ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഐസിസി തള്ളി. ഐസിസിക്ക് ക്രിക്കറ്റ് കാര്യങ്ങളില്‍ മാത്രമേ നിലപാടെടുക്കാന്‍ കഴിയൂ എന്ന് ഐസിസി നിലപാടെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ കത്തുനല്‍കിയത്
ഭീകര പ്രവർത്തനങ്ങൾക്ക് ഉൽഭവമാകുന്ന രാജ്യങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) അയച്ചിരുന്നു. ‘‘ജൂൺ 16 (ഇന്ത്യ–പാക്ക് ലോകകപ്പ് മൽസരത്തീയതി) വളരെ അകലെയാണ്. അതു കൊണ്ട് സർക്കാരുമായി ആലോചിച്ചതിനു ശേഷം സാവധാനത്തിൽ തീരുമാനമെടുക്കും..’’– ബിസിസിഐ ഭരണസമിതി തലവൻ വിനോദ് റായ് അറിയിച്ചു. ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ കൂടി ആശങ്കയുള്ളതിനാലാണ് ഐസിസിക്ക് കത്തയച്ചതെന്നും റായ് പറഞ്ഞു.
പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുന്നതിൽ താരങ്ങൾ വ്യത്യസ്ത നിലപാടെടുത്തത് വാർത്തയായിരുന്നു. പാക്കിസ്ഥാനെതിരെ കളിക്കാതെ ഇന്ത്യ രണ്ടു പോയിന്റ് അടിയറവ് വയ്ക്കരുതെന്നും എല്ലായ്പ്പോഴും പോലെ അവരെ കളിച്ചു തോൽപ്പിക്കണമെന്നുമായിരുന്നു മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായം. സർക്കാരും ബിസിസിഐയും സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്നായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വാക്കുകൾ.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും രണ്ട് കാശ്മീരീ പോലീസ് ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എന്നാല്‍ ഭീകരര്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടതായിട്ടാണ് സൂചന. ഇവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം ഹരിന്ദ്വാരയ്ക്ക് സമീപത്ത് വെച്ച് രണ്ട് ഭീകരരെ വധിച്ചിരുന്നു. ഈ പ്രദേശത്തിന് തൊട്ടടുത്താണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. എത്ര ഭീകരരാണ് വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. മൂന്നിലധികം പേരുണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്നത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി പ്രദേശത്ത് സൈന്യം വലിയ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം 18ലധികം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.
പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്‌സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ദിവസം ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.
വാഷിംഗ്‍ടൺ: ഇന്ത്യൻ അതിർത്തി കടന്ന് പറന്നെത്തിയ പാക് യുദ്ധവിമാനങ്ങൾ എഫ് 16 ആണെന്ന് ഇന്ത്യ തെളിവ് പുറത്തു വിട്ടതോടെ കൂടുതൽ വിവരങ്ങൾ തേടി അമേരിക്ക. അത്യാധുനിക എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് അംറാം (AMRAAM) എന്ന മിസൈലാണ് ഇന്ത്യക്ക് നേരെ പാകിസ്ഥാൻ തൊടുത്തത് എന്ന് സേനാമേധാവികൾ തെളിവ് സഹിതം പുറത്തുവിട്ടിരുന്നു.
അമേരിക്കയാണ് പാകിസ്ഥാന് എഫ് 16 വിമാനങ്ങൾ നൽകിയത്. അമേരിക്കൻ നിർമിത വിമാനങ്ങളായ എഫ് 16 ദുരുപയോഗം ചെയ്തതിന് തെളിവ് തേടുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‍മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പാകിസ്ഥാനുമായുള്ള വിമാനക്കരാറിന്‍റെ ലംഘനമാണെന്നാണ് അമേരിക്കയുടെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാനാണ് അമേരിക്ക പാകിസ്ഥാനിൽ നിന്ന് കൂടുതൽ വിവരം തേടിയത്.
