ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ്. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് സംസാരിച്ചത്.
”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
പ്രാണന്‍ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് എല്ലാവരും ദുരിതാശ്വാസക്യാമ്പുകളിലേക്ക് എത്തുന്നത്.ജീവന്‍ മാത്രം കൈയ്യില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ ആരുടേയും കണ്ണുനിറക്കും. വെള്ളത്തിന് നടുവില്‍ വീടിനും മുകളിലും മറ്റും ദിവസങ്ങളോളം കഴിഞ്ഞ ശേഷമാണ് പലരെയും രക്ഷപ്പെടുത്തുന്നത്.
അവസാന നിമിഷം രക്ഷകരായി എത്തുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയുമില്ല. അത്തരത്തില്‍ മരണത്തിന്‍റെ വക്കില്‍ നിന്നും ജീവന്‍ രക്ഷിച്ച സൈനികന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ സന്‍ഗിലിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ചെറുവള്ളത്തില്‍ കുടുംബത്തിനൊപ്പം രക്ഷപ്പെടുമ്പോഴാണ് പെണ്‍കുട്ടി സൈനികന്‍റെ കാല്‍ തൊട്ട് വന്ദിക്കുന്നത്. സൈനികര്‍ ഇത് തടയുന്നതും പെണ്‍കുട്ടി കൈകള്‍ കൂപ്പി നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകനായ നീരജ് രജ്പുത് ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
Heart warming video from #sangli where a woman pays gratitude by touching soldiers’ feets for rescuing them#Floods2019 #FloodSangli @adgpi pic.twitter.com/FIp7nTXyao
— Neeraj Rajput (@neeraj_rajput) August 10, 2019
ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ 100 ദിവസം താമസിച്ച ബിസിനസുകാരന്‍ വാടക മുഴുവന്‍ നല്‍കാതെ മുങ്ങി. ഹൈദരാബാദിലെ താജ് ബന്‍ജാര എന്ന ഹോട്ടല്‍ അധികൃതരെയാണ് ബിസിനസുകാരന്‍ പറ്റിച്ചത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. വിശാഖപ്പട്ടണത്തെ ബിസിനസുകാരനായ എ ശങ്കര്‍ നാരായണ്‍ എന്നയാളാണ് കബളിപ്പിച്ച് മുങ്ങിയത്.
ആഡംബര സ്യൂട്ടില്‍ 102 ദിവസമാണ് ഇയാള്‍ താമസിച്ചതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മൊത്തം ബില്‍ 25.96 ലക്ഷമായിരുന്നു. ഇതില്‍ 13.62 ലക്ഷം ഇയാള്‍ നല്‍കി. ബാക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഹോട്ടല്‍ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ബാക്കി തുക ഉടന്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും പാലിച്ചില്ല.
കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ ഹോട്ടലില്‍ നിന്നും കാണാതായി. തുടര്‍ന്ന് ഇയാളെ നിരന്തരം ഹോട്ടല്‍ അധികൃതര്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ബന്‍ജാര ഹില്‍സ് പൊലീസിനെ സമീപിക്കുകയായിരുന്നു.
കോൺഗ്രസിൽ അധികാരം നെഹ്റു കുടുംബത്തിന് മാത്രമെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. നാടകീയ നീക്കങ്ങൾക്കൊടുവിൽ സോണിയ ഇടക്കാല പ്രസിഡന്‍റ് സ്ഥാനത്ത് എത്തുമ്പോള്‍ പ്രിയങ്കയ്ക്കാവുമോ അടുത്ത ബാറ്റൺ എന്ന ചോദ്യവും ഉയരുന്നു. നേതൃത്വമില്ലാതെ ആടിയുലഞ്ഞ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള ബലം തല്‍ക്കാലം നല്കുന്നതാണ് ഈ തീരുമാനം.
