വാഹനങ്ങള്‍ പരിശോധിക്കാന്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ചില വണ്ടികള്‍ക്ക് ഇളവു നല്‍കാറുണ്ട്. വണ്ടിയില്‍ ചെറിയ കുട്ടികളെ കണ്ടാല്‍ തടയാറില്ല. കുടുംബയാത്രയെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് ഇത്തരം ഇളവുകള്‍ നല്‍കാറുള്ളത്. കഞ്ചാവ് കടത്തുമ്പോള്‍ പൊലീസിന്‍റേയും എക്സൈസിന്റേയും കണ്ണില്‍പ്പെടാതെ എങ്ങനെ കടത്താമെന്നാണ് ഇത്തരം സംഘങ്ങള്‍ ആലോചിക്കുക. അങ്ങനെ, ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ചാവക്കാട്ടെ വീട്ടമ്മ കണ്ടെത്തിയ വഴി മക്കളെ കൂടെയിരുത്തി കാറില്‍ യാത്ര ചെയ്യുക. പതിനേഴു വയസുള്ള മൂത്ത മകനോടും പതിനൊന്നു വയസുള്ള പെണ്‍കുട്ടിയോടും കോയമ്പത്തൂരില്‍ ബിസിനസ് യാത്രയ്ക്കു പോകുകയാണെന്ന് ധരിപ്പിച്ചു. ഇലക്ട്രോണിക്സ്, തുണി കച്ചവടത്തിനാണ് യാത്രയെന്ന് വിശ്വസിപ്പിച്ചു.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കോയമ്പത്തൂരില്‍ പോകും. കാര്‍ വാടകയ്ക്കെടുത്താണ് യാത്ര. കോയമ്പത്തൂരില്‍ നിന്ന് ചാവക്കാട്ട് വരെയുള്ള യാത്രയ്ക്കിടെ പലപ്പോഴും പൊലീസ് കൈകാണിക്കാറുണ്ട്. കാറിനുള്ളില്‍ മക്കളെ കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍തന്നെ വണ്ടി വിട്ടോളാന്‍ പറയും. ഒറ്റത്തവണ കാറില്‍ കൊണ്ടുവരുന്നത് പത്തു കിലോ കഞ്ചാവാണ്. ആഴ്ചയില്‍ ഇരുപതു കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നു. ഒരു ലക്ഷം രൂപ വരെ ലാഭം കിട്ടും ആഴ്ചയില്‍. ഈ ലാഭം മോഹിച്ചാണ് സുനീറ കഞ്ചാവ് കടത്താന്‍ ഇറങ്ങിതിരിച്ചത്. ആദ്യ രണ്ടു വിവാഹങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം മൂന്നാമതൊരാള്‍ക്കൊപ്പമാണ് താമസം. കോഴിക്കോട്ടുകാരനാണ് മൂന്നാം ഭര്‍ത്താവ്. ചാവക്കാട് തൊട്ടാപ്പിലാണ് വാടകയ്ക്കു താമസം. മൂന്നു മാസം കൂടുമ്പോള്‍ വാടക വീട് മാറികൊണ്ടിരിക്കും.
ദമ്പതികള്‍ കുടുംബസമേതം യാത്ര ചെയ്ത് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം കിട്ടിയത് ഗുരുവായൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിനായിരുന്നു. വീട് കണ്ടുപിടിച്ച് നിരീക്ഷണത്തിലാക്കി. ഇതിനിടെ എക്സൈസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ കോയമ്പത്തൂരിലേക്ക് പോയി. തിരിച്ചുവന്ന ഉടനെ, ഭര്‍ത്താവ് കാറുമായി സ്ഥലംവിട്ടു. എക്സൈസ് സംഘം വീട്ടില്‍ എത്തിയപ്പോള്‍ കിട്ടിയത് അഞ്ചു കിലോ കഞ്ചാവ്. മക്കളെ സുനീറയുടെ അമ്മയെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. കഞ്ചാവ് കടത്തിന്‍റെ വിവരങ്ങള്‍ സുനീറ ഓരോന്നായി എക്സൈസിന് മുമ്പില്‍ വെളിപ്പെടുത്തി. പെട്ടെന്നു കാശുണ്ടാക്കാനുള്ള കുറുക്കുവഴിയായി മൂന്നാം ഭര്‍ത്താവ് കണ്ടുപിടിച്ചതായിരുന്നു കഞ്ചാവ് കടത്ത്. സുനീറയേയും മക്കളേയും കൂടെക്കൂട്ടി കാറില്‍ കഞ്ചാവ് കടത്തി വന്‍തുക കൈക്കലാക്കി. കേസില്‍ കോഴിക്കോട്ടുക്കാരനെ കൂടി എക്സൈസ് പ്രതി ചേര്‍ത്തേക്കും.
ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ഏഴുവിക്കറ്റിന്‍റെ ആധികാരിക ജയം. വെസ്റ്റിന്‍ഡീസിന്‍റെ 321 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് എട്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് മറികടന്നത്. ഷാക്കിബ് അല്‍ ഹസന്‍ 124 റണ്‍സോടെയും ലിറ്റണ്‍ ദാസ് 94 റണ്‍സോടെ പുറത്താകാതെ നിന്നു. ഏകദിനത്തില്‍ വേഗത്തില്‍ 6000 റണ്‍സും 200 വിക്കറ്റുമെന്ന നേട്ടം ഷാക്കിബ് സ്വന്തമാക്കി.
16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഷാക്കിബ് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ചുറി കുറിച്ചത്. ഉറച്ച പിന്തുണയുമായി ലിറ്റൻ മറുവശത്തും നിലയുറപ്പിച്ചു. സൗമ്യ സർക്കാർ (29), തമീം ഇക്ബാൽ (48), മുഷ്ഫിഖുർ റഹിം (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലദേശിനു നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ സർക്കാർ – തമീം ഇക്ബാൽ സഖ്യം 52 റൺസ് കൂട്ടിച്ചേർത്തു.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത അന്‍പത് ഓവറില്‍ 321 റണ്‍സ് എടുത്തു. വിന്‍ഡീസിനായി ഷായ് ഹോപ്പും, ഷിമറോണ്‍ ഹെയ്റ്റ്മെയറും അര്‍ധസെഞ്ചുറികള്‍ നേടി. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, മുഹമ്മദ് സയ്ഫുദ്ദീൻ എന്നിവർ മൂന്നു വിക്കറ്റ് വീതം പിഴുതു. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
തൊടുപുഴ∙ ജോസ്. കെ മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ കേസിലാണു സ്റ്റേ. ജോസ്. കെ മാണി ചെയർമാന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതും കോടതി സ്റ്റേ ചെയ്തു.
ചെയർമാൻ എന്ന ഔദ്യോഗിക നാമം ഉപയോഗിക്കുന്നതിനും, ചെയർമാന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതിനും ജോസ് കെ. മാണിക്കു കോടതി വിലക്ക് ഏർപ്പെടുത്തി. ചെയർമാൻ ആണെന്നു പറഞ്ഞു തിരഞ്ഞെടുപ്പു കമ്മിഷനു കത്തയയ്ക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോൺഗ്രസിന്റെ (എം) പുതിയ ചെയര്‍മാനായി കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ജോസ് കെ മാണിയെ തിരഞ്ഞെടുത്തത്.
ചെയർമാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം ആരോപിച്ചിരുന്നു. ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പ്രമുഖരായ വചനപ്രഘോഷകര്‍ക്കൊപ്പം പ്രസംഗത്തിന് മുൻകാല തെന്നിന്ത്യൻ ചലച്ചിത്രതാരം മോഹിനിയും.
