അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളസിനിമാ പ്രേക്ഷകർ ആന്റണി വർഗീസ് എന്ന നടനെ കണ്ടത്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേര് തന്നെ പിന്നീട് അദ്ദേഹത്തിന് ചാർത്തി നൽകി. സാധാരണ കുടുംബത്തിൽ നിന്നും സിനിമയിലേക്കെത്തിയ ആളാണ് താനെന്ന് ആന്റണി മുൻപ് പറഞ്ഞിട്ടുണ്ട്.
തൊഴിലാളി ദിനത്തിൽ അപ്പന്‍റെ ചിത്രം പങ്കുവെച്ചുള്ള അദ്ദേഹത്തിൻറെ കുറിപ്പും ശ്രദ്ധയാകുകയാണ്. ആന്റണിയുടെ കുറിപ്പിങ്ങനെ:
”തൊഴിലാളിദിനാശംസകൾ…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….”
‘രാവിലെ മുതൽ കുറെ തൊഴിലാളി ദിനാശംസകൾ കണ്ട്.. പക്ഷെ ഇതാണ് ഒരുപാട് സന്തോഷം തോന്നിയ ഫോട്ടോ’ എന്നും ”ഓട്ടപ്പാച്ചിലിനിടെ ചിരിച്ചു നിൽക്കുന്ന ഈ അച്ഛൻ മാതൃകയാണെന്നും’ പലരും കമൻറ് ബോക്സിൽ പറയുന്നു. ‘നിങ്ങള് ദുൽഖർ നു പഠിക്കുവാണോ മനുഷ്യാ ? പ്രായമായ മാതാപിതാക്കളെ ജോലിക്ക് വിടാതെ വീട്ടിലിരുത്തിക്കൂടേ’ എന്ന് തമാശയായും ചിലര്‍ പറയുന്നു.
പണ്ടൊക്കെ വീടിനുടുത്ത് ഒരു ചടങ്ങ് നടന്നാൽ തങ്ങളെ വിളിക്കാറില്ലന്നും തങ്ങൾ സാധാരണക്കാരായതു കൊണ്ടാകാം അങ്ങനെ സംഭവിക്കുന്നതെന്ന് അമ്മ പറയുമായിരുന്നുവെന്നും ആന്റണി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരെ നിന്നൊക്കെ ആളുകള്‍ കല്യാണവും മാമോദീസയും വീട്ടില്‍ വന്നു വിളിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
വീടിന് തീപിടിച്ച് ആറുമാസം പ്രായമുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ എരിഞ്ഞടങ്ങി. ഉത്തർ പ്രദേശിലെ രാം വിഹാറിലാണ് സംഭവം. സുമിത് സിങ്, ഭാര്യ ജൂലി, സഹോദരി വന്ദന, ബന്ധുവായ ഡബ്‍ലു, ആറുമാസം മാത്രം പ്രായമുള്ള മകൾ ബേബി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രയാണ് അപകടം നടന്നത്.
രാത്രി എ.സി ഓൺ ആക്കിയാണ് ഇവർ ഉറങ്ങിയത്. അതിൽ നിന്നും ഉണ്ടായ ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇവരുടെ വീടിന്റെ ഒരു ഭാഗം എൽപിജി സ്റ്റൗവിന്റെ ഗോഡൗണായിട്ടാണ് പ്രവർത്തിക്കുന്നത്. ടി എൻ സിങ് എന്നയാളിന്റെ ഉടമസ്ഥതയിലാണ് ഗോഡൗൺ. സംഭവം നടന്ന സമയത്ത് ഇയാൾ ഇവിടെ ഇല്ലായിരുന്നു. വെളുപ്പിനെ 2.45–ഓടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് സമീപവാസികൾ അഗ്നിശമനസേനയെ വിവരമറിയിക്കുന്നത്.
കാർബൺ മോണോക്സൈഡ് അടങ്ങിയ പുക പടലങ്ങള്‍ ശ്വസിച്ചത് കാരണം വീട്ടിലുള്ളവർ ബോധരഹിതരായിട്ടുണ്ടാകുമെന്നും അതിനാലാണ് അവർക്ക് വീട്ടിൽ നിന്നും രക്ഷപെടാൻ സാധിക്കാതിരുന്നതെന്നുമാണ് അഗ്നിശമസേനാ ഉദ്യോഗസ്ഥർ പറയുന്നത്. വീടിന്റെ ചുമരുകൾ തകർത്താണ് ഉദ്യോഗസ്ഥർ ഉള്ളിൽ കയറിയത്. അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് സംഘത്തെ സംഭവസ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 390 ജവാന്‍മാര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രാജ്യത്തെ സംരക്ഷിക്കുമെന്ന മോദിയുടെ അവകാശവാദത്തെ തുറന്നുകാണിക്കുന്നതാണ് ആക്രമണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ പ്രതികരിച്ചു.
