സ്വന്തം വീട്ടിൽത്തന്നെ വൈദ്യുതി ഉൽപാദിപ്പിച്ച്, വീട്ടിലേക്ക് ആവശ്യമായ ജലം മഴവെള്ളസംഭരണിയില്‍ നിന്നും ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കന്തസ്വാമി സുബ്രമണിയുടെ വീട് ഇത്തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 5 kW സോളാര്‍ പ്ലാന്റില്‍ നിന്നും വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി മുഴുവന്‍ അദ്ദേഹം ഉൽപാദിപ്പിക്കുകയാണെന്നു പറഞ്ഞാല്‍ ആദ്യം പലര്‍ക്കും വിശ്വാസം വരില്ല.

10-12 വർഷം മുന്‍പാണ് ഇത്തരമൊരു ചിന്ത ഡോക്ടറുടെ മനസ്സില്‍ കയറുന്നത്. ആ സമയം അദ്ദേഹം താമസിച്ചിരുന്ന ഗേറ്റ്ഡ് കോളനിയിലെ വീടുകളില്‍ ജലക്ഷാമം രൂക്ഷമായിരുന്നു. ആ സമയത്താണ് മഴ ലഭിച്ചാല്‍ തന്നെ ജലം മുഴുവന്‍ ഓടകളിലേക്ക് ഒഴുകി പോകുന്നതിനെ കുറിച്ച് അദ്ദേഹം ശ്രദ്ധിക്കുന്നത്. മഴവെള്ളം വെറുതെ ഇങ്ങനെ അഴുക്കുജലമായി പോകുന്നതില്‍ അദേഹത്തിന് വിഷമം തോന്നി. ഇതിനു പരിഹാരമായി മഴവെള്ളം ശേഖരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കോളനിയിലെ ക്ലബ് ഹൗസുകളുടെ മുകളില്‍ നിന്ന് പോലും മഴവെള്ളം ശേഖരിച്ചു അദ്ദേഹം അത് മഴവെള്ളസംഭരണികളില്‍ ശേഖരിക്കാന്‍ തുടങ്ങി. കോളനിയിലെ റോഡുകളില്‍ സ്പീഡ് ബ്രേക്കര്‍ നിര്‍മ്മിച്ച്‌ ജലം ഒഴുകി പോകാതെ അവ 30 ഫീറ്റ്‌ താഴ്ചയുള്ള പിറ്റുകളില്‍ നിറയ്ക്കാന്‍ സൗകര്യമൊരുക്കി. ഇത് ഭൂഗര്‍ഭജലം കുറയാതെ സംരക്ഷിക്കാന്‍ സഹായിച്ചുവെന്ന് ഡോക്ടര്‍ പറയുന്നു.

ഇത് വിജയകരമായതോടെ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സ്വന്തം വീട്ടിലും മഴവെള്ളസംഭരണി നിര്‍മ്മിച്ചു. സുഹൃത്തായ എഞ്ചിനീയറുടെ സഹായത്തോടെ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ തറയിലായി വലിയൊരു സംഭരണി നിർമിച്ചതാണ് അടുത്ത ഘട്ടം. ഇവിടെ നിന്നും റൂഫിലേക്ക് പൈപ്പ് നല്‍കി ഇതിലൂടെ മഴവെള്ളം ഇവിടെ ശേഖരിച്ചു. കാര്‍ പാര്‍ക്കിംഗ് ഏരിയ ആയതിനാല്‍ ഇവിടെ സ്ഥലവും ലാഭിക്കാന്‍ സാധിച്ചു. ഇവിടെ ശേഖരിക്കുന്ന ജലം കൊണ്ട് ഒന്‍പതുമാസം സുഖമായി വീട്ടിലെ ആവശ്യങ്ങള്‍ നടക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതേജലം തന്നെയാണ് RO ഫില്‍ട്ടറിംഗ് നടത്തി കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുന്നത്.

അടുത്തിടെ ‘ തമിഴ്നാട് വെതര്‍ മാന്‍’ എന്ന ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്റെ ഈ സംരംഭത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് ഒരുപാട് ആളുകള്‍ ഏറ്റെടുത്തു. ആളുകളിലേക്ക് ഇത് കൂടുതല്‍ എത്തിക്കണമെന്നും ജലം പരമാവധി സംരക്ഷിക്കണമെന്നുമാണ് തന്റെ മോഹമെന്ന് ഡോക്ടര്‍ പറയുന്നു. ഇത് അതിനായി തന്നാല്‍ ആവുന്നൊരു ശ്രമം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

അടുത്തിടെ ‘ തമിഴ്നാട് വെതര്‍ മാന്‍’ എന്ന ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്റെ ഈ സംരംഭത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് ഒരുപാട് ആളുകള്‍ ഏറ്റെടുത്തു. ആളുകളിലേക്ക് ഇത് കൂടുതല്‍ എത്തിക്കണമെന്നും ജലം പരമാവധി സംരക്ഷിക്കണമെന്നുമാണ് തന്റെ മോഹമെന്ന് ഡോക്ടര്‍ പറയുന്നു. ഇത് അതിനായി തന്നാല്‍ ആവുന്നൊരു ശ്രമം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.