തമിഴ് നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു അന്നത്തെ പേര്. പിന്നീട് സിനിമയിലെത്തിയതിന് ശേഷമാണ് പേരു മോഹിനി എന്നായത്. അഭിനയജീവിതത്തോട് വിട പറഞ്ഞ് വിവാഹം കഴിഞ്ഞ നാളുകള്‍. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയം. അതോടൊപ്പം വിഷാദ രോഗവും പിടികൂടിയിരുന്നു. സൈക്യാട്രിസ്റ്റിന്റെ കീഴില്‍ ചികിത്സയും തേടിയിരുന്നു. വായന പണ്ടേ ഇഷ്ടമായിരുന്നതുകൊണ്ട് ഇക്കാലത്ത് ബൈബിളും ഖുറാനും ബുദ്ധമതഗ്രന്ഥങ്ങളും വായിച്ചു. വീട്ടിലെ ജോലിക്കാരിയുടെ പക്കല്‍ നിന്നാണ് ബൈബിള്‍ കിട്ടിയത്. അന്ന് ബൈബിള്‍ വായിച്ച രാത്രിയില്‍ താന്‍ യേശുവിനെ സ്വപ്‌നം കണ്ടുതുടങ്ങിയെന്നും അതാണ് തന്നെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചതെന്നും മോഹിനി സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്തുവിനെ സ്‌നേഹിച്ചുതുടങ്ങിയ അവസരത്തില്‍ പോലും ഒന്നിലധികം തവണ മോഹിനി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവിടെയെല്ലാം യേശു തന്നെ അത്ഭുതകരമായി രക്ഷിക്കുകയായിരുന്നുവെന്ന് മോഹിനി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. യേശുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഒരു പ്രഭാഷണത്തില്‍ മോഹിനി വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. യേശുവിനെ ഞാന്‍ സ്‌നേഹിച്ചത് യേശു എന്നെ സ്‌നഹിച്ചതുകൊണ്ടാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കണമെങ്കില്‍ അയാളുടെ സ്‌നേഹം നമുക്ക് ആഴത്തില്‍ ബോധ്യപ്പെടണം. യേശുവിന്റെ അടുത്ത് ഞാനെത്തിയില്ലായിരുന്നുവെങ്കില്‍ ഇതിനകം ഞാന്‍ മരിച്ചുപോകുമായിരുന്നു. യേശുവിന്റെ മകളായി, സുഹൃത്തായി, സഹോദരിയായി ഞാന്‍ ഇന്ന് ജീവിക്കുന്നു. യേശുവിനെ അറിഞ്ഞതിന് ശേഷമാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചുതുടങ്ങിയത്.
ഇപ്പോള്‍ വാഷിംങ്ടണില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ക്രിസ്റ്റീന മോഹിനി എന്നാണ് അറിയപ്പെടുന്നതും. നാടോടി, പരിണയം, ഈ പുഴയും കടന്ന്, സൈന്യം തുടങ്ങിയവയാണ് മോഹിനി അഭിനയിച്ച പ്രമുഖ മലയാളചിത്രങ്ങള്‍.
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും പങ്കെടുക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.
[ot-video]
[/ot-video]
പൂഞ്ഞാറില്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു.
വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സി.പി.ഐ,എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ് നിലപാട്. 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി – 5, കോണ്‍ഗ്രസ് – 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം – 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഏപ്രിലിലാണ് പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നത്.
കലാകായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് തെളിയിച്ച പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മറ്റു കലാകായിക പ്രതിഭകൾക്കും തുടർച്ചയായി കഴിഞ്ഞ ആറു വര്ഷങ്ങളായി പി സി ജോർജ് എംഎൽഎ നൽകിവരുന്ന എംഎൽഎ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ദാനച്ചടങ്ങിലേക്ക് മുഖ്യ അതിഥിയായി വിളിച്ച ആസിഫ് അലിയുടെ അഭാവം ചടങ്ങിൽ നിഴലിച്ചു.
ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്.
‘മഴ പെയ്തത് കൊണ്ട് ആദ്യം ബോള്‍ ചെയ്യുകയാണോ വേണ്ടത്? മൈതാനം നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നു. അത്പോലൊരു അവസ്ഥയില്‍ ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത് തലച്ചോറില്ലാത്ത തീരുമാനമായിരുന്നു,’ ഷൊഹൈബ് പറഞ്ഞു.