അതേസമയം, ഇന്ത്യയില്‍ ഒരു ദുര്‍ബല സര്‍ക്കാരുണ്ടാകാന്‍ പാക്കിസ്ഥാനിലെ ഭീകരര്‍ കാത്തിരിക്കുകയാണെന്ന് അയോധ്യയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടി പ്രസംഗിച്ച മോദി പക്ഷെ രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. അതേസമയം യു.പിയില്‍ ബിജെപി തകര്‍ന്നടിയുമെന്ന് എ.െഎ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
താമരയ്ക്കുള്ള ബട്ടണില്‍ വിരലമര്‍ത്തൂ; ഭീകരയില്‍ നിന്ന് മുക്തി നേടൂ. അയോധ്യയിലെ റാലി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഭീകരരെ അവരുടെ താവളത്തില്‍പ്പോയി ഇല്ലാതാക്കുന്നതാണ് പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും ബിഎസ്പിയും സമാജ്‍വാദി പാര്‍ട്ടിയും ഭീകരതയോട് മൃദുസമീപനം കാണിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
രാമക്ഷേത്രത്തെക്കുറിച്ച് മോദി പരാമര്‍ശിച്ചില്ല. എന്നാല്‍ ജയ് ശ്രീറാം വിളികളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. രാമജന്മഭൂമി ക്ഷേത്രത്തിലെയും തര്‍ക്ക പ്രദേശത്തെയും സന്ദര്‍ശനം ഒഴിവാക്കി. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് അയോധ്യയിലെത്തുന്നത്. അതേസമയം യു.പിയില്‍ മഹാസഖ്യത്തിന്‍റെയല്ല ബിജെപിയുടെ വോട്ടുകളാണ് കോണ്‍ഗ്രസ് പിടിക്കുകയെന്ന് റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വാരാണസിയില്‍ മല്‍സരിക്കുന്നത് ഒഴിവാക്കിയതെന്നും പ്രിയങ്ക വ്യക്തമാക്കി.
മലപ്പുറം താനൂരില്‍ വഴിയോരത്ത് ദിവസങ്ങളായി കിടന്ന കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. താനൂര്‍ ചീരാന്‍ കടപ്പുറം പള്ളിപ്പടിയില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് രണ്ട് വാളുകളും നാല് ഇരുമ്പ് പൈപ്പും കണ്ടെത്തിയത്.
നാട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് പോലീസെത്തി കാര്‍ തുറന്ന് പരിശോധന നടത്തിയത്. നാല് ദിവസം മുന്‍പാണ് വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉടമസ്ഥന്‍ നിര്‍ത്തിയിട്ട് പോയതാകുമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം കൊണ്ടുപോകാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ഡിക്കില്‍ രണ്ട് വാളും നാല് ഇരുമ്പ് പൈപുകളും ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
ആയുധങ്ങളും വാഹനവും പോലീസിസ് കസ്റ്റഡിയിലെടുത്തു. മൂര്‍ച്ചയേറിയ രണ്ട് വാളാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍പ് സ്ഥിരം സംഘര്‍ഷ മേഖലയായിരുന്ന തീരദേശത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുളള ധാരണയുടെ അടിസ്ഥാനത്തില്‍ കുറെ കാലങ്ങളായി പ്രശ്നങ്ങളില്ല. തീരദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന് യാത്രാവിലക്ക്, ആയുധ ഇടപാട് തടയൽ തുടങ്ങി കടുത്ത നടപടികൾ നേരിടേണ്ടിവരും. അസ്‌ഹറിന്റെ ആസ്തികൾ പാക്കിസ്ഥാൻ മരവിപ്പിക്കും.
മസൂദ് അസ്ഹറിനെതിരെ യുഎന്നില്‍ ഇന്ത്യ നേരത്തെ നടത്തിയ നീക്കങ്ങളെ പാക്കിസ്ഥാനോടുള്ള താല്‍പര്യം മൂലം ചൈന സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹറിനെതിരായ നീക്കം ശക്തമാക്കി. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയും ചൈനയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തു.
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നൽകിയ തെളിവുകൾ പരിഗണിച്ച് അസ്‍ഹറിനെ പാക്കിസ്ഥാൻ ജയിലലടക്കുമോ എന്നാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ വിദേശകാര്യസെക്രട്ടറി വിജയ്ഗോഖ്‍ലെ ചൈനയിലെത്തി കൈമാറിയിരുന്നു. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തീരുമാനം നീട്ടിവയ്ക്കണമെന്ന് അമേരിക്കയോട് പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ അസ്ഹറിനെതിരായ നടപടിയെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കരുതെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചു.
