Latest News

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫർ ഉടൻ പ്രദർശനത്തിനെത്തുകയാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തില്‍ ടൊവീനോ, ഇന്ദ്രജിത്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, നൈല ഉഷ തുടങ്ങി വൻ താര നിര തന്നെ അണിനിരക്കുന്നു. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ ടൊവീനോ പങ്കു വെച്ചു

നമുക്ക് ഇഷ്‍ടപ്പെടുന്ന നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. വളരെ കൗതുകത്തോടെ കാണുന്ന സിനിമയാണ് അത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഞാൻ അതില്‍ ഉണ്ടെന്ന് അറിയുമായിരുന്നില്ല. കുറച്ച് കഴിഞ്ഞാണ് എന്നെ വിളിച്ച് പറയുന്നത്, ഒരു വേഷം ചെയ്യാമോ എന്ന്. ഞാൻ വളരെ സന്തോഷത്തോടെ അത് ഏറ്റു. ഞങ്ങള്‍ വളരെ കൗതുകത്തോടെ കാത്തിരുന്ന ഒരു കൈകോര്‍ക്കലാണ് മോഹൻലാലെന്ന നായകനും പൃഥ്വിരാജനെന്ന സംവിധായകനും തമ്മിലുള്ളത്.

അപ്പോള്‍ അതില്‍ ചെറുതെങ്കിലും, പ്രധാന്യം ഉള്ളതെന്ന് വിശ്വസിക്കുന്ന വേഷം ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്.. കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ സിനിമ കണ്ടറിയുന്നതാണ് നല്ലത്. ഞാൻ ഡബ്ബ് ചെയ്‍ത ഭാഗങ്ങള്‍ കണ്ടപ്പോള്‍ മറ്റ് സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ പോസറ്റീവ് അനുഭവം ആണ്. സിനിമ വലിയ വിജയവും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതും ആയ സിനിമ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു, അങ്ങനെ വിചാരിക്കുന്നു -ടൊവിനോ പറയുന്നു.

തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി പീഡന കേസ് സിബിഐക്ക് കൈമാറി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംഭവത്തില്‍ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ നടന്നു.

പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ചെന്നൈയിലും ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലടക്കം പ്രതിഷേധമുയര്‍ന്നു. ഗുണ്ടാ നിയമം മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നെന്നാണ് പ്രധാന ആരോപണം. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം വേണമെന്നാണ് ആവശ്യം.

സിബിസിഐഡിയാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. പ്രതികളെ നാട്ടുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നൂറോളം യുവതികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

തിരുവനന്തപുരം അമ്പലത്തറ അൽ- ആരിഫ് ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി. ബീമാപള്ളി സ്വദേശിയായ മുപ്പത്തിയൊന്നുകാരിയാണ് പ്രസവ ശസ്ത്രക്രിയയേത്തുടർന്ന് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

നസിയാബീവിയെ തിങ്കളാഴ്ചയാണ് സ്കാനിങിനായി ആശുപത്രിയിലെത്തിച്ചത്. ഏപ്രിലിൽ ആറിനായിരുന്നു പ്രസവത്തീയതിയെങ്കിലും ഡോക്ടർമാർ പെട്ടെന്നുതന്നെ സിസേറിയൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ ആൺകുഞ്ഞിന് ജന്മം നൽകിയ നെസിയയെ രാവിലെ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഉച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് മരണവും സംഭവിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം നിരാകരിച്ചതായും മരണവിവരം മണിക്കൂറുകളോളം മറച്ചു വച്ചതായും ബന്ധുക്കൾ ആരോപിച്ചു.

നൂറു കണക്കിന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥയായി. ലേബർ റൂമിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. നാലാമത്തെ പ്രസവമായിരുന്നു നെസിയാ ബീവിയുടേത് . യുവതിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പ്രസവത്തെത്തുടര്‍ന്ന് നില വഷളാവുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുംബൈയിൽ നടപ്പാലം തകർന്നുവീണ് അഞ്ചുപേർമരിച്ചു. ഇരുപതുപേർക്ക് പരുക്കേറ്റു. മരിച്ചവരിൽ രണ്ടുപേര്‍ സ്ത്രീകളാണ്. സിഎസ്ടി റയിൽവേ സ്റ്റേഷനുസമീപം, റോഡിന് കുറുകെയുള്ള പാലമാണ് നിലംപതിച്ചത്.

രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് പുറത്തേക്കുളള നടപ്പാലമാണിത്. ഇരുമ്പുപാളികൾകൊണ്ട് നിർമിച്ചപാലത്തിന്റെ നടപ്പാത കോൺക്രീറ്റ് പാളികളായിരുന്നു. ഈ ഭാഗമാണ് താഴേക്കുവീണത്. ഈസമയം റോഡിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളുടെ മുകളിലും ആളുകൾ വന്നുവീണു. പരുക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ജിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടേയുംനില ഗുരുതരമാണ്.

കൊച്ചി പനമ്പള്ളി നഗറിൽ യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമം. സന്ധ്യയോടെ ഇരുചക്ര വാഹനത്തിൽ മുഖം മറച്ചെത്തിയ ആൾ പെൺകുട്ടിയുടെ സമീപത്ത് സംസാരിക്കാനെന്നവണ്ണം നിർത്തിയ ശേഷം പെട്രോൾ ഒഴിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ യുവാവ് രക്ഷപ്പെട്ടു. യുവതിയെ കടവന്ത്രയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ദൃക്സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമം.നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് അക്രമമുണ്ടായത്

കേരള കോണ്‍ഗ്രസില്‍ കോട്ടയം സീറ്റിന് വേണ്ടി നടക്കുന്ന തര്‍ക്കം പരിഹരിച്ച് ജോസഫിന് നീതിപൂര്‍വമായ പരിഗണന ലഭിക്കണമെന്ന് ജോസഫ് വിഭാഗം നിലപാട് അറിയിച്ചു. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി പ്രശ്‌നപരിഹാരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്തെത്തി.

പി.ജെ.ജോസഫിനെ ഇടുക്കിയില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. യു.ഡി.എഫ് പൊതു സ്വതന്ത്രനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമവായ ശ്രമങ്ങള്‍ തുടരുകയാണ്. അനുകൂല തീരുമാനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ട ചുമതല നിലവില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ജോസഫ് വിഭാഗവും ആവശ്യപ്പെടുന്നില്ല. പാര്‍ട്ടിയിലും മുന്നണിയിലും ജോസഫിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കോണ്‍ഗ്രസിന്റെ ഇടപെടലില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് പി.ജെ. ജോസഫ്. അതേസമയം തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ ഒറ്റക്കെട്ടായി പ്രചാരണത്തില്‍ പങ്കെടുക്കൂ എന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞു. സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് തോമസ് ചാഴികാടനെ മാറ്റി പ്രശ്‌നപരിഹാരത്തിന് തയ്യാറല്ലെന്ന് മാണി വിഭാഗം വ്യക്തമാക്കിയത്.

“വൈഷ്ണവജനതോ തേരേ സഖിയേ…” എന്ന പാട്ടുമായി അഭയാർത്ഥിവേഷത്തിൽ, കിണ്ണംകട്ട കള്ളനും കള്ളിയുമായി ജഗതിയും കൽപ്പനയും സ്ക്രീനിലെത്തുമ്പോൾ നേർത്തൊരു ചിരിയോടെയല്ലാതെ മലയാളിക്ക് ആ രംഗം കണ്ടിരിക്കാനാവില്ല. ഓർമയിൽ പോലും ചിരിയുണർത്തുന്ന എത്രയെത്ര സീനുകളാണ് ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത്. പ്രേംനസീർ- ഷീല, മോഹൻലാൽ- ശോഭന, മമ്മൂട്ടി- സുഹാസിനി, ജയറാം- പാർവ്വതി എന്നിങ്ങനെ പ്രിയതാരജോഡികൾ നിരവധിയേറെയുണ്ടായപ്പോഴും എന്നെന്നും അഭിമാനത്തോടെ ഓർക്കാവുന്ന ഒരേ ഒരു ഹാസ്യജോഡിയെ മലയാളികൾക്ക് എന്നുമുണ്ടായിരുന്നുള്ളൂ. അത് ജഗതിയും കൽപ്പനയുമാണ്. ജഗതിയോട് സ്ക്രീനിൽ മത്സരിച്ചുനിൽക്കാൻ എന്നും കൽപ്പനയെ ഉണ്ടായിരുന്നുള്ളൂ എന്ന് പറയേണ്ടി വരും. ജഗതിയും പലപ്പോഴും അക്കാര്യം അഭിമുഖങ്ങളിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

അപ്രതീക്ഷിതമായൊരു റോഡപകടം ജഗതിയുടെ അഭിനയജീവിതത്തിന് സുദീർഘമായൊരു ഇടവേള സമ്മാനിക്കുകയും ഒരു സുപ്രഭാതത്തിൽ മലയാളികളെ മൊത്തം ഞെട്ടിച്ചുകൊണ്ട് കൽപ്പന മരണത്തിനൊപ്പം പോവുകയും ചെയ്തതോടെ ഇരുവരും ഒന്നിച്ചുള്ള സിനിമകൾ എന്ന പ്രേക്ഷകരുടെ സ്വപ്നങ്ങൾ കൂടിയാണ് പൊലിഞ്ഞത്. അപകടത്തെ തരണം ചെയ്ത് സിനിമയിലേക്കുളള രണ്ടാംവരവിന് ജഗതി ഒരുങ്ങുമ്പോൾ ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ച് അഭിനയിക്കാൻ വെള്ളിത്തിരയിൽ കൽപ്പനയില്ല.

