സഡൻ ബ്രേക്കിന്റെ ശബ്ദമാണ് ആദ്യം കേട്ടത്. സ്ഥലത്തെ കാഴ്ച ദാരുണമായിരുന്നു. കരണം മറിഞ്ഞു കിടക്കുന്ന കാർ, ചിതറിത്തെറിച്ചതു പോലെ പലയിടത്തായി കിടക്കുന്ന മനുഷ്യർ. ആരാണ് എന്താണ് സംഭവിച്ചത് എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. തെറിച്ചുവീണു രക്തത്തിൽ കുളിച്ചു കിടന്നവരെ ഉടൻ തന്നെ റോഡിൽ നിന്നു നീക്കിക്കിടത്തി.

ആർക്കും അനക്കം ഉണ്ടായിരുന്നില്ല. മൂന്നു പേർ കാറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു മനസിലായതോടെ കമ്പിപ്പാര ഉപയോഗിച്ച് കാർ കുത്തിപ്പൊളിക്കാൻ ശ്രമിച്ചു. അൽപനേരത്തിനകം തന്നെ മൂവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞു. തുടർന്നു പിന്നാലെ വന്ന വാഹനങ്ങളിലാണ് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കയറ്റിവിട്ടത്. മൂന്നു പേർക്കു മാത്രമാണ് ശ്വാസമുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേ‍ർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ജോബിൻസിന്റെ (ടോണി) പിതാവ് ജോയി ജനറൽ ആശുപത്രിയിലെത്തി വിങ്ങിപ്പൊട്ടുന്ന കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളെപ്പോലും ഇൗറനണിയിച്ചു. 5 വർഷം മുൻപാണ് ഇവർ കടനാട്ടിൽ നിന്ന് വെള്ളിലാപ്പിള്ളിയിലെത്തിയത്.

ജോബിൻസിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ജോയിയെ പാലായിൽ ധ്യാനം കൂടാൻ 6ന് രാവിലെ കൊണ്ടുവിട്ടത് ജോബിൻസായിരുന്നു. മാതാവ് ലീലാമ്മയും ഒപ്പമുണ്ടായിരുന്നു. ജോബിൻസ് വീട്ടിൽ തനിച്ചായതിനാൽ വൈകിട്ട് ലീലാമ്മ മടങ്ങിപ്പോയി. ഇന്നലെ രാവിലെ ജോബിൻസിന് ഭക്ഷണം ഉണ്ടാക്കിയ ശേഷം ലീലാമ്മ ധ്യാനത്തിൽ പങ്കെടുക്കാൻ വീണ്ടും പോയി. വൈകിട്ട് അപകടവിവരം അറിഞ്ഞതോടെ ഇരുവരും തളർന്നുവീഴുകയായിരുന്നു.