Latest News

ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് സൂര്യാഘാതമേറ്റു. തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതത്താൽ പൊള്ളലേറ്റു. ഏറ്റുമാനൂരിൽ രണ്ട് പേർക്കാണ് സൂര്യഘാതത്തിൽ പൊള്ളലേറ്റത്.
പട്ടിത്താനം സ്വദേശി തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കാണ് പൊള്ളലേറ്റത്.

അതിനിടെ പത്തനംതിട്ട കോഴഞ്ചേരിയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടൽ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാരമണിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.

ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11 മുതൽ 3വരെയുള്ള സമയത്ത് വെയിൽ കൊള്ളുന്ന ജോലി ഒഴിവാക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ജില്ലയിൽ 39 ഡിഗ്രിവരെ പകൽ ചൂട് അനുഭവപ്പെടുന്നുണ്ട്. നദികളിലെ ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞു.വേനൽ മഴ പരക്കെ ലഭിച്ചെങ്കിലും ചൂടിന് ശമനം ഉണ്ടായിട്ടില്ല.

വീടിന്‍റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാർ കഴിഞ്ഞ ദിവസം രാവിലെ ഉണക്കാന്‍ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്.

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്.

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശങ്ങള്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂര്യഘാതം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കല്‍ കൂടി ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം. മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ മൂന്ന് മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യതാപം കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

അപകട സാധ്യത കൂടിയവര്‍

പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം ഉള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. വെയിലത്ത് പണി എടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍, പോഷകാഹാര കുറവ് ഉളളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവര്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
സൂര്യാഘാതം മൂലം കുഴഞ്ഞുവീണാല്‍ അവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കേണ്ടതാണ്.

നടി നയന്‍താരയെ ആക്ഷേപിച്ച രാധാ രവിയ്‌ക്കെതിരെ നിരവധി താരങ്ങള്‍ രംഗത്ത്. ഇക്കാലത്തും പ്രസക്തനാണെന്നു തെളിയിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന് നടി സമന്ത.

നിങ്ങളുടെ ആത്മാവിനും മനസ്സാക്ഷിയില്‍ കുറച്ചെങ്കിലും നല്ലതായി അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനും ശാന്തി നേരുന്നു. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് അയച്ചു തരാം. പോപ്‌കോണും കൊറിച്ച് അത് കണ്ടിരുന്നോളൂ, സാമന്ത ട്വിറ്ററിലൂടെ പരിഹസിച്ചു.

സമന്തയ്‌ക്കെതിരെയും കമന്റുകള്‍ വന്നുതുടങ്ങി. സ്വന്തം സഹപ്രവര്‍ത്തകയുടെ കാര്യത്തില്‍ ഇത്ര വേവലാതിപ്പെടുന്ന നിങ്ങള്‍ പൊള്ളാച്ചി വിഷയത്തില്‍ എന്തു കൊണ്ട് പ്രതികരിച്ചില്ലെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വച്ചാണ് രാധാരവി മോശമായി സംസാരിച്ചത്. നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. ‘അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടെന്ന് മറക്കും.

തമിഴ്‌സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു. അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാമെന്നാണ് രാധാ രവി പറഞ്ഞത്.

ലണ്ടനിലെ പ്രശസ്തമായ ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ് ഇനി ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥനും മലയാളിയുമായ എം.എ.യൂസഫലി 2016 ൽ 110 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുളള കെട്ടിടം വാങ്ങിയത്. കോടികൾ ചെലവഴിച്ചാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഈ വർഷം അവസാനം ഹോട്ടൽ തുറക്കുമെന്നാണ് വിവരം.

ലണ്ടനിലെ കെട്ടിട നിർമ്മാതാക്കളായ ഗല്ലിയാർഡ് ഹോംസാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നര വർഷം കൊണ്ടാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. 75 മില്യൻ യൂറോയാണ് (584,88,16,050 രൂപ) ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവായത്.