വിദേശരാജ്യങ്ങൾക്ക് ആയുധങ്ങളും യുദ്ധവിമാനങ്ങളും നൽകുന്ന കരാറിലെ എല്ലാ വ്യവസ്ഥകളും പുറത്തുവിടാനാകില്ലെന്നും എന്നാൽ കരാർ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നും യുഎസ് സ്റ്റേറ്റ് പ്രതിരോധമന്ത്രാലയത്തിന്‍റെ വക്താവ് ലഫ്. ജനറൽ കോൺ ഫോൾക്‍നർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
പാകിസ്ഥാൻ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചതെന്നതിന് കൃത്യമായ തെളിവുകൾ സേനാമേധാവികൾ പുറത്തു വിട്ടിരുന്നു. എഫ് 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തൊടുക്കുന്ന അംറാം (AMRAAM) എന്ന മിസൈലാണ് പാകിസ്ഥാൻ ഉപയോഗിച്ചത് എന്ന തെളിവാണ് ഇന്ത്യ പുറത്തു വിട്ടത്. അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ, പ്രകോപനപരമായ രീതിയിൽ ഈ വിമാനങ്ങൾ ഉപയോഗിക്കരുതെന്ന് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാറിലുണ്ടെന്നാണ് സൂചന.
അതിർത്തി കടന്നെത്തിയത് എഫ് 16 യുദ്ധവിമാനങ്ങളല്ലെന്നായിരുന്നു പാകിസ്ഥാൻ വ്യക്തമാക്കിയത്. ഇത്തരം പ്രകോപനപരമായ രീതിയിൽ എഫ് 16 വിമാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാർ റദ്ദാകാൻ വരെ സാധ്യതയുണ്ട്.
2016-ലാണ് അമേരിക്ക പാകിസ്ഥാന് എട്ട് എഫ് 16 വിമാനങ്ങൾ കൈമാറിയത്. ഇതിനെ ഇന്ത്യ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ആഗോളതലത്തിൽത്തന്നെ ഏറ്റവും വലിയ ആയുധവിൽപനക്കാരാണ് അമേരിക്ക. കർശനമായ ആയുധക്കരാറുകൾ അടിസ്ഥാനപ്പെടുത്തിയാണ് അമേരിക്ക മറ്റ് ലോകരാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നത്.
ആയുധങ്ങൾ ദുരുപയോഗം ചെയ്താൽ ഏകപക്ഷീയമായി കരാറുകൾ റദ്ദാക്കാൻ വരെ അമേരിക്ക തയ്യാറാകും. ആയുധവിൽപനയിലൂടെ കൊയ്യുന്ന കോടികൾ, ഒരു കാരണവശാലും നഷ്ടപ്പെടുത്താൻ അമേരിക്ക തയ്യാറാകില്ല. അതുകൊണ്ടാണ് വിവരങ്ങൾ സ്ഥിരീകരിക്കാനായി അമേരിക്ക പാകിസ്ഥാനിൽ നിന്ന് വിശദാംശങ്ങൾ തേടിയിരിക്കുന്നത്.
‘ആഭ്യന്തരകലാപങ്ങളും തീവ്രവാദപ്രവർത്തനങ്ങളും തടയാനാണ്’ എഫ് 16 വിമാനങ്ങൾ വാങ്ങുന്നതെന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ അയൽരാജ്യത്തേക്ക് കടന്നുകയറി മിസൈൽ വർഷിക്കാൻ ഈ യുദ്ധവിമാനം ഉപയോഗിച്ചതിലൂടെ കുരുക്കിലായിരിക്കുകയാണ് പാകിസ്ഥാൻ
ഷെറിൻ മാത്യൂസിനെ യു.എസില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് വിട്ടയച്ചത്. ഇതിനെത്തുടർന്നു തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു. എന്നാൽ സിനിയുടെ ഭർത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം. 2017 ഒക്ടോബറില്‍ റിച്ചഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തിയതിനെയും തുടർന്നാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്.
ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തിൽ കണ്ടെത്താനായില്ല.
പുറത്തു വന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്പോർട്ടും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോർണി ഹീത്ത് ഹാരിസ് പറഞ്ഞു. ദൈവാനുഗ്രഹമാണ്, വിട്ടയച്ചതിൽ നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഭർത്താവിനെക്കുറിച്ച് പ്രതികരിക്കാൻ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ ഇരുവരുടെയും കുട്ടിയിലുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ഉടൻ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.
അതേസമയം, വെസ്‌ലി മാത്യുവിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‍ലിയുടെ മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്.
പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്നു ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ച് എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളിൽ നിന്നാണ് ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മലയാളി ദമ്പതികളും വെസ്ലിയും സിനിയും ബിഹാറിലെ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.
ഗോപി സുന്ദറിനേയും അഭയയേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായിരുന്നു. എന്നാൽ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഭയ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് അഭയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അഭയയുടെ പോസ്റ്റ്.
ഈ സാഹചര്യത്തിലാണ് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പരിഹാസവുമായി വന്നയാള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍ എത്തിയത്. ഒരു ജീവിതം എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ അഭയയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
എവിടെയാണ് നിങ്ങളുടെ എക്‌സ് എന്ന ചോദ്യവുമായി ഒരാള്‍ വന്നത്. അത് തീര്‍ത്തും നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് പറഞ്ഞ ഗോപി സുന്ദര്‍ ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ എന്നാണ് മറുപടി നല്‍കിയത്.
പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയമായ താരം തമന്നയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നൊരു ഗോസിപ്പ് നേരത്തെ ഉണ്ടായിരുന്നു.അതിനു കാരണം ഒരു പരസ്യ ചിത്രമായിരുന്നു.2012 ല്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്കൊപ്പം തമന്ന വേഷമിട്ട ആ പരസ്യ ചിത്രം വന്നതോട് കൂടിയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്.
തുടര്‍ന്ന് തമന്നയും കൊഹ്ലിയും പിരിഞ്ഞുവെന്നും പിന്നീട് അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലായെന്നും അന്ന് പ്രചരണങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തമന്നയിപ്പോള്‍. ഒരു അഭിമുഖത്തിലാണ് തമന്ന മനസ്സു തുറന്നത്.
പരസ്യം ചിത്രീകരിക്കുന്നതിനിടയില്‍ ഞാനും കൊഹ്ലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാല്‍ നാല് വാക്കുകള്‍ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാന്‍ കൊഹ്ലിയെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ല. ഞാന്‍ ജോലി ചെയ്തിട്ടുള്ള ചില നടന്‍മാരേക്കാള്‍ മികച്ച സഹതാരമായിരുന്നു കൊഹ്ലി. അത് പറയാതെ വയ്യയെന്നും തമന്ന പറഞ്ഞു.
ബിഡിജെഎസ് ഇന്ന് പിളരും. രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപംകൊള്ളലും പിളര്‍പ്പും പതിവായ കേരള രാഷ്ട്രീയത്തില്‍ ബിഡിജെഎസും രണ്ടാവും. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് രണ്ടാവുന്ന പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിളര്‍പ്പിനെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായി നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പിളര്‍ന്ന് ബിഡിജെഎസും ബിഡിജെഎസ് ഡെമോക്രാറ്റിക്കും ആവും. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. പരസ്പരം സഹായം ചെയ്ത് നില്‍ക്കുന്ന വെള്ളാപ്പള്ളിയും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ധാരണയാണ് പുതിയ പാര്‍ട്ടി രൂപം കൊള്ളുന്നതിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുതായി രൂപംകൊള്ളുന്ന ബിഡിജെഎസ് ഡെമോക്രാറ്റിക്കിന്റെ ചരട് വെള്ളാപ്പള്ളിയുടെ കൈകളിലായിരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പങ്കുവയ്ക്കുന്ന വിവരം.
കഴിഞ്ഞയാഴ്ച ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റി ചേര്‍ന്ന് മോദിയുടെ തുടര്‍ഭരണത്തിനായി ശക്തമായ പ്രചരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പിറക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച നിലപാട് മാറ്റത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്എന്‍ഡിപി യോഗം പാറശാല യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് ജില്ലാ പ്രസിഡന്റുമായ ചൂഴാല്‍ നിര്‍മ്മല്‍ എസ്എന്‍ഡിപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എന്നതാണ് ഈ വിലയിരുത്തിലിന് പിന്നില്‍. ഇതിനിടെ നിര്‍മ്മലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതാണ് പിളര്‍പ്പിലേക്ക് വഴിവക്കുന്നതെന്ന വാദം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് ബാലിശമായ വാദം മാത്രമാണെന്ന് മറ്റൊരു കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നു. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാതെ ഇത്തരമൊരു പിളര്‍പ്പിലേക്ക് പോവുന്ന സാഹചര്യത്തെ സംശയത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാണുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ തങ്ങളെ ബിജെപി വഞ്ചിക്കുകയായിരുന്നു എന്നാണ് നിര്‍മ്മല്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഈ നിലപാട് മാറ്റം എങ്ങനെയുണ്ടായി എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.