ജൂലൈ ആറിനാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. 35 ദിവസവും കോൺഗ്രസ് ചരടുപൊട്ടിയ പട്ടം പോലെ പറന്നു. പാർലമെന്‍റില്‍ പ്രധാന ബില്ലുകളിൽ ആശയക്കുഴപ്പം. പാർട്ടിയിൽ നിന്ന് വൻ കൊഴിഞ്ഞു പോക്ക്. രാഹുൽ ഗാന്ധി പാർട്ടിയോട് നടത്തുന്ന യുദ്ധപ്രഖ്യാപനമായാണ് അദ്ധ്യക്ഷപദത്തിലേക്കില്ലെന്ന രാഹുലിൻറെ നിലപാടിനെ ചിലർ കണ്ടത്. കോൺഗ്രസിൻറെ എല്ലാ തീരുമാനങ്ങളിലും നാടകീയത പ്രധാന ഘടകമാണ്. കശ്മീർ വിഷയം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് രാഹുലിനെ വിളിച്ചു വരുത്തുന്നു, അവിടെ ആളുകൾ മരിക്കുന്നു എന്ന റിപ്പോർട്ടട് അവതരിപ്പിക്കുന്നു, ഇതല്ലാതെ മറ്റൊന്നു ചർച്ച ചെയ്യാനില്ലെന്ന് പറയുന്ന രാഹുലിനെ സോണിയയും പ്രിയങ്കയും പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുന്നു, കുടുംബത്തിനുള്ളിലെ ചർച്ചയ്ക്കു ശേഷം സോണിയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നു.
പ്രിയങ്ക ഗാന്ധി എടുത്ത നിലപാട് നിർണ്ണയാകയമായി. അദ്ധ്യക്ഷ കസേരയിൽ സോണിയാഗാന്ധി ഇരുന്നത് 19 വർഷം. പത്തു വർഷം പാർട്ടി ഭരണത്തിലായിരുന്നു. കോൺഗ്രസിന് എന്തു സംഭവിച്ചു എന്ന ഉത്തരം ഈ പത്തു വർഷം നല്കും. അധികാരം പത്ത് ജൻപഥിൽ കേന്ദ്രീകരിച്ചു. നെഹ്റുകുടുംബത്തിൻറെ അപ്രമാദിത്വം അംഗീകരിക്കുക മാത്രമായി കോൺഗ്രസിൽ സ്ഥാനങ്ങൾ നേടാനുള്ള യോഗ്യത. കരുത്തരായ പ്രാദേശികനേതാക്കളെ എല്ലാം ദുർബലരാക്കി. ജഗൻമോഹൻ റെഡ്ഡിയുമായുള്ള തർക്കം കോൺഗ്രസിന് കരുത്തുള്ള ഒരു സംസ്ഥാനത്തിൻറെ വിഭജനത്തിലേക്ക് നയിച്ചു.
രാഹുൽ ഗാന്ധി അദ്ധ്യക്ഷനായപ്പോൾ സോണിയാഗാന്ധിയുടെ വീട് കേന്ദ്രീകരിച്ച ഒരു സംഘം മുതിർന്ന നേതാക്കളുടെ ബലം ചോർന്നു പോയിരുന്നു. സോണിയ തിരിച്ചെത്തുമ്പോൾ പാർട്ടിയിൽ ആ പഴയ വിഭാഗവും തലപൊക്കും. രാഹുൽ നിയമിച്ച പുതിയ നേതാക്കളുടെ ഭാവി ചോദ്യചിഹ്നമാകും. നാലു നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്നു. കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എന്തു ചെയ്യണം എന്നറിയാതെ പ്രതിപക്ഷം പകച്ചു നില്ക്കുന്നു.
പ്രതിപക്ഷ നിരയെ വീണ്ടും കൂട്ടിയിണക്കാൻ സോണിയ ശ്രമിച്ചേക്കും. നിയസഭാ തെരഞ്ഞെടുപ്പുകൾ ആശയക്കുഴപ്പമില്ലാതെ പാർട്ടിക്ക് നേരിടാം. എന്നാൽ കുടുംബഭരണത്തിനെതിരായ മോദിയുടെ പ്രചാരണത്തിന് പാർട്ടി ഒരിക്കൽ കൂടി ആയുധം നല്കുന്നു.
ജന്മദിന സമ്മാനമായി ലഭിച്ച ബി.എം.ഡബ്യു കാര്‍ നദിയില്‍ ഒഴുക്കിവിട്ട് യുവാവ്. ഹരിയാനയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ വീഡിയോ വൈറലാകുകയാണ്. ഹരിയാനയിലെ യമുനാഗറിലാണ് സംഭവം അരങ്ങേറിയത്. പ്രദേശത്തെ ഒരു വന്‍ ഭൂ ഉടമയുടെ മകനാണ് ഇത്തരം ഒരു കൃത്യം ചെയ്തത്. 35 ലക്ഷം രൂപയെങ്കിലും വില വരുന്ന കാറാണ് നദിയില്‍ ഒരുക്കിയത്.