153 മുറികളാണ് ഹോട്ടലിൽ ഉളളത്. ഒരു ദിവസത്തെ വാടക 10,000 യൂറോ (7,79,842 രൂപ) ആണെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലിന് അകത്ത് വിസ്കി ബാർ, കോക്ടെയിൽ ബാർ, ടീ പാർലർ, ബോൾ റൂം, ലൈബ്രറി, ജിംനാഷ്യം, 120 സീറ്റുകളുളള കോൺഫറൻസ് റൂം, മീറ്റിങ് റൂം എന്നിവയും ഉണ്ട്. ഷെഫ് റോബിൻ ഗില്ലിന്റെ റസ്റ്ററന്റ് ആണ് മറ്റൊരു ആകർഷണം. അതേസമയം, റസ്റ്ററന്റിലെ വിഭവങ്ങൾ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

60 വർഷത്തോളം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥാന മന്ദിരമായിരുന്നു ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ്. ബ്രിട്ടീഷ് ആർമി റിക്രൂട്മെന്റ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.

കൊല്ലം ബീച്ചില്‍ തിരമാലയില്‍പ്പെട്ട് കടലില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

യുവതി കാല്‍ നനക്കാനിറങ്ങുന്നതിനിടെ അടിതെറ്റി തിരയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടു. ഇരുവരേയും രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നീണ്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ തീരത്ത് മൃതദേഹം അടിയുകയായിരുന്നു. അഞ്ച് മാസം മുമ്പായിരുന്നു ഇവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും.

മങ്കാദിങ് റണ്‍ഔട്ട് വിവാദത്തിലായിരിക്കുകയാണ് ഐപിഎല്‍. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനെതിരെ ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മങ്കാദിങ് ക്രിക്കറ്റ് നിയമത്തിലുള്ളതാണെന്നും താന്‍ മനപൂര്‍വം ബട്ട്‌ലറെ പുറത്താക്കണമെന്നു കരുതിയിരുന്നില്ലെന്നാണ് അശ്വിന്‍ പ്രതികരിച്ചത്. ഇപ്പോഴിത മറ്റൊരു വിവാദം ഉണ്ടായിരിക്കുന്നു. പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തിന് ശേഷം അശ്വിന് ഹസ്ത ദാനം നല്‍കാന്‍ ബട്‌ലര്‍ തയാറായില്ലെന്ന റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

മത്സരശേഷം ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം ഹസ്ത ദാനം ചെയ്തപ്പോള്‍ അശ്വിന്‍ അരികെ എത്തിയെങ്കിലും ബട്‌ലര്‍ കൈ കൊടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കൂടിയായ രവിചന്ദ്ര അശ്വിന്‍, മങ്കാദിങിലൂടെ വീഴ്ത്തിയ വിക്കറ്റാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. രാജസ്ഥാന്റെ ഓപ്പണര്‍ ജോസ് ബട്ട്ലറാണ് അശ്വിന്റെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്തായത്.

പുറത്താതയിന്റെ അമര്‍ഷം മൈതാനത്ത് വെച്ച് തന്നെ ബട്‌ലര്‍ കാണിച്ചിരുന്നു. എന്നാല്‍ ബട്ട്ലറുടെ ദേഷ്യം അവിടം കൊണ്ട് തീര്‍ന്നില്ല. മത്സര ശേഷം എല്ലാവരും പരസ്പരം കൈകൊടുത്തപ്പോള്‍ ബട്ട്ലര്‍, അശ്വിനെ ഒഴിവാക്കിയോ എന്നാണ് ചര്‍ച്ച. മത്സര ശേഷമുള്ള വീഡിയോ ആണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് കാരണം. ബട്ട്‌ലര്‍, കൈകൊടുത്തോ എന്ന് വ്യക്തമല്ലെങ്കിലും ബട്ട്ലര്‍ക്ക് പിന്നിലുള്ള രാജസ്ഥാന്‍ ടീം പരിശീലകന് കൈകൊടുത്ത ശേഷം അശ്വിന്‍ തിരിഞ്ഞുനോക്കുന്നുണ്ട്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കും ഒരു മലയാളി ചലഞ്ച്. അമേഠിയയിലും വാരാണാസിയിലും അരയും തലയും മുറുക്കി മത്സരത്തിനിറങ്ങാൻ ഒരുങ്ങുകയാണ് എറണാകുളം ചെറായി സ്വദേശി യു.എസ് ആഷിൻ. ഇന്ത്യൻ ഗാന്ധി പാർട്ടി (ഐജിപി)യുടെ പ്രതിനിധിയാണ് ആഷിന്‍ പാർലമെന്റിലേക്ക് പോകാൻ ഒരുങ്ങുന്നത്.

നിലവിൽ ഐജിപിയുടെ തിരഞ്ഞെടുപ്പ് സംഘ‌ാടകനാണ് യു എസ് ആഷിൻ. 2011-ൽ റജിസ്റ്റർ ചെയ്ത പാർട്ടിയിൽ ഇന്ത്യ ഒട്ടാകെ 10,000 അംഗങ്ങളാണ് ഉള്ളത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിലേക്കും മത്സരിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. നിഷ്പക്ഷരുടെയും നോട്ടക്ക് കുത്തുന്നവരുടെയും വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്തവരുടെയും പ്രതിനിധിയാണ് താൻ‌ എന്ന് ആഷിൻ സാക്ഷ്യപ്പെടുത്തുന്നു. ബിജെപിയും കോൺഗ്രസും മാറി മാറി ഭരിച്ചിട്ടും 130 കോടി ജനങ്ങളുള്ള ഇന്ത്യ ഇന്നും വികസിത രാഷ്ട്രം മാത്രമാണ്. അമേഠിയും വാരാണാസിയും പിടിച്ചടക്കാമെന്ന വ്യാമോഹത്തിലല്ല താൻ മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തിലൂടെ താൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഇരുവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ആഷിൻ പറയുന്നു.

തൊണ്ണൂറു ശതമാനം സംരംഭകര്‍ മാത്രമുള്ള പാർട്ടിയാണ് ഇന്ത്യൻ ഗാന്ധി പാർട്ടിയെന്ന് ആഷിൻ വ്യക്തമാക്കി. മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തനമല്ല, കൂടെ ഒരു ജോലിയും ഒപ്പമുണ്ടാകണമെന്ന ശഠിക്കുന്നവരാണ് പാർട്ടിയിൽ ഏറെയും. ആമസോൺ, ഡാൽമിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളും ഐജിപിയുടെ ഭാഗമാണ്.

ദേശീയ പാർട്ടികളുടെ നിലവിലെ തിരഞ്ഞെടുപ്പ് അജൻഡയെ പിൻതുടരുകയല്ല ഇന്ത്യൻ ഗാന്ധി പാർട്ടി. സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയെ അലട്ടുന്ന പ്രധാനപ്രശ്നം കടക്കെണിയാണ്. എന്നാൽ മാറി വരുന്ന സർക്കാരുകൾ ഇതിനെതിരെ സ്വത്വരമായ നടപടി സ്വീകരിച്ചിട്ടില്ല. 3 സെന്റ് സ്ഥലം പാവപ്പെട്ടവർക്ക് പതിച്ചുകൊടുകുകയും, അതിൽ അവർ തുടങ്ങുന്ന ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഏറി വരുന്ന രാജ്യത്തിന്റെ കടത്തിന് തടയിടാനാകുമെന്ന പ്രതീക്ഷ ആഷിൻ പങ്കുവച്ചു. 18 വയസ്സു മുതൽ നിർബന്ധിത ജോലിയും വിദ്യാഭ്യാസം എന്ന ആശയവും െഎജിപി മുന്നോട്ട് വയ്ക്കുന്നു.

കൊല്ലം ഒാച്ചിറയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷന്‍. ഏറെനാളായി പ്രണയത്തിലാണ്. പെണ്‍കുട്ടിക്ക് 18 വയസുണ്ടെന്നും പ്രതി. റോഷനെ പന്‍വേലിലെ കോടതിയില്‍ ഉടന്‍ ഹാജരാക്കും. ഓച്ചിറയിൽ നിന്നു കാണാതായ നാടോടി പെൺകുട്ടിയെയും മുഖ്യപ്രതി മുഹമ്മദ് റോഷനെയും നവിമുംബൈയിലെ പന്‍വേല്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം കണ്ടെത്തിയത്.

