ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെയും കേസെടുക്കാന്‍ പൊലീസിന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ട ഏഴുവസുകാരന്റെ അമ്മയ്ക്കെതിരെയും കേസെടുക്കാനാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കി അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കാനായിരുന്നു പൊലീസ് നീക്കം.

എന്നാല്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് പലതവണ കണ്ടുനിന്നിട്ടും കുട്ടികളുടെ അമ്മ പ്രതികരിച്ചില്ലെന്നും, പരാതി നല്‍കിയില്ലെന്നും, പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതി അരുണ്‍ ആനന്ദിനെ ഭയന്നിട്ടാണ് പ്രതികരിക്കാത്തതെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. വീണ്ടും രഹസ്യമൊഴിയെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം ഇളയ കുട്ടിയെ, കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൈമാറി. അമ്മയുടെ അടുത്ത് ഇളയകുട്ടി സുരക്ഷിതനല്ലെന്ന ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇളയ കുട്ടി ഒരു മാസം മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പം കഴിയും.