Latest News

കോണ്‍ഗ്രസ് പുറത്താക്കിയ എ.പി.അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ ചേരുന്നതിന്റെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അബ്ദുല്ലക്കുട്ടി കണ്ടിരുന്നു.

മോദി ബിജെപിയിലേയ്ക്ക് ക്ഷണിച്ചതായി അബ്ദുല്ലക്കുട്ടി വ്യക്തമാക്കിയിരുന്നു. മോദിയെ പ്രകീർത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഗുജറാത്ത് വികസന മാതൃകയെ പ്രശംസിച്ചതിനാണ് നേരത്തെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്.

ചെന്നൈ: മുൻ സിബിഐ ഡയറക്ടർ, ഏറെ കാലം തമിഴ്നാട് ഡിജിപി, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരൻ എന്നിങ്ങനെ ലക്ഷ്മി നാരായണൻ ഇന്ത്യക്കാർക്ക് പല വിധത്തിൽ പരിചിതനാണ്.

പിതാവും സഹോദരനും പ്രശസ്ത നിയമജ്ഞരായിരുന്നെങ്കിലും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ലക്ഷ്മിനാരായണന് ഐപിഎസിലായിരുന്നു താൽപര്യം.

1951ൽ തമിഴ്നാട് കേഡറിൽ മധുര അസിസ്റ്റന്റ് കമ്മിഷണറായി. പിന്നീട് ഡപ്യൂട്ടേഷനിൽ സിബിഐയിലെത്തി. സിബിഐ ഡപ്യൂട്ടി ഡയറക്ടറായിരിക്കെ,1977 ഒക്ടോബർ 3 ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥക്കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

“അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹർലാൽ നെഹ്റുവിന്‍റെ മകളുടെ കയ്യിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പരുക്കനായ കൈകൾ കൊണ്ട് വിലങ്ങണിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു.

എന്നാൽ, ഈ സമയം അകത്ത് നിന്ന് ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു. ആ സമയം അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, “മികച്ച സേവനത്തിനുള്ള മെഡൽ താങ്കളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അലസനാണ്.. വിലങ്ങുകളെടുക്കാൻ മറന്നു പോയി”.

1980 ൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ലക്ഷ്മിനാരായണനെ തമിഴ്നാട് കേഡറിലേക്കു തിരിച്ചയച്ചു. അതോടെ, സിബിഐ ഡയറക്ടർ പദവി അദ്ദേഹത്തിനു നഷ്ടമായി.

എന്നാൽ, അന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഡിജിപിയായി ലക്ഷ്മിനാരായണനെ നിയമിച്ചു. ഇക്കാലത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി കരുണാനിധിയെ അറസ്റ്റ് ചെയ്തു.

വിരമിച്ച ശേഷം തന്‍റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു. സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്ന വി ആർ ലക്ഷ്മി നാരായണൻ തന്‍റെ 91ആം വയസിൽ വിട പറയുമ്പോൾ നഷ്ടമാകുന്നത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍റെ സാക്ഷിയെക്കൂടിയാണ്.

സർവീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘അപ്പോയ്മെന്റ്സ് ആൻഡ് ഡിസപ്പോയ്മെന്റ്സ് : മൈ ലൈഫ് ഇൻ ദി ഇന്ത്യൻ പൊലീസ് സർവീസ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്. അണ്ണാ നഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ എട്ടിനു ന്യൂ ആവഡി റോഡ് വൈദ്യുതി ശ്മശാനത്തിൽ.

പരേതയായ സീതയാണു ഭാര്യ. മക്കൾ: ഡോ.സുരേഷ് (യുഎസ്), ഉഷ (യുഎസ്), ഡോ.രമ ( ഹെൽത്ത് ഓഫിസർ, ലോകാരോഗ്യ സംഘടന). മരുമക്കൾ: പൂർണിമ, രവി, അലി ഫൈറസ്.

ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു വീണ്ടും കെ.സുരേന്ദ്രനായി അണിയറ നീക്കം. ഓഗസ്റ്റിൽ സജീവ അംഗത്വ വിതരണം പൂർത്തിയാകുന്നതോടെ സംഘടനാ തിരഞ്ഞടുപ്പിലേക്കു ബിജെപി കടക്കും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഇത്തവണ സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കി.

