Latest News

യോഗാദിന ചടങ്ങുകൾക്കിടയിലേക്കു പാഞ്ഞുകയറിയ കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിക്കെ ഗുരുതരമായി പരുക്കേറ്റ അധ്യാപിക അരിക്കുഴ പാലക്കാട്ട് പുത്തൻപുര രേവതി (27) ആശുപത്രിയിൽ മരിച്ചു. 21നു സ്കൂൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനുള്ള വിദ്യാർഥികളെ വരിയായി നിർത്തുമ്പോഴായിരുന്നു അപകടം. സ്കൂൾ അക്കാദമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ടുവന്ന് അപകടമുണ്ടാക്കിയത്.

കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ തള്ളിമാറ്റുന്നതിനിടെ നിലത്തേക്കു വീണ രേവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപ്പോഴും ‘ഓടിമാറൂ മക്കളേ…’ എന്നു നിലവിളിക്കുന്നുണ്ടായിരുന്നു അവർ. തലയ്ക്കും നട്ടെല്ലിനും കഴുത്തിലും പരുക്കേറ്റ രേവതി ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മരിച്ചത്. അപകടത്തിൽ വിദ്യാർഥികൾക്കാർക്കും സാരമായ പരുക്കേൽക്കാതെ രക്ഷിച്ചത് രേവതിയുടെ ഇടപെടലാണ്. ആശുപത്രിയിലായ രേവതി ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോഴും അന്വേഷിച്ചതു വിദ്യാർഥികളുടെ കാര്യം. മൃതദേഹം ഇന്നു 11നു വിദ്യാലയത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രണ്ടിന് അരിക്കുഴയിൽ. ഹോട്ടൽ ജീവനക്കാരനായ ദീപുവാണ് ഭർത്താവ്. മൂന്നു വയസ്സുകാരി അദ്വൈത മകളാണ്.

മക്കളെ പോലെ സ്നേഹിച്ച വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ നൽകിയ രേവതി ടീച്ചറുടെ മരണം നാടിനു തീരാത്ത നൊമ്പരമായി. ഒട്ടേറെ വിദ്യാർഥികളുടെ ജീവനെടുക്കുമായിരുന്ന ദുരന്തം രേവതിയുടെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒഴിവായത്.യോഗ ദിനാചരണത്തോട് അനുബന്ധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ വരിയായി നിർത്തുന്നതിനിടെയാണ്, കയറ്റം കയറി വന്ന കാർ നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞു കയറിയത്. കാർ ഇടിച്ച രേവതി നട്ടെല്ലിനും തലയ്ക്കും കഴുത്തിലുമെല്ലാം പരുക്കേറ്റ് അവശയായിരുന്നു. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ രേവതി വലിയ പ്രതീക്ഷകളോടെയാണ് സ്കൂളിൽ അധ്യാപികയായി എത്തിയത്.

മൂവാറ്റുപ്പുഴ: സ്‌കൂള്‍ അങ്കണത്തിലേക്ക് കാര്‍ പാഞ്ഞു കയറി 10  കുട്ടികള്‍ക്കും അധ്യാപികക്കും പരിക്കുപറ്റിയ സംഭവത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ അധ്യാപിക അരിക്കുഴ പുതുപ്പരിയാരം പാലക്കാട്ട് രേവതി (26) മരണമടഞ്ഞു. മുവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം അഡ്മിനിസ്‌ട്രേറ്ററുടെ കാറാണ് അപകടത്തിന് ഇടയാക്കിയത്. അസംബ്ലി കഴിഞ്ഞ് യോഗ ദിനത്തോട് അനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മറ്റൊരു സ്‌കൂളിലേക്ക് പോകാന്‍ തയ്യാറായി നിന്ന കുട്ടികളുടെ ഇടയിലേക്ക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ പാഞ്ഞു കയറുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കാര്‍ അമിത വേഗതയില്‍ ആയിരുന്നു എന്ന് പറയുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അധ്യാപികയും രണ്ട് വിദ്യാര്‍ഥികളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അധ്യാപിക മരിച്ചത്. ആറു വിദ്യാര്‍ത്ഥികളെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. അധ്യാപികക്ക് നട്ടെല്ലിനും തലക്കുമാണ് പരിക്ക് പറ്റിയിരുന്നത്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തു. രേവതിക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുണ്ട്.

