കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പറഞ്ഞ കാര്യങ്ങളില്‍ കാര്യമായ വൈരുദ്ധ്യമുണ്ട്. ചില ചോദ്യങ്ങള്‍ക്കും അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ക്കും മറുപടി നല്‍കാനായില്ല.

ഇവരുടെ ഉറ്റ ബന്ധുവും സയനൈഡ് ഉള്‍പ്പെടെ കൈമാറിയ മറ്റൊരാളുമാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് മാസത്തിനിടെ അന്വേഷണസംഘം ശേഖരിച്ച തെളിവുകളില്‍ ദുരൂഹമരണങ്ങളില്‍ വനിതയുടെ പങ്ക് വ്യക്തമാണ്. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് നിഗമനം. ആറുപേരുടെയും മരണമുണ്ടായ സമയത്തോ സ്ഥലത്തോ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും നല്‍കിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവയ്ക്കുന്നതാണ്.

ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും വനിത ഒഴി‍ഞ്ഞുമാറി. വേഗത്തിലുള്ള മരണം. ആറുപേരുടെയും മരണത്തിലെ സമാനത. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇക്കാര്യങ്ങളെല്ലാം സംശയം കൂട്ടി. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങളുള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.