Latest News

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ജില്ലയില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് അവധി പ്രഖ്യാപിച്ചത്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റ് വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ജില്ലയില്‍ വെയില്‍ ഉള്ള ദിവസങ്ങള്‍ ആയിരുന്നു കടന്നു പോയത്. തിങ്കളാഴ്ചയും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരുന്നിട്ടും ഏറ്റവും നല്ല കാലാവസ്ഥയായിരുന്നു. മഴയുടെ പശ്ചാത്തലത്തിലും, അലര്‍ട്ടുകളും, മറ്റ് സാഹചര്യങ്ങളും കണക്കിലാക്കിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം മൂലമുണ്ടായ മിന്നൽപ്രളയത്തിൽ കനത്ത നാശനഷ്ടം. ധരാലി ഗ്രാമത്തിൽ നാലു പേർ മരിച്ചു. 50 പേരെ കാണാനില്ല. മണ്ണിനും ചെളിക്കുമടിയിൽ കൂടുതൽപേർ പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സുക്കി മേഖലയിലും മേഘവിസ്ഫോടനമുണ്ടായി. ഉച്ചകഴിഞ്ഞ് 1.45 ന് മലയിൽനിന്നു കുത്തിയൊഴുകിവന്ന പ്രളയജലത്തിൽ ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുകയായിരുന്നു. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കിൽപെട്ടു. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. നിരവധി വീടുകളും ഹോട്ടലുകളും ഒഴുകിപ്പോയിട്ടുണ്ട്. പ്രളയത്തിൽ പെട്ട കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.

ഖീർഗംഗ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നായിരുന്നു പ്രളയം. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെയും രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇന്തോ–ടിബറ്റൻ ബോർഡർ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംഘങ്ങളും കരസേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യവും എത്തിയിട്ടുണ്ട്. മണ്ണിന‌ടിയിൽ പെട്ടെന്നു സംശയിക്കുന്നവർക്കായി തിരച്ചിൽ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച നടത്തി.

പ്രളയത്തെ തുടർന്ന് ഖീർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ നദിതീരത്തെ താമസക്കാരും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐടിബിപി സംഘം നിലവിൽ ഹർഷിൽ മേഖലയിൽ ആണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കൊല്ലം കൊട്ടാരക്കരയിൽ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട് കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. പിന്നാലെ വടി പിടിച്ച് വാങ്ങി ശേഷം സരസമ്മയെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇവർ തമ്മിൽ വഴക്ക് പതിവാണ്. സംഭവത്തില്‍ പ്രതിയായ ശശിധരനെ (70) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.

റോമി കുര്യാക്കോസ്

പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യു കെയിലെ വിദ്യാർത്ഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വെയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം.

തിങ്കളാഴ്ച പീറ്റർബൊറോയിലെ സെന്റ് മേരീസ്‌ എഡ്യൂക്കേഷണൽ അക്കാദമി ഹാളിൽ വച്ച് നടന്ന ആദ്യ ക്ലാസ്സ് കെ പി സി സി ജനറൽ സെക്രട്ടറിയും കെ പി സി സിയുടെ പബ്ലിക്കഷൻ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ്സ്‌ മുതൽ എ ലെവൽ വരെയുള്ള 21 വിദ്യാർത്ഥികൾ ആദ്യ ദിന ക്ലാസിൽ പങ്കെടുത്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യു കെയിലെ പ്രമുഖ മലയാളി സാഹിത്യകാരനും ലോക റെക്കോർഡ് ജേതാവുമായ കാരൂർ സോമൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറർ ദിനു എബ്രഹാം കൃതജ്ഞത അർപ്പിച്ചു. ചടങ്ങുകൾക്ക് സിബി അറയ്ക്കൽ, അനൂജ് മാത്യൂ തോമസ്, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.