009 മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കമാണ് ലക്ഷ്യം കണ്ടത്. പാക്കിസ്ഥാനിലെ ബഹാവല്‍പുര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതിയുടെ ഇസ്‍ലാമിക് സ്റ്റേറ്റ് ആന്‍ഡ് അല്‍ ഖ്വായ്ദ സാങ്ഷന്‍സ് കമ്മിറ്റി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇതോടെ, ഇയാളുടെ പേരില്‍ വിവിധ രാജ്യങ്ങളിലുള്ള സ്വത്ത് മരവിപ്പിക്കും. യാത്രാവിലക്ക് വരും. ആയുധ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. മസൂദ് അസഹ്റിനെതിരെ നിയമനടപടിക്ക് പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകും.
പുല്‍വാമ ഭീകരാക്രമണം, പഠാന്‍കോട്ട് ഭീകരാക്രമണം, പാര്‍ലമെന്‍റ് ആക്രമണം, ജമ്മുകശ്മീര്‍ നിയമസഭാ മന്ദിരത്തിനേരെയുണ്ടായ ആക്രമണം എന്നിവയ്ക്ക് പിന്നില്‍ ജെയ്ഷെ മുഹമ്മദായിരുന്നു. മസൂദ് അസഹര്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊച്ചി: ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ആവശ്യത്തിന് പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മറുപടി. ശ്രേഷ്ഠ ബാവ സഭാധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെട്ട പാത്രിയര്‍ക്കീസ് ബാവ മത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു.
ശ്രേഷ്ഠ കതോലിക്കയുടെ ചുമതലയില്‍ തുടരുന്നതിന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സഹായിക്കാന്‍ മൂന്ന് സീനിയര്‍ മെത്രാപൊലീത്തന്മാരെ നിയമിക്കുമെന്നും പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചു. ശ്രേഷ്ഠ ബാവയുടെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തെ സഹായിക്കാനായി മൂന്ന് മെത്രാപൊലീത്തന്മാരെ നിയമിക്കുന്നത്.
ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, എബ്രഹാം മാര്‍ സേവറിയോസ് എബ്രഹാം മാര്‍ സേവറിയോസ് എന്നീ മെത്രാപ്പോലീത്തമാരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. യാക്കോബായ സഭയുടെ മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രേഷ്ഠബാവ പരമാധ്യക്ഷന് കത്ത് നല്‍കിയത്.
പഞ്ചാബിൽ ജലന്ധർ രൂപതയിലെ സഹോദയ സൊ സൈറ്റിയുടെ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽപോയ പഞ്ചാബ് പോലീസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ പിടിയിൽ. കൊച്ചിയിലെ ഒരു ഹോട്ടലിൽ വ്യാജരേഖ സമർപ്പിച്ച് ഒളിവിൽ കഴിയവേ കൊച്ചി സിറ്റി പോലീസിന്റെ പിടിയിലാകുകയായിരുന്നു. പട്യാല സ്വദേശികളായ ജോഗീന്ദർ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണു പിടിയിലായത്. വ്യാജ രേഖകളും വ്യാജ വിലാസവും നൽകി രണ്ടു പേർ കൊച്ചിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ചോദ്യംചെയ്യലിൽ ഇരുവരും പഞ്ചാബിൽ സസ്പെൻഷനിലായി ഒളിവിൽപ്പോയ ഉദ്യോഗസ്ഥരാണെന്നു തിരിച്ചറിയുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത വിവരം പഞ്ചാബ് പോലീസിനെ അറിയിച്ചെന്നു സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു.
കൊച്ചിയിൽ തങ്ങുന്നതിന് ഇവർക്ക് സഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പ്രതികളുടെ ഫോണ്‍ കോളുകളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ മാർച്ച് 29നു ജലന്ധർ രൂപത വൈദികൻ ഫാ. ആന്റണി മാടശേരി സഹോദയ സൊ സൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയിൽ 6.66 കോടി രൂപ കാണാതായെന്നായിരുന്നു പരാതി. വിവിധ സ്കൂളുകൾക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക.
