ഗ്ലോബല്‍ പീസ് ഇന്റക്‌സ് സന്തോഷവും സമാധാനും ഉള്ള രാജ്യങ്ങളെ പ്രഖ്യാപിച്ചു. ആഭ്യന്തരമായോ രാജ്യാന്തരമായോ ഒരു രീതിയിലുമുള്ള സംഘര്‍ഷം ഇല്ലാത്ത രാജ്യങ്ങളെയാണ് സമാധാന രാജ്യങ്ങളായി ഗ്ലോബല്‍ പീസ് ഇന്റക്‌സ് കണക്കാക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ഐസ്‌ലന്റാണ്.
എന്നാല്‍ ഇന്ത്യക്ക് ഈ കാര്യത്തില്‍ വലിയ നാണക്കേടാണ് നേരിടേണ്ടി വന്നത്. 160 രാജ്യങ്ങള്‍ ഉള്ളിടത്ത് ഇന്ത്യ 141-ാം സ്ഥാനത്താണ്. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ര്ട കലഹം, സൈനിക സ്വാധീനത്തിന്റെ തോത് എന്നിവയാണ് പട്ടികയില്‍ പ്രധാനമായും നോക്കുന്നത്. കൂടാതെ ഇത്തവണ കാലാവസ്ഥ വ്യതിയാനങ്ങളുമായും ബന്ധപ്പെട്ട സൂചികകള്‍ കൂടി കണക്കിലെടുത്താണ് പട്ടിക തയ്യാറിക്കയത്.
2016 ല്‍ ഇന്ത്യ 141-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2017 ല്‍ ഇന്ത്യ 137-ാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ പിന്തള്ളപ്പെട്ടു. അതേസമയം ഇന്ത്യയുടെ എക്കാലത്തെയും ശത്രു രാജ്യമായ പാകിസ്ഥാന്‍ 153ാം സ്ഥാനത്താണ് ഉള്ളത്.
ദക്ഷിണേന്ത്യയില്‍ ഭൂട്ടാന്‍ ആണ് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യം. ശ്രീലങ്ക 72ാം സ്ഥാനത്തും നേപ്പാള്‍ 76ാം സ്ഥാനത്തുമാണ് ഉള്ളത്. ബംഗ്ലാദേശ് 101ാം സ്ഥാനത്താണ് ഉള്ളത്. സൗത്ത് സുഡാന്‍, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനക്കാര്‍.
2008 മുതല്‍ തുടര്‍ച്ചയായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഐസ്‌ലന്റിന് തന്നെയാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യം അഫ്ഗാനിസ്ഥനാണ്. 163ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ വര്ഷം ഒരു സ്ഥാനം മെച്ചപ്പെട്ടെങ്കിലും ഈ കുറി വീണ്ടും പിന്നിലേക്ക് പോകുകയായിരുന്നു അഫ്ഗാന്‍. കഴിഞ്ഞ വര്‍ഷം പിന്നിലായിരുന്നു സിറിയ ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
വീടിനുള്ളിൽ തൊട്ടിലിൽ കിടത്തിയ ഒരു വയസ്സുള്ള കുഞ്ഞിനെ എടുത്തു കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു .കോഴിക്കോട് പന്തീരാങ്കാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് മോഷണം പോയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ നടത്തിയ തെരച്ചിലിലാണ് വീടിന്റെ ടെറസിൽ അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
അതേസമയം മോഷ്ടാവ് ഗോവണിയുടെ വാതിൽ തള്ളിത്തുറന്നാണ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ ശ്രമിച്ചതായും കാണുന്നുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ് .
ബലാത്സംഗ കേസില്‍ പ്രതിയായ പ്രതിയായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കാര്‍ട്ടൂണിന് പിന്തുണയുമായി, ബിഷപ്പിനെതിരെ രംഗത്ത് വന്നിരുന്ന സിസ്്റ്റര്‍ അനുപമയുടെ പിതാവ് കെഎം വര്‍ഗീസ്. ഫ്രാങ്കോയെ പൂവന്‍ കോഴിയായി ചിത്രീകരിച്ച കാര്‍ട്ടൂണിന് ലളിതകലാ അക്കാഡമി പുരസ്‌കാരം നല്‍കിയതിന് എതിരെ കത്തോലിക്ക സഭ നേതൃത്വം രംഗത്ത് വരുകയും സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഇടപെട്ട് പുരസ്‌കാരം പിന്‍വലിക്കുകയും ചെയ്തു.
പൊലീസ് തൊപ്പിക്ക് മുകളില്‍ അടിവസ്ത്രം തൂക്കിയിട്ട അംശവടിയുമായി നില്‍ക്കുന്ന ഫ്രാങ്കോയും പിന്തുണയുമായി താഴെ നില്‍ക്കുന്ന പിസി ജോര്‍ജ്ജും പികെ ശശിയും ഇവരെ കണ്ട് പേടിച്ചോടുന്ന കന്യാസ്ത്രീകളുമാണ് കാര്‍ട്ടൂണിലുള്ളത്. പുരസ്‌കാരം പിന്‍വലിച്ചതിന് എതിരെ മന്ത്രി എകെ ബാലന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് സിസ്റ്റര്‍ അനുപമയുടെ പിതാവ്.
പുരസ്‌കാരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമാണ് എന്ന് കെഎം വര്‍ഗീസ് പറയുന്നു. കാര്‍ട്ടൂണ്‍ വരച്ച കെകെ സുഭാഷ് സമൂഹത്തിന്റെ അപചയത്തെയാണ് തുറന്നുകാട്ടുന്നത് എന്നും മെത്രാന്മാരെ പ്രീതിപ്പെടുത്താനായി സത്യസന്ധമായ കാര്‍ട്ടൂണിനെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും കെഎം വര്‍ഗീസ കത്തില്‍ പറയുന്നു. യേശുവിന്റെ ഇടതും വലതുമായി രണ്ട് കുരിശുകളിലായി രണ്ട് കള്ളന്മാരെ തറച്ചിരുന്നു. ആ കുരിശുകളാണ് ഇപ്പോള്‍ ചില മെത്രാന്മാര്‍ ചുമക്കുന്നത്. ഇവര്‍ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണ് എന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നില്ലേ എന്നും കെഎം വര്‍ഗീസ് ചോദിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും മന്ത്രിയാണ് താങ്കള്‍, അല്ലാതെ മെത്രാന്മാരുടെ മന്ത്രിയല്ല – കെഎം വര്‍ഗീസ് പറയുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടന്നത്തിയ സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പോപ്പ് ഫ്രാന്‍സിസ് അടക്കമുള്ളവര്‍ക്ക് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ പദവിയിലെത്തുന്ന ആദ്യ വനിതയായ ധര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഭിഭാഷകനായ മനിഷ് ശര്‍മയാണ് ധര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന് വെടിയേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. ധര്‍വേശിന്‍റെ മരണം ഉറപ്പാക്കിയ ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന് വേണ്ടെന്ന് കവയത്രി സുഗതകുമാരി. ആദ്യമായാണ് കേരളത്തിലെ സാമുഹിക രംഗത്തെ നിറസാന്നിധ്യമായ വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. പലരും മതപരമായ ചടങ്ങുകള്‍ സംസ്‌കാരത്തിന് വേണ്ടെന്ന് ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സമൂഹത്തിന്റെ ആദരവോ ഔദ്യോഗിക ബഹുമതികളോ വേ്‌ണ്ടെന്ന് പറഞ്ഞ് പുതു മാതൃകയാവുകയാണ് സുഗതകുമാരി.
‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’
”ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി.”
മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയുംവേഗം അവിടെ നിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്.
”ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട”- സുഗതകുമാരി പറഞ്ഞു.
സമയമായെന്ന തോന്നലിലാണ് കവിതയെയും പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഈ പോരാളിയുടെ തുറന്നുപറച്ചില്‍. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.
തിരുവനന്തപുരം ടെക്നോപാർക്ക് ഫുഡ്കോർട്ടിലെ റസ്റ്ററന്റിൽ നിന്ന് ഇന്നലെ വാങ്ങിയ ബിരിയാണിയിൽ ആരോ ഉപയോഗിച്ച ബാൻഡേജ്. നാലു മാസം മുൻപ് വാങ്ങിയ ചിക്കൻ ടിക്കയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി അടച്ച റസ്റ്ററന്റിലാണ് സംഭവം. നാളുകളായി സമാനമായ പരാതികളുയർന്ന നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ് ടെക്നോപാർക്ക് ഇടപെട്ട് ഇന്നലെ വീണ്ടും അടച്ചത്. തുടർച്ചയായി പരാതികൾ ഉയർന്നിട്ടും കൂസലില്ലാത്ത അധികൃതർക്കെതിരെ ജീവനക്കാരുടെ സംഘടനയും രംഗത്തു വന്നു.
രംഗോലിയിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാൻഡേജ് ലഭിച്ചത്. ഉടൻ തന്നെ ടെക്നോപാർക്ക് അധികൃതർക്കു പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഇവിടെ നിന്നു വാങ്ങിയ ചിക്കൻ ടിക്കയിൽ നിന്നു പുഴുവിനെ കണ്ടെത്തിയത്. ഇന്നലെ വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു ഹോട്ടൽ ഉടമ പ്രതികരിച്ചത്. ഫുഡ് കമ്മിറ്റി യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു ടെക്നോപാർക്കിന്റെ വിശദീകരണം.
ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മൽസരത്തിൽ ഇഞ്ചോടിഞ്ചു പോരാടിയ പാക്കിസ്ഥാന് 41 റൺസിന്റെ പരാജയം. ഓസ്ട്രേലിയ ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 45.4 ഓവറിൽ 266 റൺസിന് എല്ലാവരും പുറത്തായി. മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. 48 പന്തിൽ 45 റൺസുമായി പിടിച്ചുനിന്ന സർഫറാസ് പത്താമനായി റണ്ണൗട്ടായി. അർധസെഞ്ചുറി നേടിയ ഓപ്പണർ ഇമാം ഉൾ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. നേരത്തെ, ഓപ്പണർമാരായ ഡേവിഡ് വാർണറിന്റെ സെഞ്ചുറിയുടെയും ആരോൺ ഫിഞ്ചിന്റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസീസ് 49 ഓവറിൽ 307 റൺസെടുത്തത്. വാർണറാണ് കളിയിലെ കേമൻ.
200 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാനെ എട്ടാം വിക്കറ്റിൽ 64 റൺസ് കൂട്ടുകെട്ടുമായി സർഫറാസ് അഹമ്മദ് – വഹാബ് റിയാസ് സഖ്യം കരകയറ്റിയതാണ്. 44 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. മൂന്നു വിക്കറ്റും 36 പന്തും ബാക്കിയിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 45 റൺസ് മാത്രം. എന്നാൽ, മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 45–ാം ഓവറിന്റെ രണ്ടാം പന്തിൽ റിയാസ് പുറത്തായത് വഴിത്തിരിവായി. സ്റ്റാർക്കിന്റെ പന്തിൽ അലക്സ് കാരി റിയാസിനെ പിടികൂടിയെങ്കിലും അംപയർ ഔട്ട് നിഷേധിച്ചതാണ്. എന്നാൽ, അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത ഓസീസ് വിക്കറ്റും വിജയവും ‘പിടിച്ചെടുക്കുകയായിരുന്നു’. 39 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 45 റൺസെടുത്ത റിയാസ് പോയതോടെ പാക്കിസ്ഥാന്റെ പോരാട്ടവും അവസാനിച്ചു. മുഹമ്മദ ആമിർ നേരിട്ട രണ്ടാം പന്തിൽ സംപൂജ്യനായതിനു പിന്നാലെ സർഫറസ് റണ്ണൗട്ടായി.
ഫഖർ സമാൻ (പൂജ്യം), ശുഐബ് മാലിക്ക് (പൂജ്യം), ആസിഫ് അലി (അഞ്ച്) എന്നിവർക്കു തിളങ്ങാനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി. ബാബർ അസം (28 പന്തിൽ 30), മുഹമ്മദ് ഹഫീസ് (49 പന്തൽ 46), ഹസൻ അലി (15 പന്തിൽ 32) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഷഹീൻ അഫ്രീദി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഓസീസിനായി പാറ്റ് കമ്മിൻസ് 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റു വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൻ എന്നിവർ രണ്ടും നേഥൻ കോൾട്ടർനൈൽ, ആരോൺ ഫിഞ്ച് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി
16 ദിവസങ്ങളായി ഒരു പാടുപോലുമില്ലാതെ സൂര്യമുഖം. പക്ഷേ ഈ സുന്ദര സൂര്യ മുഖം നാസയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.ഇത്തരത്തിൽ പൊട്ടോ പാടോ ഇത്താത്ത സൂര്യന്റെ പ്രതലത്തിൽ നിന്നും കാന്തിക തരംഗങ്ങൾ ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. ഇത് സാറ്റലൈറ്റുകളെയും വ്യോമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചേക്കും. പൊതുവേ പൊട്ടത്തെറിച്ചും തിളച്ചുമറിഞ്ഞുമാണ് സൂര്യന്റെ പ്രതലം നിലകൊള്ളുക. അപ്പോഴാണ് പൊട്ടുകളും പാടുകളുമൊക്കെ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ശാന്തമായാണ് സൂര്യൻ നിലകൊള്ളുന്നത്.
11 വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന സോളാർ മിനിമം എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന് വിഭിന്നമായി സോളാർ മാക്സിമം എന്ന മറ്റൊരു പ്രതിഭാസവും ഉണ്ട്. ഈ കാലത്ത് ജൂപ്പിറ്റർ ഗ്രഹത്തിന്റെ അത്ര വലിപ്പമുള്ള സൺ സ്പോട്ടുകൾ സൂര്യനിൽ കാണാൻ സാധിക്കും.ഭൂമിയിലെ ജീവന് ഈ സോളാർ മിനിമം പ്രതിഭാസം നേരിട്ട് ഭീഷണിയാകില്ലെന്നാണ് കരുതുന്നത്. പക്ഷേ ഭുമിക്ക് പഉറത്തെ ഉപഗ്രഹങ്ങളെയും ബഹിരാകാശ സഞ്ചാരികളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
സോളാർ മിനിമം കാലം അവസാനിച്ചാല്‍ വീണ്ടും സൂര്യന്റെ പ്രതലം തീഷ്ണമായ തിളച്ചുമറിയലുകളാലും സണ്‍സ്‌പോട്ടുകളാലും നിറയും. ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം ഭൂമിയുടെ കാലാവസ്ഥയേയും ബാധിക്കും. ചിലപ്പോള്‍ ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുമുണ്ട്. 1650 മുതല്‍ 1710 വരെ നീണ്ടു നിന്ന സോളാര്‍ മിനിമം പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്ത് ഭൂമി അതിശൈത്യത്തിലേക്ക് വീണുപോവുകയും ചെയ്തിരുന്നു. അന്ന് ഉത്തരധ്രുവത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഞ്ഞ് വ്യാപിച്ചു. ലിറ്റില്‍ ഐസ് ഏജ് എന്നും മോണ്‍ഡര്‍ മിനിമം എന്നുമൊക്കെയാണ് ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്.
കാമുകന്റെ സഹായത്തോടെ കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച വീട്ടമ്മയും കാമുകനും പിടിയിൽ. കൊലയ്ക്ക് ശേഷം ഭർത്താവിനെ ആത്മഹത്യാപ്രേരണ കേസിൽ കുരുക്കാനുള്ള തെളിവുകളും ഒരുക്കി കാമുകനുമൊപ്പം മുങ്ങിയ വീട്ടമ്മ ഒടുവിൽ പൊലീസിന്റെ വലയിലാകുകയായിരുന്നു.
മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ജാധവ്‌വാഡി നിവാസി സോനാലി ഷിൻഡെ (30) ആണ് പിടിയിലായത്. കാമുകൻ ഛബ്ബാദാസ് വൈഷ്ണവിന്റെ (26) സഹായത്തോടെയാണു കൂട്ടുകാരി രുക്മൺബായ് മാലിയെ (31) കൊലപ്പെടുത്തിയത്.
കൊലയ്ക്ക് ശേഷം തന്റെ വസ്ത്രവും പാദരക്ഷകളും ചില ആഭരണങ്ങളും മൃതദേഹത്തിൽ അണിയിച്ച് കത്തിച്ചു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികിൽ സോനാലി എഴുതിവച്ചിരുന്നു.
വസ്ത്ര ഭാഗങ്ങളും ആഭരണങ്ങളും കണ്ട് മൃതദേഹം സോനാലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾ സംസ്‌കരിക്കുകയും ഭർത്താവ് സദാശിവ് ഷിൻഡെയ്ക്ക് എതിരെ പരാതി നൽകുകയും ചെയ്തു. ഇതിനിടെ രുക്മൺബായിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുകേസുകളും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉടലെടുക്കുകയായിരുന്നു.
സോനാലി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസം ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചാലിസ്ഗാവ് റെയിൽവേ സ്‌റ്റേഷനിൽ കാമുകനൊപ്പം സോനാലി പിടിയിലാകുകയായിരുന്നു
തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ നശിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അഞ്ചുപേരെ വിളിപ്പിച്ചപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം സ്റ്റേഷനിലെത്തി. അടിമാലി പൊലീസ് സ്‌റ്റേഷനിലാണ് വിചിത്രമായ സംഭവമുണ്ടായത്.
തോട്ടത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ സമീപവാസികളായ അഞ്ചുപേര്‍ വെട്ടിനശിപ്പിച്ചതായും വീട്ടിലേക്ക് കല്ലെറിഞ്ഞതായും കാട്ടി ഓടയ്ക്കാസിറ്റി സ്വദേശിനി അടിമാലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളായ അഞ്ചുപേരെ അധികൃതര്‍ സ്റ്റേഷനിലേക്ക് വിളിപ്പത്.
എന്നാല്‍ യുവതിയുടേത് കള്ളപരാതിയാണെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗമടക്കമുള്ളവര്‍ യുവാക്കളോടൊപ്പം സ്റ്റേഷനിലെത്തിയത്. ഓടയാക്കാസിറ്റി നായ്ക്കുന്ന് റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് യുവതിയും നാട്ടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കാലങ്ങളായി യുവതിയും പുരയിടത്തിലൂടെയാണ് ഒഴുകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെള്ളം വിടുന്നതിന് യുവതി തയ്യറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. വെള്ളം പുരയിടത്തില്‍ കയറാത്തവിധം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കാമെന്ന് അറിയിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് കള്ളപരാതിയുമായി യുവതി രംഗത്തെത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.