മുംബൈയിലെത്തിയ കേരള പൊലീസിന്റെ 2 സംഘങ്ങളിലൊന്നാണ് ഇവരെ കണ്ടെത്തിയത്. രാജസ്ഥാനിലും ബംഗളുരൂവിലും അന്വേഷണം നടത്തിയ ശേഷമാണു ചില സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുംബൈയിലേക്കു പോയത്. പ്രതി മുഹമ്മദ് റോഷൻ മൊബൈൽ ഫോൺ ഓഫ് ചെയ്തത് തുടക്കത്തിൽ അന്വേഷണത്തെ ബാധിച്ചു. എന്നാൽ, റോഷന്റെ കേരളത്തിനു പുറത്തുള്ള ഒരു ബന്ധുവിന്റെ ഫോണിലേക്കു വന്ന കോളിനെക്കുറിച്ചുള്ള സംശയം പൊലീസിനു തുണയായി. ഇതിനെ പിന്തുടർന്നുള്ള അന്വേഷണമാണു മുംബൈയിലേക്കു നീണ്ടത്.

കൊല്ലം പൊലീസിന്റെ 2 സംഘങ്ങൾ ഇപ്പോൾ മുംബൈയിലെത്തിയിട്ടുണ്ട്. വനിത സിവിൽ പൊലീസ് ഓഫിസർമാർ ഉൾപ്പെട്ട സംഘം താമസിയാതെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.

കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ.

പെൺകുട്ടിയുമായി എറണാകുളത്തെത്തിയ റോഷൻ അവിടെ നിന്നു ട്രെയിൻ മാർഗം ബംഗളൂരുവിലേക്കു പോയെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഇവർ മുംബൈയിലെത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. ഗുണ്ടാസംഘാംഗങ്ങളായ കേസിലെ മറ്റു 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിഷേധിച്ചും സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തിയും വിവിധ രാഷ്ട്രീയപാർട്ടികൾ പ്രക്ഷോഭം ആരംഭിച്ചിരിക്കെയാണു പെൺകുട്ടിയെ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ലൂസിഫർ തരംഗത്തിലാണ് സോഷ്യൽ ലോകം. ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ യൂ ട്യൂബ് ടെൻഡിങ്ങിലടക്കം ഒന്നാമതെത്തി നിൽക്കുകയാണ്. ഇതിന് പിന്നാലെ മോഹൻലാൽ ആരാധക ഗ്രൂപ്പുകളിൽ മറ്റൊരു വിഡിയോ കൂടി വൈറലാവുകയാണ്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലൂസിഫർ താരങ്ങളെല്ലാം എത്തുന്ന ചടങ്ങിൽ നിന്നുള്ള വിഡിയോയാണിത്. റെഡ് കാർപ്പെറ്റിലൂടെ താരങ്ങളോരോന്നായി നടന്നുവരുന്നു. ഇരുവശവും കൂടി നിൽക്കുന്ന ആരാധകർക്ക് നേരെ കൈവീശി എല്ലാവരും നടന്നുപോവുകയാണ്. പൃഥ്വിരാജും ഇത്തരത്തിൽ നടന്നു വരുന്നതിനിടയിലാണ് തൊട്ടു പിന്നിൽ മോഹൻലാൽ എത്തുന്നത്. ആരാധകരുടെ ആവേശവും ആർപ്പുവിളിയും കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറി നിന്നു. പിന്നീട് മോഹൻലാൽ മുന്നിൽ പോയ ശേഷമാണ് പൃഥ്വി നടന്നു തുടങ്ങിയത്. ആരാധകൻ മൊബൈലിൽ പകർത്തിയ വിഡിയോ മോഹൻലാൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘ഒരു യഥാർഥ ലാലേട്ടൻ ഫാൻ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.