അതേസമയം, പി.കെ.കൃഷ്ണദാസ് വിഭാഗം എം.ടി.രമേശിനായും പി.എസ്.ശ്രീധരൻപിള്ളയെ അനുകൂലിക്കുന്നവർ കെ.പി.ശ്രീശനു വേണ്ടിയും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര നേതൃത്വം ഈ നീക്കങ്ങളോടു പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് നിലം തൊടാതെ പോയ പാർട്ടിയിൽ ഇനി പരമ്പരാഗത നേതാക്കളെ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന ചർച്ചയുമുണ്ട്.

പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും നിലവിലെ നേതാക്കളിൽ ആരു പ്രസിഡന്റായാലും മറു വിഭാഗം നിസ്സഹകരണം തുടരുമെന്നും കേന്ദ്രേ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ പുതുമുഖ നേതൃത്വം എന്ന ആശയമാണ് കേന്ദ്ര കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നത്. ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തെക്കാളും ഒരു ലക്ഷത്തോളം വോട്ട് കൂടുതൽ നേടിയ കെ.സുരേന്ദ്രനെ നേതൃത്വത്തിൽ കൊണ്ടു വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തലാണ് അടുത്ത കടമ്പ.

ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആർഎസ്എസും സമ്മതം നൽകിയാലേ സുരേന്ദ്രനു സ്ഥാനം ഉറയ്ക്കു. കേന്ദ്രമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ വി.മുരളീധരന്റെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷൻ ആക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പി.കെ.കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തിൽ പരിഗണിച്ചേക്കും. നിലവിലെ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയെ പുതുതായി ദേശീയതലത്തിൽ രൂപീകരിക്കുന്ന ലോ കമ്മിഷനിൽ സജീവമായി പരിഗണിക്കുന്നുണ്ട്. ഗവർണർ പദവിയിലേക്കും പിള്ളയുടെ പേരു പറഞ്ഞു കേൾക്കുന്നു.

തികഞ്ഞ ആദരവോടെ രാജ്യവും സോഷ്യൽ ലോകവും അഭിനന്ദിക്കുകയാണ് ഇൗ ഐപിഎസ് ഉദ്യോഗസ്ഥനെ. ഉത്തർപ്രദേശിലെ രാംപൂർ എസ്പി അജയ്പാൽ ശർമയാണ് ഇപ്പോൾ ഹീറോ. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ചിട്ട് പിടികൂടിയിരിക്കുകയാണ് ഇൗ ഉദ്യോഗസ്ഥൻ. പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നത് പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാൻ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് കൂടിയായ അജയ്പാൽ ഐപിഎസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ ഇരുകാലുകളിലും തുടരെ തുടരെ ഇദ്ദേഹം വെടിയുതിർത്തു. മൂന്നു റൗണ്ട് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റുമുട്ടിലിലൂടെ പിടുകൂടിയ പ്രതി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.

പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്. കുട്ടിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസിലാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്. ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

 

ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോട് 49 റണ്‍സിന് തോറ്റു. 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിജയിച്ചെങ്കിലും 5 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഏഴ് മൽസരങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടിയ സൗത്ത് ആഫ്രിക്ക 9ാം സ്ഥാനത്താണ്. ഇതോടെ ഇംഗ്ലിഷ് ലോകകപ്പിലെ ദുരന്തചിത്രമായി ദക്ഷിണാഫ്രിക്ക ലോകകപ്പിനു പുറത്താകുമെന്ന് ഉറപ്പായി.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ശരാശരിയിലൊതുങ്ങിയ ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 308 റൺസാണു നേടിയത്. നിലയുറപ്പിക്കുന്നതിൽ ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കു പിഴച്ചതോടെ അവരുടെ മറുപടി നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 259 റണ്‍സിൽ അവസാനിച്ചു. തോൽവി 49 റൺസിന്. 2003നുശഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ട് കാണാതെ പുറത്താകുന്നത്.

ദക്ഷിണാഫ്രിക്കൻ നിരയിൽ അർധസെഞ്ചുറി നേടിയത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി മാത്രം. 79 പന്തു നേരിട്ട ഡുപ്ലേസി അഞ്ചു ബൗണ്ടറി സഹിതം 63 റൺസാണു നേടിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും ഒരിക്കൽക്കൂടി അതു മുതലാക്കാനാകാതെയാണ് ഡുപ്ലേസി മടങ്ങിയത്. ഓപ്പണർ ക്വിന്റൺ ഡികോക്ക് (60 പന്തിൽ 47), വാൻഡർ ദസ്സൻ (47 പന്തിൽ 36), ഡേവിഡ് മില്ലർ (37 പന്തിൽ 31) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ആൻഡിൽ പെഹ്‌ലൂക്‌വായോ (32 പന്തിൽ പുറത്താകാതെ 46), ക്രിസ് മോറിസ് (10 പന്തിൽ 16) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ തോൽവിഭാരം കുറച്ചത്. പാക്കിസ്ഥാനായി ഷതാബ് ഖാൻ, വഹാബ് റിയാസ് എന്നിവർ മൂന്നും മുഹമ്മദ് ആമിർ രണ്ടും ഷഹീൻ അഫ്രീദി ഒന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാനു വേണ്ടി ഹാരിസ് സുഹൈൽ (59 പന്തിൽ 89), ബാബർ അസം (80 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്ഗി എൻഗിഡി 9 ഓവറിൽ 64 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഇമ്രാൻ താഹിറിന്റെ പ്രകടനവും ശ്രദ്ധേയമായി.

ഓപ്പണർമാരായ ഫഖർ സമാൻ (44), ഇമാം ഉൾ ഹഖ് (44), മുഹമ്മദ് ഹഫീസ് (20), ഇമാദ് വാസിം (23) എന്നിവരും പാക്കിസ്ഥാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വഹാബ് റിയാസ് (നാല്), സർഫ്രാസ് അഹമ്മദ് (പുറത്താകാതെ രണ്ട്), ഷതാബ് ഖാൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി മൂന്നും ഇമ്രാൻ താഹിർ രണ്ടും എയ്ഡൻ മർക്രം, ആൻഡിൽ പെഹ്‌ലൂക്‌വായോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ്‌ ‌എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ൽ മുംബൈ മുൻസിപ്പൽ കോർപറേഷനിലാണ് ജനനം റജിസ്റ്റർ ചെയ്തത്.  അതേസമയം ബിനോയ്‌ കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷം മൂന്ന് മണിക്കാണ് വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ പരാതിയിൽതന്നെ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതിനാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് ബിനോയിയുടെ വാദം.

എന്നാൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ DNA പരിശോധന നടത്തണമെന്നും ബിനോയിയെ കസ്റ്റഡിയിൽ എടുക്കേണ്ടതിനാൽ മുൻ‌കൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ നിലപാട് എടുത്തു. ജാമ്യം നിഷേധിക്കുന്നപക്ഷം ബിനോയിയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം ശക്തമാക്കാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. അതേസമയം, പ്രാഥമിക അന്വേഷണത്തിനായി കേരളത്തിൽ എത്തിയ പൊലീസ് സംഘം മുംബൈയിൽ തിരിച്ചെത്തി. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇവർ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും.

കോതമംഗലം പോത്താനിക്കാട് 45 കാരനെ വീടിന്റെ ടെറസ്സിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ സജീവാണ് സുഹൃത്ത് പ്രസാദിനെ തോക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് സജീവ് കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള സജീവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം രാവിലെയാണ് കോഴിഫാം ഉടമയായ സജീവിന്റെ വീടിന്റെ ടെറസിനു മുകളില്‍ ഫാമിലെ ജീവനക്കാരനും സജീവിന്റെ സുഹൃത്തുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തു നിന്നും തകര്‍ന്ന നിലയില്‍ ഒരു എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. അതിനാല്‍ വെടിയേറ്റ് മരിച്ചതാണൊ എന്ന് പോലീസ് സംശയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനയില്ല. തലക്ക് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നും കണ്ടെത്തി.
ഇതിനിടെ കസ്റ്റഡിയിലെടുത്ത സജീവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രസാദിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആദ്യ ഘട്ടത്തില്‍ ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സജീവ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.

തൊഴിലാളി മുതലാളി വേര്‍തിരിവൊന്നും കൊല്ലപ്പെട്ട പ്രസാദിനും സജീവനുമിടയില്‍ ഉണ്ടായിരുന്നില്ല . സജീവന്‍റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദമായിരുന്നു . ഇരുവരും ഒന്നിച്ചുളള മദ്യപാനവും പതിവായിരുന്നു . ഇക്കഴിഞ്ഞ വെളളിയാഴ്ചയും ഇരുവരും ഒന്നിച്ചു തന്നെ മദ്യപിക്കാനിരുന്നു.

വൈകുന്നേരമായപ്പോഴേക്കും അര ലിറ്റര്‍ മദ്യം രണ്ടുപേരും കൂടി കുടിച്ചു തീര്‍ത്തു. വീണ്ടും മദ്യം വാങ്ങാന്‍ പോയതും രണ്ടു പേരും ഒന്നിച്ച് . ടൗണില്‍ നിന്ന് അര ലിറ്റര്‍ മദ്യം കൂടി ഇരുവരും ചേര്‍ന്ന് വാങ്ങി വന്നു. ഇതില്‍ നിന്ന് ഓരോ പെഗ് ഇരുവരും ചേര്‍ന്നു തന്നെ കുടിച്ചു. ബാക്കി വന്ന മദ്യം െടറസിനു മുകളില്‍ വച്ച ശേഷം വീട്ടില്‍ പൊയ്ക്കൊളളാന്‍ സജീവന്‍ പ്രസാദിനോട് പറഞ്ഞു.

പ്രസാദിനെ യാത്രയാക്കിയ ശേഷം രാത്രിയേറെ വൈകി സജീവന്‍് വീണ്ടും മദ്യപിക്കാനായി വീടിന്‍റെ ടെറസു കയറി . പക്ഷേ അവിടെയെത്തിയ സജീവന്‍ കണ്ടത് ടെറസില്‍ കിടക്കുന്ന പ്രസാദിനെ . വീട്ടില്‍ പോയിട്ട് എന്തിന് മടങ്ങിയെത്തിയെന്ന് സജീവന്‍ പ്രസാദിനോട് ചോദിച്ചു. ബാക്കിയുണ്ടായിരുന്ന മദ്യം കുടിയ്ക്കാന്‍ വന്നെന്ന് പ്രസാദ് മറുപടി പറഞ്ഞു.

താന്‍ കുടിക്കാന്‍ വച്ചിരുന്ന മദ്യം പ്രസാദ് കുടിച്ചു തീര്‍ത്തെന്നറിഞ്ഞതോടെ സജീവന്‍ പ്രകോപിതനായി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം രൂക്ഷമായതോടെ ടെറസില്‍ നിന്നിറങ്ങി വീട്ടില്‍ കയറിയ സജീവന്‍ എയര്‍ഗണുമായി ടെറസില്‍ മടങ്ങിയെത്തി.

എയര്‍ഗണിന്‍റെ പാത്തികൊണ്ട് പ്രസാദിന്‍റെ തലയിലും മുഖത്തും ആഞ്ഞടിച്ചു. പ്രസാദ് തല്‍ക്ഷണം മരിച്ചു. അടിയുടെ ആഘാതത്തില്‍ എയര്‍ഗണ്‍ രണ്ടായി ഒടിഞ്ഞു പോയി. കൊല്ലാനുദ്ദേശിച്ചായിരുന്നില്ല അടിച്ചതെന്നാണ് സജീവന്‍ പൊലീസിനോട് പറഞ്ഞത്.

പ്രസാദ് മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടാനായി സജീവന്‍റെ ശ്രമം . ഇതിനായി കളളക്കഥ ചമയ്ക്കാന്‍ സജീവന്‍ തീരുമാനിച്ചു. പ്രസാദും,സജീവനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ രാജാക്കാടുളള സജീവന്‍റെ തോട്ടത്തില്‍ പോകാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനായി സമീപവാസിയായ രഞ്ജിത് എന്നയാളുടെ ഓട്ടോറിക്ഷ വരാനും പറഞ്ഞിരുന്നു.

പ്രസാദ് മരിച്ചതറിയാതെ ശനിയാഴ്ച പുലര്‍ച്ചെ സജീവന്‍റെ വീട്ടില്‍ ഓട്ടോറിക്ഷയുമായി രഞ്ജിത് എത്തി . എന്നാല്‍ രഞ്ജിത്തിനോട് തലേ രാത്രിയില്‍ നടന്ന സംഭവങ്ങളൊന്നും സജീവന്‍ പറഞ്ഞില്ല. മറിച്ച്, തയാറായി നില്‍ക്കാന്‍ പ്രസാദിനോട് വിളിച്ചു പറയാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് രഞ്ജിത് പ്രസാദിന്റെ ഫോണിലേക്ക് വിളിച്ചു. ഫോണില്‍ കിട്ടാതായതോടെ പ്രസാദ് ടെറസില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാവുമെന്നും അവിടെ നോക്കാമെന്നും സജീവന്‍ പറഞ്ഞു. തുടര്‍ന്ന് രഞ്ജിത്തിനെയും കൂട്ടി ഒന്നുമറിയാത്തതു പോലെ ടെറസിലേക്ക് കയറി . ടെറസില്‍ എത്തിയപ്പോള്‍ മാത്രമാണ് പ്രസാദ് മരിച്ചു കിടക്കുന്ന കാര്യം രഞ്ജിത് അറിഞ്ഞത് . രഞ്ജിതിനെ കബളിപ്പിച്ച് തനിക്കനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാനായിരുന്നു സജീവന്‍റെ ശ്രമം.

എന്നാല്‍ പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ സജീവന് സംഭവിച്ചതെല്ലാം തുറന്നു പറയേണ്ടി വന്നു.രഞ്ജിത്തിന്‍റെ കൃത്യമായ മൊഴിയും രാത്രിയില്‍ വീടിന്‍റെ ടെറസിനു മുകളില്‍ ബഹളം കേട്ടെന്ന സജീവന്‍റെ ഭാര്യയുടെ മൊഴിയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.ആലുവ എഎസ്പി എം.ജെ.സോജന്‍,പോത്താനിക്കാട് സിഐ സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ആക്രമിച്ച മുസ്ലീം യുവാവ് മരണത്തിന് കീഴടങ്ങി. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതികളിലൊരാളായ പപ്പു മണ്ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ അന്‍സാരിയെ മരത്തിന്‍റെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ തബ്രെസ് അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കുന്നുമുണ്ട്. ജൂണ്‍ 18ന് രാത്രി തബ്രസ് അന്‍സാരിയെ രണ്ട് പേര്‍ ചേര്‍ന്ന് ജംഷഡ്പൂരിലേക്ക് പോയി. അന്‍സാരിയെ കൊണ്ടുപോയ രണ്ട് പേരെ കുറിച്ച് അയാള്‍ക്ക് വിവരമുണ്ടായിരുന്നില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഔറംഗസേബ് അന്‍സാരി പറഞ്ഞു. രണ്ട് പേര്‍ ഓടിപ്പോകുകയും ആള്‍ക്കൂട്ടത്തില്‍ അന്‍സാരി ഒറ്റയ്ക്കാകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരാണ് മോഷണം നടത്തിയതെന്നും താന്‍ തെറ്റുകാരനല്ലെന്നും അന്‍സാരി ആവര്‍ത്തിച്ചെങ്കിലും ആള്‍ക്കൂട്ടം ഇത് ചെവിക്കൊണ്ടില്ല.

 

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ടു വിദ്യാര്‍ത്ഥിയെ കാണാതായി. തൃക്കൊടിത്താനം മണികണ്ഠവയല്‍ കടവുങ്കല്‍ സജീവ്- ശ്രീജ ദമ്പതികളുടെ മകള്‍ സൂര്യ സജീവ് (18) നെയാണ് വടശേരിക്കര പമ്പയില്‍ ഒഴുക്കില്‍പ്പെട്ടത് കാണാതായത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. രാവിലെ സഹോദരനോടൊപ്പം അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയതാണ് സൂര്യ. വീടിനോട് ചേര്‍ന്നുള്ള ആറ്റില്‍ കുളിക്കാനായി ഒന്നിച്ചിറങ്ങിയതായിരുന്നു സഹോദരങ്ങള്‍. അതിനിടെ സഹോദരന്‍ സുധി ഒഴുക്കില്‍പ്പെടുന്നത് കണ്ട് രക്ഷിക്കാന്‍ പിന്നാലെ ഇറങ്ങിയ സൂര്യ പിന്നീട് ഒഴുക്കില്‍ പെടുകയായിരുന്നു.

എല്ലാ വിഷയത്തിനും എപ്ലസ് നേടി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സൂര്യ ക്രിസ്തു ജ്യോതി കോളേജില്‍ ഒന്നാം വര്‍ഷം ഡിഗ്രിക്ക് ചേര്‍ന്നിരുന്നു. തിങ്കളാഴ്ച ക്ലാസ് ആരംഭിക്കാനിരിക്കുകയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കും എല്ലാ വിഷയത്തിനും ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. തൃക്കൊടിത്താനം എസ്.എന്‍.ഡി.പി 59-ാം നമ്പര്‍ ശാഖയുടെ കുമാരിസംഘത്തിന്റെ സെക്രട്ടറി കൂടിയായിരുന്നു സൂര്യ. കൂടാതെ, കലാകായിക മത്സരങ്ങളില്‍ എല്ലാം ജേതാവായിരുന്നു. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രാത്രി വൈകിയും പമ്പയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

 

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുടെ പേരില്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ നടപടി എടുക്കുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത. ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്. നടപടി വേണമെന്ന നിലപാടില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും. ബിനോയ് വിഷയത്തില്‍ സെക്രട്ടറിയേറ്റ് നിലപാടും സംസ്ഥാന സമിതിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യും.

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണിക്ക് വന്നെങ്കിലും ഉദ്യോഗ്ഥരുടെ വീഴ്ചക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.ഉദ്യോഗ്ഥരെ നിലക്കു നിര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് പി.കെ.ശ്യാമളക്ക് എതിരെ നടപടി എടുക്കുന്നത് ഉചിതമല്ലെന്ന വികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഓരോ ഉദ്യോഗസ്ഥരും ചെയ്യുന്ന വീഴ്ചക്ക് ജനപ്രതിനിധിക്കെതിരെ നടപടി എടുക്കാന്‍ നിന്നാല്‍ അതിനെ സമയമുണ്ടാവൂ.അനധികൃത നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കെപ്പെടാന്‍ ഇതു കാരണമാകുമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.എന്നാല്‍ പി.കെ.ശ്യാമളക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ മാത്രമേ നടപടി വേണമോ എന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ചക്ക് വരികയൊള്ളൂ.

ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യമായതിനാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിമുള്ളതെന്നാണ് സൂചന.ഇതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിനുള്ളില അഭിപ്രായ ഭിന്നത കൂടുതല്‍ പ്രകടമാവുകയാണ്.

വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഇടപെട്ടതിൽ അത്രയ്ക്കു പകയുണ്ടായിരുന്നു അവർക്ക്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമളയെ മറികടന്നു മറ്റേതെങ്കിലും വഴിയിൽ അനുമതി നേടിയെടുത്താലും അവരുടെ എതിർപ്പ് നിലനിൽക്കെ ആന്തൂർ പോലെ ഒരു പാർട്ടി ഗ്രാമത്തിൽ തുടർന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു.

പി.കെ.ശ്യാമളയ്ക്കും ഭർത്താവ് എം.വി.ഗോവിന്ദനുമൊക്കെ പ്രദേശത്തു നല്ല സ്വാധീനമുണ്ട്. അവരുടെ എതിർപ്പു മറികടന്നു പ്രവർത്തിപ്പിക്കുമ്പോൾ 18 കോടി മുടക്കി നിർമിച്ച കൺവൻഷൻ സെന്റർ ആക്രമിക്കപ്പെടുമോ എന്നു വരെ ഭയപ്പെട്ടു. അധ്യക്ഷയ്ക്കെതിരെ പരാതി പറഞ്ഞതിനാൽ സാജേട്ടന്റെ ജീവനു ഭീഷണിയുണ്ടാകുമോ എന്നു പോലും ഭയമുണ്ടായിരുന്നു.

പാർട്ടി കേന്ദ്രങ്ങളിൽ പാർട്ടിക്ക് ഇഷ്ടമില്ലാത്തതു ചെയ്തവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തല്ലിത്തകർക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. വിദേശത്തുനിന്നു മടങ്ങിയെത്തി ഇവിടെ സ്ഥിര താമസം ആക്കിയതു മുതൽ അത്തരം കഥകളൊക്കെയാണു കേട്ടിരുന്നത്. ഇതും അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തിൽ കൺവൻഷൻ സെന്റർ പാർട്ടിക്കു തന്നെ നൽകി കയ്യൊഴിഞ്ഞാലോ എന്നു വരെ ആലോചിച്ചു.

നഗരസഭയുടെ അനുമതി കിട്ടാത്തതു കൊണ്ടു മാത്രം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്നാണിപ്പോൾ പലരും ചോദിക്കുന്നത്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി ഒരു സംരംഭം തുടങ്ങി അതിൽനിന്ന് ഒരു രൂപ പോലും വരുമാനം കിട്ടില്ല എന്നു ഭയപ്പെടുന്ന സമയത്താണു നഗരസഭാധ്യക്ഷ മുഖത്തു നോക്കി പറയുന്നത് ‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം അനുമതി ലഭിക്കില്ല’ എന്ന്.

അനുമതിക്കായി നടന്നു മടുത്ത സാജേട്ടൻ അവസാന ഒരാഴ്ചയായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രാവിലെ വീട്ടിൽനിന്നു പോയാൽ രാത്രി ഏറെ വൈകിയാണു തിരിച്ചു വരുന്നത്. ഉറക്കം നഷ്ടപ്പെട്ടിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന അദ്ദേഹത്തെ ഏറെ തകർന്ന അവസ്ഥയിലാണു കണ്ടത്. 10 കോടി രൂപയായിരുന്നു കൺവൻഷൻ സെന്ററിനായി അദ്ദേഹം മനസ്സിൽ കണക്കാക്കിയിരുന്നത്. എന്നാൽ 3 വർഷം കൊണ്ടു നഗരസഭയുടെ ഉടക്കു കൊണ്ട് ഉദ്ദേശിച്ച സമയത്തൊന്നും പണി പൂർത്തിയായില്ല. വീണ്ടും അധിക തുക കണ്ടെത്തേണ്ടി വന്നു.

അനുമതി നൽകിയില്ലെങ്കിൽ മുന്നോട്ടുള്ള വഴിയടയുമെന്നു നഗരസഭാധ്യക്ഷയോടു പറഞ്ഞിരുന്നു. അതവിടെ ഒരു സ്തൂപമായി നിൽക്കട്ടെ എന്നാണു പി.കെ.ശ്യാമള അപ്പോൾ പറഞ്ഞത്. എന്റെ കാലശേഷം എന്റെ മക്കൾക്കെങ്കിലും നിങ്ങൾ അനുമതി കൊടുക്കേണ്ടി വരും എന്ന് പറഞ്ഞിട്ടാണു മടങ്ങിയെത്തിയത്. പക്ഷേ വീട്ടിലെത്തിയപ്പോൾ വളരെ നിരാശനായിരുന്നു. തുരുമ്പെടുത്തു നശിക്കട്ടെ, തൂക്കി വിൽക്കാം, ഇനി പുറകേ പോകാൻ വയ്യ എന്നാണു പറഞ്ഞത്

വേണമെങ്കിൽ ഞാൻ പോയി പി.കെ.ശ്യാമളയുടെ കാൽ പിടിക്കാം എന്നു പറഞ്ഞു. ബിസിനസ് കാര്യങ്ങളിൽ ഒരിക്കലും എന്നെ വലിച്ചിഴക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. അന്നെന്നോടു പോകാമോ എന്നു ചോദിച്ചു. പിന്നെ പറഞ്ഞു, ആരും പോയിട്ട് കാര്യമില്ല, ഒരിക്കലും അനുമതി കിട്ടാൻ പോകുന്നില്ല

നഗരസഭാധ്യക്ഷയ്ക്കെതിരെ നടപടിയെടുക്കുമെന്നാണു വീട്ടിലെത്തിയ സിപിഎം നേതാക്കൾ ഉറപ്പു പറഞ്ഞത്. ആ വാക്കിൽ വിശ്വാസമുണ്ട്. പാർട്ടി ശാസനയോ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കലോ പോരാ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം. അവരുടെ വൈരാഗ്യബുദ്ധിയോടെയുള്ള പ്രവർത്തനം മാത്രമായിരുന്നു ആത്മഹത്യക്കു കാരണം

സാജേട്ടൻ മരിച്ച് ഒരാഴ്ചയാകാറായി. മരണവും വിവാദവും ഒക്കെ ഒരു വശത്തു നടക്കുന്നുണ്ടെങ്കിലും കൺവൻഷൻ സെന്ററിന് അനുമതി നൽകുന്നതിനെക്കുറിച്ചു മാത്രം ആരും പറയുന്നില്ല. ഭർത്താവും കുട്ടികളുമായി ചെറിയ ഒരു ലോകത്തു ജീവിച്ചയാളാണു ഞാൻ. ഒരുപാടു കാര്യങ്ങൾ പാതിവഴിക്കു നിർത്തിയിട്ടാണ് അദ്ദേഹം പോയത്. ഇനി അതെല്ലാം ചെയ്തു തീർക്കേണ്ടത് എന്റെ മാത്രം ബാധ്യതയായി.

18 കോടിയുടെ സ്ഥാപനവും രണ്ടു മക്കളുടെ വിദ്യാഭ്യാസവും പൂർത്തിയാക്കേണ്ടതുണ്ട്. നൈജീരിയയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ട എന്നെയും മക്കളെയും നാടിന്റെ സ്നേഹം അറിയാമെന്നു പറഞ്ഞു പിടിച്ചു വലിച്ചാണു 4 വർഷം മുൻപ് ഇങ്ങോട്ടു കൊണ്ടു വന്നത്. കൺവൻഷൻ സെന്റർ തുടങ്ങിയതിന്റെ പേരിൽ ഈ 3 വർഷം അദ്ദേഹം അനുഭവിക്കാത്ത പീഡനമില്ല. ഇതാണോ ഈ നാടിന്റെ സ്നേഹം.

ജൂൺ 2നു പി.ജയരാജന്റെ മകന്റെ വിവാഹത്തിൽ സാജേട്ടൻ പങ്കെടുത്തിരുന്നു. അതിന്റെ പേരിലും പകപോക്കിയതായി സാജേട്ടനു സംശയമുണ്ടായിരുന്നു. ‘ഞാൻ കല്യാണത്തിനു പോയത് അവർ അറിഞ്ഞിട്ടുണ്ട്, പി.കെ.ശ്യാമളയുമായി അടുപ്പമുള്ള ഒരാൾ എന്നോടു വിളിച്ചു ചോദിച്ചു’ എന്ന് വളരെ വിഷമത്തോടെയാണ് വീട്ടിൽ പറഞ്ഞത്. പി.ജയരാജൻ വിഷയത്തിൽ ഇടപെട്ടതു മുതൽ ശ്യാമള പകയോടെ പെരുമാറി. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടാതായപ്പോൾ വീണ്ടും പി.ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണു പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്നു വച്ചു

ഇനിയും ജയരാജനെ കണ്ടാൽ അവർക്കു പക കൂടും. പ്രായമായ എന്റെ അച്ഛനും അനുമതിക്കായി പലപ്പോഴും നഗരസഭാധ്യക്ഷയെ കണ്ടിരുന്നു. മേലാൽ വരരുതെന്നു പറഞ്ഞ് അപമാനിച്ചയച്ചു.എന്തു കൊണ്ട് അനുമതി കിട്ടാത്ത കാര്യം അറിയിച്ചില്ലെന്നു മരണവിവരമറിഞ്ഞു വീട്ടിലെത്തിയ പി.ജയരാജൻ അന്വേഷിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ സഹായം തേടി എന്ന കാരണം കൊണ്ടാണ് നഗരസഭാധ്യക്ഷ ഞങ്ങളെ കൂടുതൽ ദ്രോഹിച്ചത്. ജയരാജന്റെ സഹായം തേടുന്നതിനു മുൻപ് എം.വി.ഗോവിന്ദനെ സമീപിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.

RECENT POSTS
Copyright © . All rights reserved