Latest News

ആഴക്കടിലിൽ മാത്രം കണ്ടുവരാറുള്ള ഓർ മത്സ്യങ്ങൾ തീരത്തടുത്തത് പ്രകൃതിയുടെ മുന്നറിയിപ്പായിരുന്നോ? ഇൗ ചോദ്യം ശക്തമായി ഉയർത്തുകയാണ് ഒരു പക്ഷം. സമീഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി കഴിഞ്ഞു. യുഎസിലെ കലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഒാർ മൽസ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസമാണ് കലിഫോർണിയയിലെ ബാജാ തീരത്ത് ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിഞ്ഞത്. മത്സ്യബന്ധനത്തിനെത്തിയ സഹോദരങ്ങളായ നോഹയും തോംസണുമാണ് തീരത്തടിഞ്ഞ ഓർ മത്സ്യത്തെ കണ്ടെത്തിയത്.

കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. വലിയ ഒരു ഓർ മത്സ്യത്തിന് 110 അടിയോളം നീളമുണ്ടാകും. ബാജാ തീരത്തടിഞ്ഞത് 8 അടിയോളം നീളം മാത്രമുള്ള കുഞ്ഞ് ഓർ മത്സ്യമായിരുന്നു.ഇവർ കണ്ടെത്തുമ്പോൾ അതിന് ജീവനുണ്ടായിരുന്നു. തോംസൺ പെട്ടെന്നു തന്നെ ആഴക്കടലിലേക്ക് മത്സ്യത്തെ വഴിതിരിച്ചു വിട്ടു. ആഴക്കടിലിൽ മാത്രം കാണുന്ന ഇത്തരം മൽസ്യങ്ങൾ എങ്ങനെ കരയിലേക്ക് എത്തുന്നു എന്നത് നിഗൂഢമാണ്. ഇക്കാര്യത്തിൽ ജപ്പാൻകാരുടെ ഈ വിശ്വാസത്തെ ഏറെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കലിഫോർണിയയിൽ സംഭവിച്ചതും.

ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇൗ മൽസ്യം തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം. ഓർ മത്സ്യത്തെ കണ്ടതിനു പിന്നാലെയാണ് ഇവിടെ കടുത്ത ഭൂകമ്പമുണ്ടായത്. കലിഫോർണിയയുടെ തെക്കുഭാഗത്തായാണ് 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ വൻ നാശം ഉണ്ടായില്ല. എന്നാൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായും വൈദ്യുതിബന്ധം തകരാറിലായതായും വാതകച്ചോർച്ച മൂലം തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 2 ദശകത്തിൽ ആദ്യമായാണ് ഇത്ര വലിയ ഭൂചലനം ഈ മേഖലയിൽ അനുഭവപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇവിടെ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച അല്‍ ഖോബാറിലെ തുഖ്ബയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ നിൽക്കവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ച മലയാളി യുവാവിന് കണ്ണീരോടെ പ്രവാസികൾ വിടചൊല്ലി. മലപ്പുറം നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖാണ് മരിച്ചത്.അൽ ഖോബാർ ഇസ്‌കാനിലെ കിങ്‌ ഫഹദ് മസ്‌ജിദിൽ നടന്ന ജനാസ നിസ്കാരത്തിലും ശേഷം തുഖ്‌ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഫ) ഭാരവാഹികളും വിവിധ ക്ലബ് മാനേജ്‌മെന്റ് പ്രതിനിധികളും കളിക്കാരും ഒപ്പം ദമാമിലെ സാമൂഹിക സാംസ്കാരിക -കായിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

കിങ്‌ ഫഹദ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹം ഇശാ നമസ്ക്കാരത്തിന് മുമ്പായി ഇസ്ക്കാൻ പള്ളിയിലെത്തിച്ചു. നിർധന കുടുബത്തിന് ആശ്വാസമായി എട്ട് വർഷം മുമ്പാണ് സാദിഖ്‌ സൗദിയിലെത്തിയത്. നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റെയും ജമീലയുടേയും മകനായ സാദിഖ് അവിവാഹിതനാണ്. ഖോബാറിലെ പ്രമുഖ ക്ലബ്ബായ ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ പ്രമുഖ കളിക്കാരനായിരുന്ന സാദിഖിന്റ വിയോഗം ഇപ്പോഴും ക്ലബ് അംഗങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആറുമാസം മുമ്പാണ് ക്ലബ്ബിലെത്തുന്നത്. പതിവ് പോലെ വാരാന്ത്യങ്ങളിലെ പ്രാക്ടീസ് കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

കുറഞ്ഞ കാലം കൊണ്ട് സഹപ്രവർത്തകരുടെ പ്രീതിയും സ്നേഹവും സാദിഖ് നേടിയെടുത്തിരുന്നുവെന്ന് ക്ലബ് ഭാരവാഹികളായ ജാബിർ ഷൗക്കത്തും ഫതീനും പറഞ്ഞു. സാദിഖിനെ അനുസ്മരിച്ച് ഡിഫ ഇന്ന് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ അനുശോചന ചടങ്ങ്‌ സംഘടിപ്പിക്കുമെന്ന് ഡിഫ ആക്ടിംഗ് പ്രസിഡന്റ്‌ മൻസൂർ മങ്കടയും ജനറൽ സെക്രട്ടറി ലിയാക്കത്തും പറഞ്ഞു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസ് വക്കമാണ് നിയമ നടപടികൾക്ക്‌ നേതൃത്വം നൽകിയത്‌. ജാഫർ കൊണ്ടോട്ടിയും സഹായത്തിനുണ്ടായി.

ഒരു ഗോളും ഒരു അസിസ്റ്റുമായി മിന്നിനിന്ന ഗബ്രിയേൽ ജെസ്യൂസ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയിട്ടും പതറാതെ കളിച്ച ബ്രസീൽ കോപ്പ അമേരിക്ക ചാംപ്യൻമാർ. വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ പൊരുതിനിന്ന പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ആതിഥേയരായ ബ്രസീൽ കിരീടത്തിൽ മുത്തമിട്ടത്. ആദ്യപകുതിയിൽ ബ്രസീൽ 2–1ന് മുന്നിലായിരുന്നു. എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്റോയുടെ വകയായിരുന്നു പെറുവിന്റെ ആശ്വാസഗോൾ. 44–ാം മിനിറ്റിൽ ഗ്യുറെയ്റോ പെനൽറ്റിയിൽനിന്നു നേടിയ ഈ ഗോൾ, ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളുമായി.

പരിശീലകൻ ടിറ്റെയ്ക്കു കീഴിൽ പുത്തൻ വിജയചരിതവുമായി മുന്നേറുന്ന ബ്രസീലിന്റെ ഒൻപതാം കോപ്പ അമേരിക്ക കിരീടമാണിത്. പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രസീൽ കോപ്പയിൽ കിരീടം സ്വന്തമാക്കുന്നത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. മാത്രമല്ല, ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം ചൂടിയെന്ന റെക്കോർഡും ബ്രസീൽ കാത്തു. മൂന്നു ഗോളുമായി ബ്രസീൽ താരം എവർട്ടനാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസനും ഫെയർ പ്ലേ പുരസ്കാരം ബ്രസീൽ നായകൻ ഡാനി ആൽവ്സും നേടി.

നേരത്തെ, എവർട്ടൻ നേടിയ ബ്രസീലിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ ജെസ്യൂസ് രണ്ടാം ഗോൾ നേടി മിന്നി നിൽക്കുമ്പോഴാണ് രണ്ടാം മഞ്ഞക്കാർഡുമായി പുറത്തു പോകേണ്ടി വന്നത്. മൽസരത്തിന്റെ 70–ാം മിനിറ്റിലായിരുന്നു ഇത്. ഇതോടെ 10 പേരുമായാണ് ബ്രസീൽ അവസാന 20 മിനിറ്റ് കളിച്ചത്. ആത്മവിശ്വാസം വിടാതെ പൊരുതിയ അവർ 10 പേരുമായി കളിച്ച് മൂന്നാം ഗോളും നേടി വിജയം ആധികാരികമാക്കുകയും ചെയ്തു. മൽസരത്തിന്റെ ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് മേടിച്ച ജെസ്യൂസിന്, 70–ാം മിനിറ്റിൽ വീണ്ടും മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് മാർച്ചിങ് ഓർഡർ ലഭിച്ചത്. പെറു താരം സാംബ്രാനോയെ ഫൗൾ ചെയ്തതിനാണ് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും ലഭിച്ചത്. കണ്ണീരോടെയാണ് താരം കളം വിട്ടത്.

 

ലണ്ടന്‍: ഇന്ത്യ-ശ്രീലങ്ക മത്സരം നടന്നുകൊണ്ടിരിക്കെ കാശ്മീരിന് നീതി വേണമെന്നാവശ്യപ്പെട്ടുള്ള ബാനറുമായി വിമാനം പറന്ന സംഭവത്തില്‍ ബിസിസിഐയുടെ പരാതി. ഐസിസിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ബിസിസിഐ ഐസിസിക്ക് പരാതി നല്‍കിയത്.

ശനിയാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത്. ആകാശത്ത് ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’, ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ ബാനറുകളുമായി വിമാനങ്ങള്‍. രണ്ട് വിമാനങ്ങളാണ് സന്ദേശങ്ങളുമായി മത്സരം നടക്കുന്ന ഗ്രൗണ്ടിന് മുകളിലൂടെ പറന്നത്.

ശ്രീലങ്കന്‍ ഇന്നിങ്‌സ് മൂന്നാം ഓവറിലെത്തി നില്‍ക്കെയായിരുന്നു ആദ്യത്തെ വിമാനം ഹെഡിങ്‌ലി സ്‌റ്റേഡിയത്തിന് മുകളിലൂടെ പറന്നത്. ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്നായിരുന്നു മുദ്രാവാക്യം. രണ്ടാമത്തെ വിമാനം പ്രത്യക്ഷപ്പെട്ടത് 17-ാം ഓവറിലായിരുന്നു. ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നതായിരുന്നു രണ്ടാമത്തെ സന്ദേശം.

ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മത്സരത്തിനിടെ വിമാനം സന്ദേശവുമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ സന്ദേശവുമായും വിമാനം പറന്നിരുന്നു. ഇതിന് പിന്നാലെ അഫ്ഗാന്റേയും പാക്കിസ്ഥാന്റേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

 

ഡിസ്നി ചാനല്‍ ടെലിവിഷന്‍ ഷോകളിലും സീരീസുകളിലും ശ്രദ്ധേയ താരമായ അമേരിക്കന്‍ താരം കാമറൂണ്‍ ബോയ്സ് അന്തരിച്ചു. 20 വയസായിരുന്നു പ്രായം. ഡിസ്നി ചാനല്‍ വക്താവാണ് കുടുംബാംഗങ്ങള്‍ നല്‍കിയ മരണ വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച്ച രാവിലെയോടെയായിരുന്നു ബോയ്സ് മരിച്ച വിവരം കുടുംബം അറിഞ്ഞത്. ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.

‘അദ്ദേഹം ചികിത്സ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു, ഇതിന്റെ ഭാഗമായി ഉറക്കത്തിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് ഈ വാര്‍ത്ത ഹൃദയഭേദകമാണ്. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് അറിയാം ബോയ്സ് എത്ര ദയാലുവായിരുന്നുവെന്ന്,’ കുടുംബം വ്യക്തമാക്കി.

അമേരിക്കയിലെ ലോസ് ആഞ്ജല്‍സില്‍ ജനിച്ച ബോയ്സ് ടെലിവിഷന്‍ സീരീസുകളിലെ ശ്രദ്ധേയ താരമാണ്. കൂടാതെ ഹോളിവുഡ് ചിത്രങ്ങളായ മിറര്‍സ്, ഈഗിള്‍ ഐ, ഗ്രോണ്‍ അപ്സ്, ഡിസന്‍ഡന്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എച്ച്ബിഒയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘മിസിസ് ഫ്ലെച്ചര്‍’ എന്ന കോമഡി സീരീസിലും ബോയ്സ് പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ജൂലൈ 1 മുതൽ ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഇന്ത്യൻ രൂപ വിനിമയ ആവിശ്യത്തിനായി ഉപയോ ഗിക്കാം . മലയാളികൾ ഉൾപെടുന്ന പ്രവാസികൾക്ക് ഇത് വളരെ പ്രയോജനകരവും അഭിമാനകാരവുമാണ് .ഇന്ത്യ വളർന്നു വരുന്ന സാമ്പത്തിക ശക്തിയാണെന്ന് ലോകരാഷ്ടങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിൽ ഇന്ത്യൻ രൂപയും ഉൾപ്പെടുത്താൻ കാരണം . ലോകത്തിലെ ഏറ്റവും വലിയ ഡ്യൂട്ടി ഫ്രീ ഷോപ് ആയ ദുബായിലേത് . ഒരു കാലത്തു ആർക്കും വേണ്ടാത്ത ഇന്ത്യൻ രൂപ അഭിമാനത്തോടെ കൊടുത്താണ് മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹം ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് .

1983 -ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ് ഉപ്പെടുത്തുന്ന പതിനാറാമത് കറൻസിയാണ് ഇന്ത്യൻ രൂപ .2 .05 ബില്യൺ ഡോളർ വാർഷിക വിറ്റുവരവുള്ള ദുബായ് ഡ്യൂട്ടി ഫ്രീ ഷോപിൻെറ 18 %വും ഇന്ത്യയിൽ നിന്നുള്ള പ്രവാസി സമൂഹത്തിന്റേതാണ്. 47 രാജ്യങ്ങളിൽ നിന്നായി 6,000 ത്തിലധികം സ്റ്റാഫുകളാണ് ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇപ്പോൾ ജോലി ചെയ്യുന്നത്.

