Latest News

ഓസ്‌ട്രേലിയന്‍ വനിതയെ കോഴിക്കോട് നഗരത്തില്‍ വച്ച് കാണാതായതായി പരാതി. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന (59) എന്ന് ഓസ്‌ട്രേലിയന്‍ വനിതയെയാണ് കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പമാണ് വെസ്‌ന കോഴിക്കോട് എത്തിയത്. കോഴിക്കോട് കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് ജിം ബെന്നിയും ഓസ്‌ട്രേലിയന്‍ വനിതയും വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്. കോഴിക്കോട് തങ്ങാന്‍ ഇവര്‍ റൂം എടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വനിതക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

ചെന്നൈ: മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ച കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയ ടെന്നീസ്‌ താരം അറസ്‌റ്റില്‍. ദേശീയ മുന്‍ അണ്ടര്‍ 14 ചാമ്പ്യന്‍ വാസവി ഗണേശന്‍ (20) ആണ്‌ അറസ്‌റ്റിലായത്‌. കില്‍പൗക്ക്‌ സ്വദേശിയായ കെ. നവീത്‌ അഹമദ്‌(21) ആണ്‌ ആക്രമണത്തിനിരയായത്‌.

വാസവിയും ചെന്നൈ സ്വദേശി നവീദ് അഹമദും പ്രണയത്തിലായിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കയില്‍നിന്നു ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാര്‍ക്കില്‍ നവീദിനെ കണ്ടു. സംസാരത്തിനിടെ ഇരുവരും ചിത്രമെടുത്തു. ഇതു ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും നവീദ് വഴങ്ങിയില്ല. ഇരുവരും വഴക്കായി. വാസവിയുടെ തലയ്ക്കു ഹെല്‍മറ്റു കൊണ്ടു ഇടിച്ചു. ഫോണ്‍ പിടിച്ചുവാങ്ങി നവീദ് കടന്നുകളഞ്ഞു.

നവീദിനെ കൈകാര്യം ചെയ്യാനും ഫോണ്‍ തിരികെ വാങ്ങാനും ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ വാസവി ഏല്‍പ്പിച്ചു.ക്വട്ടേഷന്‍ പ്രകാരം വേളാച്ചേരി സ്വദേശികളായ എസ് ഭാസ്‌കര്‍, ശരവണന്‍, ബാഷ എന്നിവര്‍ നവീദിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോൺ തിരികെ വാങ്ങി. നവീദിനെ വിട്ടു നൽകണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു. പണം ലഭിക്കാത്തതിനാൽ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

നവീദ് പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാസവിയുടെ ക്വട്ടേഷനാണ് ഇതെന്ന് വ്യക്തമായി. പൊലീസ് ചോദ്യം ചെയ്‌തെങ്കിലും നവീദിനെ ഉപദ്രവിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും ഫോൺ തിരികെ വാങ്ങാൻ മാത്രമാണു ഏൽപ്പിച്ചതെന്നും വാസവി പറഞ്ഞു.

അന്വേഷണത്തില്‍ നവീദിനെ മര്‍ദ്ദിക്കാന്‍ വാസവി ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വെഞ്ഞാറമൂട്: ദുരൂഹ സാഹചര്യത്തിൽ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ധരിച്ചിരുന്ന ഷർട്ട് വീടിനു സമീപത്തെ മരച്ചുവട്ടിൽ. വെള്ളാണിക്കൽ പത്തേക്കർ രാജേഷ് ഭവനിൽ രാജേഷി(35)നെ ശനിയാഴ്ച വീട്ടിൽ നിന്നു അകലെയുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹത്തിൽ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്. കിണറ്റിൽ നിന്നു വസ്ത്രങ്ങൾ കണ്ടെത്താനുമായില്ല.