മതന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ അതിക്രമങ്ങള്‍ നടക്കുന്ന എന്ന യുഎസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇന്ത്യയില്‍ അടുത്ത ദിവസം സന്ദര്‍ശനം നടത്താനിരിക്കെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

ഇന്ത്യ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന നല്‍കുന്ന സംരക്ഷണം സംബന്ധിച്ച് പ്രസ്താവന നടത്താന്‍ ഒരു വിദേശരാജ്യത്തിന് അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും രാജ്യത്തെ മതേതര സ്വഭാവത്തിലും ഇന്ത്യ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇന്ത്യ ഇത് ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനം ഇന്ത്യയില്‍ മുസ്ലീങ്ങളാണെന്നും രവീഷ് കുമാര്‍ യുഎസിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ രീതിയില്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന ഗോ സംരക്ഷകരെ ചെറുക്കാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല. മുസ്ലീം മതാചാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തുടങ്ങിയ കാര്യങ്ങളാണ് അമേരിക്ക അവരുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും യുഎസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മോദി ഭരണത്തിൽ രാജ്യത്തെ മുസ്ലീങ്ങൾ കഴിയുന്നത് ഭയത്തോടെയാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാമില്‍ വച്ച് മുസ്ലീം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ആ സംഭവം ഭീതിജനകമായിരുന്നുവെന്നും നിങ്ങൾ ബംഗ്ലാദേശിയാണോ‌‌, നിങ്ങളെന്തിന് ഇവിടെ ബീഫ് വിറ്റു എന്ന് ചോദിച്ചാണ‌് അവർ ഷൗക്കത്തിനെ ആക്രമിച്ചത‌്. ആയാളെ അവിടെനിന്ന‌് രക്ഷപ്പെടുത്തുന്നതിന‌ുപകരം അവിടെയുള്ളവർ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആക്രമണം നേരിട്ട് ഒരു മാസത്തിന് ശേഷവും അലി നടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ബിബിസി റിപ്പോര്‍ട്ടര്‍ അലിയെ നേരില്‍ കണ്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമിക്കപ്പെട്ട ദിവസം സംഭവിച്ച കാര്യങ്ങള്‍ ഭീതിയോടെയാണ് അലി ഓര്‍ക്കുന്നത്. അതിനെ കുറിച്ച് പറയുമ്പോള്‍ അലിയുടെ കണ്ണുകള്‍ നിറയുന്നുണ്ട്. വടി കൊണ്ട് തന്നെ അവര്‍ ആക്രമിച്ചതായും മുഖത്തടിച്ചതായും അലി പറഞ്ഞു. വര്‍ഷങ്ങളായി ചെറിയ ഫുഡ് കോര്‍ട്ടില്‍ അലിയും കുടുംബവും ബീഫ് വില്‍ക്കാറുണ്ട്. എന്നാല്‍, ഇതുവരെ ഇങ്ങനെയൊരു പ്രശ്‌നം നേരിട്ടിട്ടില്ല. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്നതിനാല്‍ ചില സംസ്ഥാനങ്ങളില്‍ ബീഫ് വില്‍പ്പന നിയമവിരുദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍, ആസാമില്‍ ഇത് നിയമവിധേയമാണെന്നും അലി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അലിക്കെതിരായ ആക്രമണം മുസ്ലീം കമ്യൂണിറ്റിക്കെതിരായ ആക്രമണങ്ങളിലെ പുതിയ ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. ഇന്ത്യയിലെ പല കോണുകളിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. ചില ആചാരങ്ങളെല്ലാം വളരെ വിചിത്രമാണെന്ന് തോന്നുന്ന തരത്തിലുള്ളവയും. ദിനംപ്രതി പുതിയ ആചാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഈ നാട്ടിലുണ്ട്. അങ്ങനെയൊരു ആചാരത്തിനിടയില്‍ ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങി പോകുന്നത് കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കാണണം.

വൈവിധ്യങ്ങളായ മതാചാരങ്ങളും അനുഷ്ഠാനങ്ങളും പലപ്പോഴും നാം കണ്ടിട്ടുണ്ട്. അതിലൊരു ആചാരമാണ് ഇവിടെ സ്ത്രീയെ കുടുക്കിയത്. ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ആഗ്രഹ സാധ്യത്തിനായി ആനയുടെ പ്രതിമക്കടിയിലൂടെ നൂഴ്ന്നുകയറുന്ന ഒരു ആചാരമുണ്ട് ഈ ക്ഷേത്രത്തില്‍. ആവശ്യങ്ങള്‍ സാധിച്ചെടുക്കാനും പല കാര്യങ്ങള്‍ക്കും നന്ദി പറയാനും വിശ്വാസികള്‍ ഈ ആചാരം അനുഷ്ഠിക്കുന്നുണ്ട്. അങ്ങനെ സാധാരണ രീതിയില്‍ ആനയ്ക്കിടയിലൂടെ സ്ത്രീ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ആചാരം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. സ്ത്രീ അവിടെ കുടുങ്ങി പോയി. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായി സ്ത്രീ. അങ്ങോട്ടും ഇങ്ങോട്ടും കടക്കാന്‍ സാധിക്കാത്ത വിധം പ്രതിമയ്ക്കിടയില്‍ സ്ത്രീ കിടപ്പിലായി.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയില്‍ ആറ് മാസത്തെ സേവനം കൂടി ശേഷിക്കെയാണ് വിരാല്‍ ആചാര്യ വിരമിച്ചിരിക്കുന്നത്.