‘മുമ്പും പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പാക്കിസഥാന്‍ പിന്നിലാണ്, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് എതിരെ. ടീമില്‍ മികച്ച ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരുന്ന 1999ല്‍ പോലും 227 റണ്‍സ് പിന്തുടര്‍ന്ന് എടുക്കാനായിട്ടില്ല. അത്രയും ശക്തരായ ഇന്ത്യയുടെ ബോളര്‍മാര്‍ക്കെതിരെ പിന്തുടര്‍ന്ന് ജയികകാനാകുമെന്ന് സര്‍ഫറാസ് എന്തുകൊണ്ടാണ് ചിന്തിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല,’ ഷൊഹൈബ് പറഞ്ഞു.
2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫാറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ തന്നെ പകുതി മത്സരം ജയിച്ചതാണ്. പക്ഷെ നിങ്ങള്‍ ഈ മത്സരം ജയിക്കാതിരിക്കാന്‍ നോക്കി. ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടിയിരുന്നെങ്കിലും പാകിസ്താന് പ്രതിരോധിക്കാമായിരുന്നുവെന്നും അക്തര്‍ പറയുന്നു. സര്‍ഫറാസ് ഫിറ്റ് അല്ലെന്ന് പറഞ്ഞ് മത്സരത്തിന് മുമ്പും അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ഏഴ് വിക്കറ്റിനോട് തോറ്റതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്.
ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ കാണുന്നതെന്ന് അക്തര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു… ”സര്‍ഫറാസ് ടോസിന് വരുമ്പോള്‍ അദ്ദേഹത്തിന്റെ വയറ് പുറത്തേക്ക് ചാടിയിരുന്നു. അദ്ദേഹം പൂര്‍ണമായും ഫിറ്റായിരുന്നില്ല. ഒരുപാട് തടിച്ച ശരീരമാണ് സര്‍ഫറാസിന്റേത്. കീപ്പ് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടി. അങ്ങോട്ടുമിങ്ങോട്ടും ചലിക്കാന്‍ പോലും സാധിച്ചില്ല. ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത്.” അക്തര്‍ പറഞ്ഞു നിര്‍ത്തി.
ടോസ് കിട്ടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സര്‍ഫറാസ് അഹമ്മദിനോട് പറഞ്ഞിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
സൗദിയിലെ കിഴക്കൻ പ്രവിശ്യാ നഗരമായ ജുബൈലിൽ മലയാളിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി എ.എസ്.സജീർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈൽ ആണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വച്ചതിനാല്‍ വന്‍ അപകടം ഒഴിവായതായി അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ അസാധാരണമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇന്റർനെറ്റ് ഓണ്‍ ആയതിനാല്‍ ആകും ചൂടാകുന്നതെന്ന് കരുതി ഉടന്‍ നെറ്റ് ഓഫ് ചെയ്തു. എന്നാൽ വീണ്ടും ചൂട് കൂടുന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു. കൈയിൽ പിടിക്കാനുള്ള പേടി കാരണം സാധനങ്ങൾ വാങ്ങാന്‍ കയറിയ കടയിലെ ടേബിളില്‍ വയ്ക്കുകയായിരുന്നു.
അല്‍പ സമയത്തിനകം ഫോണ്‍ പുകയുകയും തീപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട ഉടനെ ഫോൺ കടയില്‍ നിന്ന് പുറത്തേയ്ക്ക് എറിയുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഫോൺ ഒന്നു രണ്ടു തവണ നിലത്ത് വീണതായ് ഷജീർ പറയുന്നു. എല്ലാം നേരിട്ട് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഉറങ്ങുന്ന സമയത്തോ വാഹനത്തിലോ ആയിരുന്നെങ്കിൽ വൻ അപകടം സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ നഗരമായ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജീയനറാണ് സജീർ.