സെന്റ. മേരീസ്‌ എഡ്യൂക്കേഷണൽ അക്കാദമി ഡയറക്ടർ സോജു തോമസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മലയാള ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ മുതൽ അക്ഷരമാല പൂർണ്ണമായും ശാസ്ത്രീയമായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്സുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം ക്ലാസ്സ് മുതൽ എ ലെവൽ വരെയുള്ള മലയാളം പഠിക്കാൻ തല്പരരായ വിദ്യാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടും. പത്തു ദിന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ പിന്നീട് പ്രത്യേകമായി ഒരുക്കുന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

 

രാജാക്കാട് തിങ്കള്‍ക്കാട്ടില്‍ അഞ്ചുവയസ്സുകാരിയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അതിഥിത്തൊഴിലാളികളുടെ മകളായ കല്പന എന്ന കുലു ആണ് മരിച്ചത്. അസം സ്വദേശിയായ മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തിയശേഷം കൃഷിയിടത്തിലേക്ക് ജോലിക്ക് പോയതായിരുന്നു. കുട്ടിയെ ഉടന്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെ തോട്ടം മുതലാളിയുടെ കാറിലായിരുന്നു ഇവർ ജോലിസ്ഥലത്തെത്തിയത്. കുട്ടിയ വാഹനത്തില്‍ ഇരുത്തിയ ശേഷം കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കള്‍ ഉച്ചയ്ക്ക് ശേഷമാണ് ജോലികഴിഞ്ഞ് തിരികെയെത്തിയത്. ആ സമയത്ത് കല്പനയെ വാഹനത്തിനുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ കുട്ടിയെ രാജാക്കാട്ടെ ആശുപത്രിയിലെത്തിച്ചു.

വാഹനത്തിന്റെ വിന്‍ഡോകള്‍ അടച്ചിരുന്നോ എന്നതു സംബന്ധിച്ച് വിവരമില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. അതേസമയം, ശക്തമായ പനിയെത്തുടര്‍ന്ന് കുട്ടിക്ക് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം മരുന്ന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കും. ഉടുമ്പന്‍ചോല പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. അവസാന നിമിഷം വരെ ആവേശ പൂരിതമായ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

കളിയുടെ അവസാന ദിവസം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അറ്റ്കിന്‍സണിനെ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇരുടീമുകളും രണ്ടുവീതം മത്സരം ജയിച്ചതോടെ പരമ്പര സമനിലയിലായി.

പരിക്കേറ്റ വോക്സ് ബാറ്റിങിന് ഇറങ്ങുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ നിര്‍ണായക സമയത്ത് കൈയില്‍ പ്ലാസ്റ്റര്‍ കെട്ടിവെച്ച് വോക്സ് കളിക്കളത്തില്‍ ഇറങ്ങിയത് കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ ഒരു പന്ത് പോലും വോക്സിന് നേരിടേണ്ടി വന്നില്ല. അതിന് മുന്‍പ് അറ്റ്കിന്‍സണിനെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇന്ത്യയ്ക്ക് വിജയം ഒരുക്കുകയായിരുന്നു.

374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിവസം ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം തുടങ്ങിയത്. ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ പുറത്തായി. താരം 54 റണ്‍സെടുത്തു. സ്‌കോര്‍ 82 ല്‍ എത്തിയപ്പോഴാണ് ഡക്കറ്റ് പുറത്തായി. പ്രസിദ്ധ് കൃഷ്ണയാണ് ഡക്കറ്റിനെ പുറത്താക്കിയത്.

സ്‌കോര്‍ 106 ല്‍ എത്തിയതിനു പിന്നാലെ മുഹമ്മദ് സിറാജ് ക്യാപ്റ്റന്‍ ഒലി പോപ്പിനെ ഔട്ടാക്കി ഇംഗ്ലണ്ടിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. താരം 27 റണ്‍സുമായി മടങ്ങി. പിന്നാലെ ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍, ജോ റൂട്ട് എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് സമ്മര്‍ദത്തിലായി. പിന്നീട് വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.

ഇന്ത്യ 374 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സെടുത്ത് ഓള്‍ ഔട്ടായിരുന്നു. സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

164 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ രണ്ട് സിക്സുകളും 14 ഫോറുകളും ഉള്‍പ്പടെ 118 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ (53), ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ നേടി.

മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. നായക, വില്ലൻവേഷങ്ങളിൽ തിളങ്ങിയ ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം.

മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. ‘മണിത്താലി’, ‘ഗാനം’, ‘ഹിമം’, ‘ചൈനാ ടൗൺ’, ‘ചിത്രം’, കോരിത്തരിച്ച നാൾ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടർന്ന് ഏഴ്‌ സിനിമകളിൽ പിതാവും മകനും ഒന്നിച്ചു. ‘ജനഗണമന’യാണ് അവസാന ചിത്രം.

ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്‌ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽനിന്ന‌്‌ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. എംഎ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് 1981-ൽ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇരുപത്തഞ്ചോളം സിനിമകളിൽ നായകനായി. ഒട്ടേറെ ചിത്രങ്ങളിൽ വില്ലനും. ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.

1989-ൽ നസീറിന്റെ മരണശേഷവും അഭിനയം തുടർന്നെങ്കിലും വേഷങ്ങളിൽ ആവർത്തനവിരസതയുണ്ടായപ്പോൾ സിനിമാരംഗം വിട്ടു. പിന്നീട് ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേജരായി. അതിനുശേഷമാണ് സീരിയലിൽ അഭിനയിച്ചതും വീണ്ടും സിനിമയിലെത്തുന്നതും.

പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കൾ: അജിത്ഖാൻ(ദുബായ്), ഷമീർഖാൻ. മരുമകൾ: ഹന(കൊല്ലം). സഹോദരങ്ങൾ: ലൈല, റസിയ, റീത്ത. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പാളയം ജുമാമസ്ജിദിലേക്ക്‌ എത്തിക്കും. തുടർന്ന് അഞ്ചുമണിയോടെ കബറടക്കം.

ആലപ്പുഴയിലെ ജൈനമ്മയുടെ തിരോധനവുമായി ബന്ധപ്പെട്ട് ചേർത്തല പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സെബാസ്റ്റ്യന്റെ വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയിൽ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വീടിന്‍റെ തറയിളക്കിയും പരിശോധിക്കുമെന്നാണ് സൂചന.

ആദ്യഘട്ടത്തിൽ വീടിന്റെ പിറകിലുള്ള ശൗചാലയത്തിലേക്കായിരുന്നു കെഡാവർ നായ ഓടിക്കയറിയത്. ശേഷം പറമ്പിലുള്ള കുളത്തിനരികിലേക്ക് വരികയായിരുന്നു. ഇതോടെ കുളത്തിൽ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്. വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീൾ ഉപയോഗിക്കുന്ന ബാഗും കൊന്ത പോലെയുള്ള വസ്തുവും വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയത്. മണ്ണിൽ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും കെഡാവർ നായകളെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. വസ്ത്രങ്ങൾ ആരുടേതാണെന്നത് വ്യക്തമല്ല. ഇത് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.

2.15 ഏക്കർ വരുന്ന പറമ്പ് കാടുമൂടിക്കിടക്കുന്ന നിലയിലാണ്. ഇതിൽ ഒന്നിലധികം കുളങ്ങളുമുണ്ട്. ആഫ്രിക്കൻ മുഷിയടക്കമുള്ള മത്സ്യങ്ങളും കുളത്തിലുണ്ട്. മൃതദേഹങ്ങൾ കുളത്തിൽ തള്ളിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടാൻ ഇതും കാരണമായി. ലൈറ്റുകളടക്കം എത്തിച്ച് പരിശോധന രാത്രിയിലും തുടരും. സെബാസ്റ്റ്യന്‍റെ വീടിന്‍റെ തറയിളക്കിയും പരിശോധന നടത്തുമെന്നാണ് സൂചന.

കെഡാവർ നായ പോകുന്ന സ്ഥലങ്ങളിലൊക്കെ ജെസിബി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന വൈകുന്നേരവും തുടർന്നു കൊണ്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം.

രാവിലെ പറമ്പിൽ നടത്തിയ പരിശോധനയിൽ ആറ് കഷണം അസ്ഥികൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അസ്ഥിഭാഗങ്ങൾ കിട്ടയ സ്ഥലത്തുനിന്ന് അമ്പതോളം മീറ്റർ മാറിയാണ് ഇന്ന് അസ്ഥികൾ ലഭിച്ചത്. ഇവ രണ്ടു ഒരാളുടേത് തന്നെയാണോ എന്നത് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത സാന്ദ്രാ തോമസ്സിന്റെ പത്രിക തള്ളി. പ്രസിഡണ്ട്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക തള്ളിയതിനെച്ചൊല്ലി വരണാധികാരിയും സാന്ദ്രയും തമ്മില്‍ വാക്കേറ്റം നടന്നു.

ഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴുസിനിമകളും സ്വന്തം ബാനറില്‍ രണ്ടുസിനിമകളും നിര്‍മിച്ചെന്നും സാന്ദ്ര വരണാധികാരിക്ക് മുമ്പില്‍ വ്യക്തമാക്കി. നിര്‍മാതാവ് എന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. എതിര്‍പ്പ് ഉന്നയിച്ചതോടെ സാന്ദ്രയ്ക്ക് കോടതിയെ സമീപിക്കാം എന്ന് വരണാധികാരി വ്യക്തമാക്കി. അതിനിടയില്‍ നിര്‍മാതാവ് സുരേഷ് കുമാറും സാന്ദ്രാ തോമസ്സും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി.

തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വിനി ഫ്രഡിന്റെ അത്ഭുതകുളം സ്ഥിതി ചെയ്യുന്ന ഹോളി വെൽ തീർത്ഥാടനം ആഗസ്റ്റ് മാസം 17-ാം തീയതി ഞായറാഴ്ച 2.30 ന് നടത്തപ്പെടുന്നു. നോർത്ത് വെയിൽസിലെ വളരെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ഹോളിവെൽ. നിരവധി അത്ഭുതങ്ങളും രോഗശാന്തിയും നടക്കുന്ന പരിശുദ്ധ കുളം സന്ദർശിക്കാൻ ദിവസവും നിരവധി വിശ്വാസികൾ എത്തി ചേരുന്നു. 17 -ാം തീയതി ഞായറാഴ്ച 2.30ന് റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി ഹോളി വെൽ ചർച്ചിൽ മലയാളം കുർബാനയും തുടർന്ന് പരിശുദ്ധ കുളം സന്ദർശനവും നടത്തപ്പെടുന്നു. കുർബാനയിൽ റെക്സം രൂപതയിലെ മറ്റ് വൈദികരും പങ്കെടുക്കുന്നു.

വിശുദ്ധ വിനി ഫ്രഡ് ഏഴാം നൂറ്റാണ്ടിൽ വെയിൽസിൽ ജീവിച്ചിരുന്ന കന്യക ആയ ഒരു രക്തസാക്ഷിയാണ്. അക്കാലത്തെ പ്രധാനി ആയിരുന്ന ഹവാർഡൻ സ്വദ്ദേശി ആയ കരഡോഗ് വിനി ഫ്രഡിൽ ആകൃഷ്ടനായി അവളെ സ്വന്തമാക്കാൻ ശ്രമിച്ചു പക്ഷേ അദേഹത്തിന് വഴങ്ങാതിരുന്ന വിനി ഫ്രഡിനെ അദ്ദേഹം തന്റെ കൈയിൽ കരുതിയ വാളുയോഗിച്ച് അവളുടെ ശിരസ് ഛേദിച്ചു. ഈ സമയം തൊട്ട് അടുത്ത പള്ളിയിൽ ഉണ്ടായിരുന്ന അവളുടെ ബന്ധുവായ വി. ബ്രൂണോ അവളുടെ ശിരസ് എടുത്ത് ശരീരത്തിൽ വച്ചു ഉടൻ തന്നെ അവൾക്ക് ജീവൻ തിരിച്ചു കിട്ടി. ഈ അത്ഭുതം നടന്ന സ്ഥലത്ത് ഒരു നീരുറവ പൊട്ടി പുറപ്പെടുകയും അതിൽ നിന്ന് പുറപെട്ട ജലം ഇപ്പോഴുംഒഴുകി കുളത്തിൽ എത്തുന്നു. ഈ കുളത്തിൽ നിന്നുള്ള ജലം സ്പർശിച്ച നിരവധി ആളുകൾക്ക് രോഗശാന്തിയും അത്ഭുതങ്ങളും ഇപ്പോഴും തുടരുന്നു.

ഈ അത്ഭുതകുളം സന്ദർശിക്കുവാനും പരിശുദ്ധ കുർബാനയിൽ പങ്കു ചേരാനും ഏവരേയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു കൊള്ളുന്നു. ഈ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 2.30 ന് ഹോളിവെല്ലിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരത്തിനായി വിളിക്കുക..

ഫാദർ ജോർജ് ആരെക്കുഴി സി. എം. ഐ – 07748561391.
ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ സി. എം. ഐ. – 07401441108.

കുർബാന നടക്കുന്ന പള്ളിയുടെ വിലാസം.
St. Winifred RC Church
15 Well Street.
Holywell CH87PL.

ഹോളിവെല്ലിന്റെ അഡ്രസ്

St. Winefrides Shrine
Greenfield Street
Holywell
CH8 7PN.

Copyright © . All rights reserved