അതിനൊപ്പം ലൂസിഫർ പുറത്തിറങ്ങും മുന്‍പ് പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച സസ്പെൻസ് പുറത്ത്. 26 ദിവസങ്ങളായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടിയിരുന്നു. 26-ാം പോസ്റ്ററിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. 27-ാം പോസ്റ്ററിൽ ഒരു വലിയ സസ്പെൻസ് ആണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ഇരുപത്തിയേഴാമൻ മമ്മൂട്ടിയാണ്, അല്ല അമിതാബ് ബച്ചനാണ് എന്നു വരെ വാർത്തകള്‍ പ്രചരിച്ചു. ഒടുവിൽ ഇന്ന് 10 മണിക്ക് രഹസ്യം പുറത്തുവിട്ടു. ലൂസിഫറിലെ ആ ഇരുപത്തിയേഴാമൻ സംവിധായകൻ തന്നെയായ പൃഥ്വിരാജാണ്. സയ്യിദ് മുഹമ്മദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

കൊല്ലം ഓച്ചിറയിൽ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും മുംബൈയിൽ കണ്ടെത്തി. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയരുന്നു.

കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ. കേസിൽ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഊർജം പകരുന്ന ജീവിതമാണ് ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശ്യാം സരണ്‍ നേഗിയുടേത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സമ്മതിദായകനാണ് അദ്ദേഹം. 1951 മുതൽ തുടർച്ചയായി വോട്ട് ചെയ്യുന്ന നേ​ഗിക്ക് 102 വയസ്സാണ് പ്രായം. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേ​ഗി വോട്ട് ചെയ്തിട്ടുണ്ട്.

ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് 1951-ൽ ഈ മേഖലയില്‍ അന്ന് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്. രാജ്യത്ത്‌ ആദ്യമായി വോട്ട് ചെയ്ത ജനവിഭാഗമെന്ന ബഹുമതി കിനാറുകള്‍ എന്നറിയപ്പെടുന്ന ഗോത്രവര്‍ക്കാര്‍ക്കും അങ്ങനെ സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാര്‍ലമെന്റ് മണ്ഡലത്തിലായിരുന്നു അന്ന് കല്‍പ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ രാജ്കുമാരി അമൃത്കൗര്‍, ഗോപി റാം എന്നിവരാണ് ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

കിനൗർ ജില്ലയിലെ കൽപ ​ഗ്രാമത്തിൽ ഇളയ മകനൊപ്പമാണ് നേ​ഗി താമസിക്കുന്നത്. ഷിംലയിൽ നിന്ന് 275 കിലോമീറ്റർ അകലെയാണ് കൽപ ​ഗ്രാമം. മണ്ഡി ലോക്സഭാ മണ്ഡലത്തിലാണ് കൽപ. നേഗിക്ക് 80 വയസുള്ളപ്പോഴാണ് ഭാര്യ മരിക്കുന്നത്. ഭാര്യയുടെ മരണ ശേഷമാണ് നേ​ഗി തെരഞ്ഞടുപ്പിലും വോട്ടിടുന്നതിലും സജീവമായത്. രാജ്യത്തെ ഉയർച്ചയിലെത്തിക്കാൻ കഴിയുന്ന സത്യസന്ധരായ നേതാക്കളെ വിജയിപ്പിക്കുന്നതിനായി വോട്ട് ചെയ്യണമെന്നാണ് വോട്ടർമാരോട്, പ്രത്യേകിച്ച് യുവാക്കളോട് പറയാനുള്ളതെന്ന് നേ​ഗി മാധ്യമങ്ങളോട് പ്രതികരിച്ചു. നേ​ഗിക്ക് വേണ്ടി മകൻ പ്രകാശാണ് സംസാരിച്ചത്.

2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിനൗറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേഗിയെ സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ (SVEEP) ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഈ വർഷം ജൂലൈയിൽ നേ​ഗിക്ക് 103 തികയും. റേഡിയോ കേൾക്കലാണ് നേ​ഗിയുടെ പ്രധാന ഹോബികളിലൊന്ന്.

പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ല്‍ ആണ് വിരമിച്ചത്. ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ 34 വയസായിരുന്നു നേഗിക്ക്. 1951 മുതൽ സംസ്ഥാനത്ത് നടന്ന നിയമസഭാ, ലോക്സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം നേ​ഗി വോട്ട് ചെയ്തിട്ടുണ്ട്. 2007 മുതൽ 2014 വരെ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്ന നേ​ഗിയുടെ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved