തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കരുത്തയായ നേതാവ് രേശ്മ പദേകനൂര്‍ ആണ് കൊല്ലപ്പെട്ടത്. 35കാരിയായ രേശ്മയുടെ മൃതദേഹം വിജയപുരയിലെ കോര്‍ട്ടി കോലാര്‍ പാലത്തിന് അടിയില്‍ നിന്നാണ് കണ്ടെത്തിയത്. മുഖം വികൃതമായ അവസ്ഥയിലായിരുന്നു.
കോണ്‍ഗ്രസ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയാണ് രേശ്മ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. എങ്ങനെ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ രേശ്മയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
അടുത്തിടെയാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് ചേക്കെറിയത്. പിന്നീട് വളര്‍ച്ച അതിവേഗമായിരുന്നു. അതുകൊണ്ടുതന്നെ ശത്രുക്കള്‍ കൂടുതലുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റ പാടുകള്‍ മൃതദേഹത്തിലുണ്ട്. മുഖവും കൈയ്യും മര്‍ദ്ദിച്ച് വികൃതമാക്കിയിട്ടുണ്ട്.
ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തിന് പങ്കാളികളായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിനെയും ഭരണ പരിഷ്‌കാര കമ്മീഷനെയും വിമര്‍ശിച്ച് സിപിഐ നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സി.ദിവാകരന്‍. വി.എസ് സര്‍ക്കാരിന്റെ കാലത്ത് സി.പി.ഐ മന്ത്രിമാര്‍ക്ക് അവഗണ നേരിട്ടിരുന്നു.
ധനമന്ത്രിയായിരുന്ന തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ പിടിച്ചുവെച്ചുവെന്നും ദിവാകരന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് തോമസ് ഐസക്കിനെന്താ കൊമ്പുണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഡി സാജു അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഭരണപരിഷ്‌ക്കാര കമ്മീഷനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. വി.എസ് അധ്യക്ഷനായിട്ടുള്ള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും സി.ദിവാകരന്‍ പറഞ്ഞു.
എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കാന്‍ ഒരു ലക്ഷം രൂപ വീതം ആവശ്യപ്പെട്ട സംഭവത്തില്‍ മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്.
ഐ.സി.എസ്.ഇ സിലബസ്സിലുള്ള മലപ്പുറം ജില്ലയിലെ ചുരുക്കം സ്‌കൂളുകളിലൊന്നാണ് ചുങ്കത്തറയിലെ ഗുഡ് ഷെപ്പേഡ് സ്‌കൂള്‍. ഇവിടെ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം ടിസി ആവശ്യപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ മുന്നോട്ടുവച്ച വിചിത്രമായ ആവശ്യം നേരിടേണ്ടിവന്നിരിക്കുന്നത്. ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ ഏകജാലക നടപടികളിലൂടെ അപേക്ഷ നല്‍കിയതിനോടൊപ്പം സ്‌കൂളില്‍ നിന്നും ടിസി ആവശ്യപ്പെട്ട ഇവരോട് ഒരു ലക്ഷം രൂപയാണ് ഈയിനത്തില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ കൂടി സ്‌കൂളില്‍ തന്നെ പഠിക്കണമെന്നും, ഇത് നേരത്തേ തന്നെ പ്രോസ്പെക്ടസില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നുമാണ് മാനേജ്മെന്റ് ഈ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് ഉയര്‍ത്തുന്ന വാദം.
ഈ നിര്‍ദ്ദേശം സമ്മതിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നതെന്നും, ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണെങ്കില്‍ രണ്ടു വര്‍ഷത്തെ ഫീസ് തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നുമാണ് സ്‌കൂളിന്റെ പക്ഷം. പത്താം തരം പാസ്സായ 29 വിദ്യാര്‍ത്ഥികളില്‍ ആറു പേരുടെ രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഹയര്‍സെക്കന്ററി ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം പാടേ കുറഞ്ഞതോടെ, ക്ലാസ്സുകള്‍ നിലനിര്‍ത്താനാണ് മാനേജ്മെന്റ് ഭീഷണിയുടെ വഴി സ്വീകരിച്ചതെന്നാണ് പരാതി.
സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടികളെ ഭയന്ന് ഇതിനോടകം ഒരു ലക്ഷം രൂപ അടച്ച് ടിസി നേടിയവരും ഉണ്ടെന്ന് പരാതി ഉന്നയിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന്റെ നിലവാരത്തകര്‍ച്ച കാരണം തങ്ങളുടെ കുട്ടികളെ ഇനി ഇവിടെ പഠിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും, ടിസി ലഭിക്കുന്നതിനായി നിയമപരമായിത്തന്നെ നീങ്ങുമെന്നുമാണ് ഇവരുടെ പക്ഷം.
ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാല ക്യാപസില്‍ മലയാളി വിദ്യാർത്ഥി തുങ്ങിമരിച്ച നിലയിൽ . എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയും 24 കാരനുമായ റിഷി ജോഷ്വായെ ആണ് ഭാഷാ ഡിപാർട്ട്മെന്റിലെ റീഡിങ്ങ് റൂമിൽ തുങ്ങിമരിച്ചത്. സംഭവത്തിൽ ഡൽഹി വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് വെല്ലൂരിൽ താമസമാക്കിയ മലയാളി കുടുംബാംഗമാണ് റിഷ് ജോഷ്വാ എന്നാണ് റിപ്പോർട്ടുകള്‍.
പഠന വകുപ്പിലെ ഒരു അധ്യാപകന് ഇ-മെയിൽ ആയി ലഭിച്ച ആത്മഹത്യാകുറിപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു വിദ്യാർഥിയെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ റീഡിങ്ങ് റൂം അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതിനുള്ളിലാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സർവകലാശാലയിലെ ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷം മൃതദേഹം സഫ്ദർജങ് ആശുപത്രിയിലേക്ക് മറ്റ് നടപടികൾക്കായി മാറ്റുകയായിരുന്നു.
അതേസമയം, കുറച്ച് ദിവസങ്ങളായി ജോഷ്വാ കടുത്ത വിഷാദത്തിലായിരുന്നെന്ന് സഹപാഠികൾ പ്രതികരിച്ചതായി വിദ്യാർത്ഥികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. എന്നാൽ ജോഷ്വാ സീറോ സെമസ്റ്റര്‍ പരീക്ഷയ്ക്ക അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തങ്ങളോട് പറഞ്ഞിരുന്നതായും സഹപാഠികൾ പറയുന്നു. ഇത്തരത്തിൽ സീറോ സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ചാൽ അടുത്ത സെമസ്റ്ററിനൊപ്പം പരീക്ഷ എഴുതാൻ കഴിയും. എന്നാൽ പഠന വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെ മികച്ച പിന്തുണയാണ് ജോഷ്വായ്ക്ക് നൽകിയിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥിയുടെ തീർത്തും ദുഃഖകരമാണെന്ന് ജെഎൻയു വിദ്യാർത്ഥി യൂനിയൻ ജനറല്‍ സെക്രട്ടറി ഐജാസ് അഹമ്മദ് റാത്തർ പ്രതികരിച്ചു. സംഭവത്തിൽ സർവകലാശാല സ്വതന്ത്ര അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് യൂനിവേഴ്സിറ്റി അധികൃതർ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിലേക്ക് തിരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
2016ൽ കനയ്യകുമാർ, ഉമ്മർഖാലിദ് തുടങ്ങിയ വിദ്യാർത്ഥി നേതാക്കൾക്കെ എതിരായ നടപടികളും, ഇതിന് പിറകെ നജീബ് അഹമ്മദ് എന്ന വിദ്യാർത്ഥിയ കാണാതായതും ജെഎൻയുവില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇംഗ്ലണ്ടില്‍ ഈ മാസം തുടങ്ങുന്ന ഏകദിന ലോക കപ്പിനുളള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. കിരീട വിജയികള്‍ക്ക് നാല് മില്യണ്‍ ഡോളറാണ് (29 കോടി രൂപ) കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് മില്യണ്‍ ഡോളറും (15 കോടി രൂപ) ലഭിക്കും. 10 ടീമുകളാണ് ഇപ്രാവശ്യത്തെ ലോക കപ്പില്‍ മത്സരിക്കുന്നത്.