ഗുരുതരമായി തീപൊള്ളലേറ്റാൽ തന്നെ ജീവൻ അപകടത്തിലാകും. അപ്പോൾ 800 അടി ആഴമുള്ള അഗ്നിപർവത മുഖത്തേക്കാണെങ്കിലുള്ള അവസ്ഥ എത്തായിരിക്കും. ജീവൻ തിരിച്ചുകിട്ടാനുള്ള സാധ്യത വിരളമാണ്. എന്നാൽ അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്നിപർവ്വത മുഖത്തേക്ക് ഒരാഴ്ച മുൻപ് വീണയാൾ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പരിക്കേറ്റയാൾ ആശുപത്രി വിട്ടു. പരിക്കുകൾ ഇപ്പോഴും പൂർണ്ണമായി ഭേദമായിട്ടില്ല. എഴുന്നേറ്റ് നടക്കാനും സമയമെടുക്കും. എന്നിരുന്നാലും ഇദ്ദേഹം മരണത്തിൽ നിന്നും രക്ഷപെട്ടത് ഏവർക്കും അത്ഭുതമാണ്.
ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്ക് മേഖലയിലുള്ള അഗ്നിപര്‍വത മുഖത്തേക്കാണ് ചൊവ്വാഴ്ച ഒരാള്‍ കാല്‍വഴുതി വീണത്. മറ്റ് സഞ്ചാരികള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ കാല്‍ വഴുതി വീണത്. സംരക്ഷിത വനപ്രദേശത്താണ് ഈ അഗ്നിപര്‍വത മുഖം എന്നതിനാല്‍ വീഴ്ച തടയാനുള്ള കമ്പിവേലിയോ മറ്റ് സംവിധാനങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ അധികൃതരെ മറ്റു സഞ്ചാരികള്‍ വിവരം അറിയച്ചതാണ് ഈ വ്യക്തിയെ രക്ഷിക്കുന്നിനു സഹായിച്ചത്
എന്നാല്‍ അഗാധമായ ആഴത്തിലേക്ക് വീണതിനാൽ രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ 180 മീറ്റര്‍ ആഴത്തിലേക്ക് മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിച്ചത്. ആള്‍ വീണത് എവിടേക്കാണെന്നത് വ്യക്തമല്ലാത്തതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിച്ചു.
എന്നാല്‍ ഇതിനിടെ കൂടുതല്‍ ആഴത്തില്‍ നിന്ന് ആളുടെ നിലവിളി കേട്ടതാണ് വഴിത്തിരിവായത്. രക്ഷാപ്രവര്‍ത്തകരുടെ ശബ്ദങ്ങള്‍ കേട്ടിട്ടായിരിക്കാം പാതി ബോധത്തിലും പരിക്കേറ്റ വ്യക്തി നിലവിളിച്ചതെന്നാണു കരുതുന്നത്. ഏതായാലും ഇതോടെ കൂടുതല്‍ ആഴത്തിലേക്കിറങ്ങാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഒടുവില്‍ 240 മീറ്റര്‍ താഴ്ചയില്‍ പരിക്കേറ്റു കിടക്കുന്ന വിനോദസഞ്ചാരിയെ കണ്ടെത്തുകയായിരുന്നു. ഗര്‍ത്തിന്‍റെ താഴേയ്ക്കുള്ള ഭാഗം ഇടുങ്ങിയതായതിനാലാണ് പരിക്കേറ്റയാളുടെ നിലവിളി രക്ഷാപ്രവര്‍ത്തകര്‍ കേട്ടത്. ഇല്ലെങ്കില്‍ ഒരുപക്ഷേ താരതമ്യേന നേര്‍ത്ത ശബ്ദം കേള്‍ക്കാനുള്ള സാധ്യത വിരളമാണെന്ന് രക്ഷാപ്രവര്‍കരും വ്യക്തമാക്കി.
