അബുദാബി∙ ഗൾഫിൽ സ്കൂൾ തുറക്കാൻ 2 ആഴ്ച ശേഷിക്കെ കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോയി മടങ്ങുന്നവരുടെ തിരക്കു കൂടിയായതോടെ വിമാനങ്ങളിൽ സീറ്റും ലഭ്യമല്ല. കോഴിക്കോട്ടു നിന്ന് ഇന്നലെ അബുദാബിയിലെത്തിയ പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് സലീമിന് എത്തിഹാദ് എയർലൈനിൽ 35,000 രൂപയ്ക്കാണ് ടിക്കറ്റ് കിട്ടിയത്. ഇതേ വിമാനത്തിൽ ഇന്നു വരണമെങ്കിൽ ഇക്കണോമി ക്ലാസിൽ സീറ്റില്ല. ബിസിനസ് ക്ലാസിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ നൽകണം.

വരും ദിവസങ്ങളിൽ നിരക്ക് ഇതിനെക്കാൾ കൂടും. ബജറ്റ് എയർലൈനായ ഇൻഡിഗൊ വിമാനത്തിൽ ഇതേ സെക്ടറിൽ വരാൻ 30,000 രൂപ കൊടുക്കണം. എയർ ഇന്ത്യാ എക്സ്പ്രസിലാണെങ്കിൽ സീറ്റില്ല. നാലംഗ കുടുംബത്തിന് ഈ സമയത്ത് കേരളത്തിൽനിന്ന് അബുദാബി, ദുബായ്, ഷാർജ തുടങ്ങി യുഎഇയിലെ ഏതു സെക്ടറിലേക്ക് വരണമെങ്കിലും ഒന്നര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെ നൽകേണ്ടിവരും. സെപ്റ്റംബർ രണ്ടാം വാരം വരെ നിരക്കുവർധന തുടരുമെന്നാണ് ട്രാവൽ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ഓണം കൂടി വരുന്നതോടെ ഗൾഫിലേക്കും തിരിച്ചുമുള്ള യാത്രാ നിരക്ക് പിന്നെയും കൂടും.

സെപ്റ്റംബർ മൂന്നാം വാരത്തിൽ മാത്രമേ നിരക്ക് അൽപം താഴാൻ സാധ്യതയുള്ളൂ. കണ്ണൂർ ഉൾപെടെ എല്ലാ വിമാനത്താവളത്തിലേക്കും കൂടുതൽ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഗൊ എയർ, എയർവിസ്താര തുടങ്ങി ഗൾഫിൽനിന്ന് സർവീസ് നടത്തുന്ന പുതിയതും പഴയതുമായ എല്ലാ എയർലൈനുകൾക്കും എല്ലാ സെക്ടറുകളിൽനിന്നും സർവീസ് നടത്താൻ അനുമതി നൽകിയാൽ ടിക്കറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാകില്ല.