Latest News

ലെബനനെ നടുക്കി വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഹിസ്ബുള്ള സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് വിവരം. ഹിസ്ബുള്ള അംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ വാങ്ങിയ ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്.

11 പേര്‍ കൊല്ലപ്പെടുകയും 4000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. 400 പേരുടെ നില ഗുരുതരമാണ്. ലെബനനിലെ ഇറാന്‍ സ്ഥാനപതി മൊജ്തബ അമാനിക്കും ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളുമടക്കമുള്ളവര്‍ക്കും പരിക്കേറ്റു. പേജറുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആസൂത്രിതമായി നടന്നെന്ന് കരുതുന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ളയും ഇസ്രയേലുമായി യുദ്ധത്തിലാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു.

പേജറുകള്‍ പൊട്ടിത്തെറിച്ചതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സുരക്ഷ വര്‍ധിപ്പിച്ചതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഇറാന്‍ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുള്ള. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഹിസ്ബുള്ള ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്.

ഇതോടെ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുള്ള വിലയിരുത്തുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവര്‍ ആരോപണവും ഉന്നയിച്ചു. കഴിഞ്ഞ മാസമാണ് ഹിസ്ബുള്ള പുതിയ യന്ത്രങ്ങള്‍ കൊണ്ടുവന്നത്.

മഹാ നഗരത്തിന്റെ തിരക്കിൽ നിന്നും സ്വന്തം നാടിന്റെ സ്വഛതയിലേക്ക് സ്നേഹ സമ്പന്നതയിലേക്ക് ഓണം ആഘോഷിയ്ക്കാൻ വരുന്ന യുവ മിഥുനങ്ങൾ, കൂടെ അവരുടെ പ്രിയപ്പെട്ട രണ്ടു ചങ്ങാതികൾ കൂടെ മനോഹരമായൊരു ഓണപ്പാട്ടും.. ജോൺ പോൾ നിർമ്മിച്ച് സെയ്ബിൻ ലൂക്കോസ് ആശയവും, സംവിധാനവും നിർവ്വഹിച്ച “മേലെ വീട്ടിലെ ഓണോത്സവം”. എന്ന മ്യൂസിക് ആൽബം ഇതിനോടകം സംഗീത ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. തോട്ടയ്ക്കാട് കരയിൽ മേലേ വീടിന്റെ ദൃശ്യ സമ്പന്നതയിൽ അമ്മാവൻമാരും , അമ്മായി മാരും , കുഞ്ഞുങ്ങളും . മാവേലി വേഷവും, തിരുവാതിരക്കാരും , സൗഹൃദങ്ങളുടെ സുരപാന ലഹരിയുമൊക്കെയായി ഷോർട്ട് ഫിലിം പോലെ അണിയിച്ചൊരുക്കിയിരിക്കുന്നു.

പിന്നണിയിൽ പ്രവർത്തിച്ചവർ ഇവരൊക്കെയാണ്

ആശയവും സംവിധാനവും : സൈബിൻ ലൂക്കോസ്
നിർമ്മാണം – ജോൺ പോൾ
ഛായാഗ്രഹണം – അഭയ
സംഗീതം: ജയൻ ബി എഴുമാന്തുരുത്ത്
വരികൾ: ആദി നാരായണൻ പയ്യന്നൂർ
പാടിയത് : തരണു മോഹൻ & അമ്പാടി ജയപ്രകാശ് ഏറ്റുമാനൂർ
ഓർക്കസ്ട്ര : അമലൂട്ടൻ
റെക്കോർഡിംഗ് : ക്രിസ്റ്റഫർ @ ഗൗരി ഡിജിറ്റൽ, വൈക്കം
മിക്സിംഗ് & മാസ്റ്ററിംഗ് : തങ്കവേൽ
പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മണർകാട്
മേക്കപ്പ് & ആർട്ട് -ബിനിൽ

നവവധു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാളസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു. ഭര്‍ത്താവ് അതുല്‍ ഡാളസില്‍ ഫേസ്ബുക്കില്‍ എന്‍ജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.

അമ്മ എംസി വത്സല (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട). സഹോദരി: ഡോ. അജിത (അസി. സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി, തൃശ്ശൂര്‍). മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിച്ചു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയില്‍ നടക്കും.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും ചുമത്തിയത് നരഹത്യാക്കുറ്റം. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍(29) ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടി(27) എന്നിവര്‍ക്കെതിരേയാണ് മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി എട്ടുമണിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതിനാല്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ല.

ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാക്കുറ്റം ചുമത്തുമെന്നായിരുന്നു പോലീസ് നേരത്തെ നല്‍കിയ സൂചന. എന്നാല്‍, നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് വനിതാ ഡോക്ടര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തിയത്. സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് ദൃക്‌സാക്ഷികളും മൊഴി നല്‍കിയിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ചന്ദനക്കടത്ത്, തട്ടിപ്പ് കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുന്‍പ് ആശുപത്രിയില്‍വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നൃത്താധ്യാപകനാണെന്ന് പറഞ്ഞാണ് അജ്മല്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് സൗഹൃദം വളരുകയും ഇരുവരും ഒരുമിച്ച് നൃത്തപഠനത്തിനായി പോവുകയുംചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. അതേസമയം, കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ തന്നെ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു അതിദാരുണമായ സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി.

 

യുകെയിലേക്ക് പുതിയതായി പഠിക്കുവാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇവിടുത്തെ ജീവിത സാഹചര്യങ്ങളുമായിട്ട് ഇണങ്ങിച്ചേരുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന കൈരളി യുകെയുടെ ഓറിയന്റേഷൻ സെഷൻ സെപ്തംബർ 19 വ്യാഴാഴ്ച ഓൺലൈനിൽ നടക്കും. പുതിയ സ്ഥലം, പുതിയ സാഹചര്യം, പുതിയ ജീവിതം; മറ്റൊരു രാജ്യത്തിലെ സംവിധാനങ്ങളും നിയമങ്ങളും തുടക്കത്തിലേ മനസ്സിലാക്കുക, പാർട്ട്‌ ടൈം ജോലി, താമസം, മെഡിക്കൽ, ബാങ്ക്‌ അക്കൗണ്ട്‌, ഡ്രൈവിംഗ്, കോഴ്സ് വർക്ക്‌ തുടങ്ങി ഏറെ ചോദ്യങ്ങളാണു യുകെയിലെ യൂണിവേഴ്സിറ്റികളിൽ പുതിയതായി എത്തുന്ന വിദ്യാർത്ഥികൾ ചോദിച്ചറിയാറുള്ളത്‌. കുടുംബമായി എത്തുന്നവർക്ക്‌ സ്കൂൾ, ചൈൽഡ്കെയർ, പങ്കാളിയുടെ ജോലി തുടങ്ങി അനവധി ചോദ്യങ്ങൾ വേറെയും.

ഇപ്പോൾ പഠിക്കുന്നവരോടും മുൻപ്‌ പഠിച്ച്‌ ഇപ്പോൾ ജോലി ചെയ്യുന്നവരോടും സംവദിക്കാനുള്ള അവസരവും, യുകെയുടെ എല്ലാ ഭാഗങ്ങളിലും യൂണിറ്റുള്ള കൈരളി യുകെ നിങ്ങൾക്ക്‌ അതാത്‌ സ്ഥലങ്ങളിലെ പ്രവർത്തകരുമായ്‌ ചേർന്ന് നിങ്ങളെ സഹായിക്കുവാനും ഇതുമൂലം സാധിക്കും. യുകെയിൽ തൊഴിലിടങ്ങളിൽ വിദ്യാർത്ഥികൾക്ക്‌ പലവിധ ചൂഷണണങ്ങൾ വർദ്ധിച്ചു വരുന്നത്‌ ആശങ്കയോടെ കാണുന്നു. കുറഞ്ഞ വേതനം, ശമ്പളം കൊടുക്കാതിരിക്കുക, രേഖകൾ പിടിച്ചുവെയ്ക്കുക, ലൈംഗിക അതിക്രമങ്ങൾ എന്നിങ്ങനെ പല പ്രതിസന്ധികളിൽ സഹായം എവിടെ നിന്ന് സ്വീകരിക്കണമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചോദിച്ചറിയാനും കഴിയും.

കഴിഞ്ഞ വർഷം യുകെയിലെ യൂണിവേഴ്സിറ്റികളിൽ അനേകം വിദ്യാർഥികൾ കോഴ്സിൽ തോറ്റതായി  ശ്രദ്ധയിൽപ്പെട്ടു, പഠന വിഷയങ്ങളിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ വ്യാഴാഴ്ചത്തെ ചർച്ചയിൽ ഉണ്ടായിരിക്കും. ഇപ്പോഴത്തെ യുകെയിലെ സാഹചര്യം അനുസരിച്ച് ഒരു ജോലി ലഭിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, നിങ്ങൾ ഒരു പാർട്ട് ടൈം ജോലിക്ക് ആയിട്ട് ശ്രമിക്കുമ്പോൾ നിങ്ങളുടെ സീവി, അതുപോലെ ഇന്റർവ്യൂവിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ഈ ചർച്ചയിൽ ഉണ്ടായിരിക്കും.

മുൻകാലത്ത് നടത്തിയിരുന്ന സെഷനുകൾ വളരെ നല്ലതായിരുന്നു എന്ന അഭിപ്രായം ലഭിച്ചതനുസരിച്ച് കൂടുതൽ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ചർച്ച തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തലങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഈ സെഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് – https://fb.me/e/2uK4m6PfH

ലിങ്ക്ൻഷെറിലെ സ്ലീഫോഡിൽ ഉള്ള മലയാളി കൂട്ടയ്മയായ സ്ലീഫോർഡ് മലയാളി അസോസിയേഷൻ സെപ്റ്റംബർ 14 -ന് രാവിലെ 11 മണി മുതൽ 5 മണി വരെ സ്ലീഫോർഡിലെ ഊർ ലേഡി ഓഫ് ഗുഡ് കൗൺസിൽ കത്തോലിക്ക പള്ളി പാരിഷ് ഹാളിൽ ആഘോഷിച്ചു, ഏതാണ്ട് ഇരുപത്തിയഞ്ചോളം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ എൺപതോളം പേർ പങ്കെടുത്തു. ഷസ്‍ഫ ഷാജിതന്റെ പ്രാർഥനാ ഗാനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, തുടങ്ങിയവ പരിപാടിക്ക് മാറ്റ്‌ കൂട്ടി.

പ്രസിഡന്റ് ശ്രി നിതിൻ കുമാർ നോബിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ സോണിസ് ഫിലിപ്പ്‌ സ്വാഗതവും ട്രെഷറർ ശ്രീ മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ റിജേഷ് വി., ഷാജിത് സി.പി. ടോമി ജോസഫ്, ജോബിൻ ജോസഫ്, സുനീഷ്, നിയ സോണിസ്, സൂര്യ റിജേഷ് മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ലേഡീസ് വിങ് കൺവീനിർ ദിവ്യ രാജൻ, ലേഡീസ് വിങ് അംഗങ്ങളായ ജിജ്‌ജില റിജേഷ്, ഷൈനീ മോൻസി , അജി സോണിസ്, ആഞ്ചല ജലീൽ, അസ്‌ന ഷാജിത്, ലിസ ടോമി, നിമ്യ കിരൺ, ജിൻസി സുനീഷ്, സിജി രതീഷ്, ബിജി, ടീന ബിനീഷ്, ക്രിസ്‌റ്റി ജോബിൻ എന്നിവർ വീട്ടിൽ പാകം ചെയ്ത കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ട് ഓണ സദ്യ രുചികരമാക്കി ഏതാണ്ട് 5 മണിയോട് കൂടി എല്ലാവരും സന്തോഷപൂർവം പിരിഞ്ഞു.

ആലപ്പുഴയിൽ ഒമ്പതുകാരിയുടെ ഉയരത്തേക്കാൾ നീളത്തില്‍ തലമുടിയുടെ കെട്ട് വയറ്റിൽ നിന്ന് പുറത്തെടുത്തു. ആലപ്പുഴയിൽ വയറുവേദനയുമായി എത്തിയ ഒമ്പതുകാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 127 സെന്റിമീറ്റർ നീളത്തിലുള്ള മുടിയുടെ കെട്ട് പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗമാണ് ശസ്ത്രക്രിയയിലൂടെ ഈ മുടിയുടെ കെട്ട് പുറത്തെടുത്തത്. നിരന്തരമായുള്ള വയർ വേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയിൽ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂർവ രോഗം ആണെന്ന് കണ്ടെത്തി. ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലെ ആകുന്ന രോഗത്തെയാണ് ‘ട്രൈക്കോബെസോർ’ എന്ന് പറയുന്നത്. ഹെയർ ബോൾ എന്നും ഈ അവസ്ഥക്ക് പറയും. തലമുടി, നൂൽ, ക്രയോൺ എന്നിവ ഉള്ളിൽ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നവയാണ്. എന്നാൽ കുട്ടിക്ക് ബാധിച്ച രോഗം പതിവിൽ നിന്നും വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു.