ഇയാള്‍ തന്‍റെ ജന്മദിനത്തിന് ഒരു ജാഗ്വര്‍ കാര്‍ വേണമെന്നാണ് വീട്ടുകാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ വാങ്ങി നല്‍കിയത് ബി.എം.ഡബ്യു. ഇതില്‍ കുപിതനായ ഇയാള്‍ നദിക്കരയില്‍ എത്തി കാര്‍ നദിയിലേക്ക് തള്ളിയിടുകയായിരുന്നു. കാര്‍ നദി തീരത്തെ പുല്‍കൂട്ടത്തില്‍ പൊങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയ്ക്ക് എത്തിച്ചു.ബിബിസി അടക്കമുള്ള മാധ്യമങ്ങളില്‍ ഇതിന്‍റെ വാര്‍ത്ത പരന്നതോടൊപ്പം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
30–ലധികം വീടുകള്‍ മണ്ണിലടിയിലായ ദുരന്തത്തില്‍ ഇനിയും എത്ര ജീവനുകൾ അവശേഷിക്കുന്നുവെന്ന് പോലും അറിയില്ല. അതിനിടയിലാണ് മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കവളപ്പാറയിലെ ദുരന്തത്തിന്‍റെ വ്യപ്തി വര്‍ധിക്കാന്‍ കാരണമെന്ന വാദമുയര്‍ത്തി ചിലര്‍ രംഗത്തുവന്നത്.
കവളപ്പാറക്കാര്‍ എന്ന പേരില്‍ ചാനല്‍ ചര്‍ച്ചകളിലും ഇവര്‍ ഇത്തരം വാദം ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്നും നാട്ടുകാര്‍ മാറാന്‍ തയ്യാറായില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന്‍റെ കാരണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഉരുള്‍പൊട്ടല്‍ നേരിട്ടനുഭവിച്ച യുവാവ് രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഒരറിയിപ്പും ഉണ്ടായിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചകളില്‍ കവളപ്പാറക്കാര്‍ എന്ന പേരില്‍ പങ്കെടുക്കുന്നവര്‍ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണെന്നും, അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ള കവളപ്പാറക്കാരെന്നും ദുരന്തത്തില്‍ ജേഷ്ഠനെ നഷ്ടമായ ദിനൂപ് എം നിലമ്പൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദിനൂപിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഭൂദാനം കവളപ്പാറയിലെ ദുരന്തം നാട്ടുകാരെന്നു പറഞ്ഞു ചാനലിൽ സംസാരിക്കുന്ന ചില മാന്യന്മാർക്ക് അറിയില്ലായിരുന്നു, അവിടെ എന്താണ്സംഭവിച്ചതെന്ന്, അവർ തുടക്കത്തിൽ മൈക്ക് കിട്ടിയപ്പോൾ എന്തൊക്കെയോ പറയുന്നു, സത്യം നിങ്ങളറിയണം അതുകൊണ്ടാണ് വിശദമായി എഴുതുന്നത്.
മുത്തപ്പൻ കുന്ന്, എനിക്ക് ഓർമ്മവച്ച കാലം മുതലേ കാരണന്മാർ പറയുമായിരുന്നു കുന്ന് ഇടിയും ഇടിയും എന്ന്. ആ ദുരന്തം കഴിഞ്ഞ ദിവസം നടന്നു, അതിൽ രാഷ്ട്രീയമായും അല്ലാതെയും മുതലെടുപ്പ് ആരും നടത്തേണ്ട, സത്യം ലോകം അറിയണം.
