Latest News

യുകെയില്‍ അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ക്ക് രണ്ടര വര്‍ഷം തടവുശിക്ഷ. ഹൂണ്‍സ്ലോയിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ യുവതി ഹിമാന്‍ഷി ഗുപ്തയെയും മറ്റൊരു വഴിയാത്രക്കാരിയെയുമാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.

2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹിമാന്‍ഷി ഗുപ്തയെയും മറ്റൊരു യുവതിയെയും ലണ്ടനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹിമാന്‍ഷിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ വാദം കേട്ട ഐസ്‍വര്‍ത്ത് കോടതി തടവുശിക്ഷയ്ക്ക് പുറമെ രണ്ട് വര്‍ഷത്തേക്ക് ഇയാളെ വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കുകയും പിഴ വിധിക്കുകയും ചെയ്തു.

ഉന്നാവ് കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന് ആശംസകള്‍ അറിയിച്ച് ബിജെപി നേതാവിന്‍റെ പ്രസംഗം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്നുള്ള എംഎല്‍എ ആശിഷ് സിംഗാണ് ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയ്ക്ക് ‘പ്രയാസമേറിയ ഈ സമയം’ മറികടക്കുന്നതിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിത്.

‘നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിംഗ് ഇപ്പോള്‍ ഇവിടെ നമുക്കൊപ്പമില്ല. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയമാണിത്. ഈ മോശം സമയം അദ്ദേഹം മറികടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പോരാടൂ…ഇതില്‍ നിന്നെല്ലാം പുറത്തുകടക്കൂ… എവിടെയാണെങ്കിലും ഞങ്ങളുടെയെല്ലാം ആശംസകള്‍ നിങ്ങള്‍ക്കൊപ്പ മുണ്ടാകുമെന്നുമാണ് ആശിഷ് സിംഗ് പ്രസംഗത്തില്‍ പറയുന്നത്.

 

യുഎസിലെ ടെക്സാസ്, എല്‍ പാസോയിൽ വാൾമാർട് സ്റ്റോറിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവർണർ ഗ്രെഗ് അബോട്ട് വ്യക്തമാക്കി.

21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി. ഡാലസിനു സമീപമുള്ള അലെൻ സ്വദേശിയാണ് ഇയാൾ. അക്രമത്തിനു പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങി. സ്പാനിഷ് വംശജർക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എൽ പാസോ. വളരെ മോശം റിപ്പോർട്ടുകളാണുള്ളതെന്നും നിരവധി പേർ മരിച്ചതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ടെക്സാസ് ഗവർണറുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.

സ്ഥാപനത്തിന്റെ വാഹന പാർക്കിങ് സ്ഥലത്തു വെടിയേറ്റവർ വീണുകിടക്കുന്നതിന്റെ വി‍ഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവർ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്. സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ മരണ സംഖ്യ എത്രയെന്നു പറയാൻ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ റോബർട്ട് ഗോമസ് യുഎസ് മാധ്യമങ്ങളോടു പറഞ്ഞു.

സംഭവം നടക്കുമ്പോൾ സ്ഥാപനത്തിനകത്ത് 1,000 മുതൽ 3,000 വരെ ആൾക്കാർ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. യുഎസിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കൻ കലിഫോർണിയയിൽ 19 കാരൻ നടത്തിയ വെടിവയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മരിച്ചവരിൽ 2 കുട്ടികളും ഉണ്ടായിരുന്നു.

കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്കുനേരെ ആദ്യഭര്‍ത്താവിന്റെ ആസിഡാക്രമണം. ജോലികഴിഞ്ഞുമടങ്ങിവരും വഴിയാണ് യുവതിക്കുനേരെ ആസിഡൊഴിക്കുകയും കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തത്. ആക്രമണം നടത്തിയ ശേഷം ഒാടിരക്ഷപ്പെട്ട യുവതിയുടെ ആദ്യഭര്‍ത്താവ് സുഭാഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.

ശരീരത്തിന്റെ പിന്‍ഭാഗത്താണ് ആസിഡ് വീണ് പൊള്ളലേറ്റിട്ടുള്ളത്,മേലാസകലം കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചിട്ടുണ്ട്,അപായപ്പെടുത്താല്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും പരിക്കുകള്‍ മാരകമല്ല,വഴിയില്‍ ആക്രമണം നേരിട്ട യുവതി അടുത്തവീട്ടിലേക്ക് ഒാടികയറുകയായിരുന്നു.

ആറുമാസമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്,ബന്ധംവേര്‍പ്പെടുത്തിയ ശേഷം സുഭാഷ് യുവതിയെ ഫോണില്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു,വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ ശേഷമാണ് ആക്രണം നടത്തിയിരിക്കുന്നത്.നാട്ടുാകര്‍ മുക്കത്തെ സ്വകാര്യആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു,യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അവിചാരിതമായാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. മുഖ്യമന്ത്രി ആയതും അങ്ങനെ തന്നെ. രണ്ട് വട്ടം മുഖ്യമന്ത്രിയായി നാട് ഭരിക്കാന്‍ ദൈവം സഹായിച്ചു. ആരെയും പ്രീതിപ്പെടുത്താന്‍ അല്ല ഭരിച്ചത്. 14 മാസം കൊണ്ട് ജനോപകാര പ്രദമായത് ചെയ്തു. വികസനത്തിനായി പ്രയത്നിച്ചു. താന്‍ സംതൃപ്തനാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ രാഷ്ട്രീയത്തിന്റെ പോക്ക് അപകടത്തിലേക്കാണ്. ജനങ്ങളെ പരിഗണിക്കാത്ത രാഷ്ട്രീയമാണ് ഇന്നുള്ളത്. ഇനിയും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ടെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ബിജെപി കൊണ്ട് വന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് 14 മാസം നീണ്ട കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണത്.

ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും പ്രതി ചേർത്തു. മോട്ടോര്‍ വാഹനനിയമപ്രകാരം ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് കേസ്. നേരത്തെ വഫയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്ട്രേറ്റിന്റെ മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി നൽകിയിരുന്നു.

പ്രതിയെ രക്ഷിക്കാൻ തുടക്കത്തിൽ പൊലീസിന്റെ വൻ ഒത്തുകളി. സംഭവം വിവാദമാകുകയും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെ ജാമ്യമില്ലാ വകുപ്പു ചുമത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതമായി. കേസ് വിചാരണയ്ക്കെത്തുമ്പോൾ പൊലീസിന്റെ ഒത്തുകളി പ്രതിക്കു ഗുണം ചെയ്യുമെന്നു സേനയിലെ ചിലർ പറയുന്നു. രക്തപരിശോധന 10 മണിക്കൂറിനു ശേഷം ചെയ്തതിനാൽ രക്തത്തിൽ മദ്യത്തിന്റെ അളവു കണ്ടെത്തുക ദുഷ്കരമെന്നു വിദഗ്ധർ പറയുന്നു.

പൊലീസ് വീഴ്ചകൾ ഇങ്ങനെ

∙മദ്യലഹരിയിൽ കാറോടിച്ചു ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചു വീഴ്ത്തിയിട്ടും കാറോടിച്ചവരെ കസ്റ്റഡിയിലെടുത്തില്ല.

∙കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതിയാണെന്നു ശ്രീറാം പറഞ്ഞിട്ടും അവരെ ടാക്സി വിളിച്ചു പൊലീസ് വീട്ടിലെത്തിച്ചു.

∙സംഭവം വിവാദമായതോടെ 5 മണിക്കൂർ കഴിഞ്ഞ് ഇവരെ മടക്കി വിളിച്ചു മൊഴിയെടുത്തു.

∙ശ്രീറാമും യുവതിയും മദ്യപിച്ചിരുന്നോ എന്നറിയാൻ പൊലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസർ ഉപയോഗിച്ചില്ല.

∙പരുക്കേറ്റെന്നു പറഞ്ഞ ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച പൊലീസ് രക്തസാംപിളെടുക്കാൻ ആവശ്യപ്പെട്ടില്ല.

∙രക്തസാംപിൾ ശേഖരിച്ചത് അപകടം നടന്നു 10 മണിക്കൂറിനു ശേഷം മാത്രം.

∙വാഹനമോടിച്ച വ്യക്തിയുടെ പേരില്ലാതെയും മനപൂർവമല്ലാത്ത നരഹത്യയ്ക്കും മാത്രം എഫ്ഐആർ. വൈകുന്നേരും ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ്.

∙ഫൊറൻസിക് വിദഗ്ധരും പൊലീസ് ഫൊട്ടോഗ്രഫറും എത്തും മുൻപേ ഇടിച്ച കാർ റിക്കവറി വാഹനം ഉപയോഗിച്ചു പൊലീസ് മാറ്റി.

∙വാഹനം അമിത വേഗത്തിലായിരുന്നോ എന്നു നിരീക്ഷണ ക്യാമറകൾ വഴി പരിശോധിച്ചില്ല.

∙കാർ ഓടിച്ചതു ശ്രീറാമെന്നു യുവതി പൊലീസിനും കോടതിക്കും മൊഴി നൽകിയിട്ടും കള്ളം പറഞ്ഞു കേസ് വഴിതെറ്റിക്കാൻ ശ്രമിച്ചതിനു കേസെടുത്തില്ല.

ശ്രീറാം നടത്തിയ 5 ഇടപെടലുകൾ

തിരുവനന്തപുരം ∙ അപകടത്തിന് ഇടയാക്കിയ കാർ യാത്ര ആരംഭിച്ചതു മുതൽ തുടങ്ങി നിയമലംഘനം. അപകടശേഷം അന്വേഷണം അട്ടിമറിക്കാനും ശ്രമം നടത്തി. ഒടുവിൽ തെളിവുകളും മൊഴികളും എതിരായതോടെ അറസ്റ്റ് അനിവാര്യമായി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമവിരുദ്ധ ഇടപെടലുകൾ ഇങ്ങനെ

1. നഗരത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നതും പൊലീസിന്റെ ശക്തമായ നിരീക്ഷണമുള്ളതുമായ റോഡിൽ മദ്യലഹരിയിൽ അതിവേഗത്തിൽ കാറോടിച്ചു.

2. അപകടം നടന്നപ്പോൾ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞു: ‘കാറോടിച്ചത് ഞാനല്ല, വഫ ഫിറോസാണ്’. ആൾമാറാട്ടത്തിലൂടെ കേസിൽ നിന്നു രക്ഷപ്പെടാൻ ശ്രമം.

3. ആരാണെന്നു പൊലീസ് ചോദിച്ചപ്പോൾ ഡോക്ടറെന്നു മറുപടി.

4. പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തപരിശോധനയ്ക്കു വിസമ്മതിച്ചു. ശാസ്ത്രീയ തെളിവുകൾ ഒഴിവാക്കാൻ ശ്രമം.

5. പരുക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്കു പോകണമെന്നു ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തപ്പോൾ പോയതു സ്വകാര്യ ആശുപത്രിയിലേക്ക്.

സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞ് പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫീസിന് മുമ്പിലാണ് അപകടം.

പുലര്‍ച്ചെ 12. 59ന് കൊല്ലത്ത് ഒൗദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീറിന് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. പബ്ളിക് ഒാഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തി. 1.5ന് വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു.

സമീപത്തെ മരത്തിലുരസി പോസ്റ്റും തകര്‍ത്ത് നൂറു മീറ്റര്‍ മാറി തെറിച്ചു വീണ ബൈക്കും റോഡിലുടനീളം ചിതറിയ കാറിന്റെ ഭാഗങ്ങളും ആ ഇടിയുടെ ആഘാതം എത്രത്തോളമായിരുന്നുവെന്ന് വിളിച്ചു പറയുന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം ഒാടിച്ചത് ഐ എ എസ് ഒാഫീസര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിനു വ്യക്തമായി. ഒപ്പമുണ്ടായിരുന്നത് കാറിന്റെ ഉടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ആയിരുന്നു. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീറാം.

വാഹനം ഇല്ലാതിരുന്നതിനാല്‍ ശ്രീറാം തന്നെ വിളിച്ചുവെന്നും കവടിയാറില്‍ നിന്ന് കയറിയ ശ്രീറാമാണ് അമിത വേഗതയില്‍ വണ്ടിയോടിച്ചതെന്നുമാണ് വഫയുടെ മൊഴി. നിയമപാലകന്‍ തന്നെ നിയമലംഘകനായപ്പോള്‍ രണ്ടു കുഞ്ഞുങ്ങളുടെ പിതാവ് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് പൊലിഞ്ഞു പോയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം . വിന്‍ഡീസ് ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു . 24 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്കോറര്‍. വിരാട് കോലിയും മനീഷ് പാണ്ഡെയും 19 റണ്‍സ് വീതം നേടി.

ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനായി 49 റണ്‍സെടുത്ത പൊള്ളാര്‍ഡും 20 റണ്‍െസടുത്ത നിക്കോളാസ് പുരാനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റുള്ളവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. അരങ്ങേറ്റ മല്‍സരത്തില്‍ നവ്ദീപ് െസയ്നി 17 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് വൈകുന്നേരം 8 മണിക്കാണ്

തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ അർനബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി ചാനൽ പൂട്ടിക്കുമെന്ന് പറഞ്ഞ് മുൻ ഐ‌.എ‌.എസ് ഉദ്യോഗസ്ഥനും ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷാ ഫൈസൽ. ജമ്മു കശ്മീരിൽ ഉടലെടുത്ത അസാധാരണമായ രാഷ്ട്രീയ സംഭവവികാസങ്ങളെ പറ്റിയുള്ള റിപ്പബ്ലിക് ടി.വി ചാനൽ ചർച്ചക്കിടെയാണ് ഷാ ഫൈസൽ ഇങ്ങനെ പറഞ്ഞത്. റിപ്പബ്ലിക്ക് ടി.വി സ്ഥാപകനും അവതാരകനുമായ അർനബ് ഗോസ്വാമി ഫൈസലിനെ രാജ്യദ്രോഹിയെന്ന് ആരോപിക്കുകയും അമേരിക്കയിലേക്ക് പൊയ്‌ക്കൊള്ളുവാൻ പറയുകയും ചെയ്തതിനെ തുടർന്നാണ് ഫൈസൽ ഇങ്ങനെ പ്രതികരിച്ചത്.

“താങ്കൾ ഇന്ത്യയോട് ഒപ്പമാണോ അതോ എതിരണോ” എന്ന് ഫൈസലിനോട് ചോദിച്ചാണ് റിപ്പബ്ലിക് ടി.വിയിൽ കഴിഞ്ഞ ദിവസം ഗോസ്വാമി തന്റെ ചർച്ച ആരംഭിച്ചത്. “നിങ്ങളുടെ നിലപാടുകൾ വ്യക്തമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ ഇന്ത്യയ്‌ക്കെതിരാണെങ്കിൽ പരസ്യമായി പറയുക. ” എന്നായിരുന്നു ഗോസ്വാമിയുടെ ചർച്ചയിലെ നിലപാട് .

ഇതിന് മറുപടിയായി, ഗോസ്വാമി കശ്മീരിന്റെ ചരിത്രം ശരിയായി വായിച്ചിട്ടുണ്ടോ അല്ലെങ്കിൽ കശ്മീർ താഴ്വരയിലെ പ്രാദേശിക സംസ്കാരം മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് ഫൈസൽ പറഞ്ഞു. ഫൈസലിന്റെ ഈ മറുപടി ഗോസ്വാമിയെ ചൊടിപ്പിച്ചു ഇന്ത്യൻ സർക്കാർ പണ്ട് ഫൈസലിനെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതല്ലേ എന്ന് ഗോസ്വാമി തിരിച്ചടിക്കാൻ ശ്രമിച്ചു.

എന്നാൽ ഗോസ്വാമിയുടെ വാദം നിഷേധിച്ച ഫൈസൽ, ഇന്ത്യൻ സർക്കാർ തന്നെ എങ്ങും പറഞ്ഞയിച്ചിട്ടില്ലെന്നും തന്റെ യു.എസ് സന്ദർശനം ഒരു കൈമാറ്റ പരിപാടിയുടെ ഭാഗമായിരുന്നുവെന്നും ചർച്ചയിൽ വ്യക്തമാക്കി. ഉത്തരം മുട്ടിയ ഗോസ്വാമി ഫൈസലിനെ രാജ്യദ്രോഹിയെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു, ഫൈസലിന്റെ കൂറ് അമേരിക്കയോടാണ് എന്നും ഗോസ്വാമി ആരോപിച്ചു.

ചർച്ച കൂടുതൽ വഷളാവുകയും തുടർന്ന് ഇന്ത്യ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ഗോസ്വാമി ഫൈസലിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു മറുപടി ആയാണ്, “ഞാൻ അധികാരത്തിൽ വരുന്ന ദിവസം നിങ്ങളുടെ ചാനൽ പൂട്ടിക്കും.” എന്ന് ഫൈസൽ പറഞ്ഞത്.

ആസാമിലെ ഗോഹട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന് വധശിക്ഷ. കോളേജ് വിദ്യാര്‍ത്ഥിയായ ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ കാമുകന്‍ ഗോവിന്ദ് ശിഘാളിനെയാണ് കോടതി മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്.

2017 ഡിസംബറില്‍ കാമുകന്‍ ഗോവിന്ദ് സിംഘാളിന്റെ കുളിമുറിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഗോവിന്ദ് സിംഘാളിന്റെ അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷയും അതിവേഗ കോടതി വിധിച്ചു.

2017 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗോവിന്ദയുടെ വാടകവീട്ടില്‍ പെണ്‍കുട്ടി എത്തുകയും വിവാഹം സംബന്ധിച്ച് വഴക്കുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഗോവിന്ദ ശ്വേതയുടെ തല ഭിത്തിയില്‍ ഇടിച്ചു. ബോധരഹിതയായി വീണ ശ്വേത മരിച്ചെന്നു കരുതി ഗോവിന്ദയും മാതാവും സഹോതരിയും ചേര്‍ന്ന് തീകൊളുത്തി. പിന്നീട് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമം നടത്തി.കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 30 കോടതി കണ്ടെത്തിയിരുന്നു.

വാഹനപകടത്തില്‍ പരിക്കേറ്റ് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിക്ക് ന്യൂമോണിയ ബാധിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ ഡോക്ടര്‍മാര്‍ ആശങ്കയിലാണ്.

അതേസമയം, ഉന്നാവ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ ഇന്ന് കുല്‍ദീപ് സെംഗര്‍ എം എല്‍ എ യെ ചോദ്യം ചെയ്തു. സീതാപൂര്‍ ജയിലിലെത്തിയാണ് സിബിഐ സംഘം എംഎല്‍യെ ചോദ്യം ചെയ്തത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. ഉന്നാവ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസിലാണ് സെംഗാര്‍ ജയിലിലായത്.

RECENT POSTS
Copyright © . All rights reserved