറിന്റെ ഫലമറിയാന്‍ ജനം തിക്കിതിരക്കിയതോടെ ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് പണി മുടക്കിയിരുന്നു.
ഒരു കോടി ഇരുപതു ലക്ഷം ഏജന്‍സിക്ക് കമ്മിഷനായി ലഭിക്കും. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ മന്ത്രി ജി.സുധാകരനാണ് ബംപര്‍ ജേതാവിനെ നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷംവീതം പത്തുപേര്‍ക്ക് ലഭിച്ചു.