ജേഷ്ഠനെയും (വല്യച്ഛന്റെ മകന്‍) പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിന്‍റെ ദു:ഖത്തിലാണ് ഞങ്ങൾ. ദിവസവും രാവിലെ കാണുന്ന എത്രപേർ, കഴിഞ്ഞവർഷം ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നറിഞ്ഞ് വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ക്യാമ്പിലേക്ക് മാറ്റി. ഇപ്പോൾ കാണാതായവർ അടക്കം കുറഞ്ഞത് ഒരു മുപ്പത് പേരെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു, ദിവസങ്ങളോളം എല്ലാവരും ഒരുമിച്ചു കഴിഞ്ഞിരുന്നു
ഓണത്തിന് പച്ചക്കറിയുൾപ്പെടെ കിറ്റുകൾ നൽകിയിരുന്നു ഈ വീടുകളിൽ. രണ്ടു മൂന്ന് ദിവസമായി പെയ്തമഴയിൽ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. മൊബൈൽ നെറ്റ്‍വർക്ക് കിട്ടിയിരുന്നില്ല. സംഭവം നടക്കുന്ന ദിവസം ഉച്ചയായപ്പോഴേക്കും ചാലിയാറിലും പരിസരപ്രദേശങ്ങളിലും വെള്ളം ഉയർന്നു. കവളപ്പാറയുടെ ഒരുഭാഗം ചാലിയാറും ഒരുഭാഗം മലയുമാണ്.
ഭൂദാനത്തേക്കു പോയിരുന്നത് പനങ്കയം പാലത്തിലൂടെയായിരുന്നു. പിന്നൊരു മാർഗം ശാന്തീഗ്രാം പാലവും. ഇത് രണ്ടും വെള്ളം കയറി.പനങ്കയത്തിനും കാവളപ്പാറക്കും ഇടയിൽ തുടിമുട്ടിയിൽ വെള്ളം കയറി ഭൂദാനത്തേക്ക് പോകാൻ കഴിയാത്ത രീതിയിൽ കവളപ്പാറ നിന്നും വരുന്ന തോടിലും വെള്ളം ഉയർന്നു. പിന്നെയുള്ളത് എന്‍റെ വീടിനടുത്തുള്ള റോഡും നൂറ്റമ്പതോളം ഓളം വീടും ഒറ്റപ്പെട്ടു, അതുകൊണ്ടാണ് ഇത്രയുംഭീകരമായ അവസ്ഥയുണ്ടായത്. ആർക്കും ഇങ്ങോട്ടും പോകാൻ കഴിയില്ല, നേരം വെളുത്തിട്ട് മാത്രമെന്ന് ചിലർ പറഞ്ഞു, അല്ലാതെ ഒരുമാർഗ്ഗവുമില്ലല്ലോ..
തുടിമുട്ടിയിൽ വെള്ളം കയറിയെന്ന് വിഷ്ണു(പട്ടാളക്കാരനാണ് ലീവിന് വന്നതായിരുന്നു) പറഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോയി. അവിടെ പനങ്കയത്നിന്നും തുടിമുട്ടിയിൽ നിന്നും ഉള്ള ആളുകൾ കൂടി വീടുകളിൽ വെള്ളം കയറി കുടുങ്ങിക്കിടന്ന 50 ൽ അധികം ആളുകളെ വലിയ ചെമ്പിലും ടൂബിലുമൊക്കെയാക്കി, നാല് മുതൽ രാത്രി ഏഴര വരെ ആളുകളെ വീടുകളിൽ നിന്ന് മാറ്റുകയായിരുന്നു. തുടിമുട്ടിൽ പോയി വെള്ളത്തിൽ നിന്ന് എല്ലാവരും ക്ഷീണിതരായിരുന്നു. അപകടത്തിൽ പെട്ട് രക്ഷപെട്ട ജയേട്ടൻ, കാണാതായ ജേഷ്ഠൻ, വിഷ്ണു അങ്ങനെ പതിനാലോളം പേർ.
അതുകഴിഞ്ഞു വീട്ടിലെത്തി കുളി കഴിഞ്ഞു തണുപ്പുമാറ്റാൻ ചായ കുടിക്കാൻ നിന്നു.
ജയേട്ടനും.അനീഷേട്ടനും ഞങ്ങളെ കാത്തുനിൽക്കാതെ നൂറ് മീറ്റർ അപ്പുറത്തേക്ക് ആളുകളോട് മാറാൻ വേണ്ടി പറയാൻ പോയി. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സനീഷ് കാറുമായി ആകെ ബഹളവുമായി വന്നു. കാറിൽ നിറയെ ആളുകളായിരുന്നു, കൂട്ടത്തിൽ സിസി പ്രകാശേട്ടനും ഭാര്യയും രണ്ട് കുട്ടികളും, ഇവർ നാല് പേരും മണ്ണിൽ കുളിച്ചായിരുന്നു വന്നിരുന്നത്, നിലവിളിക്കുന്നുണ്ടായിരുന്നു. സകുപ്പാപ്പനും ശ്രീധരൻ വല്യച്ചനും വല്യമ്മയും അവിടെ വീട്ടിൽ കുടുങ്ങിയെന്നും പറഞ്ഞു. ഉടൻതന്നെ കുട്ടികൾക്ക് വീട്ടിൽ നിന്നും തുണി മാറാൻ കൊടുത്ത് ഞങ്ങൾ എട്ട് പത്തു പേർ ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് പോയി. അവിടെ നിന്നും പന്തിയല്ലാത്ത ശബ്ദം കേട്ടപ്പോൾ ഞങ്ങൾ തിരികെ പൊന്നു. ഞങ്ങൾ ചായ കുടിക്കാൻ നിന്നില്ലായിരുന്നെങ്കിൽ അനീഷേട്ടന്‍റെ, വിഷ്ണുവിന്‍റെ ബാക്കിയുള്ളവരുടെ കൂടെ ഒരുപക്ഷേ ഞങ്ങളും മണ്ണിനടിയിൽ ആയിരുന്നേനെ. തുടിമുട്ടിയിലേക്ക് ഞങ്ങൾ പോകാതെ കവളപ്പാറ ഭാഗത്തേക്ക് പോയിരുന്നെങ്കിൽ ഒരുപാട് ജീവനുകൾ കൂടെയുണ്ടാകുമായിരുന്നു എന്നോർക്കുമ്പോൾ അതിലേറെ സങ്കടമാണ്.
ശേഷം അരകിലോമീറ്ററോളം നടന്നിട്ടാണ് മൊബൈൽ റെയ്ഞ്ച് കിട്ടിയത്. എല്ലാവരും കോളുകൾ ചെയ്യുന്നുണ്ട്, ആർക്കും കോൾ വിളിക്കാൻ പറ്റണില്ല, ലൈനുകളൊക്കെ ബിസിയാണ്. നെറ്റ് ചെറുതായി കിട്ടുമായിരുന്നു, ആ സമയത്താണ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കവളപ്പാറയിൽ ഉരുൾപൊട്ടിയെന്ന്. മണിക്കൂറുകളോളം കൂടെയുണ്ടായിരുന്ന ജയേട്ടനെയും അനീഷേട്ടനെയും കാണാതായപ്പോൾ ആകെ അങ്കലാപ്പിലായി ഞങ്ങൾ. പിന്നെ പത്തുമണിക്ക് ശേഷം ഉരുൾ പൊട്ടിയ സ്ഥലത്തു പോയി തട്ടാൻ റോഡിൽ റബർ മരങ്ങൾ കണ്ടേ ഞങ്ങളെല്ലാവരും തട്ടാൻ ബാലേട്ടന്‍റെ റബർ തോട്ടത്തിന്മുകളിലേക്ക് കയറി വീണുകിടക്കുന്ന റബർ മരത്തിന്‍റെ മുകളിലൂടെ ഉരുൾ പൊട്ടിയ മണ്ണിലേക്ക് ചാടി. ഒരുകാൽ പൂർണമായും താണുപോയി. പിന്നീട് ടോർച്ച് അടിച്ചുനോക്കിയപ്പോൾ തളർന്നുപോയി. കാരണം ലൈറ്റ് എത്തുന്നിടത്തോളം ദൂരം നോക്കിയാൽ കാണാം, JCB മണ്ണ് നിരത്തിയത് പോലെ. ആകെ തകർന്നുപോയി, ഉറ്റവരും ഉടയവരും നിന്നിരുന്ന വീടും പ്രദേശവും എല്ലാം കാലിയായി കിടക്കുന്നു തിരികെ താഴേക്ക് ഇറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞങ്ങൾക്ക് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, തിരികെ വീട്ടിലെത്തി കിടന്നും നടന്നും ഇരുന്നും നേരം