സിനിമാരംഗത്ത് തനിക്ക് വേഷങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും പല കളികള്‍ നടത്തുന്നുവെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും ലഭിക്കാതിരിക്കാന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ് വ്യക്തമാക്കുന്നു. ”ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഗോകുല്‍ തുറന്നു പറഞ്ഞത്.
അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഗോകുല്‍ പറഞ്ഞു. എന്നാല്‍ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, കൂടി അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും അതെ, മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ലെന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി,
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം. സഭയില്‍ നിന്ന് പുറത്ത് പോകണമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നുമാണ് സിസ്റ്ററിന് നല്‍കിയ മുന്നറിയിപ്പ്. കാനന്‍ നിയമപ്രകാരം ഒരു കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ ലംഘിച്ചുവെന്നാണ് പ്രധാനകാരണമായി നോട്ടീസില്‍ പറയുന്നത്. ശമ്പളം സഭയ്ക്ക് നല്‍കാതിരിക്കുന്നതും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും കാര്‍ വാങ്ങിയതുമെല്ലാം നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏപ്രില്‍ 16 വരെയാണ് സിസ്റ്ററിന് സ്വയം പുറത്ത് പോകാനായി സഭ അനുവദിച്ച സമയം. അതേസമയം പുറത്ത് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുന്‍പ് നല്‍കിയ നോട്ടീസിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ക്കെതരെ വീണ്ടും നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സിസ്റ്ററുടെ പ്രതികരണം.
കുവൈത്ത് സിറ്റി∙ വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുന്ന പദ്ധതി നിലവിൽ വന്നു. ആദ്യഘട്ടമായി ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഇന്നലെ മുതൽ ഒഴിവാക്കി. താമസിയാതെ മുഴുവൻ വിദേശികളുടെയും പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും.
ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള അപേക്ഷ ഇന്നലെ മുതൽ ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. പുതിയ സിവിൽ ഐഡി കാർഡ് ഇഖാമ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങിയതായിരിക്കും. പാസ്പോർട്ട് നമ്പർ ഉൾപ്പെടെ ചേർത്തിട്ടുള്ള സിവിൽ ഐഡി കാർഡ് വിമാനത്താവളങ്ങളിലും രാജ്യാതിർത്തികളിലും പുറത്തേക്ക് പോകുന്നതിനും കുവൈത്തിലേക്ക് വരുന്നതിനും വേണം.
പുതിയ സിവിൽ ഐഡി കാർഡ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായി മുഴുവൻ വിദേശികൾക്കും സിവിൽ ഐഡി നൽകുന്നത് താമസാനുമതികാര്യ വിഭാഗം നിർത്തിവച്ചു. ഒട്ടേറെ പേരുടെ പാസ്പോർട്ടിലെയും സിവിൽ ഐഡിയിലെയും പേര് പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് അത്. അറബി ഭാഷയിൽ അല്ലാത്ത പേരുകൾ പലരും ഓട്ടമേറ്റഡ് പരിഭാഷ സംവിധാനം വഴി പരിഭാഷപ്പെടുത്താൻ സാധിക്കാത്തതടക്കമുള്ള കാരണങ്ങളുണ്ട് പേരിലെ വ്യത്യാസത്തിന്. (ഉദാ: പാസ്പോർട്ടിൽ അബ്ദുൽ അസീസ് ആമ്പിച്ചിക്കാട്ടിൽ എന്ന് പേരുള്ളയാളുടെ സിവിൽ ഐഡിയിലെ പേര് ആമ്പിച്ചിക്കാട്ടിൽ അബ്ദുൽ അസീസ് എന്നാണ്.) ഇഖാമ പുതുക്കുന്നതിനുള്ള പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് മുൻപായി പാസ്പോർട്ടിലെയും ഇഖാമയിലെയും പേരിലെ പൊരുത്തക്കേട് മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ ഖാദർ അൽ ശബാൻ വിദേശികളോട് അഭ്യർഥിച്ചു. വിവിധ മേഖലകളിലുള്ള താമസാനുമതികാര്യ വിഭാഗം ഓഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്. ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ടിന്റെ ഫോട്ടോകോപ്പി, പേരിലെ വ്യത്യാസം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ എന്നിവയും ഒപ്പം വയ്ക്കണം. പുതിയ സിവിൽ ഐഡിക്കുള്ള അപേക്ഷയ്ക്ക് മുൻപ് പേരിലെ പൊരുത്തക്കേട് ശരിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു
അതിക്രൂരമായ കൊലപാതകം നടന്നതു കൊലയാളികളിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനു ശേഷം. ലഹരിയിൽ കൂത്താടി പിറന്നാൾ ആഘോഷിക്കുന്ന കൊലയാളി സംഘത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തു തന്നെയാണു പിറന്നാൾ ആഘോഷവും. ലഹരിയിൽ മുങ്ങിയ പിറന്നാൾ ആഘോഷത്തിനു ശേഷം അനന്തുവിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന
അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണിവ. കൊലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. ആളൊഴിഞ്ഞ തോട്ടത്തിൽ വൃക്ഷങ്ങൾക്കിടയിൽ എന്തു നടന്നാലും പുറത്താരും അറിയില്ല. ദേശീയ പാതയോരത്തായിട്ടും കൊലപാതകം ആരും അറിയാതിരുന്നതിന്റെ കാരണമിതാണ്
വിഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. ഈ യുവാവിനെ പൊലീസിനു പിടികിട്ടിയിട്ടുമില്ല. കാവി മുണ്ടാണ് ഉടുത്തിരിക്കുന്നത്. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. തോട്ടത്തിനുള്ളിലെ തകർന്ന കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിൽ കയറിയിരുന്നാണു മദ്യപാനവും മയക്കുമരുന്നുപയോഗവും. വിഡിയോയിൽ എട്ടോളം പേരെ കാണാം. ഹാപ്പി ബർത്ത്ഡേ ടു യൂ എന്ന ഗാനവും ഇതിനിടെ സംഘാംഗങ്ങളിലൊരാൾ പാടുന്നുണ്ട്
കൃത്യമായ പദ്ധതി തയാറാക്കിയാണ് കരമനയിൽ അനന്തുഗീരീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുന്നോടിയായി കൊലപാതകം നടത്തിയ സ്ഥലത്ത് എട്ടംഗസംഘം ആഘോഷവും നടത്തി. ഇതിനു പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്നു പദ്ധതി തയ്യാറാക്കി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഡാലോചനയുടെ ഭാഗമായി.ആഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ മദ്യവും മയക്ക് മരുന്നുമുണ്ടായിരുന്നു.
ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിന് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടി നിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി സ്പാർക്ക് പ്ലഗിലേക്കുള്ള വയർ മുറിച്ചു കളഞ്ഞു
അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബല പ്രയോഗം നടത്തിയിരുന്നില്ല. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം അനന്തുവിനെ കാട്ടിലെ ഒളി സംഘത്തിൽ കൊണ്ടു പോയി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന ക്രൂരമായി മർദ്ദിച്ചു. വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞത്.
അനന്തുഗിരീഷിന്റെ കൈകളിലെ ഞരമ്പു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌് കൊലപാതക സംഘത്തിലെ വിഷ‌്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണ് കത്തി ഉപയോഗിച്ച് മാംസം അറുത്തെടുത്തതെന്നു പിടിയിലായവർ പൊലീസിന‌് മൊഴി നൽകി. വിഷ‌്ണു ഉൾപ്പെട്ട എട്ടു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്.ഇവർ സംസ്ഥാനം വിട്ടു കഴിഞ്ഞു. ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതിക്രൂര മർദനമാണ‌് അനന്തുവിന‌് ഏറ്റത‌്
അംഗ സംഘം പന്നിക്കൂട്ടിലിട്ട‌് വളഞ്ഞിട്ട‌് മർദിച്ചു. കരിക്ക‌്, തടി എന്നിവ ഉപയോഗിച്ച‌് തലക്കടിച്ചു. കൈകളിലെ ഞരമ്പ‌് ഉൾപ്പെടെയുള്ള ഭാഗം കത്തി കൊണ്ട‌് അറുത്തെടുത്തു. അനന്തു രക്തം വാർന്ന‌് പിടയുന്നത‌് കണ്ട‌് കൊലയാളികൾ രസിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌് സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു
തെളിവെടുപ്പിന് എത്തിച്ചപ്പോഴും കൂസലില്ലാതെ പിടിയിലായ പ്രതികൾ. കഞ്ചാവ് ലഹരിയിൽ സമപ്രായക്കാരനെ അരുംകൊല ചെയ്തതിന് പിടിയിലായിട്ടും ഒട്ടും കുലുങ്ങാതെയാണ് തെളിപ്പെടുപ്പിന് അഞ്ചംഗ സംഘം പൊലീസിനൊപ്പം എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് അറസ്റ്റിലായ കിരൺകൃഷ്ണൻ , മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരെ തെളിവെടുത്തത്.
ഫോർട്ട് എസി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുക്കാൻ എത്തിച്ചത്. വലിയ ജനക്കൂട്ടത്തിന് നടുവിലും പൊലീസ് വലയത്തിൽ തല ഉയർത്തി നിന്ന പ്രതികൾ കൊലപാതക രീതികൾ ഉൾപ്പെടെ അഭിനയിച്ചു കാണിച്ചു. മാധ്യമ സംഘങ്ങൾക്ക് ഒപ്പം പൊലീസ് പ്രതികളുമായി എത്തിയതോടെ സംഭവം നടന്ന നീറണൺകരയിൽ വൻ ജനക്കൂട്ടവും തടിച്ചു കൂടി. കനത്ത പൊലീസ് വലയത്തിലാണ് ദേശീയ പാതയ്ക്ക് സമീപം നീറമൺകര ബിഎസ്എൻഎൽ പുറമ്പോക്ക് ഭൂമിയിലെ സംഭവ സ്ഥലത്ത് ഇവരെ എത്തിച്ചത്.
മാധ്യമ ക്യാമറകൾക്ക് നടുവിലൂടെ പ്രതികളുമായി പൊലീസ് സ്ഥലത്തെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും കാട്ടിനുള്ളിലാണ് കൊലയാളികളുടെ സങ്കേതം. റോഡിൽ നിന്ന് നോക്കിൽ ആർക്കും ഭയം തോന്നുന്ന വഴികളിലൂടെ രാത്രിയും പകലും കൊലയാളി സംഘം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. അനന്തുവിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് എത്തിച്ച പ്രതികളോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി
കൂടാതെ മർദിച്ച് അവശനാക്കി അനന്തുവിനെ കിടത്തിയ സ്ഥലവും കൊലപാതക രീതിയും പ്രതികൾ അഭിനയിച്ച് കാണിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഓരോരുത്തരോടും പൊലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചു. 40 മിനിട്ടോളം നീണ്ട തെളിവെടുപ്പിന് ശേഷവും പ്രതികൾക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. തുടർന്നു അനന്തുവിനെ തട്ടികൊണ്ടു പോയ അരശുംമൂട്ടിലും തെളിവെടുപ്പ് നടത്തി
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡിലെ തിരക്കേറിയ മുസ്‌ലിം പള്ളിയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. സിറ്റി ഓഫ് െ്രെകസ്റ്റ്ചര്‍ച്ചിലെ പള്ളിയിലാണു ആക്രമണം.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര്‌ക്കെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്.
സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായി സിഡബ്ല്യുആര്‍ഡിഎം പരിശോധനയില്‍ കണ്ടെത്തി. മഴക്കുറവിന്റെ കണക്കുകള്‍ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടതിലും ഇത് സംബന്ധിച്ച സൂചനകളാണ് നല്‍കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ മഴ ഉണ്ടായിട്ടേയില്ല എന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ വലിയതോതില്‍ മഴയുടെ കുറവുണ്ടായി. ഇത് ഈ ജില്ലകളില്‍ ചൂട് ക്രമാതീതമായി ഉയരാനും കാരണമായി.
നദികളില്‍ നീരൊഴുക്ക് നിലയ്ക്കുകയും വറ്റാനും ആരംഭിച്ചു എന്ന് സിഡബ്ല്യുആര്‍ഡിഎം വ്യക്തമാക്കുന്നു. കിണറുകളിലെ ജലനിരപ്പും ആശങ്കാജനകമാംവിധം താഴുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭ്യമാകേണ്ട മഴയുടെ അളവിലുണ്ടായ സാരമായ കുറവാണ് ജലക്ഷാമത്തിലെത്തിച്ചത്. 38 ശതമാനം വരെയാണ് കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയുടെ കുറവ് രേഖപ്പെടുത്തിയത്. തുലാവര്‍ഷത്തില്‍ 15 ശതമാനം കുറവുണ്ടായ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം ഒരുമീറ്റര്‍ വരെ താഴ്ന്നു. 38 ശതമാനം മഴകുറവുണ്ടായ ഇടങ്ങളില്‍ ഭൂഗര്‍ഭജല വിതാനത്തിലെ വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.
ഉയര്‍ന്ന താപനില ബാഷ്പീകരണ തോത് ക്രമാതീതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും വെള്ളത്തിന്റെ അളവ് കുറയാനിടയാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലും മാര്‍ച്ച് ആദ്യവാരവും സംസ്ഥാനത്ത് കാര്യമായി മഴയുണ്ടായില്ല. പ്രളയശേഷം കേരളത്തില്‍ കാര്യമായ മഴ ലഭിച്ചിട്ടില്ല. മാര്‍ച്ച് ആദ്യവാരം വരെയുള്ള നിരീക്ഷണം അനുസരിച്ച് ഭൂഗര്‍ഭജലവിതാനം ഗണ്യമായി താഴുകയാണ്. നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍, വനവിസ്തൃതിയിലുണ്ടായ കുറവും ഭൂഗര്‍ഭജല പരിപോഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഭൂര്‍ഗര്‍ഭ ജലം താഴ്ന്നതും ജലസ്രോതസ്സുകള്‍ വറ്റുന്നതും ഗൗരവത്തില്‍ എടുക്കണമെന്നും സിഡബ്ല്യുആര്‍ഡിഎം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിലെ പല ജില്ലകളിലും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ ലഭിച്ച മഴയുടെ അളവ് ആശങ്കപ്പെടുത്തുന്നതാണ്. സാധാരണ ഗതിയില്‍ ഈ മാസങ്ങളില്‍ കേരളത്തില്‍ 24.4 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നയിടത്ത് ഇത്തവണ 13.1മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ പൂജ്യം മില്ലിമീറ്റര്‍ മഴലഭിച്ചു അഥവാ മഴയുണ്ടായില്ല. ആലപ്പുഴയില്‍ മൂന്ന് മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയില്‍ 93 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 32 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ച മഴ 7.2 മില്ലിലിറ്റര്‍. -78 ശതമാനംകുറവ്. മലപ്പുറം- 0.4എംഎം(ലഭിക്കേണ്ടത്-5.6, കുറവ്- -92), തൃശൂര്‍-3.6 (ലഭിക്കേണ്ടത്-10.9, കുറവ്- -67), തിരുവനന്തപുരം-11.9 (ലഭിക്കേണ്ടത്- 40.4, കുറവ്- -70). ഇടുക്കി, കോട്ടയം,പാലക്കാട് ജില്ലകളിലും യഥാക്രമം -27,-56,-59 ശതാമനം മഴ കുറവ് രേഖപ്പെടുത്തി. വയനാട്, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് സാധാരണ ലഭിക്കേണ്ടചിനനുസൃതമായ രീതിയില്‍ മഴ ലഭിച്ചത്.
ആലപ്പുഴ, കോഴിക്കോട്,കാസര്‍കോഡ്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ താപനിലയില്‍ 5ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ കാരണമായത് മഴകുറവ് മൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും കൂടതല്‍ ചൂടുയര്‍ന്നത് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ്. 3 ഡിഗ്രി സെല്‍ഷ്യസ് മുല്‍ 5 ഡിഗ്രി വരെ താപനില ഉയര്‍ന്നു. ആലപ്പുഴയാണ് തൊട്ടുപിന്നില്‍. 2.5 മുല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ഉയര്‍ച്ചയുണ്ടായതായി കണക്കുകള്‍ പറയുന്നു. വേനല്‍ കടുക്കുന്നതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂടും, ജലക്ഷാമവും ഏറുമെന്ന് ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫർ ഉടൻ പ്രദർശനത്തിനെത്തുകയാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തില്‍ ടൊവീനോ, ഇന്ദ്രജിത്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, നൈല ഉഷ തുടങ്ങി വൻ താര നിര തന്നെ അണിനിരക്കുന്നു. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ ടൊവീനോ പങ്കു വെച്ചു
നമുക്ക് ഇഷ്‍ടപ്പെടുന്ന നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. വളരെ കൗതുകത്തോടെ കാണുന്ന സിനിമയാണ് അത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഞാൻ അതില്‍ ഉണ്ടെന്ന് അറിയുമായിരുന്നില്ല. കുറച്ച് കഴിഞ്ഞാണ് എന്നെ വിളിച്ച് പറയുന്നത്, ഒരു വേഷം ചെയ്യാമോ എന്ന്. ഞാൻ വളരെ സന്തോഷത്തോടെ അത് ഏറ്റു. ഞങ്ങള്‍ വളരെ കൗതുകത്തോടെ കാത്തിരുന്ന ഒരു കൈകോര്‍ക്കലാണ് മോഹൻലാലെന്ന നായകനും പൃഥ്വിരാജനെന്ന സംവിധായകനും തമ്മിലുള്ളത്.
അപ്പോള്‍ അതില്‍ ചെറുതെങ്കിലും, പ്രധാന്യം ഉള്ളതെന്ന് വിശ്വസിക്കുന്ന വേഷം ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്.. കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ സിനിമ കണ്ടറിയുന്നതാണ് നല്ലത്. ഞാൻ ഡബ്ബ് ചെയ്‍ത ഭാഗങ്ങള്‍ കണ്ടപ്പോള്‍ മറ്റ് സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ പോസറ്റീവ് അനുഭവം ആണ്. സിനിമ വലിയ വിജയവും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതും ആയ സിനിമ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു, അങ്ങനെ വിചാരിക്കുന്നു -ടൊവിനോ പറയുന്നു.
തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി പീഡന കേസ് സിബിഐക്ക് കൈമാറി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംഭവത്തില്‍ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ നടന്നു.
പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ചെന്നൈയിലും ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലടക്കം പ്രതിഷേധമുയര്‍ന്നു. ഗുണ്ടാ നിയമം മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നെന്നാണ് പ്രധാന ആരോപണം. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം വേണമെന്നാണ് ആവശ്യം.
സിബിസിഐഡിയാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. പ്രതികളെ നാട്ടുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നൂറോളം യുവതികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.
തിരുവനന്തപുരം അമ്പലത്തറ അൽ- ആരിഫ് ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി. ബീമാപള്ളി സ്വദേശിയായ മുപ്പത്തിയൊന്നുകാരിയാണ് പ്രസവ ശസ്ത്രക്രിയയേത്തുടർന്ന് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
നസിയാബീവിയെ തിങ്കളാഴ്ചയാണ് സ്കാനിങിനായി ആശുപത്രിയിലെത്തിച്ചത്. ഏപ്രിലിൽ ആറിനായിരുന്നു പ്രസവത്തീയതിയെങ്കിലും ഡോക്ടർമാർ പെട്ടെന്നുതന്നെ സിസേറിയൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ ആൺകുഞ്ഞിന് ജന്മം നൽകിയ നെസിയയെ രാവിലെ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഉച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് മരണവും സംഭവിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം നിരാകരിച്ചതായും മരണവിവരം മണിക്കൂറുകളോളം മറച്ചു വച്ചതായും ബന്ധുക്കൾ ആരോപിച്ചു.
നൂറു കണക്കിന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥയായി. ലേബർ റൂമിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. നാലാമത്തെ പ്രസവമായിരുന്നു നെസിയാ ബീവിയുടേത് . യുവതിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പ്രസവത്തെത്തുടര്‍ന്ന് നില വഷളാവുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുംബൈയിൽ നടപ്പാലം തകർന്നുവീണ് അഞ്ചുപേർമരിച്ചു. ഇരുപതുപേർക്ക് പരുക്കേറ്റു. മരിച്ചവരിൽ രണ്ടുപേര്‍ സ്ത്രീകളാണ്. സിഎസ്ടി റയിൽവേ സ്റ്റേഷനുസമീപം, റോഡിന് കുറുകെയുള്ള പാലമാണ് നിലംപതിച്ചത്.
രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് പുറത്തേക്കുളള നടപ്പാലമാണിത്. ഇരുമ്പുപാളികൾകൊണ്ട് നിർമിച്ചപാലത്തിന്റെ നടപ്പാത കോൺക്രീറ്റ് പാളികളായിരുന്നു. ഈ ഭാഗമാണ് താഴേക്കുവീണത്. ഈസമയം റോഡിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളുടെ മുകളിലും ആളുകൾ വന്നുവീണു. പരുക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ജിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടേയുംനില ഗുരുതരമാണ്.