10 മില്യണ്‍ ഡോളറാണ് ആകെ സമ്മാനത്തുക. ഏകദിന ലോക കപ്പുകളുടെ ചരിത്രത്തില്‍ കിരീടം നേടുന്ന ടീമിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണത്തേത്.
സെമിഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 800,000 ഡോളര്‍ വീതമാണ് ലഭിക്കുക. ലീഗ് ഘട്ടത്തിലെ ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമുകള്‍ക്ക് 40,000 ഡോളര്‍ വീതം ഇന്‍സെന്റീവായി ഐസിസി നല്‍കും. ലീഗ് ഘട്ടം കടന്നെത്തുന്ന ടീമുകള്‍ക്ക് ബോണസെന്ന രീതിയില്‍ 100, 1000 ഡോളറും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇത്തവണ നല്‍കും.
ലോക കപ്പില്‍ ലീഗ് ഘട്ടത്തില്‍ മാത്രം 45 മത്സരങ്ങളാണുള്ളത്. മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലെ 11 വേദികളിലായാണ് ഇത്തവണ ലോക കപ്പ് നടക്കുന്നത്.
സിറോ മലബാർ സഭയിലെ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ തയാറാക്കിയതെന്ന് സംശയിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി തീരുമാനമെടുക്കൂ എന്ന് പൊലീസ് അറിയിച്ചു. മുരിങ്ങൂർ ഇടവക വികാരി ഫാദർ ടോണി കല്ലൂക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു. രാവിലെ പതിനൊന്നു മണിയോടെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഫാദർ ടോണിയെ രാത്രിയായിട്ടും വിടാഞ്ഞതിനെതിരെ ഒരു വിഭാഗം വൈദികരും നാട്ടുകാരും ചേർന്ന് ആലുവ ഡിവൈഎസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് എഎസ്പിയെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷം ഫാദർ ടോണിയെ വിട്ടയച്ചു. ഇതിനു ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്.
കോട്ടയം: പിജെ ജോസഫിനെ കക്ഷിനേതാവായും ജോസ് കെ. മാണിയെ വർക്കിംഗ് ചെയർമാനും നിയമിക്കണമെന്ന നിർദേശം ജോസഫ് വിഭാഗം മുന്നോട്ട് വച്ചു. അതേസമയം സിഎഫ് തോമസിനെ ചെയർമാനാക്കണമെന്ന നിർദ്ദേശം മാണി വിഭാഗം അംഗീകരിച്ചിട്ടില്ല.
കെഎം മാണിയുടെ 41-ാം ചരമദിനം കഴിഞ്ഞതോടെ പാർട്ടിയിലെ സ്ഥാനങ്ങൾക്കായി കേരള കോൺഗ്രസിലെ ഇരു വിഭാഗവും നിലപാട് കടുപ്പിച്ച് രംഗത്തെത്തി. 27ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുൻപ് നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കണം.
25ന് മുൻപ് നേതാവാരെന്ന് സ്പീക്കറെ അറിയിക്കണം. ചെയർമാൻ സ്ഥാനം വേണ്ടെന്ന് പിജെ ജോസഫ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ നിയമസഭാകക്ഷിനേതൃ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല. ഇതിനായി വർക്കിംഗ് ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കാനും ജോസഫ് തയ്യാറാണ്.
വൈസ് ചെയർമാൻ ട്രഷർ സ്ഥാനങ്ങൾ മാണി വിഭാഗത്തിന് തന്നെയായിരിക്കും. എന്നാൽ ചെയർമാൻ സ്ഥാനത്തിൽ ഒരു വിട്ടുവീഴ്ചക്കും മാണി വിഭാഗം തയ്യാറല്ല. സി എഫ് തോമസ് കുറേനാളായി മാണിവിഭാഗത്തോട് അകലം പാലിക്കുന്ന നേതാവാണ്.
