വയനാട് ഉരുൾപൊട്ടൽ ദുരന്ത ഭൂമി സന്ദർശിച്ച ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലഫ്റ്റനൻറ് കേണലും നടനുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ‘ചെകുത്താൻ’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖിൻറെ പരാതിയിലാണ് കേസ്.ടെറിട്ടോറിയൽ ആർമി ലഫ്റ്റനൻറ് കേണൽ മോഹൻലാൽ വയനാട്ടിൽ ദുരന്തഭൂമിയിൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിയതിനെ ‘ചെകുത്താൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപം നടത്തുകയായിരുന്നു.
യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിൻറെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.
കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും തിരുവല്ല എസ്എച്ച്‌ഒ പറഞ്ഞു. ദുരന്തഭൂമിയിൽ യൂണിഫോമിട്ട് മോഹൻലാൽ എത്തിയതെന്തിന് എന്ന് ചോദിച്ചായിരുന്നു വിഡിയോയിലൂടെ അധിക്ഷേപ പരാമർശങ്ങൾ. മുൻപും പല അതിരുകടന്ന വിമർശനങ്ങളുടെ പേരിൽ ഈ പേജിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.
ഫോണ്‍ വിളിക്കിടെ ഭാര്യയെ അപമാനിച്ചെന്ന കേസില്‍ ബഹ്റൈന്‍ യുവാവ് 500 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിവില്‍ ബഹ്റൈന്‍ കോടതിയുടെ വിധി.
ഫോണ്‍ വിളിക്കിടെ ഭാര്യയോട് മോശം വാക്കുകള്‍ പ്രയോഗിച്ചതായി ഭര്‍ത്താവ് സമ്മതിച്ചിരുന്നു. ഇതേ കുറ്റത്തിന് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മുമ്പ് 30 ദിനാര്‍ പിഴ ചുമത്തിയിരുന്നു.
പ്രതിയുടെ വാക്കുകള്‍ ഭാര്യയുടെ അന്തസിനും പ്രശസ്തിക്കും കോട്ടം വരുത്തിയെന്ന് ഭാര്യയുടെ അഭിഭാഷകന്‍ ഖലീല്‍ ഇബ്രാഹിം പറഞ്ഞു. ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും ഭര്‍ത്താവ് കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവിന് പിഴ ചുമത്തിയത് . ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ തന്റെ കക്ഷിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും അതാണ് നഷ്ടപരിഹാരം തേടാന്‍ അവരെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.
സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.
സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തില്‍ ആർക്കും സാരമായ പരിക്കില്ല. വിദ്യാർഥികള്‍ തമ്മില്‍ സ്കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപകർ പരാതി നല്‍കിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു.
തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോർട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യ സഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണ വിവരം അറിയിച്ചത്.
1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡിവൈഎഫ്‌ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങി പോളിറ്റ് ബ്യൂറോ വരെയെത്തി. 1977 ലാണ് ആദ്യമായി മന്ത്രിയാവുന്നത്. ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ജ്യോതി ബസുവിന് ശേഷമാണ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു.
35 വര്‍ഷം നീണ്ട് നിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്. പിന്നീട് അദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. സിപിഎം പിബി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകൾക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു.
ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികർ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ 500 അംഗ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്.
സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങിൽ വിവിധ സൈനിക വിഭാഗങ്ങളിലെ മേധാവികളെ ആദരിച്ചു.
ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി. അഗ്നിരക്ഷാ സേന എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ് ഉൾപ്പെടെയുള്ള സേനവിഭാഗങ്ങളേ ഇനി തിരച്ചിലിന് ഉണ്ടാകൂ.
നഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യസഹ മന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനാണിത്. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം.
200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിന് തുല്യമായിരിക്കണം ശമ്പളം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിനേക്കാള്‍ 10 ശതമാനം വരെ ശമ്പളം കുറയാം. 50-100 കിടക്കകുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ കുറയാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
50 കിടക്കകളില്‍ കുറഞ്ഞാലും സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുത്. അവധികള്‍, ജോലി സമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസം തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചതിന് തുല്യമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.
വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക.
പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ മോദി സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എംപി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ 500 ഓളം പേരുടെ ജീവനാണ് കവർന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്നം സഭ ഗൗരവമായി തന്നെ ചർച്ച ചെയ്യെണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്കായി തെരച്ചിൽ തുടരും.ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന.സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഉണ്ടാകും.സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് നീക്കം.
അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹങ്ങളാണ് ഇതുവരെ സംസ്കരിച്ചത്.പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും.
ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും.
ശമ്പളം കിട്ടി നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരാണോ, എങ്കില്‍ രൂപയുടെ മൂല്യത്തിലെ ഉയർച്ച താഴ്ചകള്‍ തീർച്ചയായും അറിഞ്ഞിരിക്കണം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുമ്പോള്‍ അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുമോയെന്നതാണ് എല്ലാ പ്രവാസികളും നോക്കുന്നത്. അതിനായി ഇന്ത്യന്‍ രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ കൂടുമോ കുറയുമോയെന്ന് അറിയണം. യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഓഗസ്റ്റില്‍ വീണ്ടും ഇടിയുമെന്നാണ് വിലയിരുത്തല്‍. യുഎഇ ആസ്ഥാനമായുളള ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചിന്‍റെ (ഫോറെക്സ്) കണക്കുക്കൂട്ടല്‍ അനുസരിച്ച് വരും വാരങ്ങളിലും മൂല്യം ഇടിയും.
യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് നിലവില്‍ 84 രൂപ 15 പൈസയാണെങ്കില്‍ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്. അതേസമയം നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു ദിർഹത്തിന് 22 രൂപ 77 പൈസ വരെ ലഭിക്കുന്നുണ്ട്. അതായത് 1000 ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 43 ദിർഹം 91 ഫില്‍സ് നല്‍കിയാല്‍ മതി. വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ ഈ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യന്‍ രൂപയ്ക്ക് യുഎഇ ദിർഹവുമായി ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളില്‍ ഒരു ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയുടെ ബഡ്ജറ്റ് അവതരിപ്പിച്ച ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞതിനെ തുടർന്ന് രൂപയുടെ മൂല്യവും താഴേക്ക് വന്നിരുന്നു. ഓഗസ്റ്റ് രണ്ടാം വാരവും മൂന്നാം വാരവും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നുളള സൂചനകളും ഫോറക്സ് വിദഗ്ധർ നല്‍കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുളള ചാഞ്ചാട്ടം പ്രകടമായിരുന്നില്ല.
ഒരു രാജ്യത്തിന്‍റെ കറന്‍സി മൂല്യം സാമ്പത്തിക സാഹചര്യങ്ങളെയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഭരണകൂടങ്ങളുടെ നയങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി, കയറ്റുമതി, പണപ്പെരുപ്പം, വളർച്ചാ നിരക്ക്,നിക്ഷേപങ്ങളുടെ ലഭ്യത,വിദേശ നാണ്യ കരുതല്‍, ബാങ്കിങ് മൂലധനം, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവയും രൂപയുടെ മൂല്യത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കും.
യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നത് യുഎസ് ഡോളറുമായുളള മൂല്യമിടിവിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യുഎസ് ഡോളർ ദുർബലമായാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ അതും പ്രതിഫലിക്കും. യുഎസ് ഡോളറിനെതിരെ രൂപ ദുർബലമായാല്‍ മൂല്യം ഇടിവ് ദിർഹവുമായുളള വിനിമയനിരക്കിലും പ്രതിഫലിക്കും. യുഎസ് ഡോളർ ഇടിഞ്ഞാല്‍ ഇന്ത്യന്‍ രൂപയടക്കമുളള കറന്‍സികളില്‍ ഉണർവ്വ് പ്രകടമാകും.