കണക്കിൽപ്പെടാത്ത 9.66 കോടി രൂപയുമായി ഫാ. ആന്റണിയെയും മറ്റ് അഞ്ചു പേരെയും പിടികൂടിയെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. എന്നാൽ തന്റെ വസതിയിൽനിന്നു പോലീസ് 16.65 കോടി രൂപ എടുത്തുകൊണ്ടുപോയെന്നു ഫാ. ആന്റണി വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ പഞ്ചാബ് ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. അതേത്തുടർന്നാണ് എഎസ്ഐമാർ സസ്പെൻഡ് ചെയ്യപ്പെട്ടത്. പോലീസ് റെയ്ഡിൽ പണം പിടിച്ചെടുത്തത് ഫാ. ആന്റണിയുടെ താമസസ്ഥലത്തുനിന്നാണെന്നും പോലീസ് എത്തുന്പോൾ ആറു കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നുവെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജരും വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത തുകമുഴുവൻ രേഖപ്പെടുത്താതെ മുങ്ങിയ പോലീസുകാരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഇരുവരുടെയും പക്കൽ പണമുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദുസേന. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദുസേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇന്ത്യയിലും ഇത്തരത്തിലൊരു നിരോധനം കൊണ്ടുവരേണ്ടതെന്നാണ് സംഘടന പരാതിയില്‍ പറയുന്നത്.
പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു ഗതാഗത വാഹനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന രീതിയിലുള്ള വേഷങ്ങളും ഇസ്ലാമിക വസ്ത്രങ്ങളായ നിഖാബും ബുര്‍ഖയും നിരോധിക്കണം എന്നും ഇവര്‍ ആവശ്യപെട്ടിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങളില്‍ ഭീകരര്‍ എത്തുമെന്നും രാജ്യത്തിന് പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. .പൊതു സുരക്ഷ ഉറപ്പാക്കാനാണ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ലൊക്കേഷന്‍ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ ചിത്രത്തിന് 40,000 ല്‍ പരം ലൈക്ക് സ്വന്തമാക്കാനായിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറിനേയും ചിത്രത്തില്‍ കാണാം. 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡികളും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്നും ലഭിക്കുന്ന സൂചന പ്രകാരം പള്ളിയിലെ രംഗം ഷൂട്ട് ചെയ്യുന്നതിനിടിയുള്ള ഫോട്ടോയാണിത്.
‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.
അതേസമയം, മോഹന്‍ലാല്‍ സംവിധായകാനായി മാറുന്ന ബറോസ്സ് എന്ന ത്രിഡി ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വാസ്‌കോ ഡഗാമയുടെ നിധി ശേഖരത്തിന്റെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. നരേന്ദ്ര മോദി നാണംകെട്ട പ്രധാനമന്ത്രിയാണെന്നായിരുന്നു മമതയുടെ പ്രസ്താവന. തൃണമൂൽ കോൺഗ്രസിലെ 40 എംഎൽഎ മാർ താനുമായി സംസാരിച്ചെന്നും ബിജെപിയിലേക്ക് ചേരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാദത്തിന് മറുപടിയായാണ് മമതയുടെ പ്രസ്താവന.
തിരഞ്ഞെടുപ്പ് കാലത്ത് മോദി കുതിരകച്ചവടം നടത്തുകയാണെന്നും മമത ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച തൃണമൂൽ കോൺഗ്രസ് നരേന്ദ്ര മോദിയുടെ നാമനിർദേശ പത്രിക റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഭദ്രേശ്വറിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേയാണ് മോദിയ്ക്കെതിരെ ദീദി ആഞ്ഞടിച്ചത്. ” ഇന്നലെ പ്രധാനമന്ത്രി ഇവിടെ വന്ന് 40 തൃണനമൂൽ കോൺഗ്രസ് എംഎൽഎമാർ അദ്ദേഹവുമായി സംസാരിച്ചെന്നും ബിജെപിയിൽ ചേരമെന്നും പറഞ്ഞു. അയാളൊരു നാണംകെട്ട പ്രധാനമന്ത്രിയാണ്. കുതിക്കച്ചവടത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി. ഇത്തരത്തിലൊരാളുടെ നാമനിർദേശ പത്രിക റദ്ദ് ചെയ്യണം,” മമത ബാനർജി പറഞ്ഞു.
ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് ഭരണഘടന വിരുദ്ധമായ പ്രസ്താവനകളാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും മമത ആരോപിച്ചു.
ശ്രീരാംപൂരിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോളായിരുന്നു മോദിയുടെ പ്രസ്താവന. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ താമര പൂക്കുകയും മമതയുടെ എംഎൽഎമാർ വിട്ടുപോവുകയും ചെയ്യും. 40 എംഎൽഎമാർ എന്നോട് സംസാരിച്ചിരുന്നു എന്നുമാണ് മോദി പറഞ്ഞത്.
ഇതിനെതിരെയാണ് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നുണ പ്രചരണങ്ങളിലൂടെ പ്രധാനമന്ത്രി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കത്തിൽ തൃണമൂൽ ആരോപിക്കുന്നു.