Latest News

തൊഴിലുറപ്പും അടിസ്ഥാന വരുമാന പദ്ധതിയും വഴി കൂടുതല്‍ പാവങ്ങളെ ഐഎഎസിനു പ്രാപ്തമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. വയനാട്ടില്‍നിന്ന് ഐഎഎസ് ലഭിച്ച ശ്രീധന്യയെയും കുടുംബത്തെയും നേരിൽ കണ്ട ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി മികവ് തെളിയിച്ച കുറിച്യസമുദായത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയാണ് ശ്രീധന്യാ സുരേഷ്. വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യയുടെ കുടുംബത്തോടൊപ്പമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉച്ചയോടെ പൊതുസമ്മേളനം അവസാനിപ്പിച്ച് കോളജിലെ പ്രത്യേക മുറിയില്‍ തയ്യാറാക്കിയ ഭക്ഷണഹാളിലായിരുന്നു രാഹുൽ ശ്രീധന്യയുമായി സംസാരിച്ചത്. പട്ടികവര്‍ഗ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, വയനാട്ടിലെ സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും തമ്മില്‍ ചര്‍ച്ച ചെയ്തു.

രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോള്‍ അമ്മയും അച്ഛനും സഹോദരനും ശ്രീധന്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ‘അര മണിക്കൂറോളം ഞങ്ങളോടൊപ്പം അദ്ദേഹം ചിലവഴിച്ചു. കൂടുതൽ സമയവും സിവിൽ സർവീസിന് തയാറെടുത്തതിനെക്കുറിച്ചും പരീക്ഷയിൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ചുമൊക്കെയാണ് ചർച്ച ചെയ്തത്. അഭിമുഖം എങ്ങനെ നേരിട്ടുവെന്നും വരാനിരിക്കുന്ന പരിശീലനത്തെക്കുറിച്ചും ചോദിച്ചു. ഐഎഎസ് തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയാണെങ്കിൽ മസൂറിയിലാകും പരിശീലനമെന്നും ഞാൻ പറഞ്ഞു. ആഗ്രഹം പോലെ തന്നെ നടക്കട്ടെ എന്ന് അദ്ദേഹം ആശീർവദിച്ചു. മാതാപിതാക്കളോടും അദ്ദേഹം സംസാരിച്ചു. എന്റെ വിജയത്തിൽ എത്രമാത്രം സന്തോഷമുണ്ടെന്ന് തിരക്കി. എങ്ങനെയാണ് എന്നെ പഠിപ്പിച്ചതെന്നും മറ്റ് കുടുംബസാഹചര്യങ്ങളും തിരക്കി. ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ മികച്ച വിദ്യാഭ്യാസം നേടി മുന്നോട്ട് വരേണ്ട ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് വയനാടിനെക്കുറിച്ചാണ് സംസാരിച്ചത്. എത്ര ഗോത്രവിഭാഗങ്ങളുണ്ടെന്നും അതിന്റെ ചരിത്രവും ചോദിച്ചു. വയനാട്ടിലെ ഗോത്രവർഗക്കാർ ഇപ്പോള്‍ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം തിരക്കി. സഹോദരനോടും സംസാരിച്ചു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. ഇംഗ്ലിഷിലാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ ഇംഗ്ലിഷിൽ തന്നെ മറുപടി നൽകി”. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ശ്രീധന്യയുടെ വാക്കുകൾ ഇതാണ്. ബത്തേരി സെന്റ് മേരീസ് കോളജിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു. എന്തായാലും ജീവിതത്തിൽ മറക്കാനാകാത്ത ദിവസമാണ് രാഹുൽ ഗാന്ധി സമ്മാനിച്ചതെന്ന് ശ്രീധന്യയും കുടുംബവും പ്രതികരിച്ചു.

410–ാം റാങ്കോടെയാണ് വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് –കമല ദമ്പതികളുടെ മകള്‍ വിജയിച്ചത്.ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് വിജയം നേടുന്നത്. പരീക്ഷാഫലം വന്ന ദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രചാരണ രംഗവും കൂടുതൽ സജീവമാവുകയാണ്. കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായി രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ പ്രചരണ പരിപാടികൾ പൂർത്തിയാക്കി ഇന്നലെ മടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തുന്നു. ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും.

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികള്‍ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേണ്ടി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. മോദിയുടെ രണ്ടാം വരവും സംസ്ഥാനത്താകമാനം ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.

ദേശീയതയിലും വിശ്വാസ വിഷയങ്ങളും കേന്ദ്രീകരിച്ച് തന്നെയാണ് ബിജെപിയും ആർഎസ്എസും പ്രചരണ രംഗത്ത് സജീവമാകുന്നത്. അവസാനഘട്ടത്തിൽ കൂടുതൽ ദേശീയ നേതാക്കളെ പ്രചരണത്തിനെത്തിച്ച് കരുത്ത് കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ പ്രചരണത്തിനെത്തിയ അമിത് ഷാ പത്തനംതിട്ടയിലും എത്തുമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോൾ ആത്മഹത്യ ചെയ്ത് പെറുവിന്റെ മുൻ പ്രസിഡന്റ് അലൻ ഗാര്‍സിയ. അഴിമതി കേസിൽ പ്രതിയായിരുന്ന ഗാര്‍സിയ സ്വയം തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രസിഡന്റായിരിക്കെ ബ്രസീലിലെ സ്വകാര്യ കമ്പനിയിൽ നിന്ന് കൈകൂലി വാങ്ങിയെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമഴ്ത്തിയിരുന്നത്. പോലീസ് വീട്ടിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഫോൺ വിളിക്കാനുണ്ടെന്ന് പറഞ്ഞ് വാതിൽ അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരത്തെ അലൻ ഗാര്‍സിയ നിഷേധിച്ചിരുന്നു. 10 വര്‍ഷകാലം പെറുവിന്റെ പ്രസിന്‍റായിരുന്നു അലൻ ഗാര്‍സിയ.

കാറപകടത്തില്‍ തെലുങ്ക് സീരിയില്‍ നടിമാര്‍ മരിച്ചു. ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്. സീരിയലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാനായി ഡ്രൈവര്‍ വണ്ടി തെറ്റിച്ചപ്പോള്‍ റോഡ് സൈഡിലുണ്ടായിരുന്ന മരത്തില്‍ ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ ഭാര്‍ഗവി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അനുഷ റെഡ്ഡി മരിച്ചത്. ഷൂട്ടിങ്ങിനായി തിങ്കളാഴ്ചയാണ് രണ്ടുപേരും തെലുങ്കാനയിലെ വിക്രാബാദിലെത്തിയത്. കാര്‍ ഡ്രൈവര്‍ക്കും ഇവരുടെ കൂടെയുണ്ടായിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും പരിക്കുകളുണ്ട്.

ശബരിമല ക്ഷേത്രം മുൻ തന്ത്രി കണ്ഠരര് മോഹനർക്കെതിരെ പരാതിയുമായി അമ്മ കോടതിയിൽ. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് അമ്മ അറിയാതെ പണം പിൻവലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ട്..

കണ്ഠരര് മോഹനർക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ബാങ്കിൽ പോകാനുള്ള വിഷമം കാരണം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്.

വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആർഡിഒയ്ക്കും പരാതി നൽകിയിരുന്നു. ഈ അപേക്ഷയിൽ രണ്ടാഴ്ചക്കകം തീർപ്പിന് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹർജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 95 മണ്ഡലങ്ങള്‍  പോളിങ്ങ് ബൂത്തിലേക്ക്. 11 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. 44 സിറ്റിങ് എം.പിമാര്‍ ഉള്‍പ്പെടെ 1,625 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. സ്ഥാനാര്‍ഥികളില്‍ 427 പേര്‍ കോടീശ്വരന്മാരാണ്.

കര്‍ണാടകയിലെ പതിനാലും മഹാരാഷ്ട്രയിലെ പത്തും യു.പിയിലെ എട്ടും അസം, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് വീതവും ഛത്തീസ്ഗഡ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ മൂന്ന് വീതവും ജമ്മു കശ്മീരിലെ രണ്ടും മണിപ്പൂരിലെയും ത്രിപുരയിലെയും ഓരോ സീറ്റിലും ഉള്‍പ്പെടെ 96 മണ്ഡലങ്ങളാണ് നാളെ ബൂത്തിലേക്ക് പോവുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ 35 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ജനതാദള്‍ എസിന്റെ ശക്തികേന്ദ്രങ്ങളിലും ബെംഗളൂരു നഗരമേഖലയിലുമാണ് കര്‍ണാടകയിലെ വോട്ടെടുപ്പ്.

പുതുച്ചേരിയുള്‍പ്പെടെ തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ സീറ്റുകളിലും നാളെ വോട്ടെടുപ്പ്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ നിരവധി പേര്‍ അറസ്റ്റില്‍. ഇതുവരെ തമിഴ്നാട്ടില്‍ നിന്ന് ഇരുന്നൂറ് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

നിശബ്ദ പ്രചാരണ ദിവസമായിട്ടും സംഭവബഹുലമായിരുന്നു തമിഴ്നാട്. ആദായനികുതി റെയ്ഡില്‍ ആണ്ടിപ്പെട്ടി നിയോജക മണ്ഡലത്തിലുള്ള ടിടിവി.ദിനകരന്‍റെ പാര്‍ട്ടി ഓഫിസില്‍ നിന്നും ഒന്നരക്കോടിരൂപയാണ് പിടിച്ചെടുത്തത്. ആണ്ടിപ്പെട്ടിയിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ സാത്തൂരിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ഥി എസ്.ജി.സുബ്രഹ്മണ്യന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും വീടിന് പരിസരത്ത് നിന്നുമായി നാല്‍പത്തിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു.