രാജേഷിനെ വെള്ളി മുതൽ കാണാനുണ്ടായിരുന്നില്ല. അപ്പോൾ ധരിച്ചിരുന്നതെന്ന് കരുതുന്ന ഷർട്ടാണ് ഇന്നലെ രാവിലെ രാജേഷിനെ സംസ്കരിച്ചതിനു എതിർവശത്തുള്ള പൊതു വഴിക്കു സമീപത്തെ മരച്ചുവട്ടിൽ കണ്ടെത്തിയത്. ഇതോടെ രാജേഷിന്റെ മരണത്തിൽ ദുരൂഹത വർദ്ധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ ഇത് ഇവിടെ കൊണ്ടു വന്നു വച്ചതാണെന്നു നാട്ടുകാർ ആരോപിക്കുന്നു. വെഞ്ഞാറമൂട് പൊലീസ് എത്തി ഷർട്ട് സ്റ്റേഷനിലേക്ക് മാറ്റി

ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലക്ക് പോകും. മോദി തരംഗം വീശിയടിച്ച 2014ല്‍ ഇതില്‍ 33 സീറ്റും ബി.ജെ.പി ഒറ്റയ്‍ക്ക് നേടിയതാണ്. വ്യാപക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. തമിഴ്നാട്ടിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും.

പ്രധാനമന്ത്രിയുടെ തട്ടകമായ വാരാണാസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ പതിമൂന്ന് സീറ്റ് അടക്കം അവസാനഘട്ടത്തില്‍ വിധിയെഴുതുന്നത് 59 മണ്ഡലങ്ങള്‍. പഞ്ചാബിലെ പതിമൂന്നും ബംഗാളിലെ ഒന്‍പതും ബിഹാറിലെയും മധ്യപ്രദേശിലെയും എട്ടുവീതവും ഹിമാചല്‍പ്രദേശിലെ നാലും ജാര്‍ഖണ്ഡില്‍ മൂന്നും ചണ്ഡീഗഡിലെ ഒരുസീറ്റും വിധിയെഴുതും.

ഇതില്‍ കഴിഞ്ഞതവണ ബി.ജെ.പി ഒറ്റയ്‍ക്ക് നേടിയത് മുപ്പതിമൂന്ന് സീറ്റാണെങ്കില്‍ എന്‍.ഡി.എയുടെ അക്കൗണ്ടിലെത്തിലെത്തിയത് നാല്‍പത്തിെയാന്ന് സീറ്റുകള്‍. പ്രതിപക്ഷ സ്ഥാനത്ത് തൃണമൂല്‍ ഒന്‍പതും ആം ആദ്മി പാര്‍ട്ടി നാലും കോണ്‍ഗ്രസും മൂന്നും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രണ്ടും സ്വന്തമാക്കി. വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ പതിമൂന്നിടത്തും എന്‍.ഡി.എയാണ് കഴിഞ്ഞതവണ വെന്നികൊടിപാറിച്ചത്. മൂന്ന് ലക്ഷത്തിന് എഴുപതിനായിരം വോട്ടിന് മോദി വിജയിച്ചുകയറിയ വാരാണസിയും ഇതില്‍ ഉള്‍പ്പെടും.

കോണ്‍ഗ്രസിന്റെ അജയ് റായിയും മഹാസഖ്യത്തിന്റെ ശാലിനി യാദവുമാണ് മോദിയെ നേരിടുന്നത്. ബംഗാളില്‍ പോളിങ് ബൂത്തിലേക്ക് പോകുന്ന ഒന്‍പതും തൃണമൂലിന്റെ സിറ്റിങ് സീറ്റുകളാണ്.കഴിഞ്ഞദിവസമുണ്ടായ സംഭവവികാസങ്ങള്‍ അനുകൂലമാകുമെന്നാണ് തൃണമൂലിന്റെ ബി.ജെ.പിയുടെയും കണക്കുകൂട്ടല്‍. ബിഹാറില്‍ ആര്‍ജെ.ഡി കോണ്‍ഗ്രസ് മഹാസഖ്യം എന്‍.ഡി.എയ്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പതിമൂന്നും തൂത്തുവാരാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മധ്യപ്രദേശില്‍ സംസ്ഥാന ഭരണം പിടിച്ചെടുത്തത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ശത്രുഘ്നന്‍ സിന്‍ഹയും നേര്‍ക്കുനേര്‍ പോരാടുന്ന പട്നസാഹിബ്, ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ മല്‍സരിക്കുന്ന ഗുരുദാസ്പുര്‍, കോണ്‍ഗ്രസിന്റെ പവന്‍കുമാര്‍ ബന്‍സാലും നടി കിരണ്‍ ഖേറും പോരാട്ടം നടത്തുന്ന ചണ്ഡീഗഡ് തുടങ്ങിയവയാണ് അവസാനഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍.

ഔറംഗബാദ്: പരീക്ഷയ്ക്ക് തോറ്റതിന് കാരണം കാമുകിയാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് പോലീസില്‍ പരാതി നല്‍കി. ഹോമിയോപ്പതി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ 21കാരനാണ് അപൂര്‍വ്വ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരീക്ഷാ സമയങ്ങളില്‍ കാമുകിയുടെ നിരന്തര ശല്യം കാരണം പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. തോല്‍വിക്ക് കാരണക്കാരിയായ കാമുകി തനിക്ക് സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തിവെച്ചു. തന്റെ ആദ്യവര്‍ഷത്തെ കോഴ്‌സ് ഫീസ് അവള്‍ നല്‍കണം. യുവാവ് പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷ തോറ്റതിന് പിന്നാലെ തനിക്കെതിരെ ആരോപണം ഉന്നയിച്ച കാമുകെനെതിരെ പരാതിയുമായി യുവതിയും രംഗത്ത് വന്നിട്ടുണ്ട്. അയാള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. തനിക്കും കുടുംബത്തിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിൽ രണ്ടുപേര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. പരാജയകാരണം കാമുകിയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പ്രചരിപ്പിച്ചതോടെ, യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. വിഷയത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. ന്യുമോണിയയെ തുടര്‍ന്ന് ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. നാലുതവണ മന്ത്രിയായി, അഞ്ചുതവണ നിയമസഭയെ പ്രതിനിധീകരിച്ചു. വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചു.. രാവിലെ 10മണിമുതല്‍ കൊല്ലം ഡിസിസിയിലും 11.30 മുതല്‍ വീട്ടിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം 4മണിക്ക് കൊല്ലം മുളങ്കാടകം ശ്മശാനത്തിലാണ് സംസ്കാരം.

തൊഴിലാളികളെ ഒപ്പം നിര്‍ത്തിയായിരുന്നു കടവൂര്‍ ശിവദാസന്റെ ആറുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. അഭിഭാഷക ജീവിതത്തിലും മന്ത്രിപദവിയിലും കടവൂരിന്റെ ലക്ഷ്യം തൊഴിലാളി ക്ഷേമമായിരുന്നു. കൊല്ലം ജില്ലയിലെ ട്രേഡ് യൂണിയന്‍ സമരങ്ങളുടെ അമരത്ത് നിന്ന്് ജനീവയിലെ തൊഴില്‍ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി 42 ദിവസം പ്രസംഗിച്ച തൊഴില്‍മന്ത്രിയെന്ന ബഹുമതി കടവൂര്‍ ശിവദാസനെ കേരള രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാവാക്കി.

കൊല്ലം ബാറിലെ ശിവദാസന്‍ വക്കീലില്‍ നിന്ന് കേരള രാഷ്ട്രീയത്തിലെ പോരാളായിയ കടവൂര്‍ ശിവാദാസിനെലേക്ക് എത്തിച്ചത് ഉറച്ച നിലാപാടുകളും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായിരുന്നു. 1980 ല്‍ കോണ്‍ഗ്രസിലെ സി.വി.പത്മരാജനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ കടവൂര്‍ എൻ. ശ്രീകണ്‌ഠൻ നായരുടെ വിശ്വസ്തനായിരുന്നു. ബേബി ജോണുമായുള്ള അഭിപ്രായഭിന്നതയില്‍ ശ്രീകണ്ഠനന്‍ നായര്‍ ആര്‍ എസ് പി വിട്ട് ആര്‍ എസ് പി (എസ് ) രൂപീകരിച്ചപ്പോള്‍ കടവൂരും ഒപ്പം ചേര്‍ന്നു. ആര്‍ എസ്പി പിളര്‍ന്നതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ കേരള രാഷ്ട്രീയത്തിലുണ്ടായി. ആന്‍ണിയും മാണിയും ഇടതുചേരി വിട്ടപ്പോള്‍ 1981 ഒക്ടോബര്‍ 20ന് നായനാര്‍ സര്‍ക്കാര്‍ വീണു. കെ.കരുണാകരന് സര്‍ക്കാരുണ്ടാക്കാന്‍ ഒരു അംഗത്തിന്റെ കുറവ് വന്നപ്പോള്‍ ലീഡര്‍ക്ക് ഒപ്പം നിന്നു കടവൂര്‍ ശിവദാസന്‍. സര്‍ക്കാര്‍ രൂപീകരണം പൊളിക്കാന്‍ സി.പി.എം നടത്തിയ നീക്കങ്ങള്‍ക്കൊന്നും കടവൂര്‍ വഴങ്ങിയില്ല.

81ലെ കരുണാകന്‍ സര്‍ക്കാരില്‍ ആര്‍ എസ് പി എസിലെ കടവൂര്‍ ശിവദാസന്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. പിന്നീട് 82ലെ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി , 95ലെ ആന്‍ണി സര്‍ക്കാരില്‍ വനംവന്യജീവി വകുപ്പ ് ,2001ലെ ആന്‍ണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പു ം കൈകാര്യം ചെയ്തു. കെ.മുരളീധരന്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ ആരോഗ്യത്തിലേക്ക് മാറി. ഗ്രാമവികസനം വൈദ്യുതി, എക്‌സൈസ്, ആരോഗ്യം, തുറമുഖം, ഭവനനിർമാണം, റജിസ്‌ട്രേഷൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌ത കടവൂരാണ് ക്ഷേമനിധി ബോർഡുകൾ എന്ന ആശയത്തിനുടമ. കടവൂരിന്റെ നിശ്‌ചയദാർഢ്യത്തിൽ പിറന്ന ക്ഷേമനിധി ബോർഡുകൾ ഇന്നു ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ആശ്രയമാണ്. കൊല്ലം തുറമുഖത്തിന്റെ വികസനത്തിന്റെയും കശുവണ്ടി മേഖലയിൽ കാപ്പെക്‌സ്ിന്റെയും പിന്നില്‍ കടവൂരിന്റെ ഭരണമികവായിരുന്നു. തൊഴില്‍ മന്ത്രിയായിരിക്കെ ചുമട്ടുതൊഴിലാളി നിയമം നടപ്പാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു തവണ ജയിക്കുകയും രണ്ടു തവണ തോൽക്കുകയും ചെയ്‌ത കടവൂർ , നാലു തവണയ മന്ത്രിയായിരുന്നു.

ശ്രീകണ്ഠന്‍ നായരുടെ മരണത്തോടെ ഒറ്റക്കായ കടവൂരിനോട് ആര്‍ എസ് പി എസ് ഉപേക്ഷിക്കാനും കോണ്‍ഗ്രസില്‍ ചേരാനും കരുണാകരന്‍ ഉപദേശിച്ചു. ലീഡറൂടെ വിശ്വസ്തനായി പാര്‍ട്ടിയിലെത്തിയ കടവൂര്‍ ശിവദാസന്‍ പക്ഷെ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ കരുണാകരന് കൂട്ടായില്ല. പാര്‍ട്ടി വിടരുതെന്ന് ഡിഐസിയുണ്ടാക്കിയാല്‍ ഒപ്പമുണ്ടാവില്ലെന്നും കരുണാകരനോട് തുറന്ന പറഞ്ഞതോടെ അകലത്തിലായി. ഡി.ഐ.സിയുണ്ടാക്കി ലീഡര്‍ ഒറ്റക്ക് നിന്നപ്പോള്‍ കോണ്‍ഗ്രസിലെ പഴയ ഐഗ്രൂപ്പിന്റെ നായകന്‍ കടവൂരായിരുന്നു. സംസ്കൃതം പഠിച്ച കടവൂരിന് ഭഗവത്ഗീത ഏതാണ്ട് മനപൂഠമായിരുന്നു. സംസ്‌കൃത ശ്ലോകങ്ങളും വേദാന്തസാരങ്ങളും ഇടകലർത്തി ഘനഗംഭീര സ്വരത്തിലുള്ളതായിരുന്നു കടവൂരിന്റെ പ്രസംഗം .കെപിസിസി ജനറൽ സെക്രട്ടറി, എഐസിസി അംഗം, കെപിസിസി നിര്‍വാഹക സമിതി അംഗം, ഡിസിസി പ്രസിഡന്റ് എന്നീ നിലകളിലൊക്കെ കടവൂർ ശോഭിച്ചു. അഭിഭാഷകനായി കൊല്ലം ബാറിൽ 40 വർഷത്തോളം പ്രാക്‌ടീസ് ചെയ്‌ത കടവൂർ, സിവിൽ – ക്രിമിനൽ കേസുകൾ കൈകാര്യം ചെയുന്നതിൽ താരമായിരുന്നു.

കൊല്ലം ബോയ്‌സ് ഹൈസ്‌കൂളിൽ പഠിക്കവെ, സാഹിത്യസമാജം സെക്രട്ടറിയായി സംഘടനാപ്രവർത്തനത്തിനിറങ്ങിയ കടവൂരിന്റെ കുടുംബം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു . കോളജ് ജീവിതത്തില്‍ ആർഎസ്‌പിയിലെത്തിയ കടവൂര്‍ കൊല്ലം എസ്‌എൻ കോളജിലും ലോ അക്കാദമിയിലും പിഎസ്യു നേതാവായിരുന്നു. യുടിയുസിയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറി, ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചു. പക്ഷെ ജീവിതത്തില്‍ ഏറ്റവും സന്തോഷിപ്പിച്ചത് എന്തെന്ന് ചോദിച്ചാല്‍ കടവൂരിന് ഒറ്റമറുപടിയേ ഉണ്ടായിരുന്നൊള്ളു, കുട്ടിക്കാലത്ത് അഷ്ട്മുടിക്കായലിന്റെ അക്കരയിക്കര നീന്തിയ ഓര്‍മകള്‍.

തിരുവനന്തപുരം വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ട യുവാവിന്റെ മരണം കൊലപാതകമെന്ന് മൊഴി. ഭാര്യയുടെ സുഹൃത്ത് കൊലപ്പെടുത്തിയെന്നാണ് മൊഴി. മരിച്ച വിനോദിന്റെ മകന്‍ നല്‍കിയ മൊഴി അനുസരിച്ച് കാരമൂട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

വട്ടപ്പാറയ്ക്ക് സമീപം കല്ലയം കാരമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനോദ് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ബഹളം കേട്ട് അയല്‍ക്കാരെത്തി നോക്കുമ്പോള്‍ കഴുത്തിന് കുത്തേറ്റ നിലയില്‍ കണ്ടെത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് സ്വയം കുത്തി മരിച്ചെന്നായിരുന്നു ഭാര്യ ലേഖ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്.

എന്നാല്‍ ഇവരുടെ മകന്‍ നല്‍കിയ മൊഴിയാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ലേഖയുടെ സുഹൃത്തായ മനോജ് വിനോദിനെ കുത്തിയെന്നാണ് മകന്റെ മൊഴി. എട്ട് വയസുകാരന്റെ മൊഴിയായത് കൊണ്ട് തന്നെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അന്തിമ നിഗമനത്തിലെത്താനാണ് പൊലീസിന്റെ ആലോചന. അതേസമയം കൊലപാതകമാണെന്ന് വിനോദിന്റെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

വിനോദും ഭാര്യയും വഴക്കിടുന്നത് പതിവായിരുന്നൂവെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്നും പറയുന്നു. മകന്റെ മൊഴി പ്രകാരം ആരോപണ വിധേയനായിരിക്കുന്ന മനോജ് കാരമൂട്ടിലെ ഓട്ടോ ഡ്രൈവറാണ്. ഇയാളെ കണ്ടെത്താനും വട്ടപ്പാറ പൊലീസ് ശ്രമം തുടങ്ങി.

മോഷണക്കുറ്റത്തിന്‌ പിടിയിലായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ സൗദി കോടതി വിധി. സൗദിയിലെ തെക്കന്‍ നഗരമായ അബഹയിൽ റസ്റ്റോറന്റ്‌ ജീവനക്കാരനായ ആലപ്പുഴ നൂറനാട്‌ സ്വദേശിയാണ്‌ കേസിൽ അകപ്പെട്ടത്‌. നിലവിൽ ഇദ്ദേഹം തടവിലാണ്‌.

താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവാണ്‌ പണം മോഷ്ടിച്ചതെന്ന് തെളിഞ്ഞു. ഇദ്ദേഹം ഇതേ സ്ഥാപനത്തിൽ ആറ്‌ വർഷമായി തൊഴിൽ ചെയ്ത്‌ വരികയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ സഹജീവനക്കാരനായ സുഹൃത്ത് സ്പോൺസർക്ക്‌ നൽകാനുള്ള തുകയ്ക്ക്‌ ജാമ്യം നിന്നിരുന്നു.എന്നാൽ സുഹൃത്ത് തുക തിരിച്ചടയ്ക്കാതായപ്പോൾ കുറ്റാരോപിതനിൽ നിന്ന് ഇടാക്കിയെന്നും പറയപ്പെടുന്നു. ഈ സംഭവമാണ്‌ മോഷണത്തിനു ഇയാളെ പ്രേരിപ്പിച്ചത്‌.

ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക്‌ പോകാൻ രേഖകൾ ശരിപ്പെടുത്തിയതിന്‌ ശേഷമാണ്‌ പ്രതി കുറ്റം ചെയ്തത്‌. മോഷ്ടിക്കപ്പെട്ട മുഴുവൻ തുകയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. സുഹൃത്തുക്കളുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ്‌ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയുടെ വിധി. മേയ്‌ 22 (റമസാൻ 17) വരെ അപ്പീൽ നൽകാനുള്ള സാവകാശമുണ്ട്‌. നാട്ടിലെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ സഈദ്‌ മൗലവി നിയമ സഹായത്തിനായി ഇടപെട്ടിട്ടുണ്ട്‌.

പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ പഴയകാലജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ട്രാൻസ്ജെൻഡർ എന്ന സ്വത്വം വെളിപ്പെടുത്തി പോരാടി നേടിയതാണ് ഇന്ന് കാണുന്നതെല്ലാമെന്ന് രഞ്ജു പറയുന്നു. അങ്കമാലിയിൽ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്ന സന്തോഷവും രഞ്ജു പങ്കുവെക്കുന്നു.

”ഇഷ്ടികക്കളങ്ങൾ, തടിമില്ല്, വീട്ടുജോലി എന്നിങ്ങനെ ആണ്-പെണ്ണ് എന്ന വേർതിരിവിൽ നിന്ന് മാറിനിന്ന് ജീവിക്കേണ്ടി വന്ന വ്യക്തിയാണ് ഞാൻ. സ്വന്തം ഐഡന്റിറ്റി തുറന്നുപറഞ്ഞിട്ടും അംഗീകരിക്കാത്ത സമൂഹമായിരുന്നു. അന്ന് ജീവിക്കാൻ പ്രചോദനമായത് എന്നെ പ്രസവിച്ച എന്റെ അമ്മയാണ്. ഇന്നും എന്റെ എല്ലാമെനിക്ക് അമ്മയാണ്.

”ഇരുപത്തിനാല് വർഷങ്ങൾക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് മറ്റ് പല ജോലികളും എനിക്കുണ്ടായിരുന്നു എന്ന്. അവിടുന്ന രക്ഷപെട്ടുള്ള ഓട്ടത്തിനിടെയാണ് ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞത്.

”ജീവിതം ഇനിയെങ്ങോട്ട് എന്ന് പകച്ചുനിൽക്കുന്ന അവസ്ഥ. രണ്ട് രൂപ കൊണ്ട് ദിവസം ഒരു സോഡ മാത്രം കഴിച്ച് ജീവിക്കേണ്ടി വന്ന രഞ്ജു ഇന്ന് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഒരു മൾട്ടിനാഷണല്‍ കമ്പനിയുടെ എംഡിയായി. മലയാള സിനിമക്ക് പുറമെ ബോളിവുഡ് താരങ്ങൾക്കുവരെ മേക്കപ്പ് ചെയ്യാൻ കഴിഞ്ഞു.

”ഒരു സിനിമാസെറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്. അന്ന് ഞാൻ അതിന് കാരണക്കാരനായ ആളോട് പറഞ്ഞു, നാളെ ഈ സിനിമാമേഖല എന്റെ പിന്നിൽ ക്യൂ നിൽക്കും, അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ല എന്ന്. ദൈവനിശ്ചയമായിരിക്കാം അയാളിന്ന് ഈ ഫീൽഡിൽ ഇല്ല, ഞാൻ ആണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവുകൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

”ചോദ്യ പേപ്പർ വാങ്ങാൻ രണ്ട് രൂപ എന്റെ കയ്യിൽ ഇല്ലാത്ത ഒരു സാഹചര്യം. അന്ന് രണ്ട് രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളുടെ വീട് നാൽപ്പത് ലക്ഷത്തിന് ഞാൻ വാങ്ങി. ഇതൊന്നും ഞാൻ വിചാരിച്ചിരുന്നതല്ല. എല്ലാം സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടുപേകേണ്ടതുണ്ട്. കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു”-രഞ്ജു പറഞ്ഞു.

മംഗളൂരു അത്താവറില്‍ ഇലക്‌ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികൾ അറസ്റ്റിൽ.മംഗളൂരു വലന്‍ഷ്യ സൂതര്‍പേട്ടില്‍ താമസിക്കുന്ന അത്താവര്‍ സ്വദേശി ജോണസ് ജൂലിന്‍ സാംസണ്‍ (36), ഭാര്യ വിക്‌ടോറിയ മത്തായിസ് (46) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി (35) ആണ് കൊല്ലപ്പെട്ടത്.

ഇതിനിടെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കി കഴുത്തിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടം കൊടുത്ത പണം തിരിച്ചുചോദിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ശ്രീമതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നേരത്തെ പ്രതി ജോണസ് നന്ദിഗുഡ്ഡെയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്നു. ഇത് നഷ്ടത്തിലായതോടെ അടുത്തിടെ അടച്ചു. കട നടത്താനായി ശ്രീമതിയില്‍ നിന്ന് ജോണസ് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 60,000 രൂപ തിരികെ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു.

പല തവണ ആവശ്യപ്പെട്ടിട്ടും ജോണസ് ഇതു നല്‍കിയിരുന്നില്ല. ശനിയാഴ്ച രാവിലെ പണം തിരികെ ആവശ്യപ്പെട്ട് ജോണസിന്റെ വീട്ടിലെത്തിയ ശ്രീമതിയെ ജോണസ് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു മൃതദേഹം മൂന്ന് കഷണങ്ങളാക്കി. തലയും കുറച്ചു ശരീര ഭാഗങ്ങളും കദ്രിയില്‍ ദേശീയപാതയോരത്തും കുറച്ച്‌ ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും ഉപേക്ഷിച്ചു. കാല്‍പാദവും കൈപ്പത്തിയും ശ്രീമതിയുടെ സ്്കൂട്ടറിന്റെ സീറ്റിനടിയില്‍ ലഗേജ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച്‌ സ്‌കൂട്ടര്‍ നാഗൂരിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

അന്വേഷണം വഴിതെറ്റിക്കാനാണ് ശരീര ഭാഗങ്ങള്‍ പ്രതി പലയിടങ്ങളിലായി ഉപേക്ഷിച്ചത്. ശ്രീമതി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച സ്‌കൂട്ടറും, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ഇവ ഒളിപ്പിക്കാന്‍ സഹായിച്ച രാജു എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ ഹോക്കി സ്റ്റിക്കു കൊണ്ട് ഒരാളെ അടിച്ചു കൊന്ന കേസിലും ജോണസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ശ്രീമതിയുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പോലീസ് സംഘം പ്രതികളിലേക്കെത്തിയത്.

RECENT POSTS
Copyright © . All rights reserved