വെളുപ്പിച്ചു. പിന്നീട് രാവിലെ കണ്ടത് ഹൃദയം നിറങ്ങുന്ന കാഴ്ചകളാണ്. വൈകാതെ തന്നെ ഒരുകിലോമീറ്ററോളം നടന്ന് നെറ്റ് വർക്ക് ഉള്ളിടത്ത് വന്ന് കോൾചെയ്യാൻ ആവതും ശ്രമിച്ചെങ്കിലും നടന്നില്ല. 100,101,112, പോത്തുകല്ല് പൊലീസ് സ്റ്റേഷൻ എല്ലായിടത്തേക്കും വിളിച്ചു. കോൾ പോകാതെ വന്നപ്പോഴാണ് രാവിലെ 7 ന് സഹായിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഉദ്യോഗസ്ഥരുടെയോ അധികാരികളുടെയോ ഭാഗത്തു നിന്ന് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് ഒരുവീടിലും അറിയിപ്പ്കൊടുത്തിട്ടും ഇല്ല. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് രണ്ട് പൊലീസുകാർ വീടിന്‍റെ അവിടെ വരെ നിന്നിരുന്നു. അപ്പോൾ ഞങ്ങൾ കവളപ്പാറ മുകളിലേക്കുള്ള റോഡിലേക്ക് വീണ മരം മുറിക്കുകയും റോഡിലെ മണ്ണ് നീക്കുകയുമായിരുന്നു. അവരവിടെ നിന്ന ശേഷം മടങ്ങിപ്പോയി. നേരേ പനങ്കയത്തെക്ക്, ശേഷം അവർക്കും വരാൻ കഴിഞ്ഞില്ല. തുടിമുട്ടിയിൽ വെള്ളം ഉയർന്നതിനാൽ മറിച്ചുള്ള വാർത്ത തികച്ചും നുണയാണ്.
വസ്തുതവിരുദ്ധമാണ് രാത്രി 8 മണിക്ക് ദുരന്തം സംഭവിച്ചിട്ട് പിറ്റേദിവസം 12 മണിയോടെയാണ് സംഭവസ്ഥലത്തേക്ക് വാഹനങ്ങളും മാധ്യമങ്ങളുംവരാൻ തുടങ്ങിയത്. അത്രയ്ക്ക് താറുമാറായികിടക്കുകയായിരുന്നു റോഡും പാലവും. സംഭവം നടന്ന് 16 മണിക്കൂർ കഴിഞ്ഞാണ് വാഹനങ്ങൾ എത്തുന്നത്, പിന്നെന്ത് രക്ഷാപ്രവർത്തനം. അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്ന ചിലർ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണ്. അവരും 16 മണിക്കൂറിന് ശേഷം ആണ് അവിടെയെത്തിയത്. അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർ.
മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു, അനീഷേട്ടനെ കാണാനില്ല, രക്ഷപെട്ടു വന്ന ജയേട്ടൻ പറഞ്ഞു. മ്മളെ അനീഷ് പോയെടാ ഏടത്തിയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട്. വെള്ളിമുറ്റത്തേക്ക് പോയപ്പോൾ പലതവണ കണ്ണ് നിറഞ്ഞു. പിന്നീട് വല്യമ്മയെയും നടക്കാൻ പോലുംകഴിയാത്ത വല്യച്ചനെയും കൊണ്ട് ഉപ്പടക്ക് പോയപ്പോൾ എല്ലാം മനസ്സിലൊതുക്കി മൂന്നാമത്തെ ട്രിപ്പ് എന്റെ വീട്ടിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റി ശേഷം ഒന്ന് ഒന്ന് രണ്ടു കോളുകൾ വന്നപ്പോഴേക്കും(വിഷ്ണു എന്‍ വേണുഗോപാല്‍, സുബിൻ കക്കുഴി) എന്‍റെ സങ്കടം അണപൊട്ടിയൊഴുകി കുറെ കരഞ്ഞു. കുറേനേരം അവിടെ നിർത്തിയിട്ടാണ് തിരികെപോന്നത്.
വെറും 3 മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു; പുത്തുമലയുണ്ടായിരുന്നിടത്തു വലിയൊരു പുഴയൊഴുകി. 5 കിലോമീറ്റർ നീളത്തിൽ, 100 ഏക്കറോളം വിസ്തൃതിയിൽ ആ ഗ്രാമം ഒരു െചളിത്തടാകമായി. ”ഇവിടെയൊരു മസ്ജിദുണ്ടായിരുന്നു, ഇവിടെയൊരു അമ്പലമുണ്ടായിരുന്നു, ഇതാണ് ഞങ്ങൾ ചായ കുടിക്കാനെത്തിയിരുന്ന കന്റീൻ, ഇതു കുട്ടികളുടെ കളിസ്ഥലം”….മണ്ണിൽപുതഞ്ഞുപോയ കരിങ്കൽത്തറകൾ ചൂണ്ടിക്കാട്ടി പുത്തുമലക്കാർ പറഞ്ഞുതന്നു. അപ്പോഴും അവരാരും പുറമേ കരയുന്നുണ്ടായിരുന്നില്ല. മഹാദുരന്തങ്ങൾ ചില മനുഷ്യരെ നിസംഗരാക്കുന്നതാവാം. കാണാനെത്തിയ ഓരോരുത്തരോടും അവർ ഓടിനടന്ന് ആ ഗ്രാമത്തിന്റെ കഥ പറയുകയാണ്.
ചിലർ പഴയ പുത്തുമലയുടെ ചിത്രങ്ങൾ കാണിച്ചുതരുന്നു. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട സുന്ദരമായ നാട്. ഒരു വശത്തു വനമാണ്. മുകളിലായി പച്ചക്കാട് ഗ്രാമം. അവിടെയുണ്ടായിരുന്ന വീടുകളോടു ചേർന്നാണ് ഉരുൾപൊട്ടിയത്.
നിലയ്ക്കാത്ത കൊടുംമഴയായിരുന്നു ആദ്യം. തൊട്ടുപിന്നാലെ മലകളിടിച്ചെത്തിയ പ്രളയജലം ഗ്രാമത്തെയാകെ തുടച്ചുനീക്കി. കല്ലും മണ്ണും മരങ്ങളും വലിയ സ്ഫോടനശബ്ദത്തോടെ താഴേക്കുകുത്തിയൊലിച്ചു. രണ്ടുതവണയാണ് ഉരുൾപൊട്ടിയത്. മഹാദുരന്തത്തിന്റെ ഉണങ്ങാത്ത മുറിവുംപേറി ചില മരങ്ങൾ മാത്രം തലയുയർത്തി നിൽപ്പുണ്ട്. ചെളിയിൽ മുങ്ങിയ കാറുകൾ. വലിയൊരു ടാർ മിക്സിങ് യൂണിറ്റ് തലകീഴായി മറിഞ്ഞിരിക്കുന്നു.
വീടുകളിരുന്നിടത്തു വലിയ പാറകളും ഭീമൻ മരത്തടികളും. അവയ്ക്കിടയിൽനിന്നു ചെളിയിൽപ്പുതഞ്ഞ് ഒരു പശു ജീവനോടെ കയറിവന്നു. ആളൊഴിഞ്ഞ പാടികളിൽ ആർക്കോവേണ്ടി കാവലിരിക്കുകയാണ് ഒരു വളർത്തുനായ. പക്ഷേ, ഇനി ഈ ദുരന്തഭൂമിലേക്ക് ആരും മടങ്ങിവരാനില്ല. അവരുടെ ഗ്രാമം ഭൂപടത്തിൽനിന്നേ ഇല്ലാതായിരിക്കുന്നു.
സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരണം അറുപത്തിയൊന്നായി. ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. മലപ്പുറം കവളപ്പാറയിലും ആറുപേരുടെ കൂടി മൃതദേഹം കണ്ടെടുത്തതോടെ ദുരന്തത്തിനിരയായവരുടെ എണ്ണം ഒന്‍പതായി. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാലുപേര്‍ മരിച്ചു. കണ്ണൂരില്‍ മൂന്നുപേരും. ചാലക്കുടി, കായംകുളം, വൈക്കം എന്നിവിടങ്ങളില്‍ ഒരോ മരിച്ചു. പുത്തുമലയിലും കവളപ്പാറയിലും രക്ഷാദൗത്യം ഞായറാഴ്ച രാവിലെ തുടരും.
കവളപ്പാറയില്‍ അന്‍പതിലധികം പേര്‍ക്കായാണ് തിരച്ചില്‍. വയനാട് , കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യതയുളളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചു. എറണാകുളം, ഇടുക്കി, തശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും. റണ്‍വേ സുരക്ഷിതമാക്കിയ നെടുമ്പാശേരിയില്‍ നിന്ന് ഉച്ചയ്ക്ക് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ സുരക്ഷിതമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്.
