തൃശൂര്‍ മുണ്ടൂരില്‍ ബൈക്കില്‍ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. കഞ്ചാവ് വില്‍പന എക്സൈസിന് ഒറ്റിക്കൊടുത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു.
തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ ശ്യാമും വരടിയം സ്വദേശി ക്രിസ്റ്റിയും ബൈക്കില്‍ പോകുമ്പോള്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പിക്കപ്പ് വാനില്‍ എത്തിയ എതിരാളികള്‍ ഇവരുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പിന്നാലെ, വെട്ടിപരുക്കേല്‍പിച്ചു. ഇവരെ, സുഹൃത്തുക്കള്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരുടെ മറ്റൊരു സുഹൃത്ത് ശംഭു എന്ന പ്രസാദിനെയും വണ്ടിയിടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചിട്ടുണ്ട്.
ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ഉപയോഗിച്ച പിക്കപ്പ് വാന്‍ കണ്ടെത്തിയിട്ടില്ല. വെട്ടിക്കൊന്ന സ്ഥലത്തു നിന്ന് വടിവാള്‍ കണ്ടെടുത്തു. ശംഭു, സിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘങ്ങള്‍ തമ്മില്‍ പരസ്പരം കുടിപ്പകയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിജോയിയുടെ അനുനായിയെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തത് ശംഭുവിന്‍റെ സംഘമാണെന്ന് സിജോയിയും തിരിച്ചറിഞ്ഞു. ക്രിമിനല്‍സംഘങ്ങളുടെ തേര്‍വാഴ്ച നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ത്തിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. കൊലയാളി സംഘത്തെ പിടികൂടാന്‍ സിറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. കൊലയാളി സംഘം കേരളം വിട്ടെന്നാണ് സൂചന. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കുടുംബസമേതം മോഹൻലാൽ ചിത്രമായ ലൂസിഫർ കണ്ടാണ് കണ്ണന്താനം ടെൻഷൻ കുറച്ചത്. ജീവിതത്തിൽ ഇതൊക്കിയാണ് സന്തോഷം. താൻ മോഹൻലാലിന്റെ ആരാധകനാണ്. മമ്മൂട്ടിയോടെ വ്യക്തിപരമായ വിരോധമൊന്നുമില്ല. മധുരരാജയും കാണുമെന്നും കണ്ണന്താനം പറഞ്ഞു.
എറണാകുളത്തെ രണ്ടു സ്ഥാനാർഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകൾക്കെതിരെ കണ്ണന്താനം പ്രതികരിച്ചത് വാർത്തയായിരുന്നു.
മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ എറണാകുളത്ത് ഇടത്–വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പറഞ്ഞതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്.
മമ്മൂട്ടിയെ വിമര്‍ശിച്ച് അൽഫോൺസ് കണ്ണന്താനം രംഗത്തെത്തിയതോടെ സൈബർ ലോകത്തും സജീവചർച്ചയായിരിക്കുകയാണ്. എറണാകുളത്തെ രണ്ടു സ്ഥാനാർഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്. മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ ഇന്നലെ എറണാകുളത്ത് ഇടത്–വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു.
മമ്മൂട്ടി എന്ന മഹാനടനോട് എനിക്ക് അങ്ങേയറ്റത്തെ ബഹുമാനമാണ്. പക്ഷേ തിരഞ്ഞെടുപ്പ് ദിവസം അദ്ദേഹം പറഞ്ഞ ഒരു വാക്കിനെതിരെയാണ് ഞാൻ പ്രതികരിച്ചത്. ഇടതു വലത് മുന്നണികളുടെ സ്ഥാനാർഥികളെ ഒപ്പം നിർത്തി ഇവർ രണ്ടുപേരും നല്ല സ്ഥാനാർഥികളാണെന്ന് പറയുന്നത് ശരിയാണോ. ഞാൻ വെറും സ്വതന്ത്ര സ്ഥാനാർഥിയൊന്നുമല്ല. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയാണ്. കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ്. അത് അദ്ദേഹം ഒാർക്കണം. അതിനെതിരെയാണ് ഞാൻ പ്രതികരിച്ചത്.
ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണമറിയാൻ എന്റെ മകൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. മമ്മൂട്ടി അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ഫോണിൽ അദ്ദേഹവുമായി ബന്ധപ്പെടുകയും എന്റെ മകന് ഫോൺ കൊടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ ഇൗ പ്രസ്താവനയിലെ പ്രശ്നം മകൻ അദ്ദേഹത്തോട് പറഞ്ഞു. മാറ്റിപ്പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അതിന് തയാറായില്ലെന്നും കണ്ണന്താനം പറയുന്നു.
ഞാൻ കോട്ടയം കലക്ടറായിരുന്നപ്പോഴാണ് അദ്ദേഹത്തിന് ഭരത് അവാർഡ് കിട്ടുന്നത്. അന്ന് ചെമ്പിൽ കേരളത്തിലാദ്യമായി അദ്ദേഹത്തിന് അനുമോദനയോഗം സംഘടിപ്പിച്ചത് ഞാനായിരുന്നു. അത് അദ്ദേഹത്തിന് ഇപ്പോൾ ഒാർമയുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാൽ പിന്നീട് ഞങ്ങൾ തമ്മിൽ അത്ര സൗഹൃദമോ കൂടിക്കാഴ്ചയോ ഉണ്ടായിട്ടില്ല. മോഹൻലാലിനെ കാണാൻ പോയും ഒരു ഇഷ്ടത്തിന്റെ പുറത്താണ്. നല്ല വിനയമുള്ള മനുഷ്യനാണ്. അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട് തിരികെ വരുമ്പോൾ ഞങ്ങൾ ഒരു ഫ്ലൈറ്റിലാണ് വന്നത്. അന്ന് കുറേ നേരം അദ്ദേഹത്തോട് സംസാരിച്ചു. ആ സൗഹൃദത്തിലാണ് മോഹൻലാലിനെ കാണാൻ പോയത്.
പക്ഷേ മമ്മൂട്ടി പതിറ്റാണ്ടുകളായി മലയാളിയുടെ സൂപ്പർ സ്റ്റാറാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒട്ടേറെ പേരുണ്ട്. അങ്ങനെയൊരു താരം തിരഞ്ഞെടുപ്പ് ദിവസം മൂന്നുസ്ഥാനാർഥികൾ മൽസരിക്കുന്ന മണ്ഡലത്തിൽ രണ്ടുപേർ നല്ലതാണെന്ന് പറഞ്ഞാൽ അതിന്റെ അർഥം മൂന്നാമൻ മോശമാണെന്നല്ലേ. അതു ശരിയല്ലെന്നേ ഞാൻ പറഞ്ഞുള്ളൂ. കേരളത്തിലെ ജനങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അതിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മാത്രമല്ല ബിജെപിക്കാരുമുണ്ട്. അങ്ങനെയുള്ള ഒരാൾ തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞത് തെറ്റാണെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
പാറശാലയിൽ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി സുഹൃത്തിന്റെ പുരയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. ആറയൂർ ആർകെവി ഭവനിൽ വിനു(41)ൻെറ മൃതദേഹം ചൊവ്വ വൈകിട്ടാണ് കടമ്പാട്ടുവിളയിലുള്ള സുഹൃത്ത് ഷാജിയുടെ വാഴത്തോട്ടത്തിൽ കാണപ്പെട്ടത്. ഷാജിയുടെ പിതാവ് വിമുക്തഭടനായിരുന്ന കൃഷ്ണനെ അഞ്ച് വർഷം മുമ്പ് കാണാതായിരുന്നു. പിതാവുമായി ഷാജിക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതിനാൽ ഈ തിരോധാനത്തിൽ നേരത്തെ തന്നെ ഒട്ടേറെ അഭ്യുഹങ്ങളുയർന്നിരുന്നു
ഇത് ജനങ്ങളുടെ മനസ്സിൽ നിലനിൽക്കെയാണ് വിനുവിന്റെ വധം ഞായറാഴ്ച വിനു കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. കൊലപ്പെടുത്തി രണ്ടു ദിവസത്തിനു ശേഷവും മൃതദേഹം മറവ് ചെയ്തിരുന്നില്ല. വെള്ളിയാഴ്ച ആറയുരിലെ റേഷൻകടയിൽ നിന്ന് ഒരു ബാരൽ മണ്ണെണ്ണ മോഷണം പോയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കത്തിച്ചുകളയാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണോ ഈ മോഷണമെന്നു സംശയിക്കുന്നുണ്ട്.
മാസങ്ങൾക്ക് മുമ്പ് ഷാജിയെ പരശുവയ്ക്കലിന് സമീപമുള്ള ഗുണ്ടാസംഘം പിടികൂടി ചാക്കിൽകെട്ടി മർദിച്ചു. ഷാജിയെ മരിച്ചെന്ന് കരുതി ഇടിച്ചക്കപ്ളാമുടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വിനുവാണ് ഷാജിയെ ഗുണ്ടാസംഘത്തിൻെറ പക്കലെത്തിച്ചതെന്നും, ഇതിലുള്ള വൈരാഗ്യമാകാം കൊപാതകമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്
ലോറി ഡ്രൈവറായിരുന്ന വിനുവിനെ ഞായർ മുതൽ കാണാനില്ലായിരുന്നു. ഞായർ രാവിലെ ഷാജിയുടെ വീട്ടിൽ മദ്യപിക്കാനെത്തിയവരുടെ കൂട്ടത്തിൽ വിനുവിനെ കണ്ടിരുന്നതായി പരിസരവാസികൾ മൊഴി നല്കി. കൊലപാതകം ഞായറാഴ്ച നടന്നെങ്കിലും തിങ്കൾ രാവിലെ വരെ ഷാജിയുംകൂട്ടാളികളും വീടിന് സമീപത്തുണ്ടായിരുന്നു. സംഭവദിവസം അകരത്ത് വിള സ്വദേശിയായ വിനയകുമാറിനെ വീട്ടിലേക്ക് വിളിപ്പിച്ച് ശുചിമുറിയുടെ സ്‌ലാബ് മാറ്റാൻ അവശ്യപ്പെട്ടതാണ് കൊലപാതക വിവരം പുറത്താക്കിയത്.
വീട്ടിലെത്തിപ്പോൾ രക്തത്തിൽ കുളിച്ച ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കണ്ട് ഒാടി രക്ഷപ്പെടാൻ ശ്രമിച്ച വിനയകുമാറിനെ ഷാജിയും സംഘവും പിടികൂടി ചുറ്റിക കൊണ്ട് ക്രൂരമായി മർദിച്ചു. നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വിട്ടയച്ചത്. ഷാജിയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് വിവരങ്ങൾ നൽകിയ വിനയകുമാർ പൊലീസ് കസ്റ്റഡിയിലാണ്. ഷാജിയോടൊപ്പം വീട്ടിലുണ്ടായിരുന്ന പ്രദേശവാസികളായ മൂന്നു പേരും ഒളിവിലാണ്. വിനുവിൻെറ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു
359 പേര്‍ കൊല്ലപ്പെട്ട സ്ഫോടനപരമ്പരയുടെ സൂത്രധാരന് ഇന്ത്യയിലും അനുയായികള്‍. എൻെഎഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ ഇപ്പോൾ. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഹാഷിം ലക്ഷ്യമിട്ടു. സ്ഫോടനം നടത്തിയത് മുഹമ്മദ് സഹറന്‍ മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്.
എന്‍ഐഎ ഈ വിഭാഗത്തിന് മേല്‍ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസിന്റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു.
ഇതിനിടെ, ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനമുണ്ടായി. കൊളംബോയില്‍ നിന്ന് 40 കിലോമീറ്ററര്‍ അകലെ പുഗോഡയിലാണ് സ്ഫോടനം. കോടതിക്കു സമീപം ഒഴിഞ്ഞ പറമ്പിലാണ് സ്ഫോടനം.
അതേസമയം കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാന്‍ മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ, ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരോടാണ് രാജി ആവശ്യപ്പെട്ടത്. ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രതികരിക്കാത്തതിനാണ് നടപടി.
മുന്‍കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതിന് സര്‍ക്കാര്‍ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് സുരക്ഷാസേനയുടെ തലപ്പത്ത് അഴിച്ചുപണി. അതേസമയം ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ഒന്‍പത് ചാവേറുകളില്‍ എട്ടുപേരെ തിരിച്ചറിഞ്ഞു. ഒരു വനിതയടക്കം മുഴുവന്‍ ചാവേറുകളും സ്വദേശികളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
കൊച്ചി: കല്ലട സുരേഷ് ട്രാവല്‍സ് ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിരീക്ഷണം ശക്തമാക്കി വാഹന വകുപ്പും പോലീസും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ നടക്കുകയാണ്. ഇന്ന് രാവിലെ കൊച്ചി ഇടപ്പള്ളിയില്‍ നടന്ന പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ചെക്ക് പോസ്റ്റുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധനകള്‍ നടക്കുന്നത്.
പരിശോധനയില്‍ നിരവധി ബസുകള്‍ പെര്‍മിറ്റ് ചട്ടം ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തിയെന്ന് എറണാകുളം ആര്‍ ടി ഒ ജോസി പി ജോസ് പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്തിയ ബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാവും ആര്‍.ടി.ഒ തീരുമാനിക്കുക. നേരത്തെ കല്ലട സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കൃത്യമായ രേഖകളില്ലാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.
അന്തര്‍സംസ്ഥാന ബസുകള്‍ കേന്ദ്രീകരിച്ച് അനധികൃത ചരക്ക് നീക്കം നടക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പാര്‍സല്‍ ഇനത്തില്‍ നികുതി വെട്ടിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ അതിര്‍ത്തി കടത്താന്‍ ഇത്തരം ബസുകള്‍ സഹായിക്കുന്നതായിട്ടാണ് സൂചന ലഭിച്ചിരിക്കുന്നത് ഇക്കാര്യത്തില്‍ അന്വേഷണമുണ്ടായേക്കും. അതേസമയം ബംഗളൂരു ബസിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് കഴിഞ്ഞ പോലീസിന്റെ അന്ത്യശാസനം ലഭിച്ചിരുന്നു. ഇനിയും ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
കാലവര്‍ഷം എത്തുന്നതിന് മുന്നേ ആലപ്പുഴയിലെ തീരദേശ മേഖലകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ ശക്തമായ കടലേറ്റം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് കടല്‍ കരയിലേക്ക് കയറാന്‍ തുടങ്ങിയത്. പലയിടങ്ങളിലും തീരദേശ പാതയില്‍ കൂടി വെള്ളം കിഴക്കോട്ടേക്ക് ഒഴുകി. ഇതുമൂലം ആറാട്ടുപുഴ തെക്ക് പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടായി.
ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട് കൂടി ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവും പിന്നീടുള്ള ദിവസങ്ങളില്‍ വേഗത കൂടി ഞായറാഴ്ചയോടെ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 80 മുതൽ 90കിലോമീറ്റർ വരെയായി ഉയരുമെന്നും തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നു.
ഈ സാഹചര്യത്തില്‍ 27-ാം തീയതി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴകടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏപ്രില്‍ 27-ന് അതിരാവിലെ 12 മണിയോടെതന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അഭ്യര്‍ത്ഥിച്ചു.
25-04-2019 രാത്രി 11.30 വരെ കേരള തീരത്ത് 1.5മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കിഴക്ക് കൂടിയുള്ള റോഡിലൂടെയാണ് പല വാഹനങ്ങളും പോയത്. ആറാട്ടുപുഴ, കള്ളിക്കാട്, പെരുമ്പള്ളി, രാമഞ്ചേരി എന്നിവിടങ്ങളിലാണ് കടലേറ്റം ഉണ്ടായത്. റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള പല വീടുകളിലും വെള്ളം കയറി. തൃക്കുന്നപ്പുഴ പ്രണവം നഗറില്‍ കടല്‍ റോഡ് കവിഞ്ഞൊഴുകി. ചേലക്കാട് മതുക്കല്‍ റോഡില്‍ പലഭാഗത്തും കടലേറ്റം ഉണ്ടായിരുന്നു.
കടല്‍ വെള്ളത്തോടൊപ്പം മണ്ണും കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. ദുര്‍ബലമായ കടല്‍ഭിത്തി പലഭാഗങ്ങളിലും മണ്ണിനടിയില്‍ ആവുകയാണ്.ആറു മണിയോടെ കടല്‍ പൊതുവെ ശാന്തമായി. എന്നാല്‍ പതിവായി കടലാക്രമണം ഉണ്ടാകുന്ന നല്ലാണിക്കല്‍ പ്രദേശത്ത് നാട്ടുകാര്‍ ഒരാഴ്ച്ച മുന്‍പ് ജെ സി ബി ഉപയോഗിച്ച് മണ്ണ് കൂട്ടി കടല്‍ വെള്ളം തടയാന്‍ ഭിത്തി നിര്‍മ്മിച്ചിരുന്നു. ഈ പ്രദേശത്ത് പ്രശ്ങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല
നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യന്‍റെ വിസ്താരത്തോടെയാണ് വിചാരണ ആരംഭിച്ചത്. കേസിലെ ഒന്നാംപ്രതി സാനു ചാക്കോ ഉള്‍പ്പെടെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു, മൂന്ന് സാക്ഷികളെ തിരിച്ചറിയാനായില്ല.
കൊലപാതകം നടന്ന് പതിനൊന്നാം മാസമാണ് കെവിന്‍ കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും ദുരഭിമാനവും മൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ പിതാവ് ചാക്കോ ഉള്‍പ്പെടെ പതിനാല് പേരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് 14 പ്രതികൾക്കുമേല്‍ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
വിചാരണയുടെ ആദ്യ ദിനം തന്നെ കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഒരേ ബ്രാന്‍ഡിലുള്ള വെള്ളഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് കേസിലെ പതിനാല് പ്രതികളും വിചാരണയ്ക്കെത്തിയത്. പതിനൊന്ന് മണിയോടെ കോടതി നടപടികള്‍ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ആദ്യ ദിനം വിസ്തരിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ അനീഷ് കോടതിയില്‍ ആവര്‍ത്തിച്ചു. നീനുവിന്റെ സഹോദരൻ ഷാനു ചോക്കോ ഉൾപ്പടെ 11 പ്രതികളാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് അനീഷ് മൊഴി നല്‍കി.
കാറിൽ വച്ച് നീനുവിന്റെ സഹോദരൻ ഷാനു, സഹോദരി നീനുവിനെ വിട്ടുകിട്ടാൻ വേണ്ടി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വിലപേശിയെന്ന മൊഴിയും ആവർത്തിച്ചു. കാറിൽ വച്ച് ഇവർ തന്നെ മർദ്ദിക്കുകയും കഴുത്തിൽ വാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ് പറഞ്ഞു. എന്നാൽ കഴുത്തിൽ വാൾ വച്ച പ്രതിയെ തിരിച്ചറിയാൻ അനീഷിന് കഴിഞ്ഞില്ല. പ്രതികളെ തിരിച്ചറിയുന്ന സമയം നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതോടെ കോടതിയുടെ നിർദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നിൽ എത്തി ഒരോരുത്തരെയും തിരിച്ചറിയാൻ ശ്രമിച്ചു.
ആദ്യം ചാക്കോയെ തിരിച്ചറിയാനെത്തിയത്. എന്നാൽ മൂന്ന് അവസരം നൽകിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാൻ അനീഷിനായില്ല. സാക്ഷിക്കൊപ്പം പ്രതികളുടെ അടുത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ എത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർ പ്രതിഷേധവുമായെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ ചൂണ്ടികാട്ടിയതായും പ്രതിഭാഗം ആരോപിച്ചു. ഒടുവില്‍ പ്രോസിക്യൂട്ടറെയും പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിര്‍ത്തി കോടതി ജീവനക്കാരുടെ സാന്നിധ്യത്തിൽ നടപടികള്‍ തുടര്‍ന്നു. ഒരേ തരത്തിൽ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതുമൂലമാണ് 3 പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന് പ്രോസിക്യുഷൻ വാദിച്ചു.
പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തലിനു ശേഷം പ്രതിഭാഗം ക്രോസ് വിസ്താരം തുടങ്ങി. അനീഷ് പൊലീസിന് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് പ്രതിഭാഗം ചൂണ്ടികാട്ടിയത്. ഇതോടെ കോടതി സമയം കഴിഞ്ഞും വിചാരണ നീണ്ടു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച കോടതി നടപടികള്‍ വൈകിട്ട് ആറിനാണ് അവസാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഒന്നാം പ്രതി ഷാനു ചാക്കോയും തമ്മിൽ നടത്തിയ ഫോൺ സന്ദേശവും കോടതിയിൽ കേൾപ്പിച്ചു. കെവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതും എഎസ്ഐ ടി.എം. ബിജു വേണ്ടത് ചെയ്യാമെന്ന് മറുപടി നൽകുന്നതുമായ രണ്ട് ഫോൺ സന്ദേശങ്ങളാണ് പ്രത്യേക പ്രോജക്ടർ സ്ഥാപിച്ച് കോടതി മുറിയിൽ കേൾപിച്ചത്. ഈ ശബ്ദ സന്ദേശങ്ങൾ സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. വേനലവധി ഒഴിവാക്കി ജൂണ്‍ ആറ് വരെ വിചാരണ തുടര്‍ച്ചയായി നടത്താനാണ് കോടതി തീരുമാനം. കേസില്‍ 186 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.
അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരി അമ്മവീട്ടില്‍ വച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് മരണം സംബന്ധിച്ചുള്ള ചുരുളഴിഞ്ഞത്. മാനക്കേട് ഭയന്ന് വീട്ടുകാര്‍ സംഭവം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ടാണ് തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ കയര്‍ മുറുകിയ പാട് കണ്ട ഡോക്ടര്‍മാര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുട്ടിയുടെ മരണം കഴുത്തില്‍ കയര്‍ മുറുകിയാണെന്ന് വ്യക്തമായി.
ഇതോടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യുകയും കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാനക്കേട് ഭയന്നാണ് ആത്മഹത്യയാണെന്ന വിവരം മറച്ചുവച്ചതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖര്‍ തിവാരിയെ കൊലപാതകത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അപൂർവ അറസ്റ്റിലായി. വലിയ വിവാദമായ കേസിലെ പ്രതി ഭാര്യയാണെന്ന കണ്ടെത്തൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് തെക്കന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്നാണ് രോഹിതിന്റെ ഭാര്യ അപൂര്‍വയെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് താന്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് അപൂര്‍വ സമ്മതിച്ചതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിയെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. രാത്രി മുറിയില്‍ കടന്നുചെന്ന അപൂര്‍വ സ്വന്തം കൈ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയതത്രേ. മദ്യലഹരിയിലായിരുന്നതിനാല്‍ രോഹിതിന് ഭാര്യയുടെ ആക്രമണം ചെറുക്കാനായില്ല. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷം ശാരീരികമായി രോഹിത് ദുര്‍ബലനുമായിരുന്നു. ഒന്നരമണിക്കൂറിനുള്ളിലാണ് സംഭവങ്ങളെല്ലാം നടന്നത്.
കൊലപാതക വിവരം പുറത്തറിഞ്ഞതിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങളും അപൂര്‍വ നടത്തിയിരുന്നു.
അപൂര്‍വയും രണ്ടു വീട്ടുജോലിക്കാരും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ നിരന്തരമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടക്കുമ്പോൾ അപൂര്‍വയ്ക്കു പുറമെ രോഹിതിന്റെ ഇരട്ടസഹോദരന്‍ സിദ്ധാര്‍ഥും മുന്നു വീട്ടുജോലിക്കാരും വീട്ടിലുണ്ടായിരുന്നു. പുറത്തുനിന്ന് ഒരാള്‍ വന്ന് കൃത്യം നടത്താനുള്ള സാധ്യത തുടക്കത്തില്‍ത്തന്നെ പൊലീസ് തള്ളിക്കളഞ്ഞിരുന്നു. വീട്ടിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചതും.
അഭിഭാഷകനായ രോഹിത് 2015 മുതല്‍ രണ്ടുവര്‍ഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉപദേശകനായി ജോലി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തിവാരി മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു താമസവും. രോഹിത് തന്റെ മകനാണെന്ന് തിവാരി തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. രോഹിത് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പിതൃത്വം തെളിയിച്ചത്. ഉജ്ജ്വലയാണ് രോഹിതിന്റെ അമ്മ. പിതൃത്വക്കേസ് തെളിഞ്ഞതിനുശേഷം 2012 ലാണ് തിവാരി ഉജ്ജ്വലയെ വിവാഹം ചെയ്തത്.