 

കൊച്ചി: കൊച്ചി പെരുമ്പടത്ത് ബോയ്സ് ഹോമില്‍ കഴിഞ്ഞിരുന്ന കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. ഇന്നലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടികളാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നതായി സൂചനയുണ്ട്.

നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെയുമാണ് ബോയ്സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. അറസ്റ്റ് ചെയ്ത വൈദികനെ പൊലീസ് കോടതിയില്‍ ഹാജരാകും. ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും ഒപ്പം പോക്സോ വകുപ്പ് പ്രകാരവും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഫോണ്‍ ചെയ്ത് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റിലേക്ക് കാല്‍വഴുതി വീണ കൊഞ്ചിറ നാലുമുക്ക് വിളയില്‍ പ്രദീപിനെ ഒടുവിൽ രക്ഷപ്പെടുത്തി.രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്താനായത്. പ്രദീപ് കിണറ്റില്‍ വീണ കാര്യം മറ്റാരും അറിയാതിരുന്നത് ആണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയത്.

വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ കൈവരിയിലിരുന്നായിരുന്നു ഫോണ്‍ ചെയ്തിരുന്നത്. പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച്‌ കൂവിയിരുന്നെങ്കിലും ആരും കേട്ടില്ല. മാത്രമല്ല കൈയിലുണ്ടായിരുന്ന ഫോണ്‍ വെളളത്തില്‍ വീണ് കേടായിരുന്നു. ഇതില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വെളളിയാഴ്ച്ച ഉച്ചയ്ക്ക് കിണറിന് സമീപത്ത് കൂടെ പോയവരാണ് പ്രദീപിന്റെ ശബ്ദം കേട്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രദീപിനെ പുറത്തെടുക്കുകയായിരുന്നു. ക്ഷീണിതനായിരുന്ന പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള കോൺഗ്രസിന്‍റെ അടുത്ത ചെയർമാൻ സി എഫ് തോമസ് ആയിരിക്കുമെന്ന് പി ജെ ജോസഫ്. നിയമനടപടികൾ അവസാനിച്ചാലുടൻ പ്രഖ്യാപനമുണ്ടാകും. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിന് ശേഷമായിരുന്നു ജോസഫ് അനുകൂലികളുടെ പ്രഖ്യാപനം.

ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയായിരുന്നു കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്തത്. പി ജെ ജോസഫിനെ അനുകൂലിക്കുന്ന 14 പേര്‍ യോഗത്തില്‍ പങ്കെടുത്തു. മാണി വിഭാഗം വിട്ട സി എഫ് തോമസും ജോയി എബ്രാഹവും എത്തിയിരുന്നു. വേറെ പാർട്ടിയായി മാറിയതിനാലാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവരെ ക്ഷണിക്കാത്തതെന്ന് പി ജെ ജോസഫ് പറഞ്ഞു. തെറ്റുതിരുത്തി വന്നാൽ മാത്രമേ ജോസ് കെ മാണിയുമായി യോജിക്കാൻ കഴിയൂവെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

പാലായിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. യു ഡി എഫ് തീരുമാനിക്കുന്ന സ്ഥാനാർത്ഥി ആരായാലും അംഗീകരിക്കും. അത് നിഷ ജോസാണെങ്കിലും എതിർക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

പുതിയ ചെയര്‍മാന്‍ സംബന്ധിച്ച് കേസ് നിലനില്‍ക്കുകയാണ്. നിയമപ്രശ്നങ്ങൾ പൂർത്തിയായാലുടൻ പുതിയ ചെയർമാനെ തെരഞ്ഞെടുക്കും. സി എഫ് തോമസ് പുതിയ ചെയർമാനാകുമെന്നും പി ജെ ജോസഫ് പ്രഖ്യാപിച്ചു.
ജോസ് കെ മാണി വിഭാഗം നടത്തിയ കോട്ടയത്ത് ചേർന്ന യോഗം നിയമവിരുദ്ധമാണ്. അത് കോടതി തന്നെ അംഗീകരിക്കുകയും സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റികളെയും കീ‍ഴ് ഘടകങ്ങളെയും ഒപ്പം നിര്‍ത്തി ശക്തി തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

അഖിൽ മുരളി

ചിതറി തെറിച്ചിടും
ഓർമ്മകളിലെപ്പോഴോ
എൻ ഹൃത്തിൽ
സൂചികൾ
കുത്തിനിന്നു.

നിനക്കാതെ പോയെൻ
നേരത്തെ ഞാനിന്നു
വിരഹമാർന്ന
കൈകളാൽ
ഓമനിച്ചു.

ഉമ്മറപ്പടിമേലെ എത്തിയെൻ
നേരത്തെ
തട്ടിമാറ്റിയവൻ ഞാനതല്ലോ.

ചിന്നിച്ചിതറിയ വർഷത്തിനിന്നു
എൻ ചാരെ അണയാൻ
ഭയമെന്തിന്

ചന്ദനഗന്ധം നുകർന്നൊരു
മാരുതൻ
അവയേകാൻ ഇന്നെന്തേ മടിച്ചിടുന്നു.

ഭൂതകാലത്തിൻ നിർവൃതിയിൽ
വർഷം എന്തോ
എൻ കാതിൽ
മൊഴിയാനണഞ്ഞു

വർഷകാലത്തിൻ ഗർജനം
ഇന്ന് പ്രാക്കുകൾ ഏറ്റതു
പോലെയായി.

മതിമറന്നു പോയൊരു
കാലത്തിൻ ചേഷ്ഠകൾ
എൻ മുന്നിലായി
പരിഹാസമാടിടുന്നു.

ഇരുകാലു ഉള്ളതിൽ
നാൽക്കാലി പോലെ
വിലസിയ മാത്രകൾ
മൂകമായി.

നിലാവിന്റെ നെഞ്ചിൽ
ചോരവാർന്നൊഴുകുന്ന
നിലവിളികൾ ഏറെ കേൾപ്പിച്ച നാളുകൾ.

ജീവിതമേകിയ ജനനിയെപോലും
നിന്ദിച്ചു നിന്നൊരു
ശാപകാലം
നാമുന്മാദമാടിയ നടനകാലം.

കത്തിജ്വലിച്ചൊരു
കാഴ്ചകളൊക്കയും
ഇന്ന് കത്തിക്കരിഞ്ഞു
കണ്ടിടുന്നു.

ആർത്തിരമ്പിടും പുഴകളും
തിരയും
ശ്രോതസ്സ് വറ്റുമ്പോൾ
വരണ്ടിടുന്നു.

നേരം പലതു കടന്നു
പോയെന്നാകിലും
നേരായി നീങ്ങുവാൻ
ശ്രമിക്കരുതോ?

ഇന്നുനാമാടുന്നീ
വിഡ്ഢി വേഷങ്ങളൊക്കെയും
നാളെയുടെ കഥകളിൽ
നായകനായിടും.

ക്രൂരത എന്നിൽ
വിരൽചൂണ്ടി
ഗർജ്ജിച്ചു
ആരാണ് ഞാനെന്ന് ചൊല്ലിടുക.

ഞാനെന്ന വാക്കിനാൽ
ചെയ്തൊരു തെറ്റുകൾ
എൻ ശിരസ്സിനെ
മണ്ണിൽ സ്പർശിച്ചു നിർത്തി.

നേരമെന്നതു മിഴിചിമ്മിടും
വേഗത്തിൽ
യാത്രയായിടും
പല ചേഷ്ഠകൾക്കായ്.

നേരം ചൊല്ലുന്നേ
കേൾക്കുക മർത്യരെ
നന്മചെയ്യുവാൻ വെക്കുക
എന്നെ നീ…….

ചോരപ്പൂക്കൾ വിരിഞ്ഞൊരു
മാറതിൽ
പനിനീർപുഷ്പത്ത പുഷ്ടിച്ചു
നിർത്തൂ……………….

അഖിൽമുരളി

മൿഫാസ്റ് കോളേജ് തിരുവല്ലയിൽ എംസിഎ അവസാനവർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻനായർ, അമ്മ കൃഷ്ണകുമാരി ,ജ്യേഷ്ഠൻ അരുൺമുരളി . കാവ്യാമൃതം, പാരിജാതം തുടങ്ങിയ കവിതാസമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. കവിമൊഴി, ഗ്രന്ഥലോകം തുടങ്ങിയ ആഴ്ചപതിപ്പുകളിൽ സ്ഥിരമായി കവിതകൾ എഴുതാറുണ്ട്. താളിയോലഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും, മലയാളമനോരമ ഓൺലൈൻ പ്ബ്ലിക്കേഷന്സിന്റെയും തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് അഖിൽ മുരളി .

 

Copyright © . All rights reserved