എന്‍ഡിഎ വിടാതെ തന്നെ എല്‍ഡിഎഫിനൊപ്പം നില്‍ക്കാനുള്ള വെള്ളാപ്പള്ളിയുടേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും തന്ത്രമാണ് ഈ പിളര്‍പ്പെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. വിയോജിപ്പുകള്‍ ധാരാളമുണ്ടായെങ്കിലും എന്‍ഡിഎയില്‍ തുടരാനാണ് തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചത്. ശബരിമല യുവതീ പ്രവേശന വിഷയം ഉയര്‍ത്തി എന്‍ഡിഎ നടത്തിയ രഥയാത്ര മുന്നില്‍ നിന്ന് നയിച്ചതും തുഷാര്‍ വെള്ളാപ്പള്ളിയാണ്. തുഷാര്‍ മത്സരിച്ചാല്‍ ആലപ്പുഴ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് തുഷാര്‍ തീരുമാനിക്കുകയായിരുന്നു. വൈകിയാണെങ്കിലും ബിഡിജെഎസിനോടുണ്ടായിരുന്ന രണ്ടാംകിട സമീപനം ബിജെപി മാറ്റിയതില്‍ പ്രവര്‍ത്തകരും സംതൃപ്തരാണ്. ഏത് സമയവും സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും എന്‍ഡിഎയുമായി ഒന്നിച്ച് പോവുക എന്ന സമീപനമാണ് തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന വിമര്‍ശനം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുമുണ്ട്. ഇതിനിടെയാണ് നിര്‍മ്മലിന്റെ നേതൃത്വത്തില്‍ പുതിയൊരു പാര്‍ട്ടി രൂപം കൊള്ളുന്നത്. എട്ട് ജില്ലകളില്‍ നിന്നുള്ള ബിഡിജെഎസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്കെത്തുമന്നാണ് നിര്‍മ്മലിന്റെയും കൂട്ടരുടേയും അവകാശവാദം.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാരലംഘനത്തിന് എതിരായിരുന്നെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് വെള്ളാപ്പള്ളി ആദ്യം മുതല്‍ സ്വീകരിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ ചെയ്യാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും പ്രതികരണങ്ങളും. പിന്നീട് നവോഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചപ്പോഴും മുന്‍നിരയില്‍ നിന്നത് വെള്ളാപ്പള്ളിയായിരുന്നു. നവോഥാന സംരക്ഷണ സമിതി ചെയര്‍മാനായി വെള്ളാപ്പള്ളിയെ യോഗം തീരുമാനിച്ചു. വനിതാ മതില്‍ സംഘടിപ്പിച്ചതുള്‍പ്പെടെ സര്‍ക്കാരിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ തിരിച്ചും സഹായങ്ങള്‍ നല്‍കി. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിനായി അനുവദിച്ച നാല് കോടി രൂപ വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ നല്‍കിയ പ്രത്യുപകാരമായാണ് കണക്കാക്കപ്പെട്ടത്. ക്ഷേത്രത്തിലെ ബഹുനിലക്കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് മുഖ്യമന്ത്രി നേരിട്ടെത്തി. വെള്ളാപ്പള്ളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് മടങ്ങിയത്.
ഇതിന് പിന്നാലെയാണ് ബിഡിജെഎസ് പിളര്‍പ്പ് തീരുമാനം വരുന്നത്. ഈഴവ വോട്ടുകള്‍ ബിഡിജെഎസ് വഴി എന്‍ഡിഎയിലേക്ക് പോവാതെ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ട്ടി രൂപീകരണം എന്ന സൂചനയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്‍എസ്എസ് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ എല്‍ഡിഎഫിന് പ്രധാനമാണ്. ബിഡിജെഎസ് ഡെമോക്രാറ്റിക് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരും ഇന്നലെ കാത്തിരുന്നത് തങ്ങളുടെ സൈനിനെ പാകിസ്താൻ മോചിപ്പിച്ചെന്ന വാർത്തകൾക്കായാണ്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് മോചനം സാധ്യമായത്. ഇന്ത്യൻ മാധ്യമങ്ങളെ അതിർത്തിയിൽ നിന്നും അധികൃതർ അകറ്റി നിർത്തിയിരുന്നു, പക്ഷേ പാകിസ്താൻ കൈമാറ്റത്തിന്റെ ദൃശ്യങ്ങൾ തല്‍സമയം പുറത്തുവിട്ടു. ഇതിനിടെ അഭിനന്ദന്റെ കൈമാറൽ ചടങ്ങലിൽ ശ്രദ്ധപിടിച്ച് പറ്റിയത് പക്ഷേ ഒരു വനിതയായിരുന്നു. ഇന്ത്യയുടെ വീര നായകൻ വിങ് കമാൻഡർ അഭിനന്ദനെ ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർക്കു കൈമാറാനെത്തിയ വനിത ആരാണ്? ഇന്നലെ രാജ്യത്തെ സോഷ്യൽ മീഡിയ ഉൾപ്പെടെ ഉത്തരം തേടിയ ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു.
അവർ ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിലെ ഇന്ത്യാ കാര്യങ്ങൾക്കുള്ള ഡയറക്ടറാണ് ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാനിലുള്ള ഫോറിൻ സർവീസ് ഓഫ് പാക്കിസ്ഥാൻ (എഫ്എസ്.പി) ഉദ്യോഗസ്ഥയാണ് ഡോ.ഫരീഖ. 2005 ലാണ് പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിൽ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ൽ വിദേശകാര്യ ഓഫിസ് വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ സജീവ സാന്നിധ്യമാണ് ഇവരുടേത്. ചാരൻ എന്ന് ആരോപിക്കപ്പട്ട് പാകിസ്താനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദിൽ 2017 ൽ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയപ്പോൾ ഫരീഖയും അവിടെ സന്നിഹിതയായിരുന്നു. കുൽഭൂഷൺ ജാദവിന്റെ കേസ് കഴിഞ്ഞ മാസം ഹേഗിലെ രാജ്യാന്തര കോടതിയിൽ പരിഗണിച്ചപ്പോഴും ഫരീഖയുടെ സാന്നിധ്യമുണ്ടായിരുന്നു.
വരുന്ന ദിവസങ്ങളിൽ കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂടും അനുഭവപ്പെടാം. അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് ആകമാനം രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ചൂട് ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇപ്പോള്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നത് പാലക്കാടാണ് , 37 ഡിഗ്രി സെല്‍സ്യസ്. തിരുവനന്തപുരം നഗരത്തില്‍ 36, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍സ്യസ് വീതം രേഖപ്പെടുത്തി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എട്ട് ഡിഗ്രിയോളം ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതല്‍ മൂന്ന് മണി വരെ കഴിയുന്നതും വെയിലത്ത് പോകുന്നത് ഒഴിവാക്കണം. പുറത്ത് ജോലിചെയ്യുന്നവരും യാത്രചെയ്യുന്നവരും എപ്പോഴും കുടിവെള്ളം കരുതണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ നിശ്ചിത ഇടവേളകളില്‍വെള്ളം കുടിക്കണം. സ്്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും അതേറിറ്റി നിര്‍ദ്ദേശിച്ചു. പുറംജോലികള്‍ചെയ്യുന്നവരുടെ തൊഴില്‍സമയം സര്‍ക്കാര്‍ക്രമീകരിച്ചിട്ടുണ്ട്. 11 മുതല്‍മൂന്നുമണി വരെ ചൂട് ഏറ്റവും കൂടിയ സമയത്ത് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ ഒഴിവാക്കണം. ഈ നിര്‍ദ്ദേശം എല്ലാ തൊഴില്‍ദാതാക്കളും കര്‍ശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം തേവലക്കരയിലെ വിദ്യാർഥിയുടെ മരണം ക്ഷതംമൂലം തലച്ചോറിലുണ്ടായ അമിത രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് വിദ്യാർഥിയെ വീടുകയറി മർദിച്ചതിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജയിൽ വാർഡർ വിനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി .
പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥിയായ രഞ്ജിത്തിനെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രിയാണ് വീട്ടിൽ കയറി മർദിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ ജയിൽ വാർഡർ വിനീതിന്റെ ആദ്യ അടിയിൽ തന്നെ ജൻമനാ രോഗിയായ രഞ്ജിത്ത് ബോധരഹിതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടു.
പിന്നാലെ ഇന്നലെ അർധരാത്രിയോടെ കേസിലെ ഏക പ്രതിയായ വിനീതിനെ പിടികൂടിയിരുന്നു. നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നാലംഗസംഘമാണ് രഞ്ജിത്തിനെ മർദിച്ചതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. അതേസമയം യഥാർത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊലപാതകത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സി പി എമ്മിന്റെ വിശദീകരണം. പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും കൊലപാതകത്തിൽ പങ്കുള്ള ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം ജില്ലാനേതൃത്വം വ്യക്തമാക്കി