കഴിഞ്ഞ ദിവസത്തെ കനത്ത മണ്ണിടിച്ചിലില്‍ വിറങ്ങലിച്ച നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. ഇന്നുമാത്രം ആറ് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടുകിട്ടിയത്. 54 പേര്‍ ഇനിയും മണ്ണിനടിയിലുണ്ടെന്ന് കരുതുന്നു. നൂറേക്കറോളം മഴ കവര്‍ന്നെടുത്ത കവളപ്പാറയില്‍ ഇന്നും കണ്ണീര്‍ മഴ. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വീണ്ടും മണ്ണിടിഞ്ഞത്. പലരും ഓടി രക്ഷപെടുകയായിരുന്നു.
കല്ലായി പാലത്തില്‍വച്ച് ബൈക്കില്‍ മരംവീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു മരിച്ചു. ചാലക്കുടിയില്‍ ഒഴുക്കില്‍പ്പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു. മൂന്നുമണിയോടെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ വയനാട്ടില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
മലപ്പുറം മുണ്ടേയിരിയില്‍ പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇരുനൂറോളംപേര്‍ കുടുങ്ങി. ഇവിടെ ഹെലികോപ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്. ഭാരതപ്പുഴയും കടലുണ്ടി പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തിരൂർ–കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പൊന്നാനി കർമറോഡ് പൂർണമായും മുങ്ങി. പൊന്നാനി ടൗണിൽ വെള്ളം കയറി. പുറത്തൂർ ഉൾപ്പടെയുള്ള പുഴയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് ഉച്ചക്ക് 12പ്രവർത്തനസജ്ജമാകും. വ്യാഴഴ്ച രാത്രി മുതൽ ആണ് വിമാനത്താവളം അടച്ചിട്ടത്. എട്ടുമണിയോടെ ബോര്‍ഡിങ് പാസ് കൊടുത്തുതുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിമാനത്താവളത്തിലെ വെള്ളം വറ്റിക്കാനായി പമ്പിങ് ഇപ്പോഴും തുടരുകയാണ്.
സർവീസുകൾ നിർത്തി കെഎസ്ആർടിസി, ട്രെയിന്‍ ഗതാഗതം സ്തംഭിച്ച് തന്നെ
കോട്ടയത്തു നിന്ന് ആലപ്പുഴ, കുമരകം, ചേർത്തല എന്നിവിടങ്ങളിലേക്ക് സർവീസ് നിര്‍ത്തി. മലപ്പുറത്ത് പാലക്കാട്– കോഴിക്കോട് ദേശീയപാതയില്‍ ഗതാഗത തടസം തുടരുന്നു. മഞ്ചേരി–നിലമ്പൂര്‍–ഗൂഡല്ലൂര്‍ പാതയില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി.
ട്രെയിന്‍ ഗതാഗത സ്തംഭനം മൂന്നാം ദിവസവും തുടരുന്നു. കോഴിക്കോട് – പാലക്കാട് ഗതാഗതം പുനരാരംഭിക്കാനായില്ല. ഇതു വഴിരാവിലെയുള്ള ദീർഘ ദൂര ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം -എറണാകുളം -തൃശൂർ പാതയിൽ ഹ്രസ്വദൂര ട്രെയിനുകൾ സർവീസ് നടത്തുന്നു.
കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്,കൊച്ചുവേളി- പോർബന്തർ എക്സ്പ്രസ്. ബാംഗളൂർ ഐലൻഡ് എക്സ്പ്രസ്, മുംബൈ നേത്രാവതി എക്സ്പ്രസുകൾ റദ്ദാക്കി. ശബരി, ജയന്തി ജനത എക്പ്രസുകൾ നാഗർകോവിൽ വഴി തിരിച്ചുവിട്ടു. ഷൊർണൂർ-കോഴിക്കോട് പാതയിൽ പരിശോധന നടത്തി ഗതാഗത യോഗ്യമെന്ന് ഉറപ്പു വരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കു.
രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് കരിപ്പൂരിലെത്തുന്ന രാഹുല്‍ നിലമ്പൂര്‍ കോട്ടക്കല്ല്, മമ്പാട് എം.ഇ.എസ് , എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാംപുകളിലെത്തും. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും രാഹുല്‍ പങ്കെടുക്കും. തുടര്‍ന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ തിങ്കളാഴ്ച രാലിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുകയും കല്കടറേറ്റിലെ അവലോകനയോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.