കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തേക്കായുള്ള തർക്കം മുറുകുന്നതിനിടെ പി.ജെ ജോസഫിന് പാർട്ടിയിൽ പിന്തുണയേറുന്നു. ജോസഫ് വിഭാഗം യോഗത്തില്‍ കൂടുതല്‍ മാണിപക്ഷനേതാക്കള്‍ പങ്കെടുത്തു.

ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി. തോമസ് , കൊല്ലം ജില്ലാ പ്രസിഡന്റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് യോഗത്തിനെത്തിയത്.

സി.എഫ് തോമസിനെ ചെയര്‍മാനാക്കിയുള്ള പി.ജെ ജോസഫിന്റ ഒത്തുതീര്‍പ്പ് നിര്‍ദേശം ജോസ് കെ മാണി വിഭാഗം നേരത്തെ തള്ളിയിരുന്നു. പുറത്ത് പറഞ്ഞിട്ടല്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടാണ് സമവായമുണ്ടാക്കേണ്ടെതെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ നിര്‍ദേശം മുന്‍പേയുള്ളതാണെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.

സി.എഫ് തോമസ് ചെയര്‍മാന്‍,ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാന്‍,പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വര്‍ക്കിങ് ചെയര്‍മാനും പി.ജെ ജോസഫ്. ഇതായിരുന്നു ജോസഫിന്റ ഒത്ത് തീര്‍പ്പ് നിര്‍ദേശം. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഒരുതീര്‍പ്പ് നിര്‍ദേശവും അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയാണ് സമവായമുണ്ടാക്കേണ്ടതെന്നും അല്ലാതെ മാധ്യമങ്ങളോടല്ല സമവായ നിര്‍ദേശം പറയേണ്ടതെന്നും റോഷി അഗസ്റ്റിനും എന്‍ ജയരാജും പറഞ്ഞു.

നിര്‍ദേശം എതിര്‍വിഭാഗം പൂര്‍ണമായും തള്ളിയതോടയാണ് ജോസഫ് വിഭാഗം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ അടിയന്തരയോഗം ചേര്‍ന്നത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. ജോസ് കെ മാണിവിഭാഗത്തിന് കുറെ കാര്യങ്ങള്‍ കൂടി ബാക്കി കൂടി ഉടന്‍ ബോധ്യപ്പെടുമെന്നുമായിരുന്നു യോഗശേഷം പി.ജെ ജോസഫിന്റ പ്രതികരണം . പാര്‍ട്ടിയിലെ ഉയര്‍ന്ന കമ്മിറ്റികളായിരിക്കും ആദ്യം വിളിക്കുകയെന്നും സംസ്ഥാനകമ്മിറ്റി ഉടനില്ലെന്നും ജോസഫ് വ്യക്തമാക്കി.