വരള്‍ച്ചയും കാര്‍ഷിക പ്രശ്നങ്ങളും രൂക്ഷമായ മഹാരാഷ്ട്രയിലെ മറാഠ്വാധ, വിദര്‍ഭ, സോലാപുര്‍ മേഖലകളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ ബി.ജെ.പി തൂത്തുവാരിയ പശ്ചിമ യു.പിയിലെ എട്ടു സീറ്റുകളില്‍ ഇത്തവണ മഹാസഖ്യം ശക്തമായ പോരാട്ടം കാഴ്ചവയ്‍ക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ഗേവഗൗഡ മല്‍സരിക്കുന്ന തുമകൂരുവും ഗൗഡയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയും നടി സുമലതയും നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡ്യയും നടന്‍ പ്രകാശ് രാജ് ഇറങ്ങുന്ന ബെംഗളൂരു സെന്‍ട്രലും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ മല്‍സരിക്കുന്ന നാന്ദേഡും പ്രീതം മുണ്ഡെയുടെ ബീഡും നടി ഹേമമാലിനിയുടെ മുഥരയും രാജ് ബബ്ബര്‍ ജനവിധി തേടുന്ന ഫത്തേപുര്‍ സിക്രിയുമാണ് സ്റ്റാര്‍ മണ്ഡലങ്ങള്‍.

ബംഗാളില്‍ കോണ്‍ഗ്രസ്–സി.പി.എം ധാരണ യാഥാര്‍ഥ്യമാകാതിരുന്ന റായ്ഗഞ്ചിലും വോട്ടെടുപ്പ് നടക്കും. ഇവിടെ സി.പി.എമ്മിന്റെ മുഹമ്മദ് സലീമും കോണ്‍ഗ്രിന്റെ ദീപാദാസ് മുന്‍ഷിയും കടുത്ത പോരാട്ടമാണ് നടത്തുന്നത്തു

തായ്‍ലൻഡില്‍ കഴിഞ്ഞ മാസം അവസാനം നടന്ന അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 40 അടി നീളമുള്ള കണ്ടെയ്നർ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഫ്ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്റെ മേൽ കണ്ടെയ്നർ പതിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.

ലോറിയ്ക്ക് പിന്നിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ലോറിയുടെ വേഗം കൂടിയതാകാം അപകടകാരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥനെ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ‌ സസ്പെൻഡ് ചെയ്തു. ഒഡീഷയിലെ സംബൽ‌പുരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ മുഹമ്മദ് മൊഹസിനെതിരയാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമല്ല ഉദ്യോഗസ്ഥന്റെ നടപടിയെന്നും എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മിഷൻ അധികൃതർ വിശദീകരിച്ചു. കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൊഹസിൻ.

തന്നെ കളളനെന്നു വിളിച്ച രാഹുൽ അപമാനിച്ചത് പിന്നാക്ക സമുദായത്തെ: മോദി
ചൊവ്വാഴ്ചയാണ് ഒഡീഷയിലെ സംബൽ‌പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ല കലക്ടര്‍, ഡിഐജി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെട്ടെന്നുണ്ടായ പരിശോധനയെ തുടര്‍ന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനില്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ അസ്വാഭാവികതയുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്ക്, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ ഹെലികോപ്റ്ററുകളും ഫ്ലൈയിങ് സ്ക്വാഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‌സ് വിമാനകമ്പനി സർവീസുകൾ പൂർണമായി നിർത്തുന്നു. ഇന്ന് അര്‍ധരാത്രിമുതൽ സർവീസുകൾ എല്ലാം നിർത്തിവയ്ക്കാനാണ് തീരുമാനം. നിലവിൽ അഞ്ച് വിമാനങ്ങൾ മാത്രമായിരുന്നു സർവീസ് നടത്തിവന്നിരുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ 400കോടിയുടെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നൽകാൻ ബാങ്കുകളുടെ കൺസോഷ്യം തയ്യാറായില്ല. ഇതോടെയാണ് അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് കമ്പനി മാറിയത്. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ആയിരക്കണക്കിന് ജീവനക്കാരാണ് പെരുവഴിയിലായത്. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് പൈലറ്റുമാരുടെ സംഘടന നേരത്തെ ആവശ്യപെട്ടിരുന്നു. ജീവനക്കാരുമായി നാളെ ചർച്ച നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

കമ്പനി സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ എന്നിവർ ബോർഡ് അംഗത്വം അടുത്തിടെ രാജിവച്ചിരുന്നു. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനിയാണ് ജെറ്റ് എയർവേയ്‌സ്. ബജറ്റ് വിമാനങ്ങളുടെ ബാഹുല്യവും, മാനേജ്മെന്റിന്റെ പ്രവർത്തന പരാജയവുമാണ് ജെറ്റിനെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

RECENT POSTS
Copyright © . All rights reserved