Latest News

വെറും 3 മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു; പുത്തുമലയുണ്ടായിരുന്നിടത്തു വലിയൊരു പുഴയൊഴുകി. 5 കിലോമീറ്റർ നീളത്തിൽ, 100 ഏക്കറോളം വിസ്തൃതിയിൽ ആ ഗ്രാമം ഒരു െചളിത്തടാകമായി. ”ഇവിടെയൊരു മസ്ജിദുണ്ടായിരുന്നു, ഇവിടെയൊരു അമ്പലമുണ്ടായിരുന്നു, ഇതാണ് ഞങ്ങൾ ചായ കുടിക്കാനെത്തിയിരുന്ന കന്റീൻ, ഇതു കുട്ടികളുടെ കളിസ്ഥലം”….മണ്ണിൽപുതഞ്ഞുപോയ കരിങ്കൽത്തറകൾ ചൂണ്ടിക്കാട്ടി പുത്തുമലക്കാർ പറഞ്ഞുതന്നു. അപ്പോഴും അവരാരും പുറമേ കരയുന്നുണ്ടായിരുന്നില്ല. മഹാദുരന്തങ്ങൾ ചില മനുഷ്യരെ നിസംഗരാക്കുന്നതാവാം. കാണാനെത്തിയ ഓരോരുത്തരോടും അവർ ഓടിനടന്ന് ആ ഗ്രാമത്തിന്റെ കഥ പറയുകയാണ്.

Image result for puthumala

ചിലർ പഴയ പുത്തുമലയുടെ ചിത്രങ്ങൾ കാണിച്ചുതരുന്നു. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട സുന്ദരമായ നാട്. ഒരു വശത്തു വനമാണ്. മുകളിലായി പച്ചക്കാട് ഗ്രാമം. അവിടെയുണ്ടായിരുന്ന വീടുകളോടു ചേർന്നാണ് ഉരുൾപൊട്ടിയത്.

Image result for puthumala

നിലയ്ക്കാത്ത കൊടുംമഴയായിരുന്നു ആദ്യം. തൊട്ടുപിന്നാലെ മലകളിടിച്ചെത്തിയ പ്രളയജലം ഗ്രാമത്തെയാകെ തുടച്ചുനീക്കി. കല്ലും മണ്ണും മരങ്ങളും വലിയ സ്ഫോടനശബ്ദത്തോടെ താഴേക്കുകുത്തിയൊലിച്ചു. രണ്ടുതവണയാണ് ഉരുൾപൊട്ടിയത്. മഹാദുരന്തത്തിന്റെ ഉണങ്ങാത്ത മുറിവുംപേറി ചില മരങ്ങൾ മാത്രം തലയുയർത്തി നിൽപ്പുണ്ട്. ചെളിയിൽ മുങ്ങിയ കാറുകൾ. വലിയൊരു ടാർ മിക്സിങ് യൂണിറ്റ് തലകീഴായി മറിഞ്ഞിരിക്കുന്നു.

വീടുകളിരുന്നിടത്തു വലിയ പാറകളും ഭീമൻ മരത്തടികളും. അവയ്ക്കിടയിൽനിന്നു ചെളിയിൽപ്പുതഞ്ഞ് ഒരു പശു ജീവനോടെ കയറിവന്നു. ആളൊഴിഞ്ഞ പാടികളിൽ ആർക്കോവേണ്ടി കാവലിരിക്കുകയാണ് ഒരു വളർത്തുനായ. പക്ഷേ, ഇനി ഈ ദുരന്തഭൂമിലേക്ക് ആരും മടങ്ങിവരാനില്ല. അവരുടെ ഗ്രാമം ഭൂപടത്തിൽനിന്നേ ഇല്ലാതായിരിക്കുന്നു.

സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരണം അറുപത്തിയൊന്നായി. ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. മലപ്പുറം കവളപ്പാറയിലും ആറുപേരുടെ കൂടി മൃതദേഹം കണ്ടെടുത്തതോടെ ദുരന്തത്തിനിരയായവരുടെ എണ്ണം ഒന്‍പതായി. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാലുപേര്‍ മരിച്ചു. കണ്ണൂരില്‍ മൂന്നുപേരും. ചാലക്കുടി, കായംകുളം, വൈക്കം എന്നിവിടങ്ങളില്‍ ഒരോ മരിച്ചു. പുത്തുമലയിലും കവളപ്പാറയിലും രക്ഷാദൗത്യം ഞായറാഴ്ച രാവിലെ തുടരും.

