ദുബായ്: ദുബായ്-ഷാർജ യാത്രയുടെ വേഗം കൂട്ടുന്ന പദ്ധതി പൂർത്തിയായി. ബുധനാഴ്ച മുതൽ ദുബായിൽനിന്നും ഷാർജയിലേക്കുള്ള യാത്രയ്ക്ക് പതിവിലും സമയം കുറവ് മതിയാകുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു. ട്രിപ്പോളി റോഡ് നവീകരണം പൂർത്തിയായതാണ് യാത്രക്കാർക്ക് അനുഗ്രഹമായിരിക്കുന്നത്. 12 കിലോമീറ്റർ ദൂരം വരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനുമിടയിൽ സഞ്ചരിക്കാൻ എട്ട് മിനിറ്റ് കുറയും.

പുതിയ പദ്ധതി ദുബായിലും ഷാർജയിലും താമസിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടെ ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന റോഡുകളിലെ ഗതാഗത പ്രശ്നത്തിനാണ് അറുതിയായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു വശത്തുനിന്നും 6,000 വാഹനങ്ങൾ അടക്കം ഇരുവശത്തുമായി 12,000 വാഹനങ്ങൾക്ക് ഒരു മണിക്കൂറിൽ ഈ പാതയിലൂടെ സഞ്ചരിക്കാനാകും.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്നും ശൈഖ് സായിദ് ബിൻ ഹംദാൻ റോഡിലെത്താനുള്ള യാത്ര 11 മിനിറ്റിൽനിന്നും 4.5 മിനിറ്റായി കുറയും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തിരക്കേറിയ നേരങ്ങളിൽ 2,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം.

ട്രിപ്പോളി-അൽജിയേഴ്സ് സ്ട്രീറ്റിൽനിന്നും ടണലിലേക്ക് ഇരുഭാഗങ്ങളും മൂന്നുവരിയായി ഉയർത്തി. എമിറേറ്റ് പാതയിൽ ഒട്ടകങ്ങൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള അണ്ടർപാസുകൾക്കും വീതികൂട്ടിയിട്ടുണ്ട്.