അപകടത്തിനു ശേഷം ബോധത്തിനും അബോധത്തിനുമിടയിലുള്ള അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും കൽപ്പനയുടെ വിയോഗ വാർത്ത ജഗതിയെ വേദനിപ്പിച്ചിരുന്നു എന്നു തുറന്നുപറയുകയാണ് ജഗതിയുടെ മകൻ രാജ്‌കുമാർ. “കൽപ്പന ചേച്ചി മരിച്ച വാർത്ത ടിവിയിൽ കണ്ടപ്പോൾ ‘കാണേണ്ട’ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു,” ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ രാജ് കുമാർ പറഞ്ഞു. കലാഭവൻ മണിയുമായും പ്രത്യേക അടുപ്പം ഉണ്ടായിരുന്നുവെന്നും ആ മരണവാർത്തയും അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നും രാജ് കുമാർ കൂട്ടിച്ചേർക്കുന്നു.

അപകടത്തെ തുടർന്ന് വീട്ടിൽ കിടപ്പിലായ നാളുകളിൽ ജഗതിയുടെ കാര്യങ്ങളെല്ലാം വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന വ്യക്തികളാണ് കലാഭവൻ മണിയും കൽപ്പനയും. “എല്ലാ വർഷവും പപ്പയെ വെല്ലൂരിലെ ആശുപത്രിയിൽ കൊണ്ടുപോകണം. ഒന്നു രണ്ടാഴ്ച അവിടെ ചികിത്സയുണ്ട്. അവിടെ പോകാൻ കാരവാൻ തന്നിരുന്നത് മണിച്ചേട്ടനാണ്,” രാജ് കുമാർ ഓർക്കുന്നു.

ഏഴു വർഷം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന സന്തോഷത്തിലാണ് കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. അച്ഛനെ അഭിനയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത് മകൻ തന്നെയാണ്. മകൻ രാജ്കുമാർ ആരംഭിക്കുന്ന ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. അഭിനയത്തിൽ സജീവമാകുന്നതുവഴി താരത്തിന്റെ​ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നും തിരിച്ചുവരവിന് വേഗത കൂടുമെന്നും ജഗതിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞതായി കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് കേസ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്.ഐ.ആര്‍. എറണാകുളം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ വ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെ, സമാന കേസില്‍ കെ.സി. വേണുഗോപാല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹൈബി ഈഡനെതിരെ ബലാത്സംഗ കുറ്റവും അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മൂവര്‍ക്കുമെതിരെ കേസെടുക്കാന്‍ കഴിയുമോ എന്ന് നേരത്തെ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനപ്രതിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കിയത്.

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം, നീളന്‍ മുടിയൊന്ന് വെട്ടി ചെറുതാക്കി കട്ട മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം. ഇഷ്‌ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാവുകയാണ്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഷെയ്ന്‍ നിഗം തന്നെയാണ് പോസ്റ്ററിന്റെ ശ്രദ്ധാ കേന്ദ്രം.

‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന ക്യാച്ച് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും അത് തന്നെയാണ് വ്യക്തമാക്കുന്നത്. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക. രതീഷ് രവിയാണ് തിരക്കഥ രചിക്കുന്നത്. സംഗീതം ഷാന്‍ റഹ്മന്റേതാണ്.

ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുമ്പളി നൈറ്റ്‌സാണ് അവസാനമായി ഷെയ്ന്‍ അഭിനയിച്ച ചിത്രം. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരനിര അണിനിരന്ന ചിത്രം വന്‍ വിജയമായിരുന്നു.

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ട് അക്രമിച്ചതിനും കേസ് ചാര്‍ജ് ചെയ്തു. കൊല്‍ക്കത്ത പൊലീസാണ് താരത്തിനെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഐപിസി 498A, 354A എന്നിവ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഷമിക്കെതിരായ ചാര്‍ജ് ഷീറ്റ്.

ഭാര്യയ ഹസിന്‍ ജഹാന്റെ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് ഷമിക്കെതിരെ പൊലീസ് കുറ്റം ചുമത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്റെ പരാതി. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു.

സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ഷമിക്കെതിരായ കേസ്. താരത്തിന്റെ കരിയര്‍ തന്നെ അവസാനിച്ചെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഷമിക്കെതിരെ വാതുവെപ്പ് ആരോപണവും ഹസിന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ബിസിസിഐ അന്വേഷിക്കുകയും താരത്തിന് ക്ലിന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.

RECENT POSTS
Copyright © . All rights reserved