ഗര്‍ത്തത്തില്‍ നിന്ന് ആളെ കണ്ടെത്തി അര മണിക്കൂറിനുള്ളില്‍ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. വൈകാതെ ഹെലികോപ്റ്ററില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കഴുത്തിനും വാരിയെല്ലുകള്‍ക്കും ഒരു കൈക്കുമാണ് വീഴ്ചയില്‍ സാരമായ പരിക്കേറ്റത്. ആശുപത്രി വിട്ടെങ്കിലും സാധാരണ ജീവിതത്തിലേക്ക് ഇയാള്‍ തിരിച്ചു വരാന്‍ മാസങ്ങളെടുക്കുമെന്നാണു കരുതുന്നത്. സമാനമായ രീതിയില്‍ ഹവായിയിലെ ഒരു അഗ്നിപര്‍വത മുഖത്തേക്ക് വീണ അമേരിക്കന്‍ സൈനികനെ ഒരു മാസം മുന്‍പ് രക്ഷപെടുത്തിയിരുന്നു
പാക്കിസ്ഥാനെ മുട്ടുമടക്കിച്ചെങ്കിലും ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. മത്സരശേഷം ഇന്ത്യക്ക് തിരിച്ചടിയാണ് ലഭിച്ചത്. മത്സരത്തിനിടെ പരിക്കറ്റ മടങ്ങിയ ഭുവനേശ്വര്‍ കുമാറിന് അടുത്ത മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്.
തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെ പേശിവലിവ് മൂലം ഭുവനേശ്വര്‍ കുമാര്‍ ബൗളിംഗ് ഇടയ്ക്ക് നിര്‍ത്തി മടങ്ങുകയായിരുന്നു. പിൻതുടയിലെ ഞരമ്പിനാണ് ഭുവിക്ക് പരിക്കേറ്റിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍ക്ക് രണ്ടോ മൂന്നോ മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് വിരാട് കോലി പറഞ്ഞു.
ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ് ഭുവിക്ക് സംഭവിച്ചത്. എന്നാല്‍, അത്ര ഗുരുതരമായ പരിക്കല്ലെന്നും വേഗം അദ്ദേഹം തിരിച്ചെത്തുമെന്നും കോലി പറഞ്ഞു. എന്നാല്‍, മുഹമ്മദ് ഷമിയുള്ളപ്പോള്‍ ടീമിന് വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
പക്ഷേ, ഭുവനേശ്വറും ജസ്പ്രീത് ബുമ്രയും ചേര്‍ന്നുള്ള ഓപ്പണിംഗ് ബൗളിംഗ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. പേസ്-സ്വിംഗ് കൂട്ടുക്കെട്ട് മറ്റു ടീമുകളെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഭുവിയുടെ അഭാവത്തില്‍ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ വീഴ്ത്തിയിരുന്നു
അജാസില്‍ നിന്നും സൗമ്യ കൊടിയ ഉപദ്രവങ്ങള്‍ നേരിട്ടിരുന്നുവെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. വീട്ടിലെത്തിപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരിക്കല്‍ സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദര്‍ഭത്തില്‍ ഷൂ കൊണ്ട് നടുവില്‍ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര പറയുന്നത്. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതിനു പിന്നാലെ താന്‍ അജാസിനെ ഫോണില്‍ വിളിക്കുകയും മകളെ ഇനി വിളിക്കരുതെന്നും ഭര്‍ത്താവും കുട്ടികളുമായി കുടുംബവുമായി കഴിയുന്ന സൗമ്യയെ ഉപദ്രവിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നതായും ഇന്ദിര പറയുന്നുണ്ട്.
അതേസമയം അൻപതു ശതമാനം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. അജാസ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും ചികിത്സയ്ക്കു നേതൃത്വം നല്കുന്ന സര്‍ജറി വിഭാഗം അസോ. പ്രഫസര്‍ ഡോ. അനില്‍കുമാര്‍ പറഞ്ഞു. അജാസിനെ സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടു സുഹൃത്തളോട് അജാസ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നതെന്നാണ് ഇന്ദിര പറയുന്നത്. ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയുന്നതനുസരിച്ച് ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കണമെന്നായിരുന്നു അജാസിന്റെ നിര്‍ദേശം. ഇത് അനുസരിക്കാത്തതിനു സൗമ്യയെ ഭീഷണിപ്പെടുത്തും. ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടിയതോടെ അജാസിന്റെ നമ്പർ സൗമ്യ ബ്ലോക് ചെയ്തു. അതോടെ മറ്റു നമ്പറുകളിൽ നിന്നും വിളിക്കാന്‍ തുടങ്ങി. ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച് എഴുന്നേല്‍പ്പിച്ചില്ലെന്നു പറഞ്ഞു വരെ സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സൗമ്യയും അജാസും തമ്മില്‍ മറ്റൊരു രീതിയിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ലെന്നാണ് അമ്മ ഇന്ദിര പറയുന്നത്. പരസ്പരം അറിയാവുന്നവരായിരുന്നു. ഒരിക്കല്‍ സൗമ്യ അജാസിന്റെ കൈയില്‍ നിന്നം ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചു കൊടുക്കാന്‍ എറണാകുളത്ത് താനും മകള്‍ക്കൊപ്പം പോയിരുന്നതാണെന്നും അന്ന് അജാസ് പണം വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഇന്ദിര പറയുന്നു. താന്‍ സൗമ്യയെ ഉപദ്രവിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ് വാങ്ങാത്തതെന്നായിരുന്നു അജാസ് പറഞ്ഞത്. അന്ന് തന്നെയും സൗമ്യയേയും എറണാകുളത്തു നിന്നും വീടുവരെ കൊണ്ടു വിട്ടതും അജാസ് ആയിരുന്നുവെന്ന് ഇന്ദിര പറയുന്നു.
ഈ പണം പിന്നീട് സൗമ്യ അജാസിന്റെ അകൗണ്ടില്‍ ഇട്ടുകൊടുത്തുവെങ്കിലും അജാസ് അത് തിരിച്ച് സൗമ്യയുടെ അകൗണ്ടിലേക്ക് തന്നെ ഇട്ടുകൊടുക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അജാസിന്റെ നിര്‍ബന്ധം. അജാസില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ട് സൗമ്യയും ഭര്‍ത്താവ് സജീവനും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും ഇന്ദിര പറയുന്നു. ഈ പ്രശ്‌നം കുടുംബങ്ങള്‍ ഇടപെട്ട് പരിഹരിക്കാനും ശ്രമം നടന്നിരുന്നു. തനിക്ക് മൂന്നു മക്കള്‍ ഉണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ അജാസിനോട് അപേക്ഷിച്ചിരുന്നുവെങ്കിലും , സജീവ് ഇല്ലാതാകുമ്പോൾ നീ ഒറ്റയ്ക്കാണെന്നു പറയുമല്ലോ എന്നായിരുന്നു അജാസിന്റെ ഭീഷണി.
ഇപ്പോള്‍ എറണാകുളം നോര്‍ത്ത് എസ് ഐ ആയി ജോലി നോക്കുന്ന രാജന്‍ ബാബു വളികുന്നം സ്‌റ്റേഷനിലെ എസ് ഐ ആയിരിക്കുന്ന സമയത്ത് അജാസില്‍ നിന്നും സൗമ്യ നേരിടുന്ന ഉപദ്രവങ്ങള്‍ അദ്ദേഹത്തോട് താന്‍ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നതാണെന്ന് ഇന്ദിര പറയുന്നു. ഒരു പരാതിയായി എഴുതിതരാന്‍ എസ് ഐ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും കൂടി ഇന്ദിര മാധ്യമങ്ങളോട് പ്രതകരിക്കുമ്ബോള്‍ പറയുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസായിരിക്കുമെന്ന സൗമ്യ പറഞ്ഞിരുന്നതായും ഇക്കാര്യം പൊലീസിനോട് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മകന്‍ വെളിപ്പെടുത്തിയിരുന്നു.
‘പണത്തിന്റെ കാര്യമാണ് അയാള്‍ പറഞ്ഞത്.’ ഫോണില്‍തന്നെ വിളിക്കരുതെന്ന് സൗമ്യ പറയുന്നത് കേട്ടിരുതെന്നുമാണ് മകന്‍ പറഞ്ഞത്. ശനിയാഴ്ച്ച വൈകിട്ടാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്ന് ലിബിയയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.