കുട്ടിയിൽ ഹെയർബോളിന് 127 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്‍റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സർജറിവിഭാഗത്തിലെ ഡോ. ഷിനാസ് സാദ്ദിഖ്, ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദി, ഡോ. ജ്യൂഡ് ജോസഫ്, ഡോ. ഫാത്തിമ, ഡോ അനന്തു, അനസ്ത്യേഷ്യാ വിഭാഗത്തിലെ ഡോ. വീണ, ഡോ. ബിബി, ഡോ. അഡ്ലേൻ, ഡോ. ഹരികൃഷ്ണ, ഡോ. അംബിക, ഡോ. അപർണ, ഡോ. അനുരാജ്, ഗ്യാസ്ട്രോളജിസ്റ്റ് ഡോ. ഗോപു, നഴ്സിങ് വിഭാഗത്തിലെ ഷീജ, ശ്രീദേവി, ഷെറിൻ, സൂരജ്, ധന്യ, ബേബിപ്രീത, മീര, സനിത, ആശ, അഞ്ജലി, ബിന്ദുമോൾ, രമാദേവി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുവീഴ്ത്തി, ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ പ്രതി പിടിയില്‍. കാര്‍ ഡ്രൈവര്‍ കരുനാഗപ്പള്ളി സ്വദേശി അജ്മലാണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ശാസ്താംകോട്ട പോലീസ് ഇയാളെ പിടികൂടിയത്.

സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീത്തുകയും തുടര്‍ന്ന് കാര്‍ നിര്‍ത്താതെ വീണുകിടന്ന സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.46-നാണ് സംഭവം.

സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കുഞ്ഞുമോള്‍ കാറിനടിയിലേക്ക് വീണു. ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് രക്ഷപ്പെടാന്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പിന്നിലെ ടയര്‍ കുഞ്ഞുമോളുടെ കഴുത്തിലൂടെ കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞുമോളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9.45-ഓടെ മരണം സ്ഥിരീകരിച്ചു.

കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറും ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാല്‍ അജ്മല്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് വിവരം.

അമേരിക്കയിലെ ഡാളസിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. വിക്ടര്‍ വര്‍ഗീസ് (സുനില്‍-45), ഭാര്യ ഖുശ്ബു വര്‍ഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിംഗ് ക്രീക്ക് – പാര്‍ക്കര്‍ റോഡില്‍ സെപ്റ്റംബര്‍ ഏഴിനാണ് അപകടമുണ്ടായത്. ഒരാഴ്ചയായി പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇരുവരും.

വിക്ടറിന് കോണ്‍ട്രാക്ട് ബിസിനസും കുശ്ബു ഡാലസിലെ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റിവ് ജീവനക്കാരിയുമായിരുന്നു.

പരേതനായ അമേരിക്കാന്‍ സാഹിത്യകാരന്‍ എബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടര്‍. പത്തനംതിട്ട എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വര്‍ഗീസിന്റെയും അമ്മിണി വര്‍ഗീസിന്റേയും മകനാണ് വിക്ടര്‍. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

പൊതുദര്‍ശനം സെപ്റ്റംബര്‍ 20-ന് വൈകിട്ട് ആറ് മുതല്‍ സെഹിയോണ്‍ മര്‍ത്തോമാ ആരാധനാലയത്തിലും സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 21 രാവിലെ 10 മണിക്ക് സെഹിയോണ്‍ മാര്‍ത്തോമാ ആരാധനാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും.

വണ്ടൂരിനടുത്ത് നടുവത്ത് തിങ്കളാഴ്ച മരിച്ച യുവാവിന് നിപ ബാധിച്ചതായി പൂനെ വൈറോളജി ലാബിന്റെ സ്ഥിരീകരണം. കോഴിക്കോട് വൈറോളജി ലാബില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനാ ഫലവും പോസിറ്റീവായിരുന്നു.

ബംഗളൂരുവില്‍ രണ്ട് മാസം മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലെത്തിയ ഇരുപത്തിമൂന്നുകാരനായ വിദ്യാര്‍ഥിയാണ് നിപ ബാധിച്ച് മരിച്ചത്. മഞ്ഞപ്പിത്ത രോഗം ഭേദമായി മടങ്ങിയ യുവാവ് കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സ തേടുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.

ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.

തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതല യോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു.

ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതുവരെ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്.

ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഐസൊലേഷനിലുള്ള അഞ്ച് പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിങ്് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved