ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം ഐപിസി 506, 294ബി, കെപിഎ 120, 120 -ഒ എന്നീ നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കല്‍പറ്റ സിഐക്കാണ് അന്വേഷണ ചുമതല.
വിനായകനില്‍നിന്നുണ്ടായ മോശമായ പെരുമാറ്റത്തെകുറിച്ച് യുവതി നേരത്തെ ഫേസ്ബുക്കിലും വെളിപ്പെടുത്തിയിരുന്നു.
ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല എഴുതി.
മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.
ഇനിയുള്ള 23 നാള്‍ ലോകം സാംബ താളത്തിനൊത്ത് ചുവടുവയ്ക്കും.കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം . ആദ്യമല്‍സരത്തില്‍ ബ്രസീല്‍ ബൊളീവിയയെ നേരിടും. പുലര്‍ച്ചെ ആറുമണിക്കാണ് മല്‍സരം. നെയ്മറില്ലാതെ ബൊളീവിയക്കെതിരെ ഇറങ്ങുന്ന ബ്രസീലിനെ നയിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗോളടിവീരന്‍മാരായ ഗബ്രിയല്‍ ജിസ്യൂസ്, ഫിര്‍മിനോ റിച്ചാര്‍ലിസന്‍ എന്നിവരിലാണ് . ഹോണ്ടുറാസിനെ എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രസീലിന്റെ മുന്നൊരുക്കം .
കുട്ടിഞ്ഞോയ്ക്കൊപ്പം മധ്യനിരയില്‍ കളിനിയന്ത്രിക്കേണ്ട ആര്‍തറിന് പരുക്കേറ്റെങ്കിലും ആദ്യമല്‍സരത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഒന്‍പത് മാസത്തിനിടെ കളിച്ച ആറുമല്‍സരങ്ങളു ബൊളീവിയ പരാജയപ്പെട്ടിരുന്നു . അതിഥിടീമുകളായി എത്തുന്ന ജപ്പാന്‍ ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലെയെയും ഖത്തര്‍ പരാഗ്വായെയും നേരിടും . ഞായറാഴ്ച പുലര്‍ച്ചെ 3.30ന് നടക്കുന്ന അര്‍ജന്റീന കൊളംബിയ മല്‍സരമാണ് കോപ്പയിലെ ആദ്യ സൂപ്പര്‍ പോരാട്ടം
കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തേക്കായുള്ള തർക്കം മുറുകുന്നതിനിടെ പി.ജെ ജോസഫിന് പാർട്ടിയിൽ പിന്തുണയേറുന്നു. ജോസഫ് വിഭാഗം യോഗത്തില്‍ കൂടുതല്‍ മാണിപക്ഷനേതാക്കള്‍ പങ്കെടുത്തു.
ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി. തോമസ് , കൊല്ലം ജില്ലാ പ്രസിഡന്റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് യോഗത്തിനെത്തിയത്.
സി.എഫ് തോമസിനെ ചെയര്‍മാനാക്കിയുള്ള പി.ജെ ജോസഫിന്റ ഒത്തുതീര്‍പ്പ് നിര്‍ദേശം ജോസ് കെ മാണി വിഭാഗം നേരത്തെ തള്ളിയിരുന്നു. പുറത്ത് പറഞ്ഞിട്ടല്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടാണ് സമവായമുണ്ടാക്കേണ്ടെതെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ നിര്‍ദേശം മുന്‍പേയുള്ളതാണെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.
സി.എഫ് തോമസ് ചെയര്‍മാന്‍,ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാന്‍,പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വര്‍ക്കിങ് ചെയര്‍മാനും പി.ജെ ജോസഫ്. ഇതായിരുന്നു ജോസഫിന്റ ഒത്ത് തീര്‍പ്പ് നിര്‍ദേശം. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഒരുതീര്‍പ്പ് നിര്‍ദേശവും അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയാണ് സമവായമുണ്ടാക്കേണ്ടതെന്നും അല്ലാതെ മാധ്യമങ്ങളോടല്ല സമവായ നിര്‍ദേശം പറയേണ്ടതെന്നും റോഷി അഗസ്റ്റിനും എന്‍ ജയരാജും പറഞ്ഞു.
നിര്‍ദേശം എതിര്‍വിഭാഗം പൂര്‍ണമായും തള്ളിയതോടയാണ് ജോസഫ് വിഭാഗം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ അടിയന്തരയോഗം ചേര്‍ന്നത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. ജോസ് കെ മാണിവിഭാഗത്തിന് കുറെ കാര്യങ്ങള്‍ കൂടി ബാക്കി കൂടി ഉടന്‍ ബോധ്യപ്പെടുമെന്നുമായിരുന്നു യോഗശേഷം പി.ജെ ജോസഫിന്റ പ്രതികരണം . പാര്‍ട്ടിയിലെ ഉയര്‍ന്ന കമ്മിറ്റികളായിരിക്കും ആദ്യം വിളിക്കുകയെന്നും സംസ്ഥാനകമ്മിറ്റി ഉടനില്ലെന്നും ജോസഫ് വ്യക്തമാക്കി.
കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വിഎസ് നവാസിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. തിരിച്ച് എത്തിക്കാനായി പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
കാണാതായി ഏതാണ്ട് 48 മണിക്കൂർ എത്തുമ്പോഴാണ് ആശ്വാസത്തിന്റെ ആ വാർത്ത എത്തുന്നത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥൻ സംശയം തോന്നി പുലർച്ചെ മൂന്നോടെ കേരള പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇവിടെ നിന്ന് ഫോട്ടോകൾ അയച്ചുകൊടുത്ത് ഉറപ്പാക്കിയ ശേഷം അഞ്ചു മണിയോടെ കരൂർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട്ട് നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചു. കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുൻപ് പാലക്കാട്ട് എത്തിച്ച് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേലുദ്യോഗസ്ഥനുമായി വയർലെസിലൂടെ ഉണ്ടായ തർക്കത്തിന് പിന്നാലെ വ്യാഴം പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് മധുരയിൽ എത്തിയാണ് നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ കയറിയത്. എവിടേക്കായിരുന്നു യാത്രയെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഉള്ള വിവരങ്ങൾ വെളിവായിട്ടില്ല. അന്വേഷണസംഘം നേരിട്ടെത്തി ചോദിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ.
മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, യുവതി മനം നൊന്ത് ആത്മഹത്യ ചെയ്തു. യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. ചെന്നൈ കുറവൻകുപ്പം സ്വദേശി രാധിക (22), പ്രതിശ്രുത വരൻ വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു.
കുറച്ചുനാൾ മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ പ്രേംകുമാർ ശ്രമിച്ചിരുന്നു. ഇതിനെതിരെ വിഘ്നേഷ് പരാതി നൽകി. ഈ ശത്രുത മനസിൽ കൊണ്ടുനടന്ന പ്രേംകുമാർ രാധികയുടെ ചിത്രം മോർഫ് ചെയ്ത് പ്രതികാരം വീട്ടുകയായിരുന്നു.
ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പ്രചരിച്ചതിൽ മനംനൊന്താണ് രാധിക ആത്മഹത്യ ചെയ്തത്. സംഭവത്തെത്തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധിച്ചു. മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. പ്രതി മുന്നാക്ക സമുദായവും മരണപ്പെട്ടവർ പിന്നാക്ക വിഭാഗവുമായത് ജാതിസപ്ർധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ പ്രദേശത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നവംബർ മുതൽ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സർവീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റൺവേ അടച്ചിടുന്നതിനാലാണിത്.
നിലവിൽ 31 ആഭ്യന്തര സർവീസുകളും 7 രാജ്യാന്തര സർവീസുകളുമാണ് ഈ സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സർവീസുകൾ ഇവിടേക്കു വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബർ 6 മുതൽ മാർച്ച് 28 വരെ റൺവേ അടച്ചിടും. മൂന്നു പാളികളായി റൺവേ പുനർനിർമിക്കുന്ന (റീകാർപ്പെറ്റിങ്) ജോലികളാണു നടത്തുന്നത്. പകൽ നിർമാണപ്രവർത്തനങ്ങൾ നടത്തി റൺവേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്.
ഓരോ പത്തു വർഷത്തിലും റൺവേ റീകാർപ്പറ്റിങ് നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ നിർദ്ദേശം. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിന്റെ റൺവേയുടെ ആദ്യ റീകാർപ്പെറ്റിങ് ജോലികൾ 2009ൽ നടന്നു. രണ്ടാമത്തേതും കൂടുതൽ മികവേറിയതുമായ ജോലികളാണ് ഇക്കുറി നടത്തുക.
സ്റ്റേഷന്‍ ജീവനക്കാരും ട്രെയിന്‍ ഓപ്പറേറ്റര്‍മാരും ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷും ഹിന്ദിയും മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിർദേശവുമായി ദക്ഷിണ റെയിൽവേയുടെ നോട്ടീസ്. ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നോട്ടീസ് വ്യക്തമാക്കുന്നു.
കണ്‍ട്രോള്‍ റൂമുകളിലും, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം വരാതിരിക്കാനുള്ള ഉപായം എന്ന നിലയില്‍ മാത്രമാണ് രണ്ട് ഭാഷകള്‍ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വാദം. സിഗ്‍നലുകള്‍ തെറ്റാതിരിക്കാനുള്ള വഴിയാണിതെന്നും ദക്ഷിണ റെയിൽവേ ജി.എം.ഗജാനന്‍ മല്യ മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 12ന് അയച്ച കത്തില്‍ ചീഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് മാനേജര്‍ ആര്‍.ശിവയാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സെക്ഷന്‍ കണ്‍ട്രോളര്‍മാര്‍, സ്റ്റേഷന്‍ ജീവനക്കാര്‍, ട്രാഫിക് ഇൻസ്പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരെയാണ് കത്തില്‍ അഭിസംബോധന ചെയ്യുന്നത്.
ഉദ്യോഗസ്ഥര്‍ തമ്മിലുളള ആശയവിനിമയത്തിന് പുതിയ നിര്‍ദേശം സഹായകമാകുമെന്നാണ് ശിവ പറയുന്നത്. ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിന് ഇടയ്‍ക്കാണ് ഭാഷയുടെ പേരില്‍ റെയിൽവേയിലും വിവാദം.
ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമാക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് നയം തയ്യാറാക്കിയിരുന്നു. തമിഴ്‍നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയിരുന്നു.
പുരാതന ജീവികളുടെ ശേഷിപ്പുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കുന്ന പ്രദേശമാണ് സൈബീരിയ. റഷ്യയുടെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് നിരവധി ജീവികളുടെ ശരീരാവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചെന്നു കരുതുന്ന കൂറ്റന്‍ ചെന്നായയുടെ തല.
40,000ത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് നിഗമനം. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും അഴുകാത്ത തല ഗവേഷണരംഗത്ത് അത്ഭുത കാഴചയാകുന്നു. രോമങ്ങള്‍ പോലും കൊഴിഞ്ഞു പോകാതെ അടുത്ത ദിവസങ്ങളില്‍ ചത്തു പോയ ഒരു ജീവിയുടെ ശരീരത്തിന്റെ അവസ്ഥയിലാണ് ഈ തല കണ്ടെത്തിയത്. സാധാരണ വേനല്‍ക്കാലത്ത് മഞ്ഞുരുക്കം ഉണ്ടാകുമ്പോഴാണ് സൈബീരിയയില്‍ ഇത്തരം ജീവികളുടെ ശരീരത്തിനു വേണ്ടി പര്യവേഷണം നടത്താറുള്ളത്.
മഞ്ഞുരുകി പല പാളികളും അടര്‍ന്നു പോരുമ്പോഴാണ് അവയ്ക്കിടയിലുള്ള പുരാതന ജീവികളുടെ ശരീരം പുറത്തു കാണുക. ഇതേ സമയത്തു തന്നെയാണ് ഭീമന്‍ ചെന്നായുടെ തലയും ലഭ്യമായത്. പ്രദേശവാസികളിലൊരാളാണ് ഈ തല കണ്ടെത്തിയതും പിന്നീട് ഗവേഷകര്‍ക്ക് കൈമാറിയതും. ശരീരത്തില്‍ നിന്ന് വെട്ടി മാറ്റപ്പെട്ട പോലെയാണ് ഈ തല കണ്ടെത്തിയത്. ഒരു കരടിയുടെ തലയുടെ വലുപ്പം ഈ ചെന്നായുടെ തലയ്ക്കുണ്ട്.
സൈബീരിയയിലെ യകൂതിയ മേഖഖലയിലെ നദിക്കരയില്‍ നിന്നാണ് ഈ തല ലഭിച്ചത്. മഞ്ഞുരുകിയ സമയത്ത് വെള്ളത്തിലൂടെ ഒഴുകി നദിയില്‍ പതിച്ചതാകാം ഇതെന്നാണ് കരുതുന്നത്. ആദ്യം കരടിയുടെ തലയെന്നാണു കരുതിയതെങ്കിലും വൈകാതെ ഇത് ഭീമന്‍ ചെന്നായുടെ തലയാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞു.
മച്ചാനെ ആ മെനകെട്ടവന്റെ പരിപാടിക്കൊന്നും പോയേക്കല്ലേ… ആസിഫ് അലിയോട് ആരാധകര്‍ പറയുന്നു. പൂഞ്ഞാര്‍മണ്ഡലത്തിലുള്ള മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അനുമോദന ചടങ്ങില്‍ ആസിഫ് അലിയോട് പങ്കെടുക്കരുതെന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന.
മണ്ഡലത്തിലെ എംഎല്‍എ പിസി ജോര്‍ജാണ് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍. പിസിയോടുള്ള വെറുപ്പാണ് പുറത്തുവരുന്നത്. മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങള്‍ എന്ന് പറയുന്ന പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.
ഫോണ്‍ സംഭാഷണം വൈറലായപ്പോള്‍ പിസി ജോര്‍ജ്ജ് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, പിസിയോടുള്ള കലിപ്പ് മാറിയില്ല. പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെയാകെ തീവ്രവാദി എന്നു വിളിച്ച ആളാണ് പിസി, ദയവായി അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.. എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക.. എന്നാണു മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. ‘ആസിഫ്, താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’ എന്നും പറയുന്നുണ്ട്.
സൗത്ത് കാരലൈനയിൽ ഒരു വയസ്സ് മുതൽ 8 വയസ്സ് വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോൺസിന് (37) ലക്സിംഗ്ടൺ കൗണ്ടി ജൂറി ഐക്യകണ്ഠേനെ വധശിക്ഷ വിധിച്ചു. 2014 ഓഗസ്റ്റിലായിരുന്നു സംഭവം. 2019 ജൂൺ 13 വ്യാഴാഴ്ചയായിരുന്നു ജൂറി ശിക്ഷ വിധിച്ചത്. ആറു വയസ്സുള്ള നാഥാൻ അമ്മയെ കൂടുതൽ സ്നേഹിച്ചിരുന്നതിനാൽ ആദ്യം ഈ കുട്ടിയെയാണ് ടിം കൊലപ്പെടുത്തിയത്. മീറ (8), ഇല്ലിയാസ് (7), ഗബ്രിയേൽ (2), അബിഗെയ്ൽ (1) എന്നിവരെ പിന്നീട് ക്രൂരമായി കൊലപ്പെടുത്തി.
അഞ്ചു കുട്ടികളുടേയും മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി എസ്‌യുവിയുടെ പുറകിലിട്ടു ഒൻപത് ദിവസമാണ് ചുറ്റിക്കറങ്ങിയത്. പിന്നീട് ഹിൽ ടോപ്പിൽ ഉപേക്ഷിക്കുകയും ചെയ്തു. 2014 സെപ്റ്റംബർ 6 ന് ടിം ജോൺസ് പോലീസ് പിടിയിലായി. തുടർന്ന് പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അലബാമയിൽ നിന്നും കുട്ടികളുടെ ജഡം കണ്ടെത്തി. കൊലപാതകത്തിനു മുമ്പ് ഇയാൾ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നു ബേബി സിറ്റർമാർ മൊഴി നൽകിയിരുന്നു.
ടിം ജോൺസും ഭാര്യ ആംമ്പർ കൈസറും വിവാഹമോചനം നേടിയിട്ടും മക്കളെ നോക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരുന്നതിനാൽ ടിമിനെയാണ് കുട്ടികളെ ഏൽപിച്ചിരുന്നത്. കംപ്യൂട്ടർ എൻജിനീയറായിരുന്ന ടിം മയക്കു മരുന്നിനടിമയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മാതാവിന് കുട്ടികളെ കാണാൻ അവസരം ലഭിച്ചിരുന്നത്. 80,000 ഡോളർ ശമ്പളം വാങ്ങിയിരുന്ന ഇന്റൽ കംപ്യൂട്ടർ എൻജിനീയറായിരുന്നു ടിം. വിവാഹ മോചനത്തിനുശേഷം കുട്ടികളെ മാതാവിനു വിട്ടു കൊടുക്കയില്ല എന്ന വാശിയാണ് ഇയാളെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്.
‘എന്റെ കുഞ്ഞുങ്ങളോട് അയാൾ കരുണ കാണിച്ചില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോൾ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവർ അമ്പരന്നു.
വിവാഹമോചനത്തിന് ശേഷം മക്കളെ കാണാൻ പലപ്പോഴും ജോൺസ് അനുവദിച്ചിരുന്നില്ലെന്ന് കൈസർ പറയുന്നു. മക്കളെ അയാൾക്കൊപ്പം ജീവിക്കാൻ വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. അവരെ കാണാൻ പോകാതിരുന്നത് കൊണ്ട് എനിക്ക് അവരോട് സ്നേഹമില്ലെന്ന് അവർ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങൾ മരിച്ചതെങ്കിൽ, അതെനിക്ക് മരണതുല്യമാണ്”- കോടതിമുറിയിൽ കൈസർ പൊട്ടിക്കരഞ്ഞു.
‘ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാൻ കരുതിയത്. കംപ്യൂട്ടർ എഞ്ചിനിയർ ആയിരുന്നു ജോൺസ്, നല്ല ശമ്പളം. എന്നെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് എന്നെ തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികൾക്ക് നൽകുമെന്ന് പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ – കൈസർ പറഞ്ഞു.
നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി സാമൂഹ്യപ്രവർത്തകൻ കോടതിയെ അറിയിച്ചു. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവർ ജോണിന്റെ അച്ഛന് ജന്മം നൽകി. ജോണിന്റെ അമ്മക്ക് ഷിസോഫ്രീനിയ എന്ന മാനസിക രോഗമായിരുന്നു. ജോണിന് മൂന്ന് വയസ്സുള്ളപ്പോൾ അവർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വർഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു.
സ്വന്തം അച്ഛൻ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ആചാരങ്ങളുടെ പേരിൽ ശുചിമുറിയിൽ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടെ ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകളിൽ പറയുന്നു. മൂന്ന് തലമുറകളിലായി നടന്നുവന്ന പീഡനം, സ്വന്തം കുടുംബാഗങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമം, മർദനം, മയക്കുമരുന്ന്, വേശ്യാവൃത്തി, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെയും ബാധിച്ചു.
വിവാഹമോചനത്തിന് ശേഷമാണ് ജോൺ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയത് എന്നാണ് ജോണിന്റെ അഭിഭാഷകരുടെ വാദം. ഇരുവരും പിരിഞ്ഞതിന് ശേഷം ആറുവയസ്സുള്ള മകൻ മുൻ ഭാര്യയുമായി ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി സംശയിച്ചിരുന്നുവെന്ന് ജോൺസ് കോടതിയിൽ അറിയിച്ചു. ആ മകനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റ് മക്കളെ കൊല്ലാൻ ജോൺസ് തീരുമാനിച്ചത്.
എട്ടുവയസ്സുകാരി മെറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കഴുത്തുഞെരിച്ചും രണ്ടുവയസ്സുള്ള ഗബ്രിയേലിനെയും ഒരു വയസ്സുള്ള അബിഗെയ്‌ലിനെയും ബെൽറ്റ് കഴുത്തിൽ മുറുക്കിയുമാണ് ജോൺസ് കൊലപ്പെടുത്തിയത്. ഭാര്യ ഇനി മക്കളെ കാണാതിരിക്കാനാണ് ജോൺസ് കൊല നടത്തിയത് എന്ന് പ്രോസിക്യൂഷൻ അറിയിച്ചു.