യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് എലിസബത്ത് രാജ്ഞി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍. രാജ്ഞിയുടെ പ്രസംഗം ആശാവഹമാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടപ്പോള്‍ പ്രസംഗം വെറും പ്രഹസനവും പ്രൊപ്പഗാണ്ട നടപടിയും മാത്രമാണ് എന്ന് ജെറിമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യം, പരിസ്ഥിതി തുടങ്ങിയവ സംബന്ധിച്ചും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചു. നടപ്പാക്കാന്‍ പോകുന്നില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പ്രസംഗം വിഡ്ഢിയുടെ സ്വര്‍ണമല്ലാതെ മറ്റൊന്നുമല്ല രാജ്ഞിയുടെ പ്രസംഗം എന്ന് കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ രാജ്ഞിയുടെ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു കോര്‍ബിന്‍. 26 ബില്ലുകളാണ് ജോണ്‍സണ്‍ ഗവണ്‍മെന്റ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ ഏഴെണ്ണം ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടതാണ്. മത്സ്യബന്ധനം, കൃഷി, വ്യാപാരം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി പുതിയ രൂപരേഖകള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ചുള്ളതാണിവ. ആരോഗ്യ സംബന്ധമായ കേസുകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) സംവിധാനം തുടങ്ങിയവ പുതിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.പൊതുജന സേവനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറിച്ചത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ വഷളാകാന്‍ പോവുകയാണ് എന്ന് കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.