ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമല്‍സരം ഇന്ന്. സംതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മല്‍സരം നിര്‍ണായകമാണ്. പരുക്ക് ഭേദമാകാത്തിനാല്‍ ഡെയില്‍ സ്റ്റെയിന്‍ ലോകപ്പില്‍ നിന്ന് പിന്‍മാറി.
ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം തങ്ങളുടെ ലോകകപ്പ് മല്‍സരങ്ങളിലേക്ക് ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും പിന്നാലെ മൂന്നാമനായി കോഹ്‍ലി എത്തും. നാലാമനായി കെ.എല്‍.രാഹുലായിരിക്കും ടീമിലെത്തുക. പിന്നീട് ധോണിയും പാണ്ഡ്യയും എത്തും. സ്പിന്നര്‍മാരായി യൂസവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഇലവനിലുണ്ടാകും. ബുംറയ്ക്കൊപ്പം ഭൂവനേശ്വര്‍ കുമാറോ മുഹമ്മദ് ഷമിയോ ഇലവനിലെത്തും.
ദക്ഷിണാഫ്രിക്കയ്ക്ക് ആകട്ടെ പരുക്ക് വില്ലനായി തുടരുകയാണ്. തോളിനേറ്റ പരുക്ക് ദേഭമാകാത്തതിനാല്‍ ഡെയില്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങി. ആദ്യമല്‍സരത്തില്‍ പരുക്കേറ്റ ഹാഷിം ആംല ഇന്ത്യക്കെതിരെ കളിച്ചേക്കും. ബോളര്‍മാര്‍ ആരും ഫോം കണ്ടെത്താത്തതനാണ് ദക്ഷിണാഫ്രിക്കയുടെ തലവേദന. റബാഡയ്ക്കും ഫുലേക്കുവോയ്ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ആദ്യരണ്ട് മല്‍സരങ്ങള്‍ തോറ്റതിനാല്‍ സമ്മര്‍ദം ഡുപ്ലസിക്കും ടീമിനുമായിരിക്കും. തുടക്കത്തില്‍ പേസ് ബോളിങിന് അനൂകലമെങ്കിലും ഉയര്‍ന്ന സ്കോര്‍ നല്‍കുന്ന പിച്ചാണ് റോസ് ബൗളിലേത്.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിൽ ഭയാനകമായ സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പനി ബാധിച്ച് അഞ്ച് പേർ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡില്‍ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർ രോഗിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂർ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനായ മറ്റൊരു യുവാവുമാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടികയും തയാറാക്കിയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ അവസ്ഥയിൽ ഭയാനകമായി ഒന്നുമില്ല. വരും ദിവസങ്ങളിൽ അതീവശ്രദ്ധ വേണം. സ്കൂളുകൾക്ക് അവധി നൽകുന്നത് സംബന്ധിച്ച് അടുത്ത ദിവസത്തെ സ്ഥിതികൂടി പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും. അവധി നൽകിയാലും മുൻകരുതൽ എന്ന നിലയിൽ മാത്രമാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നാളെയും താൻ കൊച്ചിയിൽ തങ്ങി സ്ഥിതി വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.
എറണാകുളത്ത് നിപ സ്ഥിരീകരിച്ച ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. യുവാവിന്റെ പനി കുറഞ്ഞു. പറവൂര്‍ സ്വദേശിക്കാണ് നിപ ബാധിച്ചത്. ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. തൊടുപുഴയിലും,തൃശൂരിലും ,എറണാകുളത്തും പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. നിപ ബാധിതനായ യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന മുന്നൂറ്റി പതിനൊന്ന് പേരുടെ പട്ടികയും തയാറാക്കി. അതേസമയം നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രണ്ട് കേസ് റജിസ്ററര്‍ ചെയ്തു.
കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഇന്ന്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഇരുപത്തിയൊൻപതു നോമ്പ് പൂർത്തിയാക്കിയാണ് പ്രവാസി മലയാളികളടക്കമുള്ളവർ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മക്കയിലും മദീനയിലും ലക്ഷക്കണക്കിനു വിശ്വാസികളാണ് പെരുന്നാളിൻറെ പുണ്യം തേടുന്നത്.
ഇരുപത്തിയൊന്പതു നാൾ നീണ്ട റംസാൻ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അടക്കമുള്ള വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഗൾഫിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന നിസ്കാര പ്രാർഥനകളിൽ ആയിരങ്ങൾ ഭാഗമായി. ഷാർജ അൽഷാബിലെ വില്ലേജ് സ്റ്റേഡിയം മൈതാനിയിൽ നടന്ന ഈദ് ഗാഹിന് മതപണ്ഡിതൻ ഹുസൈൻ സലഫി നേതൃത്വം നൽകി.
ദുബായ് അൽഖൂസ് അൽമനാർ സെൻററിൽ മലയാളം ഈദ് ഗാഹിന് അൽമനാർ സെന്റർ ഡയറക്ടർ മൗലവി അബ്ദുൽ സലാം മോങ്ങം നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ വിശ്വാസികൾക്കു ഈദ് ആശംസ നേർന്നു. മക്കയിലേയും മദീനയിലേയും ഇരു ഹറമുകളിലും പ്രത്യേകപ്രാർഥനകളോടെയാണ് തീർഥാടർ പെരുന്നാളിൻറെ ഭാഗമാകുന്നത്. അതേസമയം, ഈദ് നമസ്‌കാര സ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, പൊതു പാർക്കുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസ് പെട്രോളിംഗ് ശ്കതിപ്പെടുത്തിയിട്ടുണ്ട്. ഇന്നു ശവ്വാൽ പിറ കണ്ടാൽ ഒമാനിൽ നാളെയായിരിക്കും ചെറിയ പെരുന്നാൾ.
അഫ്ഗാനിസ്ഥാനെ തകർത്ത് ശ്രീലങ്ക. 34 റൺസിനാണ് ലങ്കൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റണ്‍സിന് പുറത്തായി. മഴനിയമപ്രകാരം അഫ്ഗാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 41 ഓവറിൽ 187 റൺസ്. അവർക്കു പക്ഷേ 32.4 ഓവറിൽ 152 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് എല്ലാവരും പുറത്തായി. തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 41 ഓവറിൽ 187 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ശ്രീലങ്ക 33 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു നിൽക്കെയാണ് മഴ കളി മുടക്കിയത്. രണ്ടര മണിക്കൂറിനുശേഷം മൽസരം പുനരാരംഭിച്ച് അധികം വൈകാതെ ശ്രീലങ്ക 201 റൺസിന് ഓൾഔട്ടായി.
ബാറ്റിങ്ങിൽ ഓപ്പണർ കുശാൽ പെരേരയുടെയും ബോളിങ്ങിൽ നുവാൻ പ്രദീപിന്റെ തകർപ്പൻ പ്രകടനങ്ങളാണ് അഫ്ഗാനെതിരെ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. 81 പന്തിൽ 78 റൺസെടുത്ത പെരേര ഏറെക്കുറെ ഒറ്റയ്ക്കു തന്നെ ലങ്കയെ തോളിലേറ്റുകയായിരുന്നു. പിന്നീട് ബോളിങ്ങിൽ ഒൻപത് ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രദീപ് ലങ്കൻ വിജയം അനായാസമാക്കി. 6.4 ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ലസിത് മലിംഗ ഉറച്ച പിന്തുണ നൽകി. ആദ്യ കളിയിൽ ന്യൂസീലൻഡിനോടു തോറ്റ ശ്രീലങ്കയ്ക്ക് ഏറെ ആശ്വാസമാകും ഈ ജയം. ഓസ്ട്രേലിയയ്ക്കു പിന്നാലെ ശ്രീലങ്കയോടും തോറ്റത് അഫ്ഗാന് തിരിച്ചടിയുമായി.
ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പെരുമ്പാവൂരില്‍ പിടിയില്‍. ഒരുമാസം മുമ്പാണ് ഇയാള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം മകളെ ബലാത്സംഘം ചെയ്ത ഒളിവില്‍ പോയത്. ഒഡീൽ സ്വദേശി ബിജയകുമാര്‍ ബെഹ്റയാണ് പിടിയിലായത്. കേരള ഒഡീഷ പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന് ജയിലിലായിരുന്നു പ്രതി. ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം സുഹൃത്തിനോടൊപ്പം വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ക്രൂര കൊലപാതകവും പീഡനവും നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടലെത്തിയ ബിജയകുമാര്‍ കുട്ടിയെയും അമ്മയെയും ആളൊഴിഞ്ഞ കുന്നിലേക്ക് പിടിച്ചുകൊണ്ടുപോയി കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു.
ഇത് അമ്മ നിരസിച്ചതോടെ അമ്മയുടെ മുന്നിലിട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ച അമ്മയെ ബിജയകുമാറും സുഹൃത്ത് ബിക്കിയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ കുന്നിന്‍മുകളില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. വിക്കിയെ പിടികൂടി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ബിജയകുമാര്‍ കേരളത്തിലുണ്ടെന്ന് വിവരം കിട്ടിയത്. തുടര്‍ന്ന് കേരള പൊലീസിന്‍റെ സഹായത്തോടെ ഒഡീഷ പൊലീസ് പെരുമ്പാവൂരിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽനിന്ന് വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് മുന്നറിയിപ്പുകളില്ലാതെയാണ് തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എത്തിയത്. വിരമിക്കുന്നവരുടെ കൂട്ടത്തിൽ അമ്മകൂടി ഉണ്ടായിരുന്നതിനാൽ കളക്ടറായല്ല, മകളായിട്ടായിരുന്നു അനുപമയുടെ വരവ്.
ദേവസ്വം മരാമത്ത് വിഭാഗത്തിൽനിന്ന് വിരമിക്കുന്ന അസി. എക്സി. എൻജിനീയർ ടി.വി. രമണിയുടെ മകളാണ് ടി.വി. അനുപമ. ഈ വർഷം വിരമിക്കുന്ന 13 പേരുടെ യാത്രയയപ്പ് ചടങ്ങ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഘടിപ്പിച്ചിരുന്നത്.
താൻ സദസ്സിൽ ഇരുന്നോളാമെന്ന് അനുപമ അഭ്യർഥിച്ചെങ്കിലും സംഘാടകർ സമ്മതിച്ചില്ല. അവരെ നിർബന്ധപൂർവം വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയെ പൊന്നാട അണിയിക്കാൻ ക്ഷണിച്ചപ്പോഴും അനുപമ വിട്ടുനിന്നു. അത് ചെയർമാൻ നിർവഹിച്ചാൽ മതിയെന്നും ആശംസാപ്രസംഗം നടത്താമെന്നും അവർ പറഞ്ഞു.
തന്നെ ഇത്രയും വലിയനിലയിലേക്കെത്തിച്ചത് അമ്മയുടെ കഠിനധ്വാനമായിരുന്നുവെന്ന് അനുപമ പറഞ്ഞു. അമ്മയ്ക്ക് കിട്ടുന്ന ശമ്പളംകൊണ്ടാണ് താൻ പഠിച്ച് കളക്ടറായതെന്നും അതിന് ദേവസ്വത്തോടുള്ള കടപ്പാട് എന്നും മനസ്സിലുണ്ടാകുമെന്നും അവർ പറഞ്ഞു. അമ്മയ്ക്കുള്ള സർപ്രൈസ് കൂടിയായിരുന്നു ചടങ്ങിൽ അനുപമയുടെ സാന്നിധ്യം.
എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. 225 യാത്രക്കാരുമായി പോയ ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിന്റെ വാതിലില്‍ വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിയത്.
ബോയിങ് വിമാന കമ്പനിയുടെ 777 ലോങ് റേഞ്ച് വിമാനങ്ങളില്‍ ഒന്നാണിത്. 16 മണിക്കൂറോളം 13000 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കേണ്ട വിമാനങ്ങള്‍ കാര്യക്ഷമമായി പരിശോധന നടത്തേണ്ടതിന്റെ ഉത്തരവാദിത്തം എയര്‍ ഇന്ത്യയ്ക്കാണ്. പാസഞ്ചര്‍ ഡോര്‍ ലീക്ക് ചെയ്തിരുന്നെങ്കില്‍ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ട് കടലിനു മീതേ പറക്കുന്ന വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷിതത്വം അപകടത്തില്‍ ആകുമായിരുന്നു

എയര്‍ ഇന്ത്യയ്ക്ക് 125 വിമാനങ്ങളാണ് നിലവില്‍ സര്‍വീസില്‍ ഉള്ളത്. ഇതില്‍ 76 എയര്‍ ബസ് വിമാനങ്ങളും 49 ബോയിങ് വിമാനങ്ങളുമാണ്. വിമാനത്തിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ രണ്ടാഴ്ച വരെ എടുത്തേക്കാമെന്നാണ് വിവരം.
അമേരിക്കയില്‍ നിന്നുള്ള വിമാനയാത്ര അടുത്ത കാലത്തായി വളരെ പ്രയാസത്തിലാണെന്നു യാത്രക്കാര്‍ പറയുന്നു. പാക്കിസ്ഥാന്‍ എയര്‍ സ്‌പെയ്‌സ് നിരോധനം മൂലം എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ചിക്കാഗോ, ഡല്‍ഹി ന്യൂയോര്‍ക്ക്, ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ, ഡല്‍ഹി വാഷിങ്ടന്‍, മുംബൈ ന്യൂയോര്‍ക്ക് വിമാനങ്ങള്‍ മണിക്കൂറുകള്‍ കൂടുതല്‍ പറക്കേണ്ടി വരുന്നു. പാക്കിസ്ഥാന്‍ എയര്‍സ്‌പെയ്‌സ് നിരോധനം മൂലം യുണൈറ്റഡ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ജൂലൈ 31 വരെ ഒഴിവാക്കിയിരിക്കുകയാണ്.
ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പുള്ള ഇന്ത്യന്‍ ടിമിന്റെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍. ടീം മാനേജ്‌മെന്റ് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ നെറ്റ് ബൗളേഴ്‌സിനെ അയച്ചതിനെ തുടര്‍ന്നായിരുന്നു മാധ്യമങ്ങള്‍ സമ്മേളനം ബഹിഷ്‌കരിച്ചത്. നെറ്റ് ബൗളേഴ്‌സായ ദീപക് ചഹര്‍, ആവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് എത്തിയത്.
മുന്‍ ചട്ടപ്രകാരം ടീം പരിശീലകന്‍ രവി ശാസ്ത്രിയെയോ നായകന്‍ വിരാട് കോഹ്‌ലിയോ നടത്തേണ്ടിയിരുന്ന പത്രസമ്മേളനത്തിന് ലോകകപ്പില്‍ ടീമിലില്ലാത്ത നെറ്റ് ബൗളേഴ്‌സിനെ അയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമങ്ങളുടെ ബഹിഷ്‌കരണം. ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമായുള്ള വ്യക്തികള്‍ക്കെ അവകാശമുള്ളു. 2015 ലോകകപ്പില്‍ നായകന്‍ ധോണി എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിരുന്നതായും ബിസിസിഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും
വിവരങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം നെറ്റ് ബൗളേഴ്‌സായ ദീപക് ചഹറും, ആവേശ് ഖാനും ടീം വിടുന്നതായും അവര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും ഇന്ത്യന്‍ ടീം മാനേജര്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ മുലക്കണ്ണ് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്മാരെ അനുവദിക്കുന്നതുപോലെ സ്ത്രീകളേയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്കില്‍ പ്രതിഷേധം. ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും ആസ്ഥാനങ്ങള്‍ക്ക് മുന്നിലാണ് നൂറുകണക്കിന് ആളുകള്‍ നഗ്നരായി അണിനിരന്ന് പ്രതിഷേധിച്ചത്. ഫേസ്ബുക്കിന്‍റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കലാപരമായ നഗ്നതയും സെന്‍സെര്‍ചെയ്യും.
ശില്‍പ്പങ്ങളിലും ചിത്രരചനയിലുമെല്ലാം നഗ്നതയാവാം എന്നാണ് ഫേസ്ബുക്കിന്‍റെ നയം. പക്ഷെ, ഫോട്ടോകളില്‍ പാടില്ല. ജനനേന്ദ്രിയങ്ങള്‍ പുരുഷന്മാരുടെ മുലക്കണ്ണുകളുടെ ചിത്രങ്ങള്‍ കൊണ്ട് മറച്ചുപിടിച്ചാണ് അവര്‍ പ്രതിഷേധിച്ചത്. നഗ്നതയുമായി ബന്ധപ്പെട്ട നിലവിലുള്ള നയങ്ങളിലെ ലിംഗ വിവേചനം ഉയർത്തിക്കാണിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
‘ന്യൂഡ് ഫോട്ടോഗ്രഫി’യിലൂടെ പ്രശസ്തനായ സ്പെൻസർ ട്യൂണിക്-ആണ് ‘വി ദ നിപ്പിള്‍’ (#WeTheNipple) എന്ന കാംബയിനുമായി ആദ്യം രംഗത്തുവന്നത്. സെൻസർഷിപ്പിനെതിരെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൊലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പ് (എന്‍.സി.എ.സി.) എന്ന സംഘടനയും ട്യൂണിക്കിനൊപ്പം പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

വര്‍ഷങ്ങളായി ട്യൂണിക്ക് ഈ നയത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. 2014-ൽ അദ്ദേഹത്തിന്‍റെ പേജ് ഫേസ്ബുക്ക് പൂട്ടിയിരുന്നു. മുന്‍പും സമാനമായ ഇടപെടലുകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. 2007-ൽ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ ആൽപ്സിലെ ഹിമപ്പരപ്പില്‍ നഗ്നരായി നിന്ന് ആഗോളതാപനത്തിനെതിരെയുള്ള പ്രചാരണം നടത്തിയിരുന്നു.
അവതാരകനും എഴുത്തുകാരനുമായ ആൻഡി കോഹൻ, ചിത്രകാരന്‍ ആന്ദ്രെസ് സെറാനോ, നടനും സംവിധായകനുമായ ആഡം ഗോൾഡ്ബെർഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ് ഡ്രമ്മർ ചാഡ് സ്മിത്ത് തുടങ്ങിയ നിരവധി കലാകാരന്മാര്‍ നല്‍കിയ മുലക്കണ്ണുകളുടെ ചിത്രങ്ങളാണ് പ്രതിഷേധക്കാര്‍ ഉപയോഗിച്ചത്. ഫേസ്ബുക്കിന്‍റെ ഈ നയം പല കലാകാരന്മാരെയും അവരുടെ കലകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും വിലക്കുകയാണെന്ന് എന്‍.സി.എ.സി പറയുന്നു. അതേസമയം, പ്രതിഷേധത്തെ കുറിച്ച് ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആശംസ നേര്‍ന്ന് ജര്‍മന്‍ ഫുട്ബോള്‍ താരം തോമസ് മുള്ളര്‍. ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും മുള്ളര്‍ ട്വീറ്റ് ചെയ്തു.
ഫുട്ബോള്‍ താരമാണെങ്കിലും ലോകകപ്പ് ജേതാവായ തോമസ് മുള്ളര്‍ക്ക് ക്രിക്കറ്റിനോടും പ്രണയമാണ്. ഇഷ്ടതാരം വിരാട് കോഹ്‍ലി. ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് ബാറ്റും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് മുള്ളര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ആശംസനേരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും ഇന്ത്യന്‍ ടീമിനും. ജര്‍മനി ചിയേഴ്സ് ഫോര്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് മുള്ളറുടെ ട്വീറ്റ്.
ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകകനായ വിരാട് കോഹ്‍ലി നിരവധി തവണ ജര്‍മനിയെ പിന്തുണച്ച് പോസ്റ്റുകളിട്ടിട്ടുണ്ട്. കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ജര്‍മന്‍ താരം ടോണി ക്രൂസ് ഓട്ടോഗ്രാഫോടുകൂടി ജേഴ്സി വിരാട് കോഹ്ലിക്ക് സമ്മാനിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായി കോഹ്ലിക്ക് പിന്തുണയറിയിക്കുന്നു മൂന്നാമത്തെ ഫുട്ബോള്‍ താരമാണ് മുള്ളര്‍. ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍ എന്നിവരും കോഹ്‍ലിക്ക് ആശംസ നേര്‍ന്നിരുന്നു.