ഇതും ജോസഫിന്റ നിർദ്ദേശത്തെ എതിർക്കാൻ കാരണമായി മാണി വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. പാർലമെന്ററി പാർട്ടി നേതാവിനെ ഉടൻ തീരുമാനിച്ച ശേഷം ചെയർമാനെ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കാമെന്ന നിർദ്ദേശമാണ് മാണി വിഭാഗത്തിന്റേത്.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് നേതാക്കളുടെ നിലപാട്. തർക്കങ്ങളെക്കുറിച്ച് ഇതുവരെ പരസ്യഅഭിപ്രായപ്രകടനം നടത്താതിരുന്ന ജോസ് കെ മാണി ഇനി ശക്തമായി രംഗത്തവരുമെന്നാണ് സൂചന.
കോഴിക്കോട്: ഓസ്ട്രേലിയന്‍ വനിതയും സുഹൃത്തുമായി ഉണ്ടായ സൗന്ദര്യ പിണക്കം വെട്ടിലാക്കിയത് കോഴിക്കോട് സിറ്റി പൊലീസിനെ. പിണങ്ങിപ്പോയ വിദേശ വനിതയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം സംസ്ഥാനങ്ങളിലേക്ക് വരെ നീണ്ടു.
ഓസ്ട്രേലിയന്‍ വനിത സുഹൃത്തായ മലയാളിയുമായി പിണങ്ങിപ്പോയതാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
ഇവരെ കാണാതായതോടെ പരിഭ്രമിച്ച സുഹൃത്ത് കസബ പൊലീസില്‍ പരാതി നല്‍കി. പിന്നെ പൊലീസിന് ഉറക്കമില്ലാത്ത രാത്രി. നഗരത്തില്‍ നിന്ന് എട്ടരക്ക് ശേഷം പോയ ദീര്‍ഘദൂര ബസിലെ കണ്ടകര്‍മാര്‍ക്ക് വിവരം കൈമാറി.
250 ഓളം ലോഡ്ജുകള്‍ പരിശോധിച്ചു. രാവിലെ പതിനൊന്ന് മണിവരെ ആശങ്ക തുടര്‍ന്നു. തെരച്ചില്‍ വ്യാപിപ്പിക്കാനൊരുങ്ങവേ ഓസ്ട്രേലിയക്കാരി വെസ്നയെ ബീച്ചില്‍ പൊലീസ് കണ്ടെത്തി. പക്ഷെ തന്നെ കണ്ടെത്താന്‍ പൊലീസ് ഇത്ര വലിയ സന്നാഹം ഒരുക്കിയ കാര്യമൊന്നും ഇവര്‍ അറിഞ്ഞിരുന്നില്ല.
മലയാളി സുഹൃത്ത് ജിം ബെന്നിയുമായി പിണങ്ങിപ്പോയതായിരുന്നു വെസ്ന. നേരെ റെയില്‍വേ സ്റ്റേഷനിലെത്തി ഡോര്‍മെട്രിയില്‍ താമസിച്ചു. ഗോവക്ക് തിരിക്കാനുള്ള
ടിക്കറ്റും റിസര്‍വ് ചെയ്തു.പിന്നെ നഗരം കാണാനിറങ്ങി. ഇതിനിടെയാണ് പൊലീസെത്തി വെസ്നയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. സിറ്റി പൊലീസിന്‍റെ പെരുമാറ്റവും
തന്നെ കണ്ടെത്താന്‍ നടത്തിയ ശ്രമത്തിനും നന്ദി രേഖപ്പടുത്തിയാണ് വെസ്ന യാത്ര പറഞ്ഞത്. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും പൊലീസ് ഈ കാര്യക്ഷമത ഉറപ്പാക്കണമെന്ന് വെസ്ന അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയായതിന് ശേഷം 5 വര്‍ഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. സര്‍ക്കാരിന്റെ നേട്ടങ്ങളും സംഘടനാ വളര്‍ച്ചയും തെരഞ്ഞെടുപ്പ് പ്രചരണവും വിശദീകരിച്ചായിരുന്നു വാര്‍ത്ത സമ്മേളനം. എന്നാല്‍ മോദിയോടുള്ള ചോദ്യങ്ങള്‍ക്ക് അമിത് ഷായാണ് മറുപടി നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഒപ്പം എത്തിയുള്ള പ്രധാനമന്ത്രിയുടെ വാര്‍ത്ത സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.
എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബാധിപത്യത്തെ തകര്‍ത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു. രണ്ടാം തവണയും ജനങ്ങളുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരികയാണ്. ഇത് ചരിത്രമാണ്. ഇത് രാഷ്ട്രീയഗവേഷകര്‍ പഠിക്കേണ്ടതാണെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരില്‍ ഐപിഎല്‍ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, റംസാന്‍ നടക്കുന്നു, ഐപിഎല്‍ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. മെയ് 23-ന് ബിജെപി ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് മോദി പറഞ്ഞു.
പുതിയ ഭരണരീതിയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ആ വികസനം ജനങ്ങള്‍ക്ക് മനസ്സിലാകും, അതിനനുസരിച്ച് വോട്ട് ചെയ്യും അഞ്ച് വര്‍ഷത്തിനിടെ എന്റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല. പരമാവധി അച്ചടക്കത്തോടെ ഭരണം മുന്നോട്ടുപോയെന്നും മോദി അവകാശപ്പെട്ടു.
ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
വന്‍ഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു. കൃഷിക്കാര്‍ മുതല്‍, മധ്യവര്‍ഗക്കാര്‍ വരെയുള്ളവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ഭാരത്, ജന്‍ധന്‍യോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ എണ്ണിപ്പറയുന്നു. തെരഞ്ഞെടുപ്പ് രംഗത്താകട്ടെ ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് അമിത് ഷാ പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയത്. ആറ് സര്‍ക്കാരുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ രാജ്യമെങ്ങുമുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപി സര്‍ക്കാരുകള്‍ എത്തി. സഖ്യസര്‍ക്കാരുകള്‍ രൂപീകരിച്ചത് നേട്ടമാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ബംഗാള്‍ ,ഒറീസ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് പറഞ്ഞ അമിത് ഷാ എന്നാല്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്ന് മോദി പറഞ്ഞു.
റഫാല്‍ ഉള്‍പ്പടെയുള്ള അഴിമതികളെക്കുറിച്ച് മോദി സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധി തത്സമയം തന്നെ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് ഷാ നല്‍കിയ മറുപടി ”റഫാല്‍ അഴിമതിയാരോപണത്തിന് രാജ്യത്തിന്റെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ പാര്‍ലമെന്റില്‍ വന്ന് മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കില്‍ രാഹുല്‍ അത് സുപ്രീംകോടതിയില്‍ പറയണമായിരുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സര്‍ക്കാരാണ് ഇത്” എ്ന്നായിരുന്നു.
ആദ്യമായി വാര്‍ത്താസമ്മേളനം നടത്തിയ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വളരെ മികച്ച വാര്‍ത്താസമ്മേളനമാണ് നടത്തിയതെന്നും മോദിജിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അടുത്ത തവണയെങ്കിലും ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അമിത് ഷാ താങ്കളെ അനുവദിക്കുമെന്ന് കരുതുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.
5 വര്‍ഷത്തിനിടെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മോദി ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മറിച്ച് താന്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ബിജെപി അധ്യക്ഷന്‍ മറുപടി നല്‍കുമെന്നുമായിരുന്നു വിശദീകരണം. ഇതിനെയാണ് രാഹുല്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളിയത്.
എംഎല്‍എ വി ടി ബല്‍റാമും മോദിയെ ഫെയ്‌സ് ബുക്കിലൂടെ ട്രോളി രംഗത്തെത്തി. ”താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്‌സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോണ്‍ഫറന്‍സ് എന്ന് പറയുന്നത്” എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചന്ദ്രനെതിരെ നിർണായക മൊഴി. ചന്ദ്രന്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ലേഖ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സില്‍ വച്ച് ലേഖ ചന്ദ്രനെതിരെ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി. ആംബുലന്‍സിലെ ജീവനക്കാരുടെ മൊഴിയും രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും.
ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രനെയും ബന്ധു കാശിനാഥനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്. എന്നാല്‍ വീട്ടില്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലേഖ വര്‍ഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവര്‍ നാലുപേര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായർക്ക് മുന്നിൽ ഹാജരാകാൻ കാനറാ ബാങ്ക് മാനേജർക്കും മൂന്നു ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം ദുർമന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യൻമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.