കവളപ്പാറയില്‍ അന്‍പതിലധികം പേര്‍ക്കായാണ് തിരച്ചില്‍. വയനാട് , കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യതയുളളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചു. എറണാകുളം, ഇടുക്കി, തശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും. റണ്‍വേ സുരക്ഷിതമാക്കിയ നെടുമ്പാശേരിയില്‍ നിന്ന്  ഉച്ചയ്ക്ക് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ സുരക്ഷിതമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്.

കഴിഞ്ഞ ദിവസത്തെ കനത്ത മണ്ണിടിച്ചിലില്‍ വിറങ്ങലിച്ച നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. ഇന്നുമാത്രം ആറ് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടുകിട്ടിയത്. 54 പേര്‍ ഇനിയും മണ്ണിനടിയിലുണ്ടെന്ന് കരുതുന്നു. നൂറേക്കറോളം മഴ കവര്‍ന്നെടുത്ത കവളപ്പാറയില്‍ ഇന്നും കണ്ണീര്‍ മഴ. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വീണ്ടും മണ്ണിടിഞ്ഞത്. പലരും ഓടി രക്ഷപെടുകയായിരുന്നു.

കല്ലായി പാലത്തില്‍വച്ച് ബൈക്കില്‍ മരംവീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു മരിച്ചു. ചാലക്കുടിയില്‍ ഒഴുക്കില്‍പ്പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു. മൂന്നുമണിയോടെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ വയനാട്ടില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

മലപ്പുറം മുണ്ടേയിരിയില്‍ പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇരുനൂറോളംപേര്‍ കുടുങ്ങി. ഇവിടെ ഹെലികോപ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്. ഭാരതപ്പുഴയും കടലുണ്ടി പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തിരൂർ–കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പൊന്നാനി കർമറോഡ് പൂർണമായും മുങ്ങി. പൊന്നാനി ടൗണിൽ വെള്ളം കയറി. പുറത്തൂർ ഉൾപ്പടെയുള്ള പുഴയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് ഉച്ചക്ക് 12പ്രവർത്തനസജ്ജമാകും. വ്യാഴഴ്ച രാത്രി മുതൽ ആണ് വിമാനത്താവളം അടച്ചിട്ടത്. എട്ടുമണിയോടെ ബോര്‍ഡിങ് പാസ് കൊടുത്തുതുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിമാനത്താവളത്തിലെ വെള്ളം വറ്റിക്കാനായി പമ്പിങ് ഇപ്പോഴും തുടരുകയാണ്.

സർവീസുകൾ നിർത്തി കെഎസ്ആർടിസി, ട്രെയിന്‍ ഗതാഗതം സ്തംഭിച്ച് തന്നെ

കോട്ടയത്തു നിന്ന് ആലപ്പുഴ, കുമരകം, ചേർത്തല എന്നിവിടങ്ങളിലേക്ക് സർവീസ് നിര്‍ത്തി. മലപ്പുറത്ത് പാലക്കാട്– കോഴിക്കോട് ദേശീയപാതയില്‍ ഗതാഗത തടസം തുടരുന്നു. മഞ്ചേരി–നിലമ്പൂര്‍–ഗൂഡല്ലൂര്‍ പാതയില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി.

ട്രെയിന്‍ ഗതാഗത സ്തംഭനം മൂന്നാം ദിവസവും തുടരുന്നു. കോഴിക്കോട് – പാലക്കാട് ഗതാഗതം പുനരാരംഭിക്കാനായില്ല. ഇതു വഴിരാവിലെയുള്ള ദീർഘ ദൂര ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം -എറണാകുളം -തൃശൂർ പാതയിൽ ഹ്രസ്വദൂര ട്രെയിനുകൾ സർവീസ് നടത്തുന്നു.

കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്,കൊച്ചുവേളി- പോർബന്തർ എക്സ്പ്രസ്. ബാംഗളൂർ ഐലൻഡ് എക്സ്പ്രസ്, മുംബൈ നേത്രാവതി എക്സ്പ്രസുകൾ റദ്ദാക്കി. ശബരി, ജയന്തി ജനത എക്പ്രസുകൾ നാഗർകോവിൽ വഴി തിരിച്ചുവിട്ടു. ഷൊർണൂർ-കോഴിക്കോട് പാതയിൽ പരിശോധന നടത്തി ഗതാഗത യോഗ്യമെന്ന് ഉറപ്പു വരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കു.

രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് കരിപ്പൂരിലെത്തുന്ന രാഹുല്‍ നിലമ്പൂര്‍ കോട്ടക്കല്ല്, മമ്പാട് എം.ഇ.എസ് , എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാംപുകളിലെത്തും. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും രാഹുല്‍ ‍പങ്കെടുക്കും. തുടര്‍ന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ തിങ്കളാഴ്ച രാലിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുകയും കല്കടറേറ്റിലെ അവലോകനയോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.

കഥാകൃത്ത് എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപര്‍ കമല്‍റാം സജീവ് അടക്കമുുള്ളവരെ നീക്കം ചെയ്തത് എന്‍.എസ്.എസ് ആവശ്യപ്പെട്ടത് പ്രകാരം എന്ന് തെളിയിക്കുന്ന സര്‍ക്കുലര്‍ പുറത്ത്. ഇന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ എല്ലാ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം സമുദായ സംഘടന തന്നെ വ്യക്തമാക്കുന്നത്.

മീശ നോവല്‍ ക്ഷേത്ര സംസ്‌ക്കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്നു എന്നാരോപിച്ച് മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാതൃഭൂമി പ്രവര്‍ത്തനത്തിന്റ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മാതൃഭൂമി ചെയര്‍മാനും എം.ഡിയുമായ വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തിയെന്ന് സര്‍ക്കുലറില്‍ പറയുന്നു.

 

 

ഈ ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും അവരാരും ഇപ്പോള്‍ സര്‍വ്വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാതൃഭൂമി ബഹിഷ്‌ക്കരണം നിര്‍ത്തി എന്ന ആശയം താഴെതലങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരോടും സെക്രട്ടറിമാരോടും സര്‍ക്കുലറില്‍ പറയുന്നു.

യുവ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.

ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പോലീസിനെ ശക്തമായി വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്‌സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്… അത് ഒരു തെളിവേ അല്ല… ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന് … അത് 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവാണ് … ഐ.എ.എസ് കാരന്റെ 370 എം.എല്‍ ഉം സാധാരണക്കാരന്റെ 370 എം.എല്‍ ഉം ഒക്കെ എന്നാണ് ഒന്നാവുക- ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ്. പലയിടങ്ങളിലും ദുരിതബാധിതരെ സഹായിക്കാന്‍ കളക്ഷന്‍ സെന്‍ററുകള്‍ തുറന്നെങ്കിലും ഭക്ഷണവും മരുന്നും നാപ്കിനുകളുമുള്‍പ്പെടെ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കള്‍ കുറവാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൊളന്‍റിയര്‍മാര്‍ അറിയിച്ചു.

പലയിടത്തും സാധനങ്ങള്‍ എത്താത്തതിനാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലപ്പുറത്തും രാമനാട്ടുകരയിലും എറണാകുളത്ത് കുസാറ്റ് ക്യാമ്പസിലുമുള്ള ക്യാമ്പുകളില്‍ അവശ്യവസ്തുക്കള്‍ എത്തുന്നില്ലെന്ന് വൊളന്‍റിയര്‍മാര്‍ പറയുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലും ഇതേ അവസ്ഥയാണുള്ളത്.

കോഴിക്കോട് ജില്ലയിലെ ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങള്‍ എത്തുന്നില്ലെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിംഗ് ട്രബിളെന്നും എന്‍ പ്രശാന്ത് ചോദിക്കുന്നു. ക്യാമ്പുകളിലേക്ക് വേണ്ട സാധനങ്ങളുടെ പട്ടിക ഉള്‍പ്പെടെയാണ് നിലവിലെ സാഹചര്യം അദ്ദേഹം വ്യക്തമാക്കിയത്. എത്രയും വേഗം ക്യാമ്പുകളിലേക്ക് സാധനങ്ങളെത്തിക്കണമെന്ന അഭ്യര്‍ത്ഥനകളാണ് സോഷ്യല്‍ മീഡിയയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സംരക്ഷിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്‌നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്‌നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നത്’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

നഷ്ടപ്പെട്ട ജീവന്‍ ആര് വിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. മറ്റു ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്.

പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നത്.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗമാകാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.

അട്ടപ്പാടി അഗളില്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിയെയും ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയും സാഹസികമായി രക്ഷപെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ കെട്ടിയ കയറില്‍ കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ച് പിതാവ് മുരുകേശന്‍ സുരക്ഷിതമായെത്തുന്ന കാഴ്ച പ്രളയത്തിലെ രക്ഷാദൗത്യങ്ങളുടെ മുഴുവന്‍ നേര്‍ക്കാഴ്ചയായി.

കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി അഗളി ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം എന്ന തുരുത്തിലാണ് ഏഴംഗ കുടുംബം ഒറ്റപ്പെട്ടുപോയത്.കുത്തിയൊലിച്ച് ഒഴുകുന്ന ഭവാനിപ്പുഴ മറികടന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്കെത്തിക്കുക വെല്ലുവിളിയായിരുന്നു. ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയും 8 മാസം ഗര്‍ഭിണിയായ യുവതിയെയും പുഴ കടത്തുന്നതായിരുന്നു ദുഷ്കരം.

അഗളിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സഹോദരങ്ങളടങ്ങിയ അഞ്ചംഗ സംഘം അഗ്നിശമന സേനേയുടെ സഹായത്തോടെ കുത്തിയൊഴുകുന്ന ഭവാനിപ്പുഴ മറികടന്ന് അക്കയെത്തി. കയര്‍ കെട്ടി. ഒറ്റപ്പെട്ടുപോയ കുടുംബത്തിലെ ഓരോരുത്തരായി കയറിലൂടെ ഇക്കരയ്ക്ക്. ഒടുവില്‍ ഒരു വയസ് പ്രായമായ കുഞ്ഞുമായി മുരുകേശനും കയറില്‍ സാഹസികമായി ഇരുന്നു.

ഇക്കരെ കാത്തിരുന്ന മുത്തശിയുടെ കരങ്ങളിലേക്ക് ആ പെണ്‍കുഞ്ഞ് ചാഞ്ഞത് ആശ്വാസത്തോടെ കേരളം കണ്ടിരുന്നു. തൊട്ടുപിന്നാലെ എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയും എത്തി. ജനം കൈയ്യടിയോടെ കുടംബത്തെ സ്വീകരിച്ചു രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. പ്രളയകാലത്തെ ആശ്വാസക്കാഴ്ചയായി മാറി ഈ ദൃശ്യം.

മഴക്കെടുതി നേരിടാൻ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കഴിഞ്ഞവർഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ഇതിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും വി. മുരളീധരൻ അറിയിച്ചു.

മഴക്കെടുതി നേരിടുന്ന കേരളത്തിന് ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാ പ്രവർത്തനങ്ങളെയും നിലവിലെ സ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സഹായം നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്.

റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവർണർ അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾപൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന മരണസംഖ്യ, വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം മാറിത്താമസിക്കേണ്ടി വരുന്നവരുടെ അവസ്ഥ, രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന പ്രയാസങ്ങൾ, മഴ തുടർന്നാലുള്ള അപകടസാധ്യത, സേനയും കോസ്റ്റ് ഗാഡും മറ്റ് ഏജൻസികളും സർക്കാർ സംവിധാനത്തിന് നൽകുന്ന പൂർണ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ഗവർണർ അമിത് ഷായെ ധരിപ്പിച്ചു.

രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിൽ ചർച്ച നടത്തിയതായും ഗവർണർ അമിത് ഷായെ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഗവർണർ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോർട്ടിൽ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved