കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു വ്യക്തമായി. ചിലമ്പികുന്നേൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകൾ സിനി (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻപ്ലാപ്പള്ളി സ്വദേശി സജിയെ (35) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസിൽ വഴിത്തിരിവായത്. പൊലീസ് സംശയിക്കുന്നതറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യാശ്രമവും നടത്തി. അന്വേഷണം സജിയിലേക്കെത്താൻ ഇതും കാരണമായി. സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടിയിൽ സിനിയുടെയും തങ്കമ്മയുടെയും തലയിൽ അടിയേറ്റ തരത്തിലുള്ള മുറിവുകൾ കണ്ടെത്തിയതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇരുവരുടെയും തലയോട്ടിയിൽ ആഴത്തിൽ മുറിവുകളുണ്ടെന്ന കാര്യം പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു.
പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
ആറു വർഷം മുൻപ് തങ്കമ്മയുടെ ഭർത്താവ് കുട്ടപ്പൻ മരിച്ചിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയിൽ പ്രധാന റോഡിൽ നിന്നും 400 മീറ്റർ മുകളിലാണു ഇവർ താമസിക്കുന്ന വീട്. അയൽപക്കത്ത് മറ്റു വീടുകൾ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്പിലെ ജോലികൾ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ
പ്ലാപ്പള്ളി ചിലമ്പിക്കുന്നേൽ വീടിന്റെ പരിസരത്തു നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു വ്യാഴാഴ്ച നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്തെന്നായിരുന്നു നാട്ടിൽ പ്രചരിച്ചത്. എന്നാൽ, മൃതദേഹങ്ങളുടെ കിടപ്പും ഇൻക്വസ്റ്റ് നടപടികളുടെ റിപ്പോർട്ടും കിട്ടിയതോടെ പൊലീസ് ഉറപ്പിച്ചു; ഇതു കൊലപാതകമാണ്. എന്നാൽ, നാട്ടിൽ പരന്ന ആത്മഹത്യയെന്ന കഥ പൊലീസ് തിരുത്തിയില്ല.
മോഷണത്തിനായുള്ള കൊലപാതകമാണോ എന്നായിരുന്നു പിന്നീട് അന്വേഷണം പക്ഷേ, ആറു പവനോളം സ്വർണം വീടിനുള്ളിൽ നിന്നു കണ്ടെത്തിയതോടെ ഇൗ നിഗമനം ഉപേക്ഷിച്ചു. തുടർന്നാണ് ഇവരുമായി അടുപ്പമുള്ള ചുരുക്കം ചില ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അപ്പോഴും സജി സംശയത്തിന്റെ പട്ടികയിൽപ്പെട്ടിരുന്നില്ല.
സുഹൃത്തുക്കളുമായി ചേർന്നു സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സജിക്കു സിനിയുടെ മേൽ കണ്ണുണ്ടായിരുന്നെന്നു വെളിപ്പെടുത്തി. ഈ വിവരം പൊലീസിന്റെ ചെവിയിലെത്തിയതോടെ സജിയെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. ഇതറിഞ്ഞതോടെയാണു സജി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേ തുടർന്നു പൊലീസ് സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സജി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ലിസ്ബൺ: പോർച്ചുഗലിൽ മസ്തിഷ്ക മരണം സംഭവിച്ച അമ്മ കുഞ്ഞിനു ജന്മം നല്‍കി. മുൻ അന്താരാഷ്ട്ര തോണിതുഴച്ചിൽ താരമായിരുന്നു കാതറീനാ സെക്വീറനാണ് ആണ്‍കുഞ്ഞിനു ജ·ം നല്‍കിയത്. പോർട്ടോയിൽ സെന്റ് ജോർജ് ആശുപത്രിയിലാണു സംഭവം. വെന്റിലേറ്ററുടെ സഹായത്തോടെ കുഞ്ഞിന്റെ പൂർണ സംരക്ഷണം ഉറപ്പാക്കിയതിനുശേഷമായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. കടുത്ത ആസ്ത്മ രോഗത്തെത്തുടർന്ന് വളരെ നേരത്തെ തന്നെ സ്പോർട്സിൽ നിന്നു വിരമിക്കേണ്ടി വന്ന കാതറീനയ്ക്ക് ഇരുപത്തിയാറാം വയസിൽ, കുഞ്ഞിന് അഞ്ചുമാസം വളർച്ചയുള്ളപ്പോൾ ആസ്ത്മ അറ്റാക്കുണ്ടായി.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏറെ നേരം തടസപ്പെട്ടതിനാൽ ശരീരത്തിനു തളർച്ച ബാധിച്ചു. കഴിഞ്ഞവർഷം ഡിസംബർ 26 നു കാതറീനയുടെ മസ്തിഷ്ക്കമരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിപ്പോന്നത്. സാൽവദോർ എന്ന് കുട്ടിക്കു പേരു നല്‍കി. നിയോ നേറ്റൽ ഐസിയുവിൽ സാൽവദോർ സുഖമായിരിക്കുന്നു
മോസ്കോ: റഷ്യയിലെ എസ്7 എയർലൈൻസ് സഹ ഉടമയും റഷ്യയിലെ അതിസന്പന്നയുമായ നതാലിയ വലേറിയെവ്ന ഫിലേവ(55) വിമാനാപകടത്തിൽ മരിച്ചു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഈഗിൾബാഷ് വിമാനത്താവളത്തിനു സമീപത്തെ പാടത്ത് ഇന്നലെ ഉച്ചയോടെ തകർന്നുവീണ വിമാനം തീഗോളമായി മാറി. നതാലിയയുടെ പിതാവും അപകടത്തിൽ മരിച്ചു.
പിതാവിന്റെ വൈദ്യപരിശോധനയ്ക്കായാണ് ഫ്രാൻസിലെ കാൻസിൽനിന്ന് എപിക്-എൽടി എന്ന സ്വകാര്യ വിമാനത്തിൽ ഇവർ ജർമനിയിലേക്കു തിരിച്ചത്. പൈലറ്റ് ഉൾപ്പെടെ ആറു സീറ്റുള്ള വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും റഷ്യൻ പൗരന്മാരാണ്. അപകടകാരണം വ്യക്തമല്ലെന്നു കന്പനി അധികൃതർ അറിയിച്ചു. റഷ്യൻ സേഫ്റ്റി അഥോറിറ്റി ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നു ജർമൻ ഫെഡറൽ ബ്യൂറോ ഓഫ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷന്റെ(ബിഎഫ്യു) പ്രതിനിധി പറഞ്ഞു.
റഡാർ പരിധിയിൽനിന്നു വിമാനം അകന്നുപോയതിനെക്കുറിച്ച് പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നു ജർമനി എയർ ട്രാഫിക് കൺട്രോൾ എജൻസി ഡിഎഫ്എസ് പത്രക്കുറിപ്പിറക്കി. സാങ്കേതിക തകരാർമൂലം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാമെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് 4166 കോടി രൂപയുടെ ആസ്തിക്ക് ഉടമയായിരുന്നു നതാലിയ. റഷ്യയിലെ രണ്ടാമത്തെ വിമാനക്കന്പനിയായ എസ്7 എയർലൈൻസിന്റെ(സൈബീരിയൻ എയർലൈൻസ്) പ്രധാന ഓഹരിയുടമകൂടിയായിരുന്നു നതാലിയ.
അടിയൊഴുക്കുകളും അട്ടിമറികളും ഉള്ളിലൊളിപ്പിച്ച് ഇടതിനെയും വലതിനെയും നെഞ്ചിലേറ്റുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. വന്പന്മാരെ വീഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത പാരന്പര്യം. യുഡിഎഫ് സ്ഥാനാർഥി കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാനും, എൽഡിഎഫ് സ്ഥാനാർഥിയായ അരൂർ എംഎൽഎ എ.എം. ആരിഫുമാണ് പ്രധാന എതിരാളികൾ. പിഎസ്സി മുൻ ചെയർമാനും സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന് എന്‌ഡിഎ സ്ഥാനാർഥിയാണ്. 15 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എട്ടു തവണ ജനവിധി വലതുപക്ഷത്തിനനുകൂലമായി. ഏറ്റവും കൂടുതൽ തവണ വിജയിച്ചതു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ്.
മണ്ഡലത്തിനു പുറത്തുനിന്നുള്ള പി.ടി. പുന്നൂസ്, പി.കെ. വാസുദേവൻനായർ, കെ. ബാലകൃഷ്ണൻ, വി.എം. സുധീരൻ, വക്കം പുരുഷോത്തമൻ, കെ.സി. വേണുഗോപാൽ എന്നിവർ ആലപ്പുഴയിൽനിന്നു വിജയിച്ചു കയറി. ആലപ്പുഴക്കാരായ വിജയികൾ മൂന്നുപേർ പേർ മാത്രമാണ്. സുശീല ഗോപാലൻ, ടി.ജെ. ആഞ്ചലോസ്, കെ.എസ്. മനോജ് എന്നിവരാണവർ. ഇത്തവണ ഇടതു-വലതു സ്ഥാനാർഥികൾ ആലപ്പുഴ സ്വദേശികളാണ്. എൻഡിഎ സ്ഥാനാർഥി എറണാകുളം ജില്ലക്കാരനാണ്. ആലപ്പുഴ നഗരപ്രദേശങ്ങളിൽ രാഷ്ട്രീയജീവിതം ആരംഭിച്ചവരാണ് ആരിഫും ഷാനിമോളും. ആലപ്പുഴ നഗരസഭ ചെയർപേഴ്സണുമായിരുന്നു ഷാനിമോൾ.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായ ഷാനിമോൾ ഉസ്മാൻ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ, ജില്ലാ പഞ്ചായത്തംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ആലപ്പുഴയിൽ തന്നെ വിദ്യാർഥിരാഷ്ട്രീയ ജീവിതം ആരംഭിക്കുകയും പിന്നീട് അരൂർ മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആളാണ് ആരിഫ്. ആലപ്പുഴയിലെ വോട്ടർമാരിൽ ഒരു പ്രധാന വിഭാഗമാണ് ധീവര സമുദായം. ആ സമുദായത്തിൽ നിന്നുമാണ് എൻഡിഎ സ്ഥാനാർഥിയായി കെ.എസ.് രാധാകൃഷ്ണൻ വരുന്നത്. ഏറ്റവുമധികം ഈഴവ വോട്ടർമാരുള്ള മണ്ഡലവുമാണ് ആലപ്പുഴ.
2014ൽ രാജ്യത്തെന്പാടും മോദിതരംഗം ഉണ്ടായപ്പോൾ ബിജെപി ഇവിടെ 43,000ൽപ്പരം വോട്ടുകളാണ് നേടിയത്. പക്ഷേ 2016ലെ വോട്ടിംഗ് പാറ്റേണ്‍ ഒരു കാര്യം വ്യക്തമാക്കി. ബിഡിജെഎസ് വന്നതോടുകൂടി ഏതാണ്ട് ഒരു ലക്ഷത്തോളം വോട്ടുകൾ ആ മുന്നണി അധികം നേടി. ആ വോട്ടുകളിൽ സിംഹഭാഗവും നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിൽനിന്നാണ്. എൻഎസ്എസിന്റെ മാനസിക പിന്തുണ യുഡിഎഫിനൊപ്പം ആകാനാണ് സാധ്യത.
ഡോ.കെ.എസ് രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയതോടെ ആലപ്പുഴയിൽ തിരഞ്ഞെടുപ്പിന്റെ തിരയിളക്കം കൂടി. സ്ഥാനാർഥി പര്യടനങ്ങളിലേക്ക് കടന്ന എൽഡിഎഫും നിയോജക മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി വരുന്ന യുഡിഎഫും പ്രാഥമിക ഒരുക്കങ്ങൾക്ക് വേഗം കൂട്ടിയ എൻ.ഡി.എയും ചിട്ടയായാണ് മുന്നോട്ട് പോകുന്നത്.
അന്തരീക്ഷ ഊഷ്മാവിനൊപ്പം ഉയരുകയാണ് പ്രചാരണ ചൂടും. മന്ത്രി ജി സുധാകരൻ ആണ് ഇടതു സ്ഥാനാർഥി എ എം ആരിഫിന്റെ തേരാളി. ആത്മവിശ്വാസം ആവോളമുണ്ട്.
ചിട്ടയും ഒതുക്കവും ഉണ്ട് ഇത്തവണ യു ഡി എഫ് പ്രചാരണത്തിന്. ഷാനിമോൾക്കായി മുന്നണിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ആലപ്പുഴയുടെ എം പി ഷാനിമോൾ തന്നെയെന്ന് പറയുന്നു ജില്ലയിലെ ഏക യുഡിഎഫ് എംഎൽഎ.
ഇരുമുന്നണികളേയും വിറപ്പിക്കാൻ വാക്കുകളിൽ അഗ്നി ജ്വലിപ്പിച്ചാണ് പഴയ വൈസ് ചാൻസലറുടെ വോട്ടുപിടുത്തം. വിശ്വാസങ്ങൾക്കേറ്റ മുറിവിലേക്കാണ് ചൂണ്ടുവിരൽ. വീറും വാശിയും തിരഞ്ഞെടുപ്പിനുള്ള കാറും കോളുമായി ആലപ്പുഴയുടെ അന്തരീക്ഷത്തിൽ തെളിഞ്ഞു കഴിഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന അറിഞ്ഞതോടെ പാക്കിസ്ഥാൻ പതാകയേന്തി ചിലർ ആഘോഷിക്കുകയാണെന്ന് ബിജെപി നേതാവ് പ്രേരണ കുമാരി. മുസ്ലിം ലീഗിന്റെ പച്ച കൊടിയെയാണ് അവർ പാക് പതാകയാക്കി ട്വിറ്ററിൽ അവതരിപ്പിച്ചത്. സുപ്രീം കോടതിയിലെ ബി.ജെ.പി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരി ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹർജിയും നൽകിയിരുന്നു.
ഞെട്ടിക്കുന്നു എന്ന വാചകത്തോടെയാണ് പ്രേരണകുമാരിയുടെ ട്വീറ്റ് ആരംഭിക്കുന്നത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാകിസ്താന്‍ പതാകയേന്തി ചിലര്‍ ആഘോഷിക്കുകയാണ്. ഇതില്‍ നിന്നു തന്നെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഈ മണ്ഡലം തെരഞ്ഞെടുത്തതെന്തെന്ന കാര്യം മനസ്സിലാകുമെന്നും പ്രേരണ കുമാരി ട്വിറ്ററിൽ കുറിച്ചു.
വയനാട്ടിൽ രാഹുൽ മത്സരിക്കാൻ എത്തുന്നു എന്നുള്ള ചാനൽ വാർത്തയുടെ വീഡിയോയ്ക്കൊപ്പമാണ് പ്രേരണ കുമാരിയുടെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Shocking.. Rahul to Contest elections in Wayanad,Kerala.
Look who is celebrating in Wayanad waving Pakistan flags. Now you know why Congress selected this constituency.@narendramodi @byadavbjp @kumarnandaj @msunilbishnoi @AnilNPillai32 pic.twitter.com/WnFTe5yi0J— Chowkidar Prerna (@PrernakumariAdv) March 27, 2019
പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 14 റണ്‍സ് അകലെ തകര്‍ന്നു വീഴുകയായിരുന്നു. സാം കറന്റെ തകര്‍പ്പന്‍ ബോളിങാണ് ഡല്‍ഹിയെ ഉലച്ചു കളഞ്ഞത്. അനായാസം ജയിക്കാമായിരുന്ന കളിയാണ് ഡല്‍ഹിക്ക് നഷ്ടമായത്.
ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ അശ്വിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ധവാന്‍ 30 റണ്‍സും അയ്യര്‍ 28 റണ്‍സും നേടി. പിന്നീട് വന്ന ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രമും ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 39 റണ്‍സെടുത്തു നില്‍ക്കെ പന്ത് പുറത്തായി. തൊട്ടു പിന്നാലെ 38 റണ്‍സുമായി ഇന്‍ഗ്രമും പുറത്തേക്ക് പോയി.
ഇതോടെ ഡല്‍ഹി തകര്‍ന്നു. പിന്നീട് വന്നവരാരും അഞ്ച് റണ്‍സില്‍ കൂടുതലെടുത്തില്ല. നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. ഉജ്ജ്വല പ്രകടനം കാഴ്ച്ച വെച്ച സാം കറനാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്. കറന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2.2 ഓവറിലാണ് കറന്‍ കളിയുടെ ഗതി തന്നെ മാറ്റിയത്. പഞ്ചാബിനായി അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. കറന്‍ ഹാട്രിക്കും സ്വന്തമാക്കി.
പഞ്ചാബ് ബാറ്റിങ് നിരയില്‍ തിളങ്ങിയത് ഡേവിഡ് മില്ലറാണ്. മില്ലര്‍ 30 പന്തില്‍ 43 റണ്‍സ് നേടി. 39 റണ്‍സുമായി സര്‍ഫ്രാസ് ഖാനും 29 റണ്‍സുമായി മന്ദീപ് സിങും മികച്ച പിന്തുണ നല്‍കി. നേരത്തെ ഓപ്പണിങില്‍ ക്രിസ് ഗെയിലിന് പകരം ഉറങ്ങി കറന്‍ 10 പന്തില്‍ 20 റണ്‍സും നേടിയിരുന്നു.
വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും. മറ്റന്നാളെ കല്‍പറ്റയില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് ജില്ലയില്‍ റോഡ് ഷോയും അവതരിപ്പിക്കുന്നുണ്ട്.
പ്രിയങ്കഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങൾ.
വയനാട്ടിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കള്‍ നേരിട്ടെത്തും പ്രിയങ്കാ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും പര്യടനം നടത്തുക.സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഇടത് സ്ഥാനാര്‍ഥി പി.പി സുനീറിനായുള്ള ശക്തമായ പ്രചരണവും മണ്ഡലത്തില്‍ നടക്കുന്നുണ്ട് . ഇന്ന് കല്‍പ്പറ്റയില്‍ നടക്കുന്ന പരിപാടിയില്‍ കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും
10 വർഷവും മനസിൽ പക സൂക്ഷിച്ചു കാത്തിരുന്നു. അവസാനം കൊലയാളിയെത്തി നേഹയുടെ ജീവനെടുത്തു. മാർച്ച് 30, വെള്ളിയാഴ്ച്ച പതിവുപോലെ പഞ്ചാബ് സ്വദേശി ഡോ.നേഹാ ഷൂറി ഓഫീസിലെത്തി. ഡ്രഗ് ഇൻസ്പെക്ടറായ നേഹയുടെ ഓഫീസിലെ അവസാന ദിനം കൂടിയായി ആ വെള്ളിയാഴ്ച. നേഹയോടൊപ്പം അനന്തരവളായി ആറു വയസ്സുകാരിയുമുണ്ടായിരുന്നു. നേഹയുടെ ഓഫീസിലേക്ക് അൽപം കഴിഞ്ഞപ്പോഴേക്കും ഒരു യുവാവ് കടന്നുവന്നു. ചുവന്ന ജാക്കറ്റ് ധരിച്ച ഇയാൾ പോക്കറ്റിൽ നിന്ന് തോക്കെടുത്തതും വെടിയുതിർത്തതും വളരെ പെട്ടെന്നായിരുന്നു. രണ്ടെണ്ണം നേഹയുടെ ദേഹത്ത് തുളച്ചുകയറി. ഒരെണ്ണം നെറ്റിയിലും, മറ്റൊന്ന് നെഞ്ചത്തും. തൽക്ഷണം നേഹ ക്യാബിനിൽ മരിച്ചുവീണു. നേഹയുടെ മൃതദേഹം നോക്കി അയാൾ ഹാപ്പി ഹോളി എന്ന് അട്ടഹസിച്ചു.
എന്താണ് സംഭവിച്ചതെന്ന് ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പെട്ടന്ന് മനസിലായിരുന്നില്ല. എങ്കിലും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബൽവിന്ദറെ ജീവനക്കാർ തടഞ്ഞുനിറുത്തി. എന്നാൽ പൊലീസ് എത്തുന്നതിന് സ്വന്തം തലയിലേക്ക് നിറയൊഴിച്ച് അയാളും മരിച്ചുവീണു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തുവർഷം നീണ്ട പകയുടെ കഥ പുറത്താകുന്നത്.
2009ൽ മയക്കുമരുന്ന് അടങ്ങിയ 35 തരം മരുന്നുകൾ ബൽവീന്ദറിന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ സ്റ്റോറിന്റെ ഡ്രഗ്സ് ലൈൻസ് നിഷ്ക്രിയമാക്കി, പൂട്ടിച്ചത് ഡോക്ടർ നേഹയായിരുന്നു. അന്നുതുടങ്ങിയതാണ് ബൽവിന്ദറിന് നേഹയോട് അടങ്ങാത്ത പക. മാർച്ച് ഒമ്പതിന് നിയമപരമായ രീതിയിൽ തന്നെ അയാൾ തോക്ക് നേടിയെടുത്തു. ഒരുമാസത്തോളം നേഹയുടെ ഓഫീസിലും പരിസരത്തും ചുറ്റിനടന്ന് വരവും പോക്കും കൃത്യമായി നിരീക്ഷിച്ചു. ഒടുവിൽ വെള്ളിയാഴ്ച ദിവസം ഓഫീസ് മുറിയിലെത്തി നേഹയോടുള്ള പക തീർത്തു.
മൂന്ന് വർഷം മുമ്പാണ് നേഹ വിവാഹിതയായത്. രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട് നേഹയ്ക്ക്. പഞ്ചാബിൽ ഇതിന് മുമ്പ് ധീരരായ പല ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയുടെ ഇരയായിട്ടുണ്ട്. അതിൽ പുതിയ ഇരയാണ് ഡോ. നേഹാ ഷൂറി.
തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലാണ് സംഭവം. നെയ്ത്തു തൊഴിലാളിയായ രാജ്കുമാർ (43), ഭാര്യ ശാന്തി (32) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ രമ്യ ലോഷിനിയെ (19) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ എട്ടിന് അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ രമ്യ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. സ്ഥലത്തെത്തിയ പെൺകുട്ടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തു. ബസ് ജീവനക്കാരനാണ് ഇയാൾ. ദലിത് വിഭാഗത്തിൽപ്പെട്ട ഇയാളുമായുള്ള പ്രണയമാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചത്.
സേലത്തെ സ്വകാര്യ എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ വിദ്യാർഥിയാണു രമ്യ. കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ രമ്യ കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. പ്ലസ്ടു വിദ്യാർഥിയായ ലോകനാഥനാണു രമ്യയുടെ സഹോദരൻ.
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ അതിക്രൂരമായ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി കുട്ടിക്ക് ആഹാരം നല്‍കുന്നുവെന്നതാണ് ഏക പുരോഗതിയെന്ന രീതിയില്‍ വിലയിരുത്താന്‍ കഴിയുന്ന മാറ്റം. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മെഡിക്കല്‍ സംഘം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടിയെ സന്ദര്‍ശിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാനായി സാധിച്ചില്ല. സ്വന്തമായി ശ്വാസമെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
അതേസമയം കുട്ടിയെ മര്‍ദ്ദിച്ച അരുണിനെതിരെ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വീടിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്ന് കോടാലി, പ്രഷര്‍ കുക്കര്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവ എന്തിനാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമല്ല. അരുണ്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നതായി പോലീസ് പറയുന്നു. നിലവില്‍ പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുന്നുണ്ട്.