ആര്‍ബിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറായ വിരാല്‍ ആചാര്യ 2017 ജനുവരിയിലാണ് സ്ഥാനം ഏറ്റെടുക്കുന്നത്. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായിരുന്നു വിരാല്‍ ആചാര്യ. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരാള്‍ രാജിവച്ചതോടെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ആര്‍ബിഐയില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉന്നത സ്ഥാനീയനാണ് വിരാല്‍ ആചാര്യ. കഴിഞ്ഞ ഡിസംബറിലാണ് അന്നത്തെ അര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. അതിനു ശേഷം ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി.

ഇപ്പോഴത്തെ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി വിരാല്‍ ആഛാര്യക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഊര്‍ജിത് പട്ടേലിന് പിന്നാലെ വിരാല്‍ ആചാര്യ രാജി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്.

ഏറെ നാളായി ഊർജിത് പട്ടേലും കേന്ദ്രസർക്കാരും തമ്മിൽ ശീതസമരം നിലനിന്നിരുന്നു. ഇതാണ് ഊർജിത് പട്ടേലിന്റെ രാജിയിൽ അവസാനിച്ചത്. ആർബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതോടെയാണ് ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരുന്നു. വായ്പ നൽകുന്നതിൽനിന്നു 11 ബാങ്കുകളെ ആർബിഐ തടഞ്ഞിരുന്നു. ഈ നിയന്ത്രണം മാറ്റണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.

പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്.ബംഗ്ലാദേശില്‍ തിങ്കളാഴ്ചയാണ്അപകടം നടന്നത്.ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുന്നത്. 15പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ധാക്കയില്‍ നിന്ന് ഉത്തരകിഴക്കന്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു.

 

കോണ്‍ഗ്രസ് പുറത്താക്കിയ എ.പി.അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ ചേരുന്നതിന്റെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അബ്ദുല്ലക്കുട്ടി കണ്ടിരുന്നു.

മോദി ബിജെപിയിലേയ്ക്ക് ക്ഷണിച്ചതായി അബ്ദുല്ലക്കുട്ടി വ്യക്തമാക്കിയിരുന്നു. മോദിയെ പ്രകീർത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഗുജറാത്ത് വികസന മാതൃകയെ പ്രശംസിച്ചതിനാണ് നേരത്തെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്.

ചെന്നൈ: മുൻ സിബിഐ ഡയറക്ടർ, ഏറെ കാലം തമിഴ്നാട് ഡിജിപി, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരൻ എന്നിങ്ങനെ ലക്ഷ്മി നാരായണൻ ഇന്ത്യക്കാർക്ക് പല വിധത്തിൽ പരിചിതനാണ്.

പിതാവും സഹോദരനും പ്രശസ്ത നിയമജ്ഞരായിരുന്നെങ്കിലും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ലക്ഷ്മിനാരായണന് ഐപിഎസിലായിരുന്നു താൽപര്യം.

1951ൽ തമിഴ്നാട് കേഡറിൽ മധുര അസിസ്റ്റന്റ് കമ്മിഷണറായി. പിന്നീട് ഡപ്യൂട്ടേഷനിൽ സിബിഐയിലെത്തി. സിബിഐ ഡപ്യൂട്ടി ഡയറക്ടറായിരിക്കെ,1977 ഒക്ടോബർ 3 ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥക്കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

“അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹർലാൽ നെഹ്റുവിന്‍റെ മകളുടെ കയ്യിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പരുക്കനായ കൈകൾ കൊണ്ട് വിലങ്ങണിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു.

എന്നാൽ, ഈ സമയം അകത്ത് നിന്ന് ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു. ആ സമയം അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, “മികച്ച സേവനത്തിനുള്ള മെഡൽ താങ്കളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അലസനാണ്.. വിലങ്ങുകളെടുക്കാൻ മറന്നു പോയി”.

1980 ൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ലക്ഷ്മിനാരായണനെ തമിഴ്നാട് കേഡറിലേക്കു തിരിച്ചയച്ചു. അതോടെ, സിബിഐ ഡയറക്ടർ പദവി അദ്ദേഹത്തിനു നഷ്ടമായി.

എന്നാൽ, അന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഡിജിപിയായി ലക്ഷ്മിനാരായണനെ നിയമിച്ചു. ഇക്കാലത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി കരുണാനിധിയെ അറസ്റ്റ് ചെയ്തു.

വിരമിച്ച ശേഷം തന്‍റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു. സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്ന വി ആർ ലക്ഷ്മി നാരായണൻ തന്‍റെ 91ആം വയസിൽ വിട പറയുമ്പോൾ നഷ്ടമാകുന്നത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍റെ സാക്ഷിയെക്കൂടിയാണ്.

സർവീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘അപ്പോയ്മെന്റ്സ് ആൻഡ് ഡിസപ്പോയ്മെന്റ്സ് : മൈ ലൈഫ് ഇൻ ദി ഇന്ത്യൻ പൊലീസ് സർവീസ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്. അണ്ണാ നഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ എട്ടിനു ന്യൂ ആവഡി റോഡ് വൈദ്യുതി ശ്മശാനത്തിൽ.

പരേതയായ സീതയാണു ഭാര്യ. മക്കൾ: ഡോ.സുരേഷ് (യുഎസ്), ഉഷ (യുഎസ്), ഡോ.രമ ( ഹെൽത്ത് ഓഫിസർ, ലോകാരോഗ്യ സംഘടന). മരുമക്കൾ: പൂർണിമ, രവി, അലി ഫൈറസ്.

ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു വീണ്ടും കെ.സുരേന്ദ്രനായി അണിയറ നീക്കം. ഓഗസ്റ്റിൽ സജീവ അംഗത്വ വിതരണം പൂർത്തിയാകുന്നതോടെ സംഘടനാ തിരഞ്ഞടുപ്പിലേക്കു ബിജെപി കടക്കും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഇത്തവണ സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കി.

അതേസമയം, പി.കെ.കൃഷ്ണദാസ് വിഭാഗം എം.ടി.രമേശിനായും പി.എസ്.ശ്രീധരൻപിള്ളയെ അനുകൂലിക്കുന്നവർ കെ.പി.ശ്രീശനു വേണ്ടിയും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര നേതൃത്വം ഈ നീക്കങ്ങളോടു പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് നിലം തൊടാതെ പോയ പാർട്ടിയിൽ ഇനി പരമ്പരാഗത നേതാക്കളെ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന ചർച്ചയുമുണ്ട്.

പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും നിലവിലെ നേതാക്കളിൽ ആരു പ്രസിഡന്റായാലും മറു വിഭാഗം നിസ്സഹകരണം തുടരുമെന്നും കേന്ദ്രേ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ പുതുമുഖ നേതൃത്വം എന്ന ആശയമാണ് കേന്ദ്ര കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നത്. ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തെക്കാളും ഒരു ലക്ഷത്തോളം വോട്ട് കൂടുതൽ നേടിയ കെ.സുരേന്ദ്രനെ നേതൃത്വത്തിൽ കൊണ്ടു വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തലാണ് അടുത്ത കടമ്പ.

ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആർഎസ്എസും സമ്മതം നൽകിയാലേ സുരേന്ദ്രനു സ്ഥാനം ഉറയ്ക്കു. കേന്ദ്രമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ വി.മുരളീധരന്റെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷൻ ആക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പി.കെ.കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തിൽ പരിഗണിച്ചേക്കും. നിലവിലെ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയെ പുതുതായി ദേശീയതലത്തിൽ രൂപീകരിക്കുന്ന ലോ കമ്മിഷനിൽ സജീവമായി പരിഗണിക്കുന്നുണ്ട്. ഗവർണർ പദവിയിലേക്കും പിള്ളയുടെ പേരു പറഞ്ഞു കേൾക്കുന്നു.

തികഞ്ഞ ആദരവോടെ രാജ്യവും സോഷ്യൽ ലോകവും അഭിനന്ദിക്കുകയാണ് ഇൗ ഐപിഎസ് ഉദ്യോഗസ്ഥനെ. ഉത്തർപ്രദേശിലെ രാംപൂർ എസ്പി അജയ്പാൽ ശർമയാണ് ഇപ്പോൾ ഹീറോ. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ചിട്ട് പിടികൂടിയിരിക്കുകയാണ് ഇൗ ഉദ്യോഗസ്ഥൻ. പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നത് പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാൻ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് കൂടിയായ അജയ്പാൽ ഐപിഎസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ ഇരുകാലുകളിലും തുടരെ തുടരെ ഇദ്ദേഹം വെടിയുതിർത്തു. മൂന്നു റൗണ്ട് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റുമുട്ടിലിലൂടെ പിടുകൂടിയ പ്രതി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.

പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്. കുട്ടിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസിലാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്. ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

 

RECENT